‘’ അതവന്റെ കുറ്റം തെളിയിക്കുന്നു , തീര്‍ച്ച ‘’ രാജ്ഞി പറഞ്ഞു.
‘’ വെട്ടു , അവന്റെ-‘’
‘’അത് ഒന്നും തെളിയിക്കുന്നില്ല ‘’ ആലീസ് പറഞ്ഞു. ‘’ എന്താണ് അതില്‍ എഴുതിയിരിക്കുന്നതെന്നു തന്നെ നിങ്ങള്‍ക്കറിയില്ല’‘
‘’ അത് വായിക്കു.’‘ രാജാവ് കല്‍പ്പിച്ചു.
വെളളമുയല്‍ കണ്ണടയെടുത്തു വച്ചു. ‘’ എവിടെ നിന്നാണ് ഞാന്‍ തുടങ്ങേണ്ടത് തിരുമനസ്സേ?’‘
‘’ആരംഭത്തില്‍ നിന്ന് ആരംഭിക്കു’‘ ഗംഭീരഭാവത്തില്‍ രാജാവ് പറഞ്ഞു ‘’ അവസാനിക്കും വരെ തുടരു, എന്നിട്ട് അവസാനിപ്പിക്കു.’‘
കോടതിമുറിയില്‍ നിശബ്ദത പരന്നു. ഘ് അവരെന്നോടു പറഞ്ഞല്ലോ നീയവളെ കണ്ടെന്നും എന്നെക്കുറിച്ചു പറഞ്ഞെന്നും അവളോ നല്‍കീയെനിക്കാദരം പക്ഷെ മൊഴിഞ്ഞു, നീന്താനറിയില്ലെനിക്ക് അവര്‍ക്കവന്‍ കൊടുത്തല്ലോ താന്‍ പോകില്ലെന്നൊരു വാക്ക് ( അതു നേരെന്നു നമുക്കറിയാം) അവളൊന്നു ശാഠ്യം പിടിച്ചാല്‍ എന്തു സംഭവിച്ചീടും നിനക്ക്? ഞാനവള്‍ക്കേകീയൊന്ന് , അവര്‍ രണ്ടും നീയോ നല്‍കീ മൂന്നുമതിലേറെയും അവനില്‍ നിന്നു മടങ്ങി അവനിന്നടുത്തേക്ക് മുമ്പേ അവന്റേതായിരുന്നുന്നേലും
ഈയൊരു കാര്യത്തിലിടപെട്ടീടാന്‍ ഞങ്ങള്‍ക്കവസരമുണ്ടായെന്നാകില്‍ അവരെ മോചിപ്പിക്കാനായവന്‍ നിന്നെ വിശ്വസിച്ചേനേ ഞങ്ങളെപ്പോല്‍
‘’ ഇതുവരെ കേട്ടതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട തെളിവാണത്’‘ രാജാവ് തന്റെ കൈകള്‍ കൂട്ടിത്തിരുമ്മി.
‘’ ഇനി ജൂറി-‘’
‘’ അവരില്‍ ആര്‍ക്കെങ്കിലും അത് വിശദീകരിക്കാന്‍ കഴിയുമെങ്കില്‍ ‘’ ആലീസ് പറഞ്ഞു. ( കഴിഞ്ഞ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വളരെ വളര്‍ന്നു വലുതായതിനാല്‍ രാജാവിനെ തടസ്സപ്പെടുത്താന്‍ അവള്‍ക്ക് ഒട്ടും ഭയം തോന്നിയില്ല) ‘’ അയാള്‍ക്ക് ഞാന്‍ ആറു പെന്‍സ് നല്‍കാം. അതില്‍ സത്യത്തിന്റെ കണികയെങ്കിലുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല ‘’
ജൂറിയംഗങ്ങളെല്ലാം തങ്ങളുടെ സ്ലേറ്റിലെഴുതി ‘ അതില്‍ സത്യത്തിന്റെ കണികയെങ്കിലുമുണ്ടാകുമെന്ന് അവള്‍ വിശ്വസിക്കുന്നില്ല.’ പക്ഷെ കടലാസില്‍ എഴുതിയത് വിശദീകരിക്കാന്‍ ആരും ശ്രമിച്ചില്ല.
‘’ അതിന് അര്‍ത്ഥമൊന്നും ഇല്ലെങ്കില്‍ ‘’ രാാജാവ് പറഞ്ഞു. ‘’ കുറെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു. കാരണം നമുക്കത് കണ്ടെത്തേണ്ടതില്ലല്ലോ’‘ രാജാവ് പദ്യശകലങ്ങളെടുത്ത് ഒരു കണ്ണുകൊണ്ട് നോക്കി തുടര്‍ന്നു ‘’ അങ്ങനെയൊക്കെയാണെങ്കിലും അല്‍പ്പം ചില അര്‍ത്ഥങ്ങളൊക്കെയുണ്ടെന്നു എനിക്കു തോന്നുന്നു” മൊഴിഞ്ഞു നീന്തലറിയില്ലെനിക്ക്’ – നിനക്കു നീന്താന്‍ കഴിയില്ല , കഴിയുമോ?’‘ ഗുലാന്റെ നേരെ തിരിഞ്ഞ് അവന്‍ ചോദിച്ചു.
ഗുലാന്‍ ദു:ഖത്തോടെ തലയാട്ടി ‘’ എനിക്കത് ഇഷ്ടമാണെന്ന് തോന്നുന്നുണ്ടോ?’‘ അവന്‍ ചോദിച്ചു. ( അവനു നീന്താന്‍ കഴിയില്ലെന്നു തീര്‍ച്ചയാണ് , ചീട്ടുകൊണ്ടുള്ളതല്ലേ അവന്റെ ദേഹം!)
‘’ അത്രത്തോളം ശരി തന്നെ ‘’ രാജാവ് പറഞ്ഞു. അതിലെ വരികള്‍ മൂളിക്കൊണ്ട് അവന്‍ തുടര്‍ന്നു ‘’ ഞങ്ങള്‍ക്കറിയാം അതു നേരെന്ന്-‘ അത് ജൂറിയെക്കുറിച്ചാണ് , തീര്‍ച്ച ‘ ഞാനവള്‍ക്കേകീയൊന്ന്, അവര്‍ രണ്ടും-‘ അതെ അതുതന്നെയാണവന്‍ ചെയ്തത്’‘
‘’ പക്ഷെ അവനില്‍ നിന്നു മടങ്ങി അവ നിന്നടുത്തേക്ക് എന്നാണല്ലോ പിന്നീട്’‘ ആലീസ് പറഞ്ഞു.
‘’ അതു തന്നെ സംഗതി!’‘ മേശപ്പുറത്തിരിക്കുന്ന അട ചൂണ്ടി വിജയഭാവത്തില്‍ രാജാവ് പറഞ്ഞു ‘’ ഇതിനേക്കാള്‍ വ്യക്തമായി മറ്റെന്തു വേണം? അവള്‍ക്കീ അപസ്മാര മൂര്‍ച്ഛയുണ്ടാകും മുന്നേ പ്രിയേ , നിനക്ക് അപസ്മാരമുണ്ടായിട്ടില്ലല്ലോ’‘ അവന്‍ രാജ്ഞിയോടു ചോദിച്ചു.
‘’ ഒരിക്കലുമില്ല!’‘ രാജ്ഞിക്കു ദേഷ്യം വന്നു. അവള്‍ ഒരു മഷിക്കുപ്പിയെടുത്ത് പല്ലിയെ എറിഞ്ഞു. ( സ്ലേറ്റില്‍ ഒന്നും തെളിയാത്തതിനാല്‍ പാവം ബില്‍ വിരല്‍ കൊണ്ട് എഴുതുന്നതു നിര്‍ത്തിയിരുന്നു. ഇപ്പോള്‍ മുഖത്തുകൂടി ഇറ്റു വീഴുന്ന മഷിയുപയോഗിച്ചു അവന്‍ ധൃതിയില്‍ വീണ്ടും എഴുതിത്തുടങ്ങി)
‘’ എങ്കില്‍ നിന്നെക്കുറിച്ചാവില്ല ഈ പറഞ്ഞിരിക്കുന്നത്’‘ പുഞ്ചിരിയോടെ കോടതിയിലാകെ കണ്ണോടിച്ച് രാജാവ് പറഞ്ഞു. അന്നേ ദിവസം ഇരുപതാമത്തെ പ്രാവശ്യമാണ് അവന്‍ അതു പറയുന്നത്.
‘’ പാടില്ല, പാടില്ല!’‘ രാജ്ഞി പറഞ്ഞു ‘’ ആദ്യം ശിക്ഷ, പിന്നീടാവാം വിധി’‘
‘’ വിഢിത്തം!’‘ ആലീസ് ഉറക്കെ പറഞ്ഞു.
‘’ ശിക്ഷ ആദ്യമാകാമത്രെ!’‘
‘’ നീ നാവടക്ക്!’‘ രാജ്ഞി കോപം കൊണ്ട് ചുവന്നു.
‘’ ഇല്ല!’‘ ആലീസ് പറഞ്ഞു.
‘’ അവളുടെ തലവെട്ട്!’‘ രാജ്ഞി ഉച്ചത്തില്‍ അലറി. പക്ഷെ ആരും അനങ്ങിയില്ല.
‘’ നിങ്ങളെ ആര് അനുസരിക്കാന്‍!’‘ ആലീസ് പറഞ്ഞു ( അപ്പോഴേക്കും അവള്‍ തന്റെ യഥാര്‍ത്ഥ വലിപ്പത്തിലെത്തിക്കഴിഞ്ഞിരുന്നു) ‘’ നിങ്ങള്‍ ഒരു കൂട് ചീട്ട് മാത്രമാണ്!’‘
ഇതു കേട്ടതോടെ ചീട്ടുകള്‍ മുഴുവന്‍ വായുവിലേക്കുയര്‍ന്ന് അവളുടെ നേരെ പറന്നു ചെന്നു. പേടികൊണ്ടും ദേഷ്യം കൊണ്ടും ആലീസ് നിലവിളിച്ച് അവയെ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു . പെട്ടന്ന് പുഴക്കരയില്‍ ചേച്ചിയുടെ മടിയില്‍, തലവച്ച് കിടക്കുകയാണ് താനെന്ന് അവള്‍ക്കു മനസിലായി. ആലീസിന്റെ മുഖത്തേക്കു പറന്നു വന്ന കരിയിലകള്‍ തൂത്തു മാറ്റുകയായിരുന്നു ചേച്ചി.
‘’ എഴുന്നേല്‍ക്കു ആലീസ്! ‘’ ചേച്ചി അവളെ വിളിച്ചുണര്‍ത്തി ‘’ നീ എന്തൊരുറക്കമായിരുന്നെന്നോ!’‘
‘’ ഓ ഞാനൊരു വിചിത്രമായ സ്വപ്നം കണ്ടു!’‘ ആലീസ് പറഞ്ഞു ( നിങ്ങളിപ്പോള്‍ വായിച്ച ആലീസിന്റെ സാഹസികാനുഭവങ്ങളില്‍ പെട്ട) ഓര്‍മ്മിക്കാന്‍ കഴിഞ്ഞവയെല്ലാം അവള്‍ ചേച്ചിയെ പറഞ്ഞു കേള്‍പ്പിച്ചു. പറഞ്ഞു തീര്‍ന്നപ്പോള്‍ ചേച്ചി അവളെ ഉമ്മ വച്ചിട്ടു പറഞ്ഞു. ‘ പ്രിയമുള്ള ആലീസ് , നിന്റെ സ്വപ്നം വിചിത്രം തന്നെ , തീര്‍ച്ച. ചായ കുടിക്കാന്‍ നേരം വൈകിയില്ലേ , വേഗം ഓടിച്ചെല്ലു ‘ ആലീസ് എഴുന്നേറ്റ് വീട്ടിലേക്കോടി. ഓടുമ്പോഴും ആ മനോഹരമായ സ്വപ്നമായിരുന്നു അവളുടെ മനസുനിറയെ.
ആലീസിന്റെ സഹോദരിയാകട്ടെ , മുഖം കൈകളില്‍ താങ്ങി അസ്തമയ സൂര്യനെ നോക്കിക്കൊണ്ട് ആലീസിനേയും അവളുടെ അത്ഭുതകരമായ ആ സാഹസികാനുഭവങ്ങളെയും കുറിച്ച് ആലോചിച്ച് അവിടെത്തന്നെയിരുന്നു. ആ ഇരിപ്പില്‍ അവളും ഒരു സ്വപ്നം കാണുകയായിരുന്നു.
അത്ഭുത ലോകത്താണെന്ന ഭാവേന കണ്ണുകളടച്ച് അവള്‍ അങ്ങനെയിരുന്നു. കണ്ണുതുറന്നാല്‍ ഇതെല്ലാം മാറിമറിഞ്ഞ് വിരസമായ യാഥാര്‍ത്ഥ്യത്തിലെത്തുമെന്ന് അവള്‍ക്കറിയാം. പുല്ല് കാറ്റില്‍ ഉലയുക മാത്രമാണ്, ഞാങ്ങണകള്‍ ഉലയുമ്പോഴാണ് കുളത്തില്‍ വെള്ളം ഇളകുന്നത്. ചായക്കപ്പുകളുടെ കലമ്പല്‍ ആടുകളുടെ കഴുത്തിലെ മണികളുടെ ഒച്ചക്കും രാജ്ഞിയുടെ അലര്‍ച്ചകള്‍ ഇടയബാലന്റെ ശബ്ദത്തിനും വഴിമാറും. കുട്ടിയുടെ തുമ്മലും ഗ്രിഫോണിന്റെ ആക്രോശവും മറ്റു വിചിത്രമായ ശബ്ദങ്ങളും , കൃഷിത്തോട്ടത്തിലെ കളത്തില്‍ നിന്നുള്ള ബഹളമായി മാറും. കോമാളി ആമയുടെ ദീര്‍ഘമായ തേങ്ങലുകള്‍ക്കു പകരം അകലെ നിന്നും കേള്‍ക്കുന്ന കന്നുകാലികളുടെ മുക്കറയിടല്‍ സ്ഥാനം പിടിക്കും.
ഒടുവില്‍ തന്റെയീ ചെറിയ സഹോദരി മുതിര്‍ന്ന സ്ത്രീയാകുന്നതിനെക്കുറിച്ചും അവള്‍ സങ്കല്‍പ്പങ്ങള്‍ നെയ്തു. വെളര്‍ച്ചയുടെ കാലങ്ങളില്‍ എങ്ങനെയായിരിക്കും അവള്‍ ബാല്യത്തിന്റെ നിര്‍മ്മലവും സ്നേഹാര്‍ദ്രവുമായ ഈ ഹൃദയം കാത്തു സൂക്ഷിക്കുകയെന്നും ചെറിയ കുട്ടികളെയെല്ലാം തന്റെ ചുറ്റുമിരുത്തി വിചിത്രങ്ങളായ കഥകള്‍ പറഞ്ഞ് ഒരു പക്ഷെ അത്ഭുതലോകത്തെക്കുറിച്ചുള്ള കഥ തന്നെ അവരുടെ കണ്ണുകളില്‍ തിളക്കവും ആകാംക്ഷയും ജനിപ്പിക്കുകയെന്നും സ്വന്തം കുട്ടിക്കാലത്തേയും സന്തോഷകരങ്ങളായ വേനല്‍ക്കാല ദിനങ്ങളെയുമോര്‍ത്ത് അവരുടെ ചെറിയ ചെറിയ സങ്കടങ്ങളില്‍ അവളെങ്ങനെ ദു:ഖിതയാകുമെന്നും അവരുടെ കൊച്ചു കൊച്ച് ആഹ്ലാദങ്ങളില്‍ എങ്ങനെ സന്തുഷ്ടയാകുമെന്നും അവള്‍ മനക്കണ്ണുകളാല്‍ കിനാവ് കണ്ടു.
അവസാനിച്ചു.
Generated from archived content: athbhutha26.html Author: lewis_carroll
Click this button or press Ctrl+G to toggle between Malayalam and English