ചിത്രശലഭപ്പുഴുവിന്റെ ഉപദേശം(തുടര്‍ച്ച)

ഓ അവസാനം എന്റെ തലയെങ്കിലും രക്ഷപ്പെട്ടു!’‘ സന്തോഷത്തോടെ ആലീസ് പറഞ്ഞു. പക്ഷെ, അടുത്ത നിമിഷം പേടി അവളെ വീണടും പിടി കൂടി. ചുമലുകള്‍ കാണാനില്ലായിരുന്നു ജിറാഫിന്റേതുപോലെ നീണ്ട കഴുത്തു മാത്രം കാണാനുണ്ട്. പച്ചിലകളുടെ സമുദ്രത്തില്‍ നിന്നുയര്‍ന്നുനില്‍ക്കുന്ന ഒരു തണ്ടു പോലെ. ”എന്തായിരിക്കും ആ പച്ചനിറത്തിലുള്ള വസ്തുക്കള്‍ ? എവിടെ എന്റെ തോളുകള്‍? ഓ എന്റെ പാവം കൈകളേ, എനിക്കു നിങ്ങളെ കാണാന്‍ കഴിയുന്നില്ലല്ലോ .’‘ അവള്‍ കൈകള്‍ അനക്കി നോക്കി. ഒരു ഫലവുമില്ല . ദൂരെ ഇലകള്‍ക്കിടയില്‍ ഒരനക്കം മാ‍ത്രം കാണാം.

കൈകള്‍ ഉയര്‍ത്താനാവാത്തതിനാല്‍ അവള്‍ തല കൈകള്‍ക്കടുത്തേക്കു താഴ്ത്താന്‍ ശ്രമിച്ചു. അത്ഭുതം ! കഴുത്ത് ഏതു ദിശയിലേക്കു വേണമെങ്കിലും വളയ്ക്കാം ശരിക്കും ഒരു പാമ്പിനേപ്പോലെ.!

കഴുത്ത് വളച്ച് തിരിച്ച് ഇലകള്‍‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങിയപ്പോള്‍ പൊടുന്നനെ ഒരു സീല്‍ക്കാരശബ്ദം. ആലീസ് നടുങ്ങി ഒരു വലിയ പ്രാവ് അവളുടെ മുഖത്തിനു നേരെ പറന്നു വന്ന് ചിറകകുള്‍ വീശി ആഞ്ഞടിച്ചു.

‘’ സര്‍പ്പം! ‘’ പ്രാവ് ആക്രോശിച്ചു.

‘’ ഞാന്‍ പാമ്പല്ല! ‘’ ആലീസ് ദേഷ്യപ്പെട്ടു. ‘’ എന്നെ വെറുതെ വിട്ടേക്കു!’‘ ‘’ നീ സര്‍പ്പമാണ് !’‘ പ്രാവ് ആവര്‍ത്തിച്ചു .’‘ ഞാന്‍ എല്ലാ മാര്‍ഗങ്ങളും നോക്കി എന്നിട്ടും പാമ്പുകളില്‍ നിന്നും രക്ഷയില്ല.’‘ തേങ്ങലോടെ പ്രാവ് പറഞ്ഞു.

‘’ നീയെന്താണ് പറയുന്നത്? എനിക്ക് മനസിലാകുന്നില്ല ‘’ ആലീസ് പറഞ്ഞു.

‘’ മരങ്ങളുടെ വേരുകള്‍ , ശിഖരങ്ങള്‍ , കുറ്റിക്കാടുകള്‍, എല്ലായിടവും ഞാന്‍ നോക്കി . പക്ഷേ പാമ്പുകളില്‍ നിന്നും രക്ഷപ്പെടാനാവില്ല! അവള്‍ പറയുന്നതു ശ്രദ്ധിക്കാതെ പ്രാവ് പറഞ്ഞുകൊണ്ടിരുന്നു.

ആലീസിന് അമ്പരപ്പ് കൂടി. പ്രാവ് പറഞ്ഞു കഴിയും വരെ കാത്തിരിക്കുന്നതാണ് നല്ലെതെന്നു അവള്‍‍ക്കു തോന്നി.

‘’ അടയിരിക്കുന്നതല്ല പ്രശ്നം. രാവും പകലും ഞാന്‍ സര്‍പ്പങ്ങളെ ഭയന്ന് മുട്ടകള്‍‍ക്കു കാവലിരിക്കുകയാണ്. മൂന്നാഴ്ചയായി ഞാന്‍ ഒരു പോളക്കണ്ണടച്ചിട്ട്!’‘

ആലീസിന് കാര്യം വ്യക്തമായി തുടങ്ങി. ‘’ നിന്നെ വിഷമിപ്പിക്കാനിടയായതില്‍ ഖേദമുണ്ട്,’‘ അവല് പറഞ്ഞു.

‘’ വനത്തിലെ ഏറ്റവും ഉയരമുള്ള മരം തെരെഞ്ഞെടുത്തപ്പോള്‍ , പാമ്പുകളില്‍ നിന്നൊക്കെ രക്ഷപ്പെട്ടെന്നു വിചാരിച്ചു ഇപ്പോഴിതാ അവ ആകാശത്തുനിന്ന് പൊഴിയുന്നു ! നശിച്ച സര്‍പ്പം! ‘’

‘’ ഞാന്‍ പറഞ്ഞില്ലേ , ഞാന്‍ സര്‍പ്പമല്ല ! ‘’ ആലീസ് പറഞ്ഞു: ‘’ ഞാന്‍ ഞാന്‍ ഒരു -‘’

‘’ ശരി ! നീ ആരാണ് ?’‘ പ്രാവ് ചോദിച്ചു ‘’ നീ എന്തോ തിരയുന്നത് ഞാന്‍ കണ്ടതാണ്,’‘ ‘’ ഞാന്‍ – ഞാനൊരു ചെറിയ പെണ്‍കുട്ടിയാണ് ,’‘ സംശയിച്ചു സംശയിച്ചു ആലീസ് പറഞ്ഞു കാരണം അന്നു തന്നെ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചതാണല്ലോ അവള്‍ക്ക് .

‘’ കേള്‍ക്കാന്‍ രസമുള്ള കഥ! പ്രാവ് പുച്ഛിച്ചു . ‘’ ധാരാളം പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ നീണ്ട കഴുത്തുള്ള ആരേയും കണ്ടിട്ടില്ല . അല്ല അല്ല നീയൊരു സര്‍പ്പമാണ്, നിഷേധിച്ചിട്ടു കാര്യമില്ല മുട്ടയുടെ രുചി അറിഞ്ഞിട്ടില്ലേയെന്നായിരിക്കും ഇനി നീ പറയുക.’‘

‘’തീര്‍ച്ചയായും ഞാന്‍ മുട്ട കഴിച്ചിട്ടുണ്ട് ‘’ ആലീസ് പറഞ്ഞു ( അവള്‍ വളരെ സത്യസന്ധയായിരുന്നല്ലോ) ‘’ ചെറിയ പെണ്‍കുട്ടികളും പാമ്പുകളേപ്പൊലെ മുട്ടകഴിക്കുമെന്ന് നിനക്കറിഞ്ഞുകൂടെ ?’‘

‘’ ഞാനതു വിശ്വസിക്കില്ല ,’‘ പ്രാവ് പറഞ്ഞു ‘’ അഥവാ അങ്ങനെയാണെങ്കില്‍ അവരും ഒന്നാം തരം പാമ്പുകള്‍ തന്നെ’‘

ഇതൊരു പുതിയ ആശയമായി തോന്നിയതിനാല്‍ ആലീസ് അല്‍പ്പനേരം നിശബ്ദയായിപ്പോയി. ഈ അവസരമുപയോഗിച്ച് പ്രാവ് തുടര്‍ന്നു. ‘’ നീ മുട്ടകള്‍ തിരയുകയായിരുന്നു , തീര്‍ച്ച , ആ നിലക്ക് നീയൊരുപെണ്‍കുട്ടിയാണോ, അതോ സര്‍പ്പമാണോ എന്നതിനെ എന്നെ സംബന്ധിച്ച് എന്തു പ്രാധാന്യമാണ്?’‘

‘’ പക്ഷെ എനിക്കത് വളരെ പ്രധാനമാണ് ,’‘ ആലീസ് തിടുക്കത്തില്‍ പറഞ്ഞു, ‘’ നിനക്കങ്ങനെ തോന്നിയെങ്കിലും ഞാ‍ന്‍ മുട്ടകള്‍ തിരയുകയല്ല . എന്തായാലും നിന്റെ മുട്ടകള്‍ എനിക്കു വേണ്ട പച്ചമുട്ടകള്‍ എനിക്കിഷ്ടവുമല്ല’‘

‘’ശരി, എന്നാല്‍ വേഗം സ്ഥലം വിട് !’‘ പ്രാവ് വെറുപ്പോടെ പറഞ്ഞു അത് വീണ്ടും കൂട്ടില്‍ ഇരുപ്പുറപ്പിച്ചു മരങ്ങള്‍ക്കിടയിലൂടെ ആലീസ് കുനിഞ്ഞിറങ്ങി . കഴുത്ത് മരച്ചില്ലകളില്‍ ചുറ്റി വരഞ്ഞിരുന്നതിനാല്‍ അഴിച്ചെടുക്കേണ്ടിയിരുന്നു. കുറച്ചുകഴിഞ്ഞാണ് കൂണ്‍ കഷണങ്ങള്‍ കയ്യിലുണ്ടല്ലോയെന്ന് അവളോര്‍മ്മിച്ചത് വളരെ ശ്രദ്ധയോടെ അവളത് തിന്നാന്‍ തുടങ്ങി. ആദ്യം ഒരു കയ്യിലേത്. ഉടനെ മറ്റേ കയ്യില്‍ നിന്നൊരല്‍പ്പം ഇടക്കിടെ ഉയരം കൂടിയും വലിപ്പം കുറഞ്ഞും അവള്‍ തന്റെ യഥാര്‍ത്ഥ വലിപ്പത്തിലെത്തി.

വാസ്തവത്തില്‍ അത് വളരെ വിചിത്രമായാണ് അവള്‍ക്കനുഭവപ്പെട്ടത്. കാരണം ഏറെ നേരമായി ഈ വലിപ്പത്തിലായിരുന്നല്ലോ. ഏതാനും നിമിഷങ്ങള്‍ കൊണ്ട് അവള്‍ അതുമായി പൊരുത്തപ്പെട്ടു. മുന്‍പത്തേപോലെ തന്നത്താന്‍ സംസാരിക്കാനും തുടങ്ങി. ‘’ ഞാന്‍ വിചാരിച്ചതിന്റെ പകുതി നടന്നു . എത്ര അമ്പരപ്പിക്കുന്നവയാണ് ഈ മാറ്റങ്ങള്‍ . എന്താണാവോ അടുത്ത നിമിഷം സംഭവിക്കുക! എന്തായാലും ഞാനെന്റെ ശരിക്കുള്ള വലിപ്പത്തിലെത്തി. മനോഹരമായ ആ പൂന്തോട്ടത്തില്‍ കടക്കുകയാണ് ഇനി വേണ്ടത്. അതിനെന്താണ് വഴി? ‘’ അപ്പോഴേക്കും അവള്‍ തുറസ്സായ ഒരു സ്ഥലത്തെത്തിയിരുന്നു . അവിടെ നാലടി ഉയരമുള്ള ഒരു വീടുണ്ട് . ‘’ ഈ വലിപ്പത്തില്‍ചെന്ന് വീട്ടിലുള്ളവരെ പേടിപ്പിക്കേണ്ട ‘’ അവള്‍ വലതു കയ്യിലെ കൂണ്‍ കഷണം തിന്നാന്‍ തുടങ്ങി എന്നിട്ട് ഒമ്പത് ഇഞ്ച് ഉയരമാകുംവരെ കാത്തുനിന്നു.

Generated from archived content: athbhutha8.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here