അട മോഷ്ടിച്ചതാര്?(ഭാഗം-2)

അതേ നിമിഷം ആലീസിന് വിചിത്രമായ എന്തോ അനുഭവപ്പെട്ടു. വീണ്ടും വലുതായിത്തുടങ്ങിയിരിക്കുകയാണ് . എഴുന്നേറ്റ് കോടതി വിട്ടുപോയാലോ എന്ന് അവളാദ്യം ആലോചിച്ചു. പിന്നെ തനിക്കുവേണ്ടത്ര ഇടം ഉണ്ടായിരിക്കുവോളം അവിടെത്തന്നെ ഇരിക്കാനുറച്ചു.

‘’ നീയിങ്ങനെ തിക്കിത്തിരക്കല്ലേ’‘ തൊട്ടടുത്തിരുന്ന എലി പറഞ്ഞു ‘’ എനിക്കു ശ്വാസം വിടാന്‍ പോലും പറ്റുന്നില്ല’‘

‘’ എന്തു ചെയ്യാനാ ഞാന്‍ വളരുകയാണ്’‘ ആലീസ് വളരെ വിനയത്തോടെ പറഞ്ഞു.

‘’ ഇവിടെ വച്ചു വളരാന്‍ നിനക്കവകാശമില്ല’‘

‘’ വിഢിത്തം പറയാതിരിക്കു . നീയും വളരുന്നുണ്ടല്ലോ’‘ ധൈര്യസമേതം അവള്‍ പറഞ്ഞു.

‘’ ഉവ്വ് പക്ഷെ ഞാന്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. നിന്നെപ്പോലെ അപഹാസ്യമായ വിധത്തിലല്ല’‘ അവന്‍ ശുണ്ഠിയെടുത്ത് കോടതിയുടെ മറുവശത്തേക്കു നടന്നു.

ഈ നേരമത്രയും തൊപ്പിക്കാരനെത്തന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാജ്ഞി. എലി കോടതിക്കു കുറുകെ കടന്ന നിമിഷം അവള്‍‍ ഓഫീസര്‍മാരിലൊരുവനോടു കല്‍പ്പിച്ചു.’‘ കഴിഞ്ഞ സംഗീത കച്ചേരിയില്‍ പാടിയവരുടെ പട്ടിക കൊണ്ടുവരൂ!’‘ അതോടെ വിറച്ചു വിറച്ച് പാവം തൊപ്പിക്കാരന്റെ കാലിലെ രണ്ടു ഷൂസുകളും ഊരിപ്പോയി.

‘’ തെളിവ് നല്‍കൂ’‘ രാജാവ് ദേഷ്യത്തോടെ ആവര്‍ത്തിച്ചു. ‘’ അല്ലെങ്കില്‍ നീ പേടിച്ചിരിക്കയാണെന്നൊന്നും നോക്കില്ല നിന്റെ തലവെട്ടും’‘

‘’ ഞാനൊരു പാവമാണ് തിരുമനസ്സേ’‘ വിറക്കുന്ന സ്വരത്തില്‍ തൊപ്പിക്കാരന്‍ പറഞ്ഞു ‘’ ഒരാഴ്ച മുമ്പോ, മറ്റോ ആണ് ഞാന്‍ ചായകുടിക്കാന്‍ തുടങ്ങിയിരുന്നില്ല. റൊട്ടിയും വെണ്ണയും വളരെ കുറഞ്ഞു പോയതെന്താണാവോ! – ചായയുടെ തിളക്കം-‘’

‘’ എന്തിന്റെ തിളക്കം?” രാജാവ് ചോദിച്ചു.

‘’ Tea ( ചായ) യിലാണ് അതു തുടങ്ങിയത് ‘’ തൊപ്പിക്കാരന്‍ പറഞ്ഞു.

‘’ അതെയതെ Twinkling ( തിളക്കം) തുടങ്ങുന്നത് T യിലാണ് രാജാവ് ക്രുദ്ധനായി. ‘’ ഞാനൊരു വിഢിയാണെന്നു വിചരിച്ചോ? വേഗം പറഞ്ഞു തീര്‍ക്ക് ‘’

‘’ ഞാനൊരു പാവമാണ്’‘ തൊപ്പിക്കാരന്‍ തുടര്‍ന്നു ‘’ അതിനു ശേഷം മിക്ക വസ്തുക്കളും തിളങ്ങി മാര്‍ച്ച് മുയല്‍ മാത്രം പറഞ്ഞു-‘’

” ഞാനൊന്നും പറഞ്ഞില്ല!’‘ തിടുക്കത്തില്‍ മാര്‍ച്ച് മുയല്‍ ഇടക്കു കയറി പറഞ്ഞു.

‘’ നീ പറഞ്ഞു ‘’തൊപ്പിക്കാരന്‍.

‘’ ഞാനതു നിഷേധിക്കുന്നു’‘ മുയല്‍.

‘’ അവനതു നിഷേധിക്കുന്നു. ആ ഭാഗം വിട്ടേക്കു ‘’ രാജാവ് നിര്‍ദ്ദേശിച്ചു.

‘’ ശരി എന്തൊക്കെയായാലും എലി പറഞ്ഞു” അവനും നിഷേധിക്കുമോയെന്ന് ഉത്കണ്ഠയോടെ ചുറ്റിലും നോക്കി തൊപ്പിക്കാരന്‍ തുടര്‍ന്നു . നല്ല ഉറക്കമായിരുന്നതിനാല്‍ എലി ഒന്നും നിഷേധിച്ചില്ല.

‘’ അതിനു ശേഷം ‘’ തൊപ്പിക്കാരന്‍ തുടര്‍ന്നു ‘’ ഞാന്‍ വെണ്ണ പുരട്ടിയ റൊട്ടി കുറച്ചു കൂടി മുറിച്ചെടുത്തു ’‘ ‘’ എന്താണ് എലി പറഞ്ഞത്?’‘ ഒരു ജൂറിയംഗം ചോദിച്ചു.

‘’ അതെനിക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല’‘ തൊപ്പിക്കാരന്‍ പറഞ്ഞു.

‘’ നീ ഓര്‍മ്മിച്ചേ പറ്റു’‘ രാജാവ് കല്‍പ്പിച്ചു ‘’ അല്ലെങ്കില്‍ ഞാന്‍ നിന്നെ ശിരച്ഛേദം ചെയ്യിക്കും’‘

നിര്‍ഭാഗ്യവാനായ തൊപ്പിക്കാരന്‍ ചായക്കപ്പും റൊട്ടിയും താഴെയിട്ട് മുട്ടുകുത്തി യാചിച്ചു.

‘’ തിരുമനസ്സേ , ഞാനൊരു പാവമാണ്’‘

‘’ സംസാരിക്കുന്ന കാര്യത്തിലും നീ അങ്ങനെത്തന്നെ’‘ ഇതിനിടെ ഒരു ഗിനിപ്പന്നി ആര്‍ത്തു വിളിച്ചു ശബ്ദമുണ്ടാക്കി. ഉടന്‍ തന്നെ കോടതിയിലെ ഓഫീസര്‍മാര്‍ ആ ശബ്ദം അടിച്ചമര്‍ത്തി( അതെങ്ങനെയാണെന്ന് ഞാന്‍ വിശദീകരിക്കാം. വായ് ഭാഗത്ത് കെട്ടാനുള്ള ചരടോടു കൂടിയ ഒരു ക്യാന്‍വാസ് സഞ്ചിയുണ്ടായിരുന്നു അവരുടെ കയ്യില്‍. അവര്‍ ഗിനിപ്പന്നിയെ സഞ്ചിയിലേക്കു കടത്തി അതിന്റെ മേല്‍ കേറിയിരുന്നു)

‘’ ഇതു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’‘ ആലീസ് വിചാരിച്ചു. ‘ വിചാരണകളുടെ ഒടുവില്‍ ആഹ്ലാദാരവങ്ങള്‍ ഉണ്ടാവാറുണ്ടെന്നും പതിവായി പത്രങ്ങളില്‍ വായിക്കാറുണ്ട് ഇതിങ്ങനെയാണെന്ന് അറിയില്ലായിരുന്നു’

‘’ അതിനെക്കുറിച്ച് ഇത്രെയുമേ അറിയുകയുള്ളുവെങ്കില്‍ നീ താഴെയിറങ്ങി നില്‍ക്ക്’‘ രാജാവ് പറഞ്ഞു.

‘’ ഇതിനേക്കാള്‍ താഴ്ന്നു നില്‍ക്കാനാവില്ല. ഇപ്പോല്‍ത്തന്നെ തറയിലാണ് ഞാന്‍ നില്‍ക്കുന്നത്’‘

‘’ എങ്കില്‍ നിനക്ക് ഇരിക്കാം’‘

ഇപ്രാവശ്യം അടുത്ത ഗിനിപ്പന്നി ആര്‍ത്തു വിളിച്ചു. ഉടന്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു.

‘’ കൊള്ളാം ഗിനിപ്പന്നികളുടെ കഥ കഴിഞ്ഞു ‘ ആലീസ് വിചാരിച്ചു.

‘ ഇനി കാര്യങ്ങള്‍ കുറെ ഭേദമായിരിക്കും’

‘’എനിക്ക് ചായ കുടിച്ചു തീര്‍ക്കണമായിരുന്നു’‘ ഗായകരുടെ പട്ടിക വായിക്കുന്ന രാജ്ഞിയെ ഉത്കണ്ഠയോടെ നോക്കിക്കൊണ്ട് തൊപ്പിക്കാരന്‍ പറഞ്ഞു.

‘’ നിനക്ക് പോകാം’‘ രാജാവ് പറഞ്ഞു ഷൂ ധരിക്കാന്‍ പോലും നില്‍ക്കാതെ തൊപ്പിക്കാരന്‍ ധൃതിയില്‍ കോടതി വിട്ടു.

‘’ അവന്റെ തല കളഞ്ഞേക്കു‘’ രാജ്ഞി ഓഫീസര്‍മാരിലൊരാളോടു പറഞ്ഞു. പക്ഷെ അയാള്‍ വാതില്‍ക്കലെത്തുമ്പോഴേക്കും അവന്‍ കാഴ്ചയില്‍ നിന്നു മറഞ്ഞു കഴിഞ്ഞിരുന്നു.

‘’ അടുത്ത സാക്ഷിയെ വിളിക്ക്!’‘ രാജാവ് കല്‍പ്പിച്ചു.

പ്രഭ്വിയുടെ പാചകക്കാരിയായിരുന്നു അടുത്ത സാക്ഷി. കുരുമുളക് ചെപ്പു കയ്യിലെടുത്താണ് അവള്‍‍ കോടതിയില്‍ വന്നത്. പാചകക്കാരി കടന്നുവരും മുമ്പു തന്നെ വരുന്നതാരാണെന്ന് ആലീസ് ഊഹിച്ചു. കാരണം വാതിലിനടുത്തുള്ളവരെല്ലാം പൊടുന്നനെ തുമ്മാന്‍ തുടങ്ങിയിരുന്നു.

‘’ നീ തെളിവ് നല്‍കൂ’‘രാജാവ് പറഞ്ഞു.

‘’ ഇല്ല’‘ പാചകക്കാരി.

രാജാവ് ഉത്കണ്ഠയോടെ വെള്ളമുയലിനെ നോക്കി ‘’ തിരുമനസ്സ് ഈ സാക്ഷിയെ വിസ്തരിക്കണം ‘’ അത് ശബ്ദം താഴ്ത്തി പറഞ്ഞു.

‘’ ശരി , നിര്‍ബന്ധമാണെങ്കില്‍ ചെയ്യാം’‘ കുണ്ഠിതത്തോടെ രാജാവ് സമ്മതിച്ചു. കൈകള്‍ കെട്ടി നെറ്റി ചുളിച്ച് അവന്‍ പാചക്കാരിയുടെ നേരെ നോക്കി ഗൗരവത്തില്‍ ചോദിച്ചു ‘’ എന്തുകൊണ്ടാണ് അട ഉണ്ടാക്കിയത്?’‘

‘’ കുരുമുളകാണ് കൂടുതലും ഉപയോഗിച്ചത്’‘

‘’ ചക്കരപ്പാനി’‘ ഉറക്കച്ചടവുള്ള ഒരു ശബ്ദം ഉയര്‍ന്നു.

‘’ ആ എലിയുടെ കഴുത്തില്‍ പിടിക്കു! ‘’ രാജ്ഞി അലറി ‘’ അതിന്റെ തലവെട്ട് ! അതിന്റെ കോടതിയില്‍ നിന്ന് പുറത്താക്ക്! അടിച്ചൊതുക്ക്! പിച്ചിക്കീറ് ! അതിന്റെ മീശ കളയ്!’‘

കുറച്ചു നേരത്തേക്ക് കോടതി നടപടികളെല്ലാം തകിടം മറിഞ്ഞു. ഒടുവില്‍ എലിയെ പുറത്താക്കി എല്ലാവരും ഇരുപ്പുറപ്പിച്ചപ്പോഴേക്കും പാചകക്കാരി അപ്രത്യക്ഷയായിരുന്നു.

‘’ സാര‍മില്ല!’‘ ആശ്വാസത്തോടെ രാജാവ് പറഞ്ഞു. ‘’ അടുത്ത സാക്ഷിയെ വിളിക്ക്’‘ എന്നിട്ടു പതിഞ്ഞ ശബ്ദത്തില്‍ രാജ്ഞിയോടു പറഞ്ഞു ‘’ പ്രിയേ അടുത്ത സാക്ഷിയെ നീ തന്നെ വിസ്തരിക്കണം വല്ലാത്ത തലവേദന’‘

വെള്ളമുയല്‍ അടുത്ത സാക്ഷിയുടെ പേര്‍ പട്ടികയില്‍ തിരയുന്നത് ആലീസ് കൗതുകത്തോടെ നോക്കി നിന്നു. ആരായിരിക്കും അടുത്ത സാക്ഷി? ഇതുവരെ അവര്‍ക്ക് വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ലല്ലോ’ അവള്‍ വിചാരിച്ചു. മുയല്‍ ചിലമ്പിച്ച ചെറിയ ശബ്ദത്തിന്റെ ഉച്ചസ്ഥായിയില്‍ അവളെ അമ്പരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു : ‘ ആലീസ്!’

Generated from archived content: athbhutha24.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here