വലിയ പാട്ടെഴുത്തുകാരനായിരുന്നു ചെമ്പേരിചീമ്പൻ കരടി. കാട്ടിലെ സിനിമകൾക്കെല്ലാം പാട്ടെഴുതുന്നത് ചെമ്പേരിയാണ്. അതിനാൽ മറ്റു മൃഗങ്ങൾക്കൊന്നും നിലാവുള്ള ദിവസങ്ങളിൽ പുറത്തിറങ്ങാൻ വയ്യ. കാട്ടരുവിയോടു ചേർന്ന ഒരു പാറപ്പുറത്തു കയറിയിരുന്നാണ് പാട്ടെഴുത്ത്.
ആ സമയത്ത് കാട്ടരുവിയിൽ നിന്ന് വെള്ളം കുടിക്കാൻപോലും ആർക്കും അതുവഴി വരാനാവില്ല. മൂപ്പരുടെ ‘മൂഡ്’ പോകുമത്രെ! ചെമ്പേരിയെ ഭയന്ന് ആരും അതിലെ പോകാറുമില്ല.
ഒരു ദിവസം കിളിച്ചുണ്ടൻ കുഞ്ഞനെലി നിലാവുകാണാൻ പുറത്തിറങ്ങി. മൂളിപ്പാട്ടുപാടി അവൻ കാട്ടരുവിയുടെ തീരത്തുകൂടി നടക്കുമ്പോൾ ഒരു ശബ്‌ദം.
“ആരടാ അത്….?” അതുകേട്ട് കുഞ്ഞനെലി കിടുകിടാ വിറച്ചു.
“മ്മോ… ചെമ്പേരി. അവന്റെ കൈയിലെങ്ങാനും കിട്ടിയാൽ ബാക്കി കാണില്ല. എങ്ങനെ രക്ഷപ്പെടും. അടുത്തെങ്ങും ഒരു മാളംപോലും കാണാനുമില്ല.
പെട്ടെന്നാണ് അവൻ രക്ഷപ്പെടാനൊരു പഴുത് കണ്ടെത്തിയത്. ചെമ്പേരി കരടി ഇരിക്കുന്നതിന് തൊട്ടുതാഴെ ഒരു മത്തങ്ങ. തലേന്ന് പകൽ കുഞ്ഞൻ അതിന്റെ അടിഭാഗം കാർന്നു തിന്നതാണ്. ‘ശൂപ്പ്’ കുഞ്ഞൻ മത്തങ്ങയിൽ ചാടിക്കയറി. എന്നിട്ട് വീണ്ടും പാട്ടു തുടങ്ങി.
കരടിച്ചാർക്ക് ഏകാന്തത നഷ്‌ടമായി.
”ആർക്കാടാ ചെമ്പേരിയുടെ അടുത്ത് പാടിക്കളിക്കാൻ ധൈര്യം;?“ ചെമ്പേരി അലറിക്കൊണ്ട് പാറപ്പുറത്തുനിന്നും താഴെയിറങ്ങി. അപ്പോൾ കുഞ്ഞനെലി മത്തങ്ങയുടെ അകത്തു നിന്നും ഉറക്കെ കരഞ്ഞു.
”ഞാനാടാ മത്തങ്ങാ ഭൂതം.“
കരടിച്ചാർ സൂക്ഷിച്ചുനോക്കി. ‘ങേ… മത്തങ്ങ അനങ്ങുന്നുണ്ട്. അപ്പോൾ അതിനർത്ഥം മത്തങ്ങയ്‌ക്കുള്ളിൽ ഭൂതമുണ്ടെന്നു തന്നെ…! ചെമ്പേരി മത്തങ്ങയുടെ മുന്നിൽ വിരണ്ടു നില്‌ക്കുന്നത് അതിനകത്തിരുന്ന കുഞ്ഞനെലി കണ്ടു.
”എന്താ വിശ്വാസമായില്ലേ? ഇല്ലെങ്കിൽ ആ കൈ എന്റെ വായ്‌ക്കടുത്തു കൊണ്ടുവാ….“ കുഞ്ഞനെലി വിളിച്ചു പറഞ്ഞു.
”എന്തായാലും അവൻ പറഞ്ഞതുപോലെ ചെയ്യാം. അല്ലെങ്കിൽ മറ്റു മൃഗങ്ങളെല്ലാം തന്നെ കളിയാക്കും.“ ചെമ്പേരി കൈ മത്തങ്ങയുടെ അകത്തേക്കിട്ടു.
”ക്‌ർർ….“ ആ നിമിഷം കുഞ്ഞൻ ഒരുകടി.
”യ്യോ….മ്മോ… എന്നെ മത്തങ്ങാഭൂതം കടിച്ചു തിന്നാൽ വരണേ.“ ചെമ്പേരി ഒറ്റയോട്ടം.
അതോടെ ചെമ്പേരിയുടെ രാത്രിയിലെ പാട്ടെഴുത്തുനിന്നു.
Generated from archived content: kattu1_jan31_11.html Author: manu_prathap