കണ്ണീർക്കുളം

“വിചിത്രം! വിചിത്രം!” ആലീസ്‌ വിളിച്ചുപറഞ്ഞു (വല്ലാതെ അത്ഭുതപ്പെട്ടുപോയതിനാൽ ഈ വാക്കുകൾ തെറ്റിച്ചാണ്‌ അവൾ ഉച്ചരിച്ചതുതന്നെ) ‘ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ ദൂരദർശനിക്കുഴൽപോലെ പുറത്തേക്കു നീണ്ടിരിക്കുന്നു ഞാൻ! പാദങ്ങളേ, ഗുഡ്‌ ബൈ!’ (ആലീസ്‌ കുനിഞ്ഞ്‌ പാദങ്ങളിലേക്കു നോക്കുമ്പോഴേക്കും അവ ഏറെക്കുറെ നോക്കെത്താ ദൂരത്തായിക്കഴിഞ്ഞിരുന്നു. ‘ഓ, എന്റെ പാവം പിടിച്ച കൊച്ചു പാദങ്ങളേ, ഇനിയിപ്പോൾ ആരാണ്‌ നിങ്ങളെ ഷൂസും സ്‌റ്റോക്കിങ്ങ്‌സും അണിയിക്കുക? ആ കാര്യത്തിൽ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ കഴിയാത്തവിധം അത്ര ദൂരെയായിക്കഴിഞ്ഞു ഞാൻ. നിങ്ങൾ ഉചിതമായ വഴി തിരഞ്ഞെടുക്കുക. ഞാനവരോട്‌ ദയ കാണിക്കുകതന്നെ വേണം. ആലീസ്‌ ചിന്തിച്ചു. ’അല്ലെങ്കിൽ ഞാൻ വിചാരിക്കുന്ന വഴിയിലൂടെ നടക്കാൻ അവർ വിസമ്മതിച്ചെന്നുവരാം! നോക്കട്ടെ, ഓരോ ക്രിസ്‌മസിനും ഞാനവർക്ക്‌ ഓരോ ജോഡി പുതിയ ബൂട്ട്‌സ്‌ കൊടുക്കാം.

അത്‌ എങ്ങനെ ചെയ്യാമെന്ന്‌ ആലീസ്‌ പദ്ധതിയിട്ടു തുടങ്ങി. ‘ഏതെങ്കിലും ദൂതൻവശം അയക്കാം.’ അവൾ ചിന്തിച്ചു. സ്വന്തം പാദങ്ങൾക്ക്‌ സമമാനങ്ങൾ അയച്ചുകൊടുക്കുകയെന്നത്‌ എന്തൊരു തമാശയാണ്‌. അതിനുള്ള നിർദ്ദേശങ്ങളും വിചിത്രമായിരിക്കും.

‘ആലീസിന്റെ വലതുകാലിന്‌ കൊടുക്കാൻ ഗാർത്ത്‌റഗ്ഗ്‌ വണ്ടിപ്പലകയ്‌ക്കു സമീപം (സ്‌നേഹത്തോടെ ആലീസ്‌). ദൈവമേ, എന്തൊരു വിഡ്‌ഢിത്തമാണ്‌ ഞാൻ പറയുന്നത്‌!“

ആ സമയം അവളുടെ തല ഹാളിന്റെ മേൽക്കൂരയിൽ ചെന്നിടിച്ചു. വാസ്‌തവത്തിൽ അവൾക്ക്‌ ഇപ്പോൾ ഒമ്പതടിയിൽ കൂടുതൽ ഉയരം വെച്ചിരുന്നു. ചെറിയ സ്വർണത്താക്കോലുമെടുത്ത്‌ അവൾ നേരെ പൂന്തോട്ടത്തിലേക്കുള്ള വാതിലിനരികിലേക്ക്‌ ഓടി.

