ചിത്രശലഭപ്പുഴുവിന്റെ ഉപദേശം

ചിത്രശലഭപ്പുഴുവും ആലീസും അല്‍പ്പനേരം നിശബ്ദമായി പരസ്പരം നോക്കി. ഒടുവില്‍ പുഴു ഹുക്ക എടുത്തുമാറ്റി, അലസമായി ഇഴയുന്ന സ്വരത്തില്‍ ചോദിച്ചു

‘’ നീ ആരാണ്’‘?

സംഭാഷണത്തിന് പ്രോത്സാഹനം നല്‍കാത്ത ഒരു തുടക്കം. ലജ്ജയോടെ ആലീസ് മറുപടി നല്‍കി.’‘ഇപ്പോള്‍ ഞാനാരാണെന്ന് എനിക്കു തന്നെ അറിഞ്ഞു കൂട ഇന്നു രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അറിയാമായിരുന്നു. പക്ഷെ, അതിനു ശേഷം പലതവണ എനിക്കു മാറ്റം സംഭവിച്ചു.’‘

‘’എന്താണ് നീ ഉദ്ദേശിക്കുന്നത്?’‘ പുഴു ഉറച്ച സ്വരത്തില്‍ തിരക്കി.

‘’വിശദീകരിക്കു!’‘

‘’ എനിക്ക് വിശദീകരിക്കാനാവില്ലെന്നു തോന്നുന്നു , സാര്‍ .’‘ ആലീസ് പറഞ്ഞു ‘’കാരണം താങ്കള്‍ കാണുന്നതുപോലെ , ഞാന്‍ ഞാനല്ലാതായിരിക്കുകയാണ്..’‘

‘’ഞാന്‍ ഒന്നും കാണുന്നില്ല,’‘ പുഴു പറഞ്ഞു

‘’ഇതില്‍ കൂടുതല്‍ വ്യക്തമാക്കാന്‍ എന്നേക്കൊണ്ടു കഴിയില്ലെന്നു തോന്നുന്നു. ,’‘ ‘’വിനയത്തോടെ ആലീസ് പറഞ്ഞു. ‘’സത്യം പറഞ്ഞാല്‍, അതിനേക്കുറിച്ചു പറഞ്ഞു തുടങ്ങാന്‍ തന്നെ എനിക്കറിയില്ല ഒരൊറ്റ ദിവസം തന്നെ ഇത്രയേറെ രൂപമാറ്റങ്ങള്‍ ! എങ്ങനെ ആശയകുഴപ്പം ഉണ്ടാകാതിരിക്കും?!’‘

”അത് ശരിയല്ല’‘

‘’അത് നിങ്ങളിതുവരെ അങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ലാത്തതു കൊണ്ടാണ് , ആലീസ് പറഞ്ഞു: ‘’പ്യൂപ്പയുടെ അവസ്ഥയില്‍ എത്തുകയും – എന്നെങ്കിലും അങ്ങനെയാകുമെന്ന് അറിയാമല്ലോ- അതു കഴിഞ്ഞ് ചിത്രശലഭമാകുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്കുമത് വിചിത്രമായി തോന്നാതിരിക്കില്ല.’‘

‘’ഒരിക്കലുമില്ല.’‘ പുഴു തീര്‍ത്തു പറഞ്ഞു.

‘’അങ്ങനെയെങ്കില്‍ , ഒരു പക്ഷെ നിങ്ങളുടെ മനോഭാവം വ്യത്യസ്തമായിരിക്കും എനിക്കാണെങ്കില്‍ അതെല്ലാം വിചിത്രമായേ തോന്നൂ’‘

‘’റീ!’‘ അവജ്ഞയോടെ പുഴു ചോദിച്ചു ‘’ നീ ആരാണ്?’‘

ചോദ്യം വീണ്ടും അവരെ സംഭാഷണത്തിന്റെ ആരംഭത്തിലേക്കു തന്നെ തിരിച്ചെത്തിച്ചു. പുഴുവിന്റെ ധിക്കാരം കലര്‍ന്ന ചോദ്യം ആലീസിനെ ശുണ്ഠി പിടിപ്പിച്ചു. ‘ആദ്യം നിങ്ങളാരെന്ന് പറയൂ?’‘ അവള്‍ ഗൗരവത്തില്‍ പറഞ്ഞു.

”എന്തുകൊണ്ട്?’‘ പുഴു ചോദിച്ചു

ഇത് അമ്പരപ്പിക്കുന്ന മറ്റൊരു ചോദ്യമായിരുന്നു. പറ്റിയ ഉത്തരമൊന്നും കണ്ടെത്താന്‍ ആലീസിനു കഴിഞ്ഞില്ല. പുഴു സൗഹൃദഭാവത്തിലല്ലെന്നു തോന്നിയതിനാല്‍ അവള്‍ സ്ഥലം വിടാനൊരുങ്ങി.

‘’ തിരിച്ചു വരൂ’‘ പുഴു വിളിച്ചു പറഞ്ഞു. ‘’എനിക്കു ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ട്. ‘’ ആലീസ് തിരിച്ചു വന്നു.

‘’നീ നിന്റെ ദേഷ്യം നിയന്ത്രിക്കു.’‘ പുഴു ഉപദേശിച്ചു.

‘’ഇതാണോ പറയാനുള്ളത്?’‘ ദേഷ്യമടക്കി ആലീസ് ചോദിച്ചു

‘’അല്ല’‘

മറ്റൊന്നും ചെയ്യാത്തതിനാല്‍ കാത്തിരിക്കാമെന്ന് അവള്‍ വിചാരിച്ചു. പുഴു പ്രയോജനമുള്ള വല്ലതും പറയാനും ഇടയുണ്ട് പുഴുവാകട്ടെ, കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെ ഹുക്കയില്‍ നിന്ന് പുകവലിച്ചുവിട്ടുകൊണ്ടിരുന്നു ഒടുവില്‍ കൈകള്‍ നിവര്‍ത്തി , ഹുക്ക വായില്‍ നിന്നു മാറ്റിവച്ച് പറഞ്ഞു,’‘ അതായത് , നിന്റെ രൂപം മാറിയെന്ന് കരുതുന്നു ,അല്ലേ?’‘

‘’അങ്ങനെ സംഭവിച്ചെന്നു തോന്നുന്നു. , സാര്‍ മുന്‍പത്തേപ്പോലെ ഒന്നും ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല പത്തുമിനിറ്റ് നേരത്തേക്കു പോലും ഒരേ വലിപ്പത്തിലായിരിക്കാനും പറ്റുന്നില്ല’‘

‘’എന്തു കാര്യങ്ങളാണ് ഓര്‍മ്മിക്കാന്‍ കഴിയാത്തത്?

‘’അതായത് ‘എങ്ങിനെയാണോ തിരക്കേറും കൊച്ചു തേനീച്ച…. ഞാന്‍ ചൊല്ലാന്‍ നോക്കി പക്ഷെ, അതാകെ തെറ്റിപ്പോയി.’‘ ആലീസ് വിഷാദത്തോടെ പറഞ്ഞു.

‘’ നിങ്ങള്‍ക്കു വയസ്സേറി , ഫാദര്‍ വില്യം ; ഒന്നു ചൊല്ലി നോക്കു പുഴു നിര്‍ദ്ദേശിച്ചു

വിനീതഭാവത്തില്‍ കൈകള്‍ കെട്ടി , ആലീസ് ഉരുവിട്ടു.

‘’യുവാവോതി:

‘പിതാവേയങ്ങേക്കു വയസ്സേറി

തലയാകെ നര കേറി

എങ്കിലുമെന്നച്ഛാ

തലകുത്തി നില്‍ക്കാനാണങ്ങേക്കിഷ്ടം

വയസ്സായ കാലത്തിതുചിതമാണോ?

അച്ഛന്‍ പറഞ്ഞു:

‘ഭയപ്പെട്ടു ഞാനുമൊരിക്കലെന്‍ കുഞ്ഞേ-

യിതു ബുദ്ധിക്കു ക്ഷതം വരുത്തുമെന്നായ്

എനിക്കോയിപ്പോഴിതിലൊട്ടുമേ ശങ്കയില്ല

എനിക്കിക്കാലത്തെന്തുകൊണ്ടിതു ശീലിക്ക വയ്യ:?

ചെറുപ്പക്കാരനോ ചൊല്ലീ:

‘അച്ഛനിന്നൊരു പടുവൃദ്ധന്‍

ദേഹമോ സ്തൂലം, പിന്നെ

തല കുത്തി മറിയുന്നതവിവേകം താന്‍

നരച്ചതല വെട്ടിച്ചുടന്‍ ചൊല്ലീ പടുവൃദ്ധന്‍

‘വഴങ്ങീ പണ്ടീ ദേഹം

പുരട്ടീടാറുണ്ടൊരു കുപ്പി

-ക്കൊരു കാശിന്‍ കുഴമ്പും ഞാന്‍

അതു വിറ്റു പണമാക്കാന്‍ തുനിയട്ടേ ഞാന്‍’

ചെറുപ്പക്കാരന്‍ പറഞ്ഞു:

‘ വയസ്സായി, താടയ്ക്കുള്ള

കരുത്തും പോയ് , പല്ലുപോയ്

എന്നിട്ടും താറാവിന്‍ കൊക്കുമെല്ലാം

തകര്‍ക്കുന്നതെങ്ങനെയച്ഛോ?

വൃദ്ധനോതി :

‘അതു കുഞ്ഞേ… നിയമം പഠിച്ചു ഞാന്‍

വാദിക്കും പത്നിയോടന്ന് ദിനം തോറും

അതിനാലെന്‍ താടയ്ക്ക് കരുത്തേറി, കരുത്തേറി

ജീവനറ്റീടും വരെയതു നിലനില്‍ക്കുമേ

മൊഴിഞ്ഞു ചെറുപ്പക്കാരന്‍:

‘ഇമകള്‍ തിമിരത്താലന്ധമായിതെങ്കിലും

കസര്‍ത്തു ചെയ്യാന്‍ വേണ്ടാ-

രൂറ്റമെങ്ങനെ കിട്ടീ-‘

‘ഉത്തരം പറഞ്ഞു ഞാന്‍ ചോദ്യങ്ങള്‍ മൂന്നിനി,-

നി നിര്‍ത്തുക: പിതാവോതി

പകലാറൊളം നിന്റെ വിഡ്ഢിത്തം ശ്രവിക്കയോ

കടക്കു പുറത്ത് , അല്ലേല്‍

നിന്നെ ഞാന്‍ പുറത്താക്കും.’

‘’ഈ ചൊല്ലിയത് ശരിയായിട്ടില്ല ‘’ പുഴു പറഞ്ഞു

‘’ അത്ര ശരിയായിട്ടില്ലെന്ന് എനിക്കും തോന്നുന്നു ചില വാക്കുകള്‍ മാറിപ്പോയിട്ടുണ്ട്. ‘’

‘’ തുടക്കം മുതല്‍ ഒടുക്കം വരെ തെറ്റി’‘ പുഴു തീര്‍ത്തു പറഞ്ഞു തുടര്‍ന്ന് അല്‍പ്പനേരം നിശബ്ദത. വീണ്ടും പുഴുതന്നെ മൗനം ഭഞ്ജിച്ചത്.

‘’ നിനക്ക് എത്ര വലുതാകണം?’‘

‘’ഓ, അക്കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമൊന്നുമില്ല ഇങ്ങനെ കൂടെക്കൂടെ ആകൃതി മാറുന്നത് ആര്‍ക്കാണിഷ്ടമാകുക? ഞാന്‍ പറയുന്നതു ശരിയല്ലേ?

‘’ എനിക്കറിയില്ല’‘ പുഴു പറഞ്ഞു.

ആലീസ് നിശബ്ദയായി. ജീവിതത്തില്‍ മുമ്പൊരിക്കലും അവള്‍ ഇത്രത്തോളം ആശയകുഴപ്പത്തില്‍ പെട്ടിട്ടില്ല. പോരാത്തതിന് വല്ലാതെ ദേഷ്യവും വന്നു.

‘’ഇപ്പോള്‍ നിനക്കു തൃപ്തിയായോ?’‘

‘’ എനിക്ക് കുറച്ചു കൂടി ഉയരം വയ്ക്കണമെന്നുണ്ട് സാര്‍, ‘’ ആലീസ് പറഞ്ഞു ‘’ മൂന്ന് ഇഞ്ച് വളരെ കുറവാണ് ”

‘’അത് മതിയായ ഉയരമാണ് ‘’ ചിത്രശലഭപ്പുഴു അരിശത്തോടെ തിരിച്ചടിച്ചുകൊണ്ട് നേരേ ഉയര്‍ന്നു നിന്നു. ( കൃത്യം മൂന്ന് ഇഞ്ചായിരുന്നു പുഴുവിന്റെ ഉയരം)

‘’പക്ഷെ എനിക്കത് പരിചയമില്ല ‘’ ദയനീയമായി ആലീസ് പറഞ്ഞു. ‘ഈ ജീവികളൊക്കെ ഇത്ര തൊട്ടാവാടികളായിരുന്നില്ലെങ്കില്‍ !’ എന്ന് വിചാരിക്കുകയും ചെയ്തു.

‘കാലക്രമേണേ നീ അതുമായി പൊരുത്തപ്പെട്ടു കൊള്ളൂം’‘ പുഴുപറഞ്ഞു. എന്നിട്ട് വീട്ണും ഹുക്കയെടുത്ത് പുകവലിക്കാന്‍ തുടങ്ങി.

ഇപ്രാവശ്യം പുഴു വീണ്ടും സംസാരിച്ചു തുടങ്ങുന്നതു വരെ അവള്‍ ക്ഷമയോടെ കാത്തുനിന്നു. ഒരല്‍പ്പനിമിഷത്തിനകം അത് ഹുക്ക മാറ്റിവച്ച് ഒന്നു രണ്ടു വട്ടം കോട്ടുവായിട്ടു. പിന്നെ കൂണില്‍ നിന്നിറങ്ങി , പുല്ലിലൂടെ ഇഴഞ്ഞു നീങ്ങി പോകുന്ന വഴി അത് ഇങ്ങനെ പിറുപിറുത്തു’‘ ഒരു വശം നിന്റെ ഉയരം കൂട്ടും മറു വശം നിന്നെ ചെറുതാക്കും. ‘’

‘എന്തിന്റെ ഒരു വശം? എന്തിന്റെയായിരിക്കും മറുവശം? ആലീസ് ചിന്തിച്ചു

‘’കൂണിന്റെ , ‘’ അവള്‍ ഉറക്കെ ചോദിച്ചിട്ടെന്നവണ്ണം പുഴു മറുപടി പറഞ്ഞു . അടുത്ത നിമിഷം അത് കാഴ്ചയില്‍ നിന്നു മറയുകയും ചെയ്തു.

കൂണിന്റെ വശങ്ങളേതെന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട് ആലീസ് ഒരു നിമിഷം നിന്നു. പൂര്‍ണ്ണമായും വൃത്താകൃതിയിലായതു കൊണ്ട് ഇത് ഒരു വിഷമം പിടിച്ച സംഗതിയായിരുന്നു. ഒടുവില്‍ തനിക്കു കഴിയും വിധം ചുറ്റിപ്പിടിച്ച് അവള്‍ ഇരുകൈകള്‍കൊണ്ടും ഓരോ കഷണം അടര്‍ത്തിയെടുത്തു.

‘’ഇതില്‍ എന്തായിരിക്കാം?ആലീസ് തന്നോടുതന്നെ ചോദിച്ചു എന്താണു സംഭവിക്കുകയെന്നു നോക്കാന്‍ വലതുകയ്യില്‍ നിന്നും ഒരല്‍പ്പം രുചിച്ചു നോക്കുകയും ചെയ്തു അടുത്ത നിമിഷം ,താടിയ്ക്കടിയില്‍ കനത്ത ഒരടിയേറ്റതു പോലെ തോന്നി.

താടി അവളുടെ കാല്‍‍പ്പാദങ്ങളില്‍ ചെന്നു മുട്ടിയിരിക്കുന്നു.

പൊടുന്നെനെയുണ്ടായ ഈ മാറ്റത്തില്‍ ഭയന്നു പോയെങ്കിലും ഒട്ടും സമയം കളയാനില്ലായിരുന്നു. അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ മറുകയ്യിലെ കഷണം തിന്നാന്‍ നോക്കി താടി പാദങ്ങളോട് വല്ലാതെ ചേര്‍ന്നിരുന്നു പോയതിനാല്‍ വാ തുറക്കാന്‍ നിവൃത്തിയില്ലായിരുന്നു. ഒടുവില്‍ വളരെ വിഷമിച്ച് , ഇടതു കയ്യില്‍ നിന്നൊരല്‍പ്പം വായിലാക്കാന്‍ കഴിഞ്ഞു.

തുടരും

Generated from archived content: athbhutha7.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here