മുയല്‍ ഒരു ജോലിയേല്‍പ്പിക്കുന്നു.

ആ വെള്ള മുയലായിരുന്നു അത്. എന്തോ കളഞ്ഞു പോയതുപോലെ ഉത്കണ്‍ഠയോടെ വഴിയിലുടനീളം തിരഞ്ഞുകൊണ്ടാണ് അവന്റെ വരവ് ‘’രാജ്ഞി! രാജ്ഞി! ഓ പ്രിയപ്പെട്ട കൈകളേ!…. എന്റെ രോമക്കോട്ടും മീശയും ! അവള്‍ എന്റെ തല വെട്ടും , തീര്‍ച്ച ! എവിടെയാണ് ഞാനതെല്ലാം കൊണ്ടുകളഞ്ഞത്?’‘ മുയല്‍ പിറുപിറുക്കുന്നത് ആലീസ് കേട്ടു. വിശറിയും കയ്യുറകളുമാണ് അവന്‍ തിരയുന്നതെന്ന് പൊടുന്നനെ മനസിലായി. അവള്‍ അവ തിരയാന്‍ തുടങ്ങിയതുമാണ്. പക്ഷേ, അവ അവിടെയെങ്ങുമില്ലായിരുന്നു. കുളത്തില്‍ വീണതിനു ശേഷം എല്ലാം മാറിമറിഞ്ഞിരിക്കുന്നു. ചില്ലുമേശയും ചെറിയ വാതിലുമുള്ള ആ വലിയ ഹാള്‍ ഇപ്പോള്‍ കാണാനില്ല.

ആലീസ് ചുറ്റുപാടും തിരഞ്ഞുകൊണ്ടിരിക്കെ, മുയല്‍ അവളെക്കണ്ട് ദേഷ്യത്തോടെ വിളിച്ചു ചോദിച്ചു. ,’‘മേരീ ആന്‍ , നീ എന്തെടുക്കുകയാണിവിടെ ? വീട്ടിലേക്കോടിച്ചെന്ന് ഒരു ജോഡി കയ്യുറകളും വിശറിയും എടുത്തുകൊണ്ടു വരു. ! വേഗമാകട്ടെ!’‘ ആകെ ഭയന്നു പോയ ആലീസ് മുയലിനു പറ്റിയ തെറ്റുതിരുത്താനൊന്നും നില്‍ക്കാതെ, അത് ചൂണ്ടിക്കാണിച്ച ദിശയിലേക്കു പാഞ്ഞു.

‘’ ഞാനവന്റെ വീട്ടുവേലക്കാരിയാണെന്നു വിചാരിച്ചു കാണും. ,’‘ ഓടുന്നതിനിടെ അവള്‍ പറഞ്ഞു. ‘’ ഞാനാരാണെന്നു മനസിലാകുമ്പോള്‍ അവന്‍ അത്ഭുതപ്പെടാതിരിക്കില്ല. എന്തായാലും ആ വിശറിയും കയ്യുറകളും ഞാനവന് എടുത്തു കൊടുക്കും.’‘ പറഞ്ഞു തീരുമ്പോഴേക്കും അവള്‍ ഭംഗിയുള്ള ഒരു ചെറിയ വീടിനു മുന്നിലെത്തി. അതിന്റെ വാതിലില്‍, ഒരു പിച്ചളഫലകത്തില്‍ ‘ വെള്ളമുയല്‍’‘ എന്നു കൊത്തിവച്ചിരിക്കുന്നു. വാതിലില്‍ മുട്ടി പ്രവേശനാനുമതിക്കൊന്നും കാക്കാതെ അവള്‍ ധൃതിയില്‍മുകളിലത്തെ നിലയിലേക്കോടിക്കയറി. യഥാര്‍ത്ഥ മേരി ആനിനെ കണ്ടുമുട്ടുകയും , വിശറിയും കയ്യുറകളും എടുക്കുന്നതിനു മുമ്പുതന്നെ വീട്ടില്‍ നിന്ന് ആട്ടി പുറത്താക്കുകയും ചെയ്തേക്കുമോ എന്നായിരുന്നു അവളുടെ ഭയം.

