ഗ്രാഫോണും ആലീസും എത്തിയപ്പള്‍ ,ആഢ്യന്‍ രാജാവും രാജ്ഞിയും സിംഹാസനത്തില്‍ ഉപവിഷ്ടരായിരുന്നു. ചെറിയ പക്ഷികളും മൃഗങ്ങളും ഒരു പെട്ടി ചീട്ടിലെ മുഴുവന്‍ കാര്‍ഡുകളും അടങ്ങിയ വലിയൊരു സംഘം ചുറ്റും കൂടി നിന്നിരുന്നു. ചീട്ടിലെ ഗുലാന്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് മുന്നില്‍ നിന്നിരുന്നു. രണ്ടു പടയാളികളുടെ നടുക്കാണവര്‍. വെള്ളമുയല്‍ ഒരു കയ്യില്‍ കാഹളവും മറുകയ്യില്‍ ഒരു ചുരുള്‍ തോല്‍ക്കടലാസും പിടിച്ച് രാജാവിനു സമീപത്തു നില്‍പ്പുണ്ട്. രാജസദസിന്റെ മദ്ധ്യത്തില്‍ ഉള്ള മേശയില്‍ കുറെയധികം അട വച്ചിരുന്നു. കാഴ്ചയില്‍ തന്നെ അതു വളരെ നന്നായി തോന്നി. അട കണ്ടതോടെ ആലീസിന് നല്ല വിശപ്പും തോന്നി. ‘’ വിചാരണ വേഗം തീര്‍ത്ത് അവര്‍ അട വിതരണം ചെയ്തെങ്കില്‍ ‘’ ആലീസ് വിചാരിച്ചു. അതിനു സാദ്ധ്യതയില്ലെന്ന് തോന്നിയതിനാല്‍ നേരം കളയാനായി അവള്‍ ചുറ്റുപാടുമുള്ളവരെ ശ്രദ്ധിക്കാന്‍ തുടങ്ങി.
മുന്‍പൊരിക്കലും കോടതിയില്‍ പോയിട്ടില്ലെങ്കിലും അതിനെക്കുറിച്ച് പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ടായിരുന്നു. അവിടെ കണ്ട ഓരോന്നിന്റെയും പേര്‍ അറിയാമെന്നുള്ളതില്‍ അവള്‍ സന്തോഷിച്ചു. ‘’ അതാണ് ജഡ്ജി’‘ അവള്‍ തന്നത്താന്‍ പറഞ്ഞു. ‘ കാരണം അയാള്‍ വിഗ്ഗ് വച്ചിട്ടുണ്ട്’ രാജാവായിരുന്നു ജഡ്ജിയുടെ സ്ഥാനത്ത്. വിഗ്ഗിന്റെ മുകളിലാണ് കിരീടം വച്ചിരിക്കുന്നത് എന്നതിനാല്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു.
‘ ജൂറിമാര്‍ക്ക് ഇരിക്കാനുള്ള ഇടമാണത്’ ആലീസ് ചിന്തിച്ചു. ‘ ആ പന്ത്രണ്ടു ജീവികള്‍ ‘ ( ജീവികളെന്നാണ് അവള്‍ അവരെ വിശേഷിപ്പിച്ചത്. കാരണം അവയില്‍ ചിലത് മൃഗങ്ങളും മറ്റു ചിലത് പക്ഷികളുമായിരുന്നു ) ‘ ജൂറിമാര്‍ എന്ന വാക്ക് രണ്ടോ മൂന്നോ തവണ അവള്‍ അഭിമാനപൂര്‍വം ആവര്‍ത്തിച്ചു . തന്റെ പ്രായത്തിലുള്ള വളരെക്കുറച്ചു പെണ്‍കുട്ടികള്‍ക്കേ അതിന്റെ അര്‍ത്ഥം തന്നെ മനസിലാകുകയുള്ളുവല്ലോ.
