കുഞ്ഞാലുമുയൽ ആളൊരു സൂത്രക്കാരൻ. കാട്ടിൽ ഏതു മൃഗം ആപത്തിൽപ്പെട്ടാലും കുഞ്ഞാലു രക്ഷക്കെത്തും. അതുകൊണ്ടുതന്നെ അവൻ കാട്ടിലെ പൊതുശത്രുവായി. അവനെ തട്ടാൻ ഒരു സൂത്രം തേടിനടക്കുകയാണ് ചൊങ്കൻകുറുക്കനും ദൊണ്ടൻകരടിയും!
അങ്ങനെയിരിക്കെ കാട്ടിലാകെ കൊടിയ വരൾച്ച വന്നു. ആകെ വെള്ളമുള്ളത് നീറൻകുളത്തിൽ മാത്രമാണ്. വെള്ളമില്ലാതെ മൃഗങ്ങൾ പരക്കം പാഞ്ഞു. കുഞ്ഞാമു ചങ്ങാതിമാരെയും കൂട്ടി നീറൻകുളത്തിലെത്തി. അപ്പോഴതാ അതിൽ ക്രൂരനായ ഗമണ്ടൻമുതല. ഇനിയെന്തുചെയ്യും; കുഞ്ഞാമുവും ചങ്ങാതിമാരും സങ്കടത്തോടെ അവിടെനിന്നു മടങ്ങി.
ഇതെല്ലാം ചൊങ്കൻകുറുക്കനും ദൊണ്ടൻകരടിയും കാണുന്നുണ്ടായിരുന്നു. “എടാ… കുഞ്ഞാമുവിനെ തട്ടാൻ ഒരു ഐഡിയാ.” അവൻ അത് ദൊണ്ടാലുവിന്റെ ചെവിയിൽ പറഞ്ഞു. “സൂപ്പർ ഐഡിയാ… നീ വേഗം ചെല്ല്.” ദൊണ്ടാലു ചൊക്കനെ തള്ളിവിട്ടു. ചൊങ്കൻ അലറൻ സിംഹത്തിന്റെ ഗുഹയിലേക്കാണ് നീങ്ങിയത്.
“ഹാ നീയെന്താഡേ.. ഇതുവഴിയൊക്കെ… കണ്ട കാലം മറന്നല്ലോ…” അലറൻ ചൊങ്കനെ സ്വാഗതം ചെയ്‌തു. അപ്പോൾ ചൊങ്കൻ തൊഴുതുകൊണ്ടു പറഞ്ഞു.
“പൊന്നു തിരുമേനീ, കാടാകെ നാശത്തിലാണ്. എവിടെയും തുള്ളി വെള്ളമില്ല. ഇനി അങ്ങു വിചാരിച്ചാലേ എന്തെങ്കിലും ചെയ്യാനൊക്കൂ.” അതുകേട്ട് അലറൻ അലറിച്ചിരിച്ചു.
“ഹഹഹ… എന്താഡേ ഈ പറയുന്നത്. അതിന് നമുക്ക് മഴ പെയ്യിക്കാനുള്ള കഴിവൊന്നുമില്ല.”
“പക്ഷേ നമ്മുടെ കുഞ്ഞാലുവിനതിനു കഴിയും. അച്ഛനപ്പൂപ്പൻമാരായി അവരുടെ കുടുംബക്കാർക്ക് മഴ പെയ്യിക്കാനുള്ള കഴിവുണ്ട്. നീറൻകുളത്തിൽ നിന്ന് അവൻ രഹസ്യമന്ത്രം നൂറ്റൊന്നു തവണ ചൊല്ലിയാൽ മഴപെയ്യുമെന്ന് ഉറപ്പാ.” അതു കേട്ടതും അലറൻ അലറിപ്പറഞ്ഞു.
“ആരവിടെ…. ഉടൻ കുഞ്ഞാലു മുയലിനെ വരുത്തിൻ.” താമസിക്കാതെ കുഞ്ഞാലു അലറന്റെ മുന്നിലെത്തി.
“കുഞ്ഞാലൂ…. നിനക്ക് മഴപെയ്യിക്കാനുള്ള കഴിവുണ്ടെന്ന് ചൊങ്കൻ പറഞ്ഞു. നീ നീറൻ കുളത്തിൽ നിന്ന് നൂറ്റൊന്നു തവണ മന്ത്രം ചൊല്ലിയാൽ മഴപെയ്യുമെന്ന്…! അങ്ങനെയെങ്കിൽ നാളെത്തന്നെ നീറൻകുളത്തിലെത്തി മന്ത്രം ചൊല്ല്. മഴയില്ലാതെ വരണ്ടുണങ്ങിയ നമ്മുടെ കാടിനെ രക്ഷിക്ക്…”
കുഞ്ഞാലുവിന് എന്തെങ്കിലും പറയാൻ കഴിയും മുൻപ് അലറൻ അന്തപുരത്തിലേക്കു കടന്നു.
‘ഇതൊരു ചതി തന്നെ. ചൊങ്കന്റെ ചതി. എന്തെങ്കിലും ചെയ്യണം.’ കുഞ്ഞാലു തീരുമാനിച്ചു.
പിറ്റേന്ന് നേരം പരപരാവെളുത്തപ്പോൾ ചോങ്കനും ദൊണ്ടനും കൂടി നീറൻകുളത്തിന്റെ വക്കത്തെത്തി. അപ്പോൾ ഒരു പാറയിൽ കയറിനിന്ന് മന്ത്രം ചൊല്ലുകയാണ് കുഞ്ഞാലു. “ഹിഹി….. നോക്കെടാ അവനെത്തി.” പറഞ്ഞുകൊണ്ട് ചൊങ്കൻ ഗമണ്ടൻ മുതലക്ക് സിഗ്നൻ നൽകി. ഗമണ്ടൻ കരയിലെത്തിയതും ചൊങ്കൻ ചാടി അവന്റെ പുറത്തുകയറി.
“എടാ കുഞ്ഞാലൂ… ഇന്ന് നിന്റെ അന്ത്യമാ. നീയും നിന്റെ ഒടുക്കത്തെ സൂത്രങ്ങളും കാരണം ഞങ്ങൾക്ക് ഈ കാട്ടിൽ ജീവിക്കാൻ കഴിയാതായി.”
പാറയുടെ അടുത്തെത്തി ചൊങ്കൻ കൈനീട്ടി. പക്ഷേ അപ്പോഴേക്കും പാറയൊന്നിളകി. ഒരു കറുത്ത തുമ്പിക്കൈ നീണ്ടുവന്ന് ചൊങ്കനെ ചുറ്റിവരിഞ്ഞു. എന്നിട്ട് കറക്കി വെള്ളത്തിലേക്കെറിഞ്ഞു. ‘ബ്ലും’….. ചൊങ്കൻ വെള്ളത്തിൽ വീണു.
“യ്യോ… കരിംഭൂതം…” കരഞ്ഞുകൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഗമണ്ടൻ. അപ്പോഴേക്ക് തുമ്പിക്കൈ ഗമണ്ടനെയും ചുറ്റിവരിഞ്ഞു. അവനെയും കറക്കിയെറിഞ്ഞു. അവൻ ചെന്നുവീണത് ദൊണ്ടൻ കരടിയുടെ പുറത്താണ്.
‘ഹെന്റമ്മോ…. കറുമ്പനാന…“ വെള്ളത്തിൽ പൊങ്ങിവന്ന കറുമ്പനെകണ്ട് ബോധം പോകുംമുൻപ് ദൊണ്ടൻ പറഞ്ഞു.
”ഹഹ… ഇപ്പോൾ എല്ലാവർക്കും ആവശ്യത്തിനു കിട്ടിയല്ലോ. ഇനി ഞങ്ങൾ പോട്ടെ… റ്റാറ്റാ….“ കറുമ്പനാനയും കുഞ്ഞാലുവും വീട്ടിലേക്കു മടങ്ങി.
Generated from archived content: kattu1_feb17_11.html Author: manu_prathap