‘’ എത്ര വിചിത്രമാണ് ! ഒരു മുയലിനെ അനുസരിക്കേണ്ടി വരുന്നത്.’‘ ആലീസ് പറഞ്ഞു. ‘’ഇനി ദിനായും ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിക്കാന്‍ തുടങ്ങുമെന്നു തോന്നുന്നു. ‘’ അങ്ങനെ സംഭവിക്കുന്നതിനെക്കുറിച്ച് അവള്‍ ഭാവന നെയ്യാന്‍ തുടങ്ങി. ‘’ ‘ മിസ് ആലീസ് , വേഗം ഇവിടെ വരു, സവാരിക്ക് പോകാന്‍ തയ്യാറാകു ! ‘ നഴ്സ്, ഒന്നിവിടെ വരൂ! ദിനാ വരുന്നതു വരെ എനിക്കീ എലിമാളത്തിനു കാവല്‍ നില്‍ക്കണം’. ദിനാ ആളുകളോടിങ്ങനെ കല്‍പ്പിക്കാന്‍ തുടങ്ങിയാല്‍ വീട്ടുകാര്‍ അവളെ പുറത്താക്കാനും മതി!’‘

അപ്പോഴേക്കും ആലീസ് വെടിപ്പുള്ള ഒരു ചെറിയ മുറിയിലെത്തി . അവിടെ ഒരു മേശമേല്‍ വിശറിയും കുഞ്ഞുങ്ങള്‍ക്കണിയാന്‍ പാകത്തിനുള്ള രണ്ടോ മൂന്നോ ജോഡി കയ്യുറകളും ഉണ്ടായിരുന്നു. വിശറിയും ഒരു ജോഡി വെള്ള കയ്യുറകളുമെടുത്ത് പുറത്തേക്കിറങ്ങുവാന്‍ തുടങ്ങവെയാണ് , കണ്ണാടിക്കുഴലിനടുത്തുള്ള ഒരു ചെറിയ കുപ്പിയില്‍ ആലീസിന്റെ നോട്ടം പതിഞ്ഞത്. ‘ എന്നെ കുടിക്കു’ എന്നെഴുതിയ ലേബലൊന്നും കണ്ടില്ലങ്കിലും , അത് കുടിച്ചു നോക്കാന്‍ തന്നെ അവള്‍ നിശ്ചയിച്ചു. ‘’ രസകരമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ് ! തിന്നുകയോ കുടിക്കുകയോ ചെയ്യുമ്പോഴെല്ലാം എനിക്ക് രസകരമായ മാറ്റമുണ്ടാകാറുണ്ട്. ഇതു കഴിച്ചാല്‍ എന്തുണ്ടാകുമെന്നു നോക്കട്ടെ. അതെന്നെ വീണ്ടും വലുതാക്കാതിരിക്കില്ല. ഇങ്ങനെ ചെറുതായിരുന്ന് മടുത്തു!’‘

ആലീസ് വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിച്ചു. കുപ്പിയിലുണ്ടായിരുന്നതിന്റെ പകുതി അകത്താക്കി കഴിഞ്ഞപ്പോഴേക്കും തല മച്ചില്‍ മുട്ടി. കഴുത്ത് ഒടിയാതിരിക്കാന്‍ കുനിഞ്ഞിരിക്കേണ്ടിയും വന്നു. ‘’ ഇതു തന്നെ വേണ്ടത്രെയായി.’‘ അവള്‍ കുപ്പി താഴെയിട്ടു. ‘’ ഇനി ഞാനൊട്ടും വളരാതിരുന്നാല്‍ മതിയായിരുന്നു. ഇപ്പോള്‍ തന്നെ വാതിലിലൂടെ പുറത്തു കടക്കാന്‍ കഴിയാതെയായി- ഓ ഇത്രയധികം കുടിക്കേണ്ടിയിരുന്നില്ല. ‘’

കഷ്ടം! വിവേകമുദിച്ചത് ഏറെ വൈകിയാണ്. വളര്‍ന്നു വളര്‍ന്ന് ആ വീട്ടില്‍ കൊള്ളാതെയായിക്കഴിഞ്ഞിരുന്നതിനാല്‍ അവള്‍ തറയില്‍ മുട്ടുകുത്തി ഇഴയാന്‍ തുടങ്ങി. അടുത്ത ക്ഷണത്തില്‍ ,അതിനും ഇടമില്ലാതായി. ഒരു കൈ കുത്തി തറയില്‍ അമര്‍ന്നു കിടന്ന് മറ്റേ കൈ തലയില്‍ ചുറ്റിപ്പിടിച്ചുനോക്കി. എന്തു ഫലം ,വളര്‍ച്ച നില്‍ക്കുന്നില്ല. അവസാനത്തെ പോംവഴിയെന്ന നിലയില്‍ അവള്‍ ഒരു കൈ ജനാലയിലൂടെ പുറത്തേക്കിട്ടു. ഒരു കാല്‍ ചിമ്മിനിക്കു മുകളില്‍ വച്ചു. ‘’ ഇനി എന്തു സംഭവിച്ചാലും ഒരു നിവൃത്തിയുമില്ല എന്താണാവോ വരാനിരിക്കുന്നത്?’‘ അവള്‍ സ്വയം പറഞ്ഞു.