പന്ത്രണ്ടു ജൂറിമാരും ധൃതിയില്‍ സ്ലേറ്റിലെന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. ‘’ ഇവരെന്താ ചെയ്യുന്നത്? വിചാരണ തുടങ്ങും മുമ്പേ ഒന്നും എഴുതാനില്ലല്ലോ’‘ ആലീസ് ഗ്രിഫോണിനോടു മന്ത്രിച്ചു.
‘’ അവര്‍ തങ്ങളുടെ പേരുകള്‍ എഴുതുകയാണ്. വിചാരണ തീരും മുമ്പേ അതെല്ലാം മറന്നാലോ എന്നു ഭയന്ന്’‘ ഗ്രിഫോണ്‍ പറഞ്ഞു.
‘’ വിഢികള്‍ !’‘ ധിക്കാരസ്വരത്തില്‍ ഉറക്കെ ആലീസ് പറഞ്ഞു തുടങ്ങി. ’‘ കോടതിയില്‍ നിശബ്ദത പാലിക്കണം” എന്നു വെള്ളമുയല്‍ വിളിച്ചു പറയുകയും , രാജാവ് കണ്ണടയെടുത്ത് മൂക്കത്തുവച്ച് ആരാണ് സംസാരിക്കുന്നതെന്നറിയാന്‍ ചുറ്റുപാടും നോക്കുകയും ചെയ്തതോടെ അവള്‍ സംസാരം നിര്‍ത്തി.
ഒന്ന് എത്തി നോക്കിയപ്പോള്‍ എന്താണ് ജൂറിമാര്‍ എഴുതിയതെന്ന് ആലീസിന് കാണാന്‍ കഴിഞ്ഞു ‘’ വിഢികള്‍!’‘ അതിലൊരാള്‍ക്ക് വിഢികളെന്ന വാക്ക് എഴുതാനറിയാത്തതിനാല്‍ അടുത്തിരിക്കുന്ന ആളോട് ചേദിക്കേണ്ടിയും വന്നു ‘’ വിചാരണ കഴിയും മുമ്പേ അവരുടെ സ്ലേറ്റുകള്‍ നിറയും’‘ അവള്‍ വിചാരിച്ചു.
കിറു കിറു ശബ്ദമുണ്ടാക്കുന്ന പെന്‍സിലായിരുന്നു ജൂറിമാരിലൊരുവന്റെ കയ്യില്‍. ഇത്തവണ ആലീസിനങ്ങനെ ക്ഷമിക്കാനായില്ല. കോടതിക്കു ചുറ്റും നടന്ന് അവള്‍ അവന്റെ പിന്നിലെത്തി തക്കം പാര്‍ത്തു നിന്നു. വേഗം തന്നെ പെന്‍സില്‍ കൈക്കലാക്കുകയും ചെയ്തു. വളരെ വേഗത്തിലാണ് അവള്‍ പെന്‍സില്‍ തട്ടിയെടുത്തത്. പാവം ജൂറിക്ക് ( ബില്ല് പല്ലിയായിരുന്നു അത്) എന്താണ് സംഭവിച്ചതെന്ന് തന്നെ മനസിലായില്ല. കുറച്ചുനേരം തിരഞ്ഞിട്ട് അവന്‍ വിരല്‍കൊണ്ടു തന്നെ എഴുതാന്‍ നിന്‍ബന്ധിതനായി. എന്നാല്‍ സ്ലേറ്റില്‍ ഒന്നും തെളിഞ്ഞില്ല.
‘’ ഹൊറാള്‍ഡ്, കുറ്റപത്രം വായിക്കു!’‘ രാജാവ് കല്‍പ്പിച്ചു.
ഉടനെ വെള്ളമുയല്‍ മൂന്നുവട്ടം കാഹളം മുഴക്കി. എന്നിട്ട് കടലാസുചുരുള്‍ നിവര്‍ത്തി വായിച്ചു.
‘’ അടകളുണ്ടാക്കി ഹൃദയങ്ങളുടെ റാണി ഒരു വേനല്‍ ദിനത്തില്‍ മോഷ്ടിച്ചു ഗുലാന്‍ കടന്നുകളഞ്ഞവന്‍ അടയുമായ്!’‘
‘’ വിധി പ്രസ്താവിക്കു,’‘ രാജാവ് ജൂറിമാരോട് പറഞ്ഞു.
‘’ വരട്ടെ വരട്ടെ!’‘ മുയല്‍ തിടുക്കത്തില്‍ ഇടക്കു കേറി പറഞ്ഞു. ‘’ അതിനു മുമ്പ് നിരവധി കാര്യങ്ങള്‍ തീര്‍ക്കാനുണ്ട്’‘
‘’ഒന്നാമത്തെ സാക്ഷിയെ വിളിക്കു’‘ രാജാവ് പറഞ്ഞു. വെള്ളമുയല്‍ മൂന്നു തവണ കാഹളം മുഴക്കിയിട്ട് വിളിച്ചു പറഞ്ഞു.’‘ ഒന്നാം സാക്ഷി’‘
തൊപ്പിക്കാരനായിരുന്നു ഒന്നാം സാക്ഷി. ഒരു കയ്യില്‍ ചായക്കപ്പും മറുകയ്യില്‍ വെണ്ണ പുരട്ടിയ റൊട്ടിയുമായാണ് അവന്‍ വന്നത്. ‘’ ഇതെല്ലാം കൊണ്ടുവന്നതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു തിരുമനസേ!’‘ അവന്‍ പറഞ്ഞു. ‘’ ദൂതന്‍ വന്നപ്പോള്‍ ഞാന്‍ ചായ കുടിച്ചു കഴിഞ്ഞിരുന്നില്ല ‘’
‘’ നീയത് കഴിച്ചു തീര്‍ക്കേണ്ടതായിരുന്നു’‘’ രാജാവ് പറഞ്ഞു.
‘’ എപ്പോഴാണ് നീ ചായ കുടിച്ചു തുടങ്ങിയത്?’‘
തൊപ്പിക്കാരന്‍ എലിയുടെ കൈകോര്‍ത്തുപിടിച്ച് തന്നോടൊപ്പം കോടതിയിലേക്കു വന്ന മാര്‍ച്ച് മുയലിനെ നോക്കി. അവന്റെ കൈകോര്‍ത്ത് എലിയും സ്ഥലത്തെത്തിയിരുന്നു. ‘’ മാര്‍ച്ച് പതിനാലിനാണെന്നു തോന്നുന്നൂ’‘
‘’ പതിനഞ്ച്’‘ മാര്‍ച്ച് മുയല്‍ പറഞ്ഞു.
‘’ പതിനാറിന്’‘ എലി പറഞ്ഞു.
‘’ അത് രേഖപ്പെടുത്തു’‘ രാജാവ് പറഞ്ഞു. ജൂറിമാര്‍ മൂന്നു തീയതികളും വേഗം തന്നെ സ്ലേറ്റില്‍ കുറിച്ചു. അവ കൂട്ടി ഉത്തരം ഷില്ലിംഗിലും പെന്‍സിലും കണക്കാക്കി.
‘’ നിന്റെ തൊപ്പി എടുത്തു മാറ്റു ‘’ രാജാവ് തൊപ്പിക്കാരനോട് പറഞ്ഞു.
‘’ അത് എന്റേതല്ല ‘’ തൊപ്പിക്കാരന്‍ പറഞ്ഞു.
‘’ എങ്കില്‍ മോഷ്ടിച്ചതായിരിക്കും ‘’ രാജാവ് ആശ്ചര്യത്തോടെ ജൂറിമാരുടെ നേരെ തിരിഞ്ഞു. അവര്‍ ഉടനