കീരപ്പം കാട്ടിലെ രാജാവാണ് കോറുപ്പൻ സിംഹം. മൂപ്പർ വലിയ തേൻ കൊതിയനാണ്. കാട്ടിലുണ്ടാകുന്ന തേനെല്ലാം കോറുപ്പന് കൊടുക്കണം. അതാണു നിയമം. അതിനാൽ മറ്റുള്ള മൃഗങ്ങൾക്കെല്ലാം തേൻ കുടിക്കാൻ കൊതിയായി.
കാട്ടിലെ വികൃതിക്കുട്ടനായിരുന്നു മുത്തിരി മുയൽക്കുട്ടൻ. അവനും തേൻ കുടിക്കാൻ ആശിച്ചു നടക്കുകയായിരുന്നു.
‘എങ്ങനെയെങ്കിലും രാജാവിനെ പറ്റിച്ച് ഇത്തിരി തേൻ കുടിക്കണം.’ മുത്തിരി തീരുമാനിച്ചു. ഒരു ദിവസം രാവിലെ മുത്തിരി കാട്ടിലെ മുളങ്കൂട്ടത്തിനുള്ളിൽ പതുങ്ങിയിരുന്നു. അതുവഴിയാണ് കോറുപ്പൻ സിംഹം തേനുമായി വരുന്നത്. പതിവുപോലെ കോറുപ്പൻ തേനുമായി വന്നപ്പോൾ മുത്തിരി കരഞ്ഞുകൊണ്ട് കോറുപ്പന്റെ മുന്നിലേക്കു ചാടി.
‘എന്നെ രക്ഷിക്കണേ….. എന്നെ അമ്മയുടെ അടുത്തെത്തിക്കണേ.“ മുത്തിരി ഉറക്കെയുറക്കെ കരഞ്ഞു. അതുകണ്ടപ്പോൾ കോറുപ്പന് ദേഷ്യം വന്നു. പക്ഷേ കാട്ടിലെ രാജാവല്ലേ?
പ്രജകളുടെ കഷ്‌ടപ്പാടുകൾ കണ്ടറിഞ്ഞ് സഹായിക്കേണ്ടത് രാജാവിന്റെ ധർമ്മമാണ്. അതിനാൽ കോറുപ്പൻ വിനയപ്പനായി.
”എന്താടാ… നീ എന്തിനാ കരയുന്നത്.?“
തന്റെ സൂത്രം ഫലിക്കുന്നുണ്ടെന്ന് മുത്തിരിയ്‌ക്കു മനസ്സിലായി. അവൻ പറഞ്ഞു.
”കൂട്ടുകാരെ തേടി നടക്കുന്നതിനിടയിൽ എന്റെ കാലിലൊരു മുള്ളുകൊണ്ടു. എനിക്കിപ്പോൾ നടക്കാനേ വയ്യ… ങീ…….ങീ…..“
മുത്തിരി പിന്നെയും കരയാൻ തുടങ്ങി. അതുകണ്ടപ്പോൾ കോറുപ്പൻ പറഞ്ഞു.
”എങ്കിലൊരു കാര്യം ചെയ്യ്… നീ എന്റെ പുറത്തേക്കു കേറിക്കോ. നിന്നെ ഞാൻ അമ്മയുടെ അടുത്തെത്തിക്കാം.“ അതുകേൾക്കണ്ട താമസം. മുത്തിരി ചാടി കോറുപ്പന്റെ പുറത്തുകയറി. കോറുപ്പൻ മൂളിപ്പാട്ടും പാടി മുന്നോട്ടു നീങ്ങി. വികൃതിയായ മുത്തിരി കോറുപ്പന്റെ പുറത്തുകിടന്ന പാത്രത്തിൽ നിന്നും തേനെല്ലാം കുടിച്ചു തീർത്തു. കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് കോറുപ്പനു കാര്യം പിടികിട്ടിയത്. പക്ഷേ അപ്പോഴേക്കും തേനെല്ലാം തീർന്നിരുന്നു. ദേഷ്യം വന്ന കോറുപ്പൻ മുത്തരിയെ ചാടിപ്പിടിച്ചു. അവന് മുത്തിരിയുടെ വാലിലാണ് പിടിത്തം കിട്ടിയത്. കോറുപ്പൻ വാലിൽ പിടിച്ചുവലിച്ചു.’ പ്‌ടിം‘… വാൽ മുറിഞ്ഞ് കോറുപ്പന്റെ കൈയിൽ…. ! മുത്തിരി രക്ഷപ്പെടുകയും ചെയ്‌തു. അത്രയുമായപ്പോൾ കോറുപ്പന് വാശിയായി.
”എടാ… മുറിവാലാ… നിന്നെപ്പിടിച്ചിട്ടേ എനിക്കിനി വിശ്രമമുള്ളു…“ കോറുപ്പൻ ശപഥം ചെയ്‌തു. എന്നിട്ട് മുറിവാലൻ മുയലിനെ തേടി നടപ്പാരംഭിച്ചു. വിവരമറിഞ്ഞ മറ്റു മുയലുകളെല്ലാം മുത്തിരിയെ സഹായിക്കാൻ തീരുമാനിച്ചു. അവർ എന്തുചെയ്‌തെന്നോ? വാൽ മുറിച്ച് മുത്തിരിയെപ്പോലെ മുറിവാലൻമാരായി. മുറിവാലൻ മുത്തിരിയെ പിടിക്കാൻ തക്കം നോക്കി നടന്ന കോറുപ്പൻ വിഷമിച്ചു. എവിടെ നോക്കിയാലും മുറിവാലൻ മുയലുകൾ…! അങ്ങനെ മുയലിനെ പിടിക്കാനുള്ള ശ്രമം കോറുപ്പൻ ഉപേക്ഷിച്ചു. തന്റെ തേൻ കൊതിയും രാജാവ് ഉപേക്ഷിച്ചു. അതോടെ കാട്ടിലെ മൃഗങ്ങൾക്കെല്ലാം സന്തോഷമായി. എല്ലാവരും മുത്തിരിയെ അഭിനന്ദിച്ചു.
Generated from archived content: kattu1_april23_11.html Author: manu_prathap
Click this button or press Ctrl+G to toggle between Malayalam and English