ശീലാണ്ടന്‍ രാജാവായി

ആമ്പല്ലൂര്‍ വനമെന്ന് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെയൊരു വനമുണ്ട്. അരിയാമ്പൂര്‍ കാവിന് തെക്കാണ് ആമ്പലൂര്‍ കാട്. അവിടത്തെ രാജാവായിരുന്നു മീശന്‍ സിംഹം. ഒരു നാള്‍ അസുഖം വന്ന് മീശന്‍ സിംഹം ചത്തു.

“ഇനി ആരാ നമ്മുടെ രാജാവ്…?” മൃഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ ചോദിച്ചു.

“ശക്തന്മാരല്ലെ ഇത്രനാളും ഈ കാട്ടിലെ രാജാവായിട്ടുള്ളത്. അതുകൊണ്ട് മീശനുശേഷം ഞാന്‍ തന്നെ രാജാവ്.” മത്തങ്ങപോലുള്ള മസിലുരുട്ടി കീരന്‍ പുലി പറഞ്ഞു.

“വേണ്ട വേണ്ട… ഇത്തവണ ബുദ്ധിശക്തി നോക്കി തീരുമാനിക്കാം. അങ്ങനെ വരുമ്പോള്‍ ഞാന്‍ തന്നെ ആമ്പല്ലൂര്‍ രാജന്‍…” വീരു കുറുക്കനും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

“എങ്കില്‍ നമുക്ക് പുതുതായൊരു മത്സരം നടത്താം. പാചകരാജ മത്സരം. അതില്‍ വിജയിക്കുന്നതാരോ അവനായിരിക്കും കാട്ടിലെ രാജാവ്…” മണ്ടപോയ കാട്ടുതെങ്ങില്‍ നിന്നും പറന്നിറങ്ങിയ വെളുമ്പന്‍ കൊക്ക് പറഞ്ഞു. അതുകേട്ട് കാട്ടില്‍ തടിച്ചു കൂടിയ സര്‍വ്വജാതി മൃഗങ്ങളും കൈയടിച്ചു.

“എങ്കില്‍ ഞാനും മത്സരത്തിനുണ്ട്…” വഴുക്കന്‍ പാറയില്‍ തലചായ്ച്ചിരുന്ന് മയങ്ങുകയായിരുന്ന ശീലാണ്ടനാമ മുന്നോട്ടുവന്നു. കീമന്‍ മുയലും പേടന്‍ കുറുക്കനും വെളുമ്പന്‍ കൊക്കും ശീലാന്തി തത്തയുമടങ്ങിയ ചെറുമൃഗങ്ങളുടെ ഗ്രൂപ്പ് ശീലാണ്ടന് പിന്തുണ നല്‍കി.

“വീര ധീരാ ശീലാണ്ടാ

വേഗം വേഗം മുന്നോട്ട്…”

ഇഴഞ്ഞു നീങ്ങും വേഗതയുള്ള ശീലാണ്ടനെ മുന്നില്‍ നിറുത്തി ശീലാണ്ടന്‍ ഗ്രൂപ്പ് പ്രകടനം തുടങ്ങി. ഇതു കണ്ടപ്പോള്‍ കൊമ്പന്‍ ചെമ്പനാനയ്ക്കും മാത്തന്‍ കരടിക്കും ചൂണ്ടന്‍ ‍വെട്ടുപോത്തിനും സഹിച്ചില്ല.

“തടമിടുക്കും ചുറുചുറുക്കുമുള്ള നമ്മളെ കാട്ടിലെ കീടങ്ങള്‍ വെല്ലുവിളിക്കുന്നോ…? എങ്കില്‍ അതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം. ചൂണ്ടന്‍ വെട്ടുപോത്ത് മുന്നോട്ടുവന്നിട്ടു പറഞ്ഞു.

“കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ഞങ്ങളും മത്സരത്തിനുണ്ട്. കീരന്‍ പുലിയാണ് ഞങ്ങളുടെ നേതാവ്.” അതുകേട്ട് വമ്പന്‍മാരായ മൃഗങ്ങളെല്ലാം കീരനുപിന്നില്‍ അണിനിരന്നു.

“ശരി ശരി. കുറഞ്ഞസമയംകൊണ്ട് ആദ്യം കിടിലന്‍ സദ്യയൊരുക്കുന്ന ടീമിന്റെ നേതാവിനെ രാജാവാക്കാം. എല്ലാരും സമ്മതിച്ചു.

“മീശപിരിക്കും നേതാവേ

വാശിയിലങ്ങനെ മുന്നോട്ട്…”

ഈ സമയം ശീലാണ്ടനും സംഘവും പ്രകടനമായി നീങ്ങിയത് കച്ചേരിക്കാരി കുക്രു കുയിലമ്മയുടെ വീട്ടിലേക്കാണ്. അവര്‍ അവിടെയെത്തി കുയിലമ്മയോട് പറഞ്ഞു.

“കുക്രുപെണ്ണേ കുയിലമ്മേ… കാട്ടിലെ ചെറുമൃഗസംഘവും വന്മൃഗസംഘവുമായി ഒരു മത്സരം നടക്കുന്നു. നമ്മുടെ ചെറുമൃഗസംഘം വിജയിക്കണമെങ്കില്‍ നീ സഹായിക്കണം.” കാട്ടുമാന്തളിര്‍ തിന്ന് മയങ്ങിക്കിടക്കുകയായിരുന്ന കുക്രു തലയുയര്‍ത്തി പറഞ്ഞു. “നമ്മുടെ ചെറുമൃഗസംഘം ജയിക്കാന്‍ എന്തിനും ഞാന്‍ തയ്യാറാ. പറഞ്ഞോളു. ഞാനെന്താ ചെയ്യേണ്ടത്?” അതു കേള്‍ക്കേണ്ട താമസം പേടന്‍ കുറുക്കന്‍ പറഞ്ഞു.

“കീരന്‍ പുലിയും കൂട്ടരും ജാഥയായി അല്ലിമലര്‍ പുഴക്കരികിലേക്ക് നീങ്ങിയിട്ടുണ്ട്. അവിടെയാണ് അവര്‍ സദ്യ ഒരുക്കുന്നത്. നീ വേഗം അവിടെചെന്ന് പാടാന്‍ തുടങ്ങിക്കോ….” കുക്രു വേഗം അല്ലിമലര്‍ പുഴയ്ക്കരികിലിരുന്ന് പാട്ടു തുടങ്ങി.

“കാ….കീ…പൂ….പൂ…” ശീലാണ്ടനാമയും കൂട്ടരും പിന്നീട് നീങ്ങിയത് ആട്ടക്കാരി മണിയമ്മ മയിലിന്റെ വീട്ടിലേക്കാണ്. അല്ലിമലര്‍ക്കാവിലെ പൂരംകഴിഞ്ഞു മയങ്ങുകയായിരുന്നു ആട്ടക്കാരി മണിയമ്മ മയില്‍. ശീലാണ്ടനും കൂട്ടുകാരും മയിലമ്മയെ തോണ്ടിവിളിച്ചു.

“തിത്തിത്തരികിട ധോം” എന്നു പറഞ്ഞുകൊണ്ട് മയിലമ്മ ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു. അപ്പോള്‍ ശീലാണ്ടനും കൂട്ടരും വിവരം പറഞ്ഞു.

“നമ്മുടെ ചെറുമൃഗസംഘം ജയിക്കണം. ശീലാണ്ടന്‍ കാട്ടിലെ രാജാവാകണം. അതിനുവേണ്ടി ഞാന്‍ എന്തിനും തയ്യാര്‍…” മയിലമ്മ പറഞ്ഞു.

“എങ്കില്‍ നീ വേഗം അല്ലിമലര്‍ പുഴയ്ക്കരികിലിരുന്ന് പാടുന്ന കുക്രു കുയിലമ്മയുടെ അടുത്തെത്തണം. എന്നിട്ട് അവളുടെ പാട്ടിനൊപ്പം ആടണം.” അതു കേട്ടതും മയിലമ്മ പറന്നും ചാടിയും അല്ലിമലര്‍ പുഴയ്ക്കരികിലെത്തി. എന്നിട്ട് കുക്രു കുയിലിന്റെ പാട്ടിനൊപ്പം ആട്ടം തുടങ്ങി. സദ്യയൊരുക്കാനെത്തിയ കീരനും കൂട്ടുകാരും പാട്ടും ആട്ടവും കണ്ട് മയങ്ങിനിന്നു. സദ്യയെക്കുറിച്ചുതന്നെ അവര്‍ മറന്നു.

ഈ സമയം ശീലാണ്ടനാമയും കൂട്ടുകാരും ഉഗ്രനൊരു സദ്യയൊരുക്കി. എന്നിട്ട് അതുമായി കീരന്റെയും കൂട്ടുകാരുടെയും അടുത്തെത്തി.

“കീരാ വീരാ മീശക്കാര… ദാ… പറഞ്ഞപോലെ ഞങ്ങള്‍ ആദ്യം സദ്യയൊരുക്കി. ഇനി ഞങ്ങടെ ശീലാണ്ടനാമയെ ആമ്പലൂര്‍ കാട്ടിലെ രാജാവാക്കണം.” കീമന്‍ മുയല്‍ പറഞ്ഞു. അപ്പോള്‍ മാത്രമാണ് കീരനും കൂട്ടുകാരും സദ്യയെക്കുറിച്ചോര്‍ത്തത്. അങ്ങനെ കീരനെ തോല്പ്പിച്ച ശീലാണ്ടനാമ ആമ്പല്ലൂര്‍ കാട്ടിലെ രാജാവായി. പിന്നീട് എല്ലാവരും ചേര്‍ന്ന് സദ്യയും കഴിച്ച് അവരവരുടെ വീടുകളിലേക്ക് മടങ്ങി.

Generated from archived content: kattu1_aug19_11.html Author: manu_prathap

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here