ഭാഗ്യം തന്നെ , മാന്ത്രികക്കുപ്പി അതിന്റെ പ്രവര്‍ത്തനം മുഴുവനാക്കിക്കഴിഞ്ഞിരുന്നു. പിന്നീടവള്‍ക്ക് വലിപ്പം വച്ചില്ല. എങ്കിലും ഇതു തന്നെ എന്തൊരസൌകര്യം .ഈ അവസ്ഥയില്‍ മുറിയില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയില്ല ആലീസ് വിഷണ്ണയായതില്‍ അത്ഭുതപ്പെടാനില്ലല്ലോ.

‘വീട്ടിലായിരുന്നെങ്കില്‍ എന്തു സുഖമായിരുന്നേനേ!’ പാവം ആലീസ് ചിന്തിച്ചു. ‘അവിടെയാണെങ്കില്‍ ഞാനിങ്ങനെ ഇടക്കിടെ വലുതാകുകയും ചെറുതാകുകയും ചെയ്യുമായിരുന്നില്ല. എലികളും മുയലുകളും എന്നോട് ആജ്ഞാപിക്കുകയും ചെയ്യില്ല. ആ മുയല്‍മാളത്തിലൂടെ താഴോട്ട് പോകാതിരിക്കുകയായിരുന്നു ഭേദം. എന്നാലും ഇതുപോലുള്ള ജീവിതം രസകരം തന്നെ . എന്താവും എനിക്കിനി സംഭവിക്കുക ?യക്ഷിക്കഥകള്‍ വായിക്കുമ്പോള്‍ അത്തരം കാര്യങ്ങളൊന്നും ഒരിക്കലും സംഭവിക്കുകയേയില്ലന്ന് വിചാരിച്ചിരുന്നു. ഇപ്പോള്‍ ,ഞാന്‍ തന്നെ അത്തരമൊന്നില്‍ അകപ്പെട്ടിരിക്കുകയാണ് . എന്നെക്കുറിച്ചും ഒരു പുസ്തകം എഴുതപ്പെടേണ്ടതാണ്. , തീര്‍ച്ചയായും എഴുതപ്പെടേണ്ടതു തന്നെ. ! വലുതാകുമ്പോള്‍ , ഞാനൊരണ്ണം എഴുതും. തീര്‍ച്ച – ഓ ഇപ്പോള്‍ തന്നെ ഞാന്‍ വലുതായിക്കഴിഞ്ഞല്ലോ, ;ദയനീയ സ്വരത്തില്‍ അവള്‍ കൂട്ടിച്ചേര്‍ത്തു. :‘’ വളരാനായി ഇനിയിവിടെ ഒട്ടും ഇടമില്ല. ‘’ ‘പക്ഷെ ,ഒന്നുണ്ട്, ആലീസ് ചിന്തിച്ചു. ‘എനിക്കിനി ഇപ്പോഴുള്ളതിനേക്കാള്‍ പ്രായം കൂടാന്‍ സാധ്യതയുണ്ടോ? ഒരിക്കലും കിഴവിയായിത്തീരില്ലെന്നത് എന്തൊരു ഭാഗ്യമാണ് . പക്ഷെ ,എപ്പോഴും പാഠങ്ങള്‍ പഠിക്കേണ്ടതായിട്ടു വരും. ! ഹോ അതെനിക്കിഷ്ടമല്ല.

‘’ഓ മണ്ടിപ്പെണ്ണേ ആലീസേ!’‘…. ആലീസ് സ്വയം ചോദിച്ചു: ‘’ഇവിടെ നിനക്കെങ്ങനെ പാഠങ്ങള്‍ പഠിക്കാന്‍ സാധിക്കും? ഇവിടെ നില്‍ക്കാന്‍ പോലും സ്ഥലമില്ല, പിന്നെയല്ലേ നിന്റെ പാഠപുസ്തകങ്ങള്‍!’‘ ആദ്യം ഒരു ഭാഗം പിടിച്ച് സംസാ‍രിക്കുക പിന്നെ അതിന്റെ മറുവശം പറയുക. അങ്ങനെ ഒരു സംഭാഷണം നടക്കുന്നതിന്റെ പ്രതീതിയുണ്ടാക്കുക- കുറേ നേരത്തേക്ക് ആലിസ് ഈ വിനോദത്തില്‍ മുഴുകി. അധിക നേരം കഴിഞ്ഞില്ല ,പുറത്തെന്തോ ശബ്ദം കേട്ട് അവള്‍ സംസാരം നിര്‍ത്തി, ശ്രദ്ധിച്ചു.

‘’മേരി ആന്‍! മേരി ആന്‍!’‘ ആ ശബ്ദം വിളിച്ചു പറഞ്ഞു. ‘’എന്റെ കയ്യുറകള്‍ ഉടന്‍ കൊണ്ടുവരൂ .’‘ തുടര്‍ന്ന് കോണിപ്പടികളിലൂടെ ആരോ കയറി വരുന്ന ശബ്ദം കേട്ടു. തന്നെ തിരഞ്ഞ് മുയല്‍ വന്നിരിക്കുകയാണെന്ന് ആലീസിനു മനസിലായി. അവള്‍ ഭയം കൊണ്ട് , വീടാകെ കുലുങ്ങുംവണ്ണം വിറച്ചു. തനിക്ക് മുയലിനേക്കാള്‍ ആയിരമിരട്ടിയെങ്കിലും വലിപ്പമുണ്ടെന്നും അതിനെ ഭയപ്പെടേണ്ടതില്ലെന്നും ആലീസ് മറന്നു പോയിരുന്നു. മുയല്‍ നേരെ വാതില്‍ക്കലെത്തി. , വാതില്‍ തുറക്കാന്‍ ശ്രമിച്ചു. അകത്തേക്കു തുറക്കുന്ന പാളികളായിരുന്നു വാതിലിന് ആലീസിന്റെ കൈമുട്ടുകള്‍ പാളികളോട് അമര്‍ന്നിരിക്കുകയായിരുന്നതിനാല്‍ , മുയലിന് വാതില്‍ തുറക്കാനായില്ല .’‘ജനാല വഴി അകത്തു കടക്കാന്‍ നോക്കാം’‘ മുയല്‍ പറയുന്നതു അവള്‍ കേട്ടു. ‘അതിനും ,നിനക്കു പറ്റില്ല ആലീസ് വിചാരിച്ചു. ജനാലക്കു താഴെ മുയല്‍ എത്തിയെന്നു തോന്നിയയുടന്‍ അവള്‍ കൈ നീട്ടി അതിനെ പിടികൂടാന്‍ നോക്കി. പക്ഷെ വെറുതെ വായുവില്‍ തിരയാനേ അവള്‍ക്കു കഴിഞ്ഞൊള്ളൂ. പെട്ടന്ന് ഒരു ആക്രോശവും ആരോ വീഴുന്ന ശബ്ദവും കേട്ടു. കണ്ണാടിച്ചില്ലുകള്‍ പൊട്ടിത്തകരുന്ന ഒച്ചയും . മുയല്‍ വെള്ളരിത്തടത്തിലോ മറ്റോ വീണിട്ടുണ്ടാവുമെന്ന് അവള്‍ ഊഹിച്ചു. തുടര്‍ന്ന് മുയലിന്റെ രോഷാകുലമായ ശബ്ദമുയര്‍ന്നു – ‘പാറ്റ്! പാറ്റ്! നീയെവിടെയാണ് ?’ മുമ്പൊന്നും കേള്‍ക്കാത്ത ഒരു സ്വരവും : ‘’ഞാന്‍ ഇവിടെത്തന്നെയുണ്ട് ! ആപ്പിള്‍ തൈകള്‍ വയ്ക്കാന്‍ കുഴിയെടുക്കുകയാണ്., തിരുമനസ്സേ!’‘ ‘’ആപ്പിളുകള്‍ക്ക് കുഴിയെടുക്കുകയാണെത്രെ !’‘ മുയല്‍ കോപത്തോടെ പറഞ്ഞു. ‘’ഇവിടെ വാ! വന്ന് എന്നെ ഇതില്‍ നിന്ന് പുറത്തെടുക്ക് ! ( വീണ്ടും ചില്ലുകള്‍ ഉടയുന്ന ശബ്ദം) ‘’പാറ്റ്, ആ ജനാലയില്‍ കാണുന്നതെന്താണ്?’‘ ‘’അത് ഒരു കൈപ്പത്തിയാണ് തിരുമനസ്സേ!’‘ (‘കൈപ്പത്തി എന്നത് തെറ്റിച്ചാണ്‍ അവന്‍ ഉച്ചരിച്ചത്)

(തുടരും)

Generated from archived content: athbhutha6.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here