പാവം ആലീസ്‌! ഒരു വശം ചെരിഞ്ഞു കിടന്ന്‌, ഒരു കണ്ണ്‌ തുറന്നു പിടിച്ച്‌ പൂന്തോട്ടത്തിലേക്കു നോക്കാൻ മാത്രമേ അവൾക്കിപ്പോൾ കഴിയുമായിരുന്നുള്ളൂ. അകത്തേക്കു കടക്കുക മുമ്പത്തേതിനേക്കാൾ പ്രയാസമായി. അവൾ നിലത്തിരുന്ന്‌ വീണ്ടും കരയാൻ തുടങ്ങി.

’നാണമില്ലേ നിനക്ക്‌, ഇത്ര വലിയ പെണ്ണായിട്ടും കിടന്നു മോങ്ങാൻ….! ആലീസ്‌ പറഞ്ഞു. എന്നിട്ടും അവൾ കരഞ്ഞു. കരഞ്ഞു കരഞ്ഞ്‌ ഗ്യാലൻകണക്കിനു കണ്ണീർ ചൊരിഞ്ഞു താമസിയാതെ കണ്ണീരുകൊണ്ട്‌ ഒരു കുളം തന്നെയുണ്ടായി. നാലിഞ്ച്‌ ആഴവും ഹാളിന്റെ പകുതിയോളം വിസ്‌താരവുമുള്ള കുളം.

അല്‌പസമയം കഴിഞ്ഞപ്പോൾ അകലെനിന്ന്‌ കാൽപെരുമാറ്റം കേട്ടു. അവൾ ധൃതിയിൽ കണ്ണീർ തുടച്ചു. ആ വെള്ളമുയൽ തിരിച്ചുവരികയാണ്‌. ഗംഭീരമായ വേഷഭൂഷാദികളോടെയാണ്‌ അവന്റെ വരവ്‌. ഒരു കയ്യിൽ ആട്ടിൻ തോലുകൊണ്ടുള്ള വെളുത്ത കയ്യുറയുണ്ട്‌. മറുകയ്യിൽ ഒരു വലിയ വിശറിയും വളരെ തിടുക്കത്തിൽ നടക്കുന്നതിനിടെ അവൻ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു. ”ഒ, തമ്പുരാട്ടീ….. തമ്പുരാട്ടീ! ഓ! കാത്തിരിക്കേണ്ടി വന്നതിന്‌ അവർ ക്രൂരമായി പെരുമാറുമോ!“

ആരോടും സഹായമഭയർത്ഥിക്കാൻ സന്നദ്ധയാവും വിധം നിരാശയിലാണ്ടിരുന്നു ആലീസ്‌. അതുകൊണ്ട്‌, മുയൽ അടുത്തുവന്ന ഉടൻതന്നെ അവൾ സങ്കോചത്തോടെ, പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞുതുടങ്ങി, ‘സർ, താങ്കൾ ദയവുണ്ടായിട്ട്‌ -’ മുയൽ ഞെട്ടിത്തെറിച്ച്‌ കയ്യുറകളും വിശറിയും താഴെയിട്ട്‌ ഇരുട്ടിലേക്ക്‌ ഓടി മറഞ്ഞു.

ആലീസ്‌ വിശറിയും കയ്യുറകളുമെടുത്തു. ഹാളിൽ വല്ലാത്ത ചൂടായതുകൊണ്ട്‌ അവൾ, തന്നത്താൻ സംസാരിച്ച്‌ വിശറി വീശിക്കൊണ്ടിരുന്നു. ദൈവമേ…..! ഇന്ന്‌ എല്ലാം എന്തു വിചിത്രമാണ്‌! ഇന്നലെ എല്ലാം സാധാരണ പോലായിരുന്നു. ഒറ്റ രാത്രികൊണ്ട്‌ എനിക്കിത്രയേറെ മാറ്റങ്ങളോ! ഞാനാലോചിച്ചു നോക്കട്ടെ, ഇന്നു രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ ഇതേ ഞാൻ തന്നെയായിരുന്നുന്നേ? കുറച്ചു വ്യത്യാസമുണ്ടായിരുന്നതായി ഞാനോർമ്മിക്കുന്നു. അതേ ആൾ തന്നെയല്ല ഞാനെങ്കിൽ, അടുത്ത ചോദ്യം ഇതാണ്‌; ‘ ഈ ലോകത്തിൽ ഞാൻ ആരാണ്‌?’ ഓ, അതാണ്‌ ഏറ്റവും വലിയ കടങ്കഥ! തന്റെ സമപ്രായക്കാരും, പരിചയക്കാരുമായ കുട്ടികളെക്കുറിച്ച്‌ അവൾ ചിന്തിച്ചു. താൻ അവരിൽ ആരെങ്കിലുമായിത്തീർന്നിട്ടുണ്ടോ?

”ഞാൻ ആദയല്ലെന്ന്‌ എനിക്കുറപ്പാണ്‌.“ ആലീസ്‌ പറഞ്ഞു. ”അവളുടെ മുടി ചുരുണ്ടതാണ്‌. എന്റെ മുടിയാകട്ടെ ചുരുണ്ടതല്ലതാനും. മേബൽ ആകാനും സാധ്യതയില്ല; എനിക്ക്‌ എന്തെല്ലാം കാര്യങ്ങളറിയാം, അവൾക്കാണെങ്കിൽ യാതൊന്നുമറിയില്ല. പോരാത്തതിന്‌, അവൾ അവളാണ്‌, ഞാൻ ഞാനും, പിന്നെ – ഓ ദൈവമേ….., ഇതെല്ലാം എത്ര വിചിത്രമാണ്‌! പഠിച്ച കാര്യങ്ങളെല്ലാം എനിക്കോർമ്മയുണ്ടോ എന്നു നോക്കട്ടെ; നാലഞ്ച്‌ പന്ത്രണ്ട്‌, നാലാറ്‌ പതിമൂന്ന്‌, നാലേഴ്‌ – അയ്യയ്യോ….! ഇങ്ങനെ പോയാൽ ഞാൻ ഇരുപതിലെത്താൻ പോകുന്നില്ല! എങ്കിലും, ഗുണനപ്പട്ടിക കാര്യമാക്കേണ്ട. ഇനി ഭൂമിശാസ്‌ത്രം ഒന്നു പരീക്ഷിക്കാം. ലണ്ടൻ പാരീസിന്റെ തലസ്‌ഥാനമാണ്‌. പാരീസ്‌ റോമിന്റെ തലസ്‌ഥാനവും റോമാകട്ടെ – അല്ല, എല്ലാം, തെറ്റാണെന്ന്‌ എനിക്കുറപ്പാണ്‌! ഞാൻ മേബലായി മാറിക്കാണും! കാണാപ്പാഠം ഉരുവിട്ടുനോക്കട്ടെ, “എത്രമേൽ ചന്തത്തിൽ…..” പാഠങ്ങൾ ചൊല്ലുമ്പോഴെന്നപോലെ കൈകൾ മടിയിൽ പിണച്ചുവച്ച്‌ അവൾ തുടങ്ങി. പക്ഷേ, ശബ്‌ദം മുമ്പത്തേക്കാൾ പരുക്കനും വിചിത്രവുമായിരുന്നു. വാക്കുകളും യഥാസ്‌ഥാനത്തായിരുന്നില്ല.

“എത്രമേൽ ചന്തത്തിൽ വാലിളക്കി

കൊച്ചുമുതല ചിരിച്ചിടുന്നു

പൊന്നുപോലെ മിന്നുന്ന മേനിയാകെ

നീലനദീജലമൊഴുകിടുന്നു.

തിങ്ങുമാഹ്ലാദാലിളിച്ചുകാട്ടി

കൂർത്തനഖങ്ങൾ പുറത്തുകാട്ടി

കൊച്ചുമീൻകൂട്ടത്തെ തിന്നൊടുക്കാൻ

സ്വാഗതം ചെയ്‌തു നിൽപ്പാണവൻ.”

‘അതൊന്നുമല്ല ശരിയായ വാക്കുകളെന്ന്‌ എനിക്കറിയാം.’ പാവം ആലീസ്‌ പറഞ്ഞു. അവളുടെ കണ്ണും നിറഞ്ഞു. ‘ഞാൻ മേബലായിത്തീർന്നിരിക്കണം. ഞാൻ ആ കുടുസ്സു വീട്ടിൽ കഴിഞ്ഞുകൂടേണ്ടിവരും. കളിക്കാൻ പാവകളൊന്നുമുണ്ടാവില്ല. പഠിക്കാനാണെങ്കിൽ ധാരാളം പാഠങ്ങളും! ഇല്ല, ഒരു കാര്യം ഞാനുറച്ചുകഴിഞ്ഞു. ഞാൻ മേബലാണെങ്കിൽ, ഞാൻ ഇവിടെ താഴെത്തന്നെ കഴിയും. ’മുകളിലേക്കു വീണ്ടും വരു ഡിയർ!‘ എന്നൊക്കെ വിളിച്ചതുകൊണ്ട്‌ പ്രയോജനമില്ല. ഞാൻ തലയുയർത്തി ഇതുമാത്രം പറയും, ’ഇപ്പോൾ ഞാനാരാണ്‌? ആദ്യം അതു പറയൂ. ആ ആളെ ഇഷ്‌ടമായെങ്കിൽമാത്രം ഞാൻ മുകളിലേക്കു വരും. ഇല്ലെങ്കിൽ, മറ്റാരെങ്കിലുമായിത്തീരുന്നതുവരെ ഇവിടെ താഴെത്തന്നെ താമസിക്കും. പക്ഷേ, ദൈവമേ!‘ കണ്ണീർ ചൊരിഞ്ഞുകൊണ്ട്‌ ആലീസ്‌ പൊട്ടിക്കരഞ്ഞു, ’അവർ താഴേക്കുനോക്കിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു. ഇവിടെ തനിച്ചിരുന്ന്‌ മടുത്തു.‘

സംസാരത്തിനിടെ അവൾ കൈകളിലെക്കു നോക്കി. മുയലിന്റെ ചെറിയ വെളുത്ത കയ്യുറകളിലൊന്ന്‌ തന്റെ കയ്യിൽ ഇട്ടിരിക്കുന്നു! ’എനിക്കെങ്ങനെ ആ കയ്യുറയണിയാൻ പറ്റി? ഞാൻ വീണ്ടും ചെറുതാകുകയായിരിക്കും.‘ ആലീസ്‌ വേഗം മേശയോടു ചേർന്നു നിന്ന്‌ സ്വന്തം ഉയരം കണക്കാക്കാൻ തുടങ്ങി. വെറും രണ്ടടി ഉയരം! വീണ്ടും ചെറുതായിച്ചെറുതായി വരികയുമാണ്‌. കയ്യിലിരിക്കുന്ന വിശറിയാണ്‌ ഇതിനെല്ലാം കാരണമെന്ന്‌ ആലീസിന്‌ വേഗം പിടികിട്ടി. വിശറിയുടെ കാറ്റ്‌ ഏല്‌ക്കുന്തോറുമാണ്‌ ചുരുങ്ങിച്ചുരുങ്ങി വരുന്നത്‌. പൂർണമായും ഇല്ലാതായിത്തീരുംമുമ്പേ, അവൾ വിശറി താഴെയിട്ടു.

“തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു!” ആലീസ്‌ പറഞ്ഞു. പൊടുന്നനെയുള്ള ഈ രൂപമാറ്റത്തിൽ ഭയപ്പെട്ടുപോയെങ്കിലും ഇപ്പോഴും ജീവനോടയിരിക്കുന്നതിൽ സന്തോഷിച്ചു. “ഇനിയിപ്പോൾ നേരെ പൂന്തോട്ടത്തിലേക്ക്‌!” ആലീസ്‌ ചെറിയ വാതിലിനടുത്തേക്ക്‌ തിരിച്ചോടി. പക്ഷേ, കഷ്‌ടം! വാതിൽ അടഞ്ഞുതന്നെ കിടക്കുന്നു. ആ ചെറിയ സ്വർണത്താക്കോലാകട്ടെ, മുമ്പത്തേതുപോലെ മേശയിൽത്തന്നെയുണ്ട്‌. “കാര്യങ്ങൾ മുമ്പത്തേതിലും വഷളായിരിക്കു​‍ുന്നു!” ആലീസ്‌ വിചാരിച്ചു. “ഞാനൊരിക്കലും ഇത്രത്തോളം ചെറുതായിരുന്നിട്ടില്ല. കഷ്‌ടം!”

പറഞ്ഞുതീർന്നില്ല, കാൽ വഴുതി ’സ്‌പ്ലാഷ്‌!‘ അടുത്ത നിമിഷം ആലീസ്‌ ഉപ്പുവെള്ളത്തിൽ കഴുത്തൊപ്പം മുങ്ങി. എങ്ങനെയോ താൻ കടലിൽവീടുവെന്നാണ്‌ ആദ്യം അവൾക്കു തോന്നിയത്‌. “അങ്ങനെയെങ്കിൽ, എനിക്കു തീവണ്ടിയിൽ തിരിച്ചുപോകാം.” അവൾ തന്നെത്താൻ പറഞ്ഞു. (ജീവിതത്തിലൊരിക്കലേ ആലീസ്‌ കടൽത്തീരത്ത്‌ പോയിട്ടുള്ളു. അതോടെ ഇങ്ങനെയൊരു പൊതുധാരണയും അവൾ വളർത്തിയെടുത്തു – ഇംഗ്ലണ്ടിലെ കടൽത്തീരത്ത്‌ എവിടെ പോയാലും അവിടെയെല്ലാം സമുദ്രസ്‌നാനത്തിനു പറ്റിയ സജ്ജീകരണങ്ങൾ കാണും. കടൽത്തീരത്തെ മണലിൽ കുട്ടികൾ കുഴികളുണ്ടാക്കുന്നുണ്ടാകും. സമീപത്ത്‌ ലോഡ്‌ജുകളുടെ ഒരു നിരയും അതിനു പിന്നിലായി ഒരു റെയിൽവേ സ്‌റ്റേഷനും ഉണ്ടായിരിക്കും.) ഒമ്പത്‌ അടി ഉയരമുണ്ടായിരുന്നപ്പോൾ താൻ പൊഴിച്ച കണ്ണീർ വീണുണ്ടായ കുളമാണതെന്ന്‌ ആലീസിനു മനസ്സിലായി.

“ഞാനത്രയ്‌ക്ക്‌ കരഞ്ഞില്ലായിരുന്നെങ്കിൽ!” നീന്തുന്നതിനിടയിൽ പുറത്തേക്കുള്ള വഴി തിരഞ്ഞുകൊണ്ട്‌ ആലീസ്‌ പറഞ്ഞു. “കരഞ്ഞതിന്‌ തക്ക ശിക്ഷയായി എന്റെ കണ്ണീരിൽത്തന്നെ ഞാൻ മുങ്ങിമരിക്കും! അത്‌ വളരെ വിചിത്രമായിരിക്കും. അല്ലെങ്കിൽത്തന്നെ ഇന്ന്‌ സർവ്വതും വിചിത്രമാണ്‌.”

അടുത്ത നിമിഷം കുളത്തിൽ അല്‌പമകലെ എന്തോ ഇളകുന്ന ശബ്‌ദം കേട്ടു. എന്താണത്‌ എന്നറിയാനായി അവള അങ്ങോട്ടു നീങ്ങിച്ചെന്നു. ഒരു കടൽക്കുതിരയോ ഹിപ്പോപൊട്ടാമസോ ആണെന്നാണ്‌ ആദ്യം വിചാരിച്ചത്‌. താനിപ്പോൾ എത്ര ചെറുതാണെന്ന്‌ ഓർമ്മിച്ചപ്പോഴേ, തന്നെപ്പോലെതന്നെ നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു എലിയാണതെന്നു മനസ്സിലായുള്ളു.

’ഈ എലിയോടൊന്നു സംസാരിച്ചുനോക്കിയാൽ വല്ല പ്രയോജനവുമുണ്ടാകുമോ?‘ ആലീസ്‌ ചിന്തിച്ചു. ’ഇവിടെ എല്ലാം നേരെ തിരിച്ചാണ്‌. അതുകൊണ്ട്‌ ഇതിനു സംസാരിക്കാൻ കഴിയുമെന്നും വരാം. എന്തായാലും ഒന്നു ശ്രമിച്ചുനോക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല.‘

“അല്ലയോ മൂഷികാ, നിനക്ക്‌ ഈ കുളത്തിൽ നിന്നു പുറത്തേക്കുള്ള വഴിയറിയാമോ? എന്റെ മൂഷിക! നീന്തി നീന്തി എനിക്കു വയ്യാതായി.” (എലിയോട്‌ സംസാരിക്കേണ്ട ഏറ്റവും ഉചിതമായ രീതി ഇതായിരിക്കുമെന്ന്‌ ആലീസ്‌ വിചാരിച്ചത്‌. ഇങ്ങനെയൊരനുഭവം മുമ്പ്‌ ഉണ്ടായിട്ടില്ല. സഹോദരന്റെ ലത്തീൻ വ്യാകരണപുസ്‌തകത്തിൽ കണ്ട പാഠഭാഗം ആലീസിന്റെ ഓർമ്മയിൽ തെളിഞ്ഞു. ’മൂഷികൻ – മുഷികന്റെ മൂഷികന്‌ – ഒരു മൂഷികൻ അല്ലയോ മൂഷികാ!) എന്തു വേണമെന്ന മട്ടിൽ എലി അവളെയൊന്നു നോക്കി. ഒരു കണ്ണടച്ചു കാട്ടുകയും ചെയ്‌തു. പക്ഷേ, ഒന്നും മിണ്ടിയില്ല.

‘ഒരു പക്ഷേ, ഇതിന്‌ ഇംഗ്ലീഷ്‌ അറിയില്ലായിരിക്കാം.’ ആലീസ്‌ ചിന്തിച്ചു. ‘വില്യം ചക്രവർത്തിയൊടൊപ്പം വന്ന ഒരു ഫ്രഞ്ച്‌ എലിയായിരിക്കും ഇതെന്നു തോന്നുന്നു.’ (ചരിത്രസംഭവങ്ങൾ എത്രകാലം മുമ്പ്‌ നടന്നതാണെന്നൊന്നും ആലീസിനറിയില്ലായിരുന്നു). അവൾ പറഞ്ഞു തുടങ്ങി. “ഓവ്‌ യെസ്‌റ്റ്‌ മാ ചാറ്റ്‌?” അവളുടെ ഫ്രഞ്ചുപാഠപുസ്‌തകത്തിലെ ആദ്യവാചകമായിരുന്നു അത്‌. അതു കേട്ടമാത്രയിൽ എലി വെള്ളത്തിൽ നിന്ന്‌ കുതിച്ചു ചാടി. പേടികൊണ്ടു വിറയ്‌ക്കാനും തുടങ്ങി. ‘ഓ, ക്ഷമിക്കണം!“ ആലീസ്‌ തിടുക്കത്തിൽ അപേക്ഷിച്ചു. ആ പാവം ജീവിയെ താൻ പേടിപ്പിച്ചെന്ന്‌ അവൾക്കു മനസ്സിലായി. ”നിനക്ക്‌ പൂച്ചകളെ ഇഷ്‌ടമല്ലെന്ന കാര്യം ഞാൻ മറന്നുപോയി.“

”എനിക്ക്‌ പൂച്ചകളെ വെറുപ്പാണ്‌!“ വിറയ്‌ക്കുന്ന ഭയം നിറഞ്ഞ ശബ്‌ദത്തിൽ എലി പറഞ്ഞു. ”ഒന്ന്‌ ആലോചിച്ചു നോക്കൂ. എന്റേ സ്‌ഥാനത്ത്‌ നീയായിരുന്നെങ്കിൽ നീ പൂച്ചകളെ ഇഷ്‌ടപ്പെടുമായിരുന്നോ?“

”ഇല്ലായിരിക്കാം,“ സ്വാന്ത്വനിപ്പിക്കും മട്ടിൽ ആലീസ്‌ പറഞ്ഞു. ”ദയവായി ദേഷ്യപ്പെടരുത്‌. ഞങ്ങളുടെ പൂച്ച ദിനായെ നിനക്കു കാണിച്ചുതരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാനാശിക്കുകയാണ്‌. അവളെ കണ്ടാൽ പൂച്ചകളോട്‌ ശരിക്കും നിനക്കൊരാകർഷണം തോന്നുമെന്ന്‌ ഉറപ്പാണ്‌. അവൾ ശാന്തയായ ഒരു ഓമനതന്നെ,“ അലസമായി നീന്തുന്നതിനിടെ പകുതി തന്നോടുതന്നെയെന്നപോലെ ആലീസ്‌ തുടർന്നു. ”കുറുകുറുശബ്‌മുണ്ടാക്കിക്കൊണ്ട്‌ അവളങ്ങനെ അടുപ്പിനടുത്ത്‌ ഇരിക്കും, കൈകളിൽ നക്കിക്കൊണ്ടും മുഖം വൃത്തിയാക്കിക്കൊണ്ടും. വീട്ടിൽ വളർത്തേണ്ട ഒരു ഓമനതന്നെ അവൾ അതുപോലെ എലിയെ പിടിക്കാൻ പറ്റിയ- ഓ, ക്ഷമിക്കണേ!“ ആലീസ്‌ വീണ്ടും ക്ഷമ യാചിച്ചു. ഇത്തവണ ഭയംമൂലം എലിയുടെ രോമങ്ങളെല്ലാം എഴുന്നുനിന്നിരുന്നു. ”ഇനി നമ്മൾ അവളെക്കുറിച്ച്‌ സംസാരിക്കുകയേയില്ല.“ ആലീസ്‌ പറഞ്ഞു.

”ഞങ്ങളോ!“ വാലിന്റെ തുമ്പുവരെ വിറപ്പിച്ചുകൊണ്ട്‌ എലി പറഞ്ഞു. ”അങ്ങനെ ഒരു വിഷയത്തെക്കുറിച്ച്‌ ഞാൻ പറയുമത്രേ…..! ഞങ്ങളുടെ കുടുംബക്കാർ എന്നും പൂച്ചകളെ വെറുത്തിട്ടേയുള്ളൂ. കുഴപ്പക്കാരായ, വൃത്തികെട്ട ജന്തുക്കൾ! ഇനിയൊരിക്കലും ആ പേർ എന്നോട്‌ പറഞ്ഞുപോകരുത്‌!“

”ഒരിക്കലുമില്ല,“ വിഷയം മാറ്റാൻ തിടുക്കപ്പെട്ടുകൊണ്ട്‌ ആലീസ്‌ പറഞ്ഞു. ”നിനക്ക്‌-നായ്‌ക്കളെ ഇഷ്‌ഷമാണോ?“ എലി മറുപടിയൊന്നും പറയാതിരുന്നതു കണ്ട്‌ അവൾ ആവേശത്തോടെ തുടർന്നു. ”ഞങ്ങളുടെ വീടിനടുത്ത്‌ ഭംഗിയുള്ള ഒരു നായ്‌ക്കുട്ടിയുണ്ട്‌. അവനെ നിനക്കു കാണിച്ചുതരാൻ കഴിഞ്ഞിരുന്നെങ്കിൽ! തിളങ്ങുന്ന കണ്ണുകളുള്ള ഒരു ചെറിയ ടെറിയർ. ഓ, അതിന്റെ നീണ്ടുചുരുണ്ട രോമങ്ങൾ കാണ്ടേതുതന്നെ, എന്തെങ്കിലും എറിഞ്ഞുകൊടുത്താൽ നിലത്തുവീഴാതെ അവൻ പിടിക്കും. നിലത്തിരുന്ന്‌ ഭക്ഷണത്തിനായി യാചിക്കും. പിന്നെയുമുണ്ട്‌ കുറേ കാര്യങ്ങൾ – അതിൽ പകുതി പോലും ഓർമ്മിക്കാനാവുന്നില്ല – നിനക്കറിയാമോ, ഒരു കർഷകന്റെ നായയാണവൻ. അവനെക്കൊണ്ട്‌ വളരെ ഉപയോഗമുണ്ടെന്നാണ്‌ അയാൾ പറയുന്നത്‌. നൂറു പൗണ്ട്‌ വിലമിതക്കുമത്രേ. എലികളെയെല്ലാം അവൻ കൊന്നൊടുക്കിക്കൊള്ളും. അയ്യോ….!’ ദയനീയ സ്വരത്തിൽ ആലീസ്‌ പറഞ്ഞു. “ഞാൻ വീണ്ടും നിന്നെ പേടിപ്പിച്ചെന്നു തോന്നുന്നു!” എലിയാകട്ടെ, അവളിൽ നിന്ന്‌ കഴിയുന്നിടത്തോളം വേഗത്തിൽ നീന്തിയകലുകയായിരുന്നു. പോകുന്ന പോക്കിൽ കുളത്തിലാകെ പരിഭ്രാന്തിയും വിതച്ചു.

പതിഞ്ഞ സ്വരത്തിൽ ആലീസ്‌ വിളിച്ചുകൊണ്ടേയിരുന്നു. “പ്രിയപ്പെട്ട എലീ! ദയവായി തിരിച്ചു വരൂ! നിനിക്കിഷ്‌ടമില്ലെങ്കിൽ, ഇനി നമുക്ക്‌ പൂച്ചകളെയോ നായക്കളെയൊ കുറിച്ച്‌ സംസാരിക്കേണ്ട.” എലി സാവധാനം അവളുടെയടുത്തേക്ക്‌ നീന്തി തിരിച്ചു വന്നു. അതിന്റെ മുഖം വല്ലാതെ വിളറിയിരുന്നു. (പേടികൊണ്ടാകും, ആലീസ്‌ വിചാരിച്ചു). വിറയ്‌ക്കുന്ന ശബ്‌ദത്തിൽ എലി മന്ത്രിച്ചുഃ “കരയ്‌ക്കെത്തട്ടെ, ഞാനെന്റെ കഥയെല്ലാം പറയാം. അപ്പോൾ മനസ്സിലാകും എന്തുകൊണ്ടാണ്‌ ഞാൻ പൂച്ചകളെയും നായ്‌ക്കളെയും വെറുക്കുന്നതെന്ന്‌.”

കുളം മുഴുവൻ അതിൽവീണ പക്ഷികളാലും മൃഗങ്ങളാലും നിറഞ്ഞിരുന്നതിനാൽ മുന്നോട്ടുനീങ്ങുക പ്രയാസമായിരുന്നുഃ താറാവ്‌, ഡോഡോ, വാഴത്തത്ത, ലോറി, കഴുക്കുഞ്ഞ്‌ തുടങ്ങി കൗതുകം ജനിപ്പിക്കുന്ന നിരവധി ജീവികൾ. ആലിസ്‌ ആ സംഘത്തെ കരയിലേക്കു നയിച്ചു.

Generated from archived content: athbhutha3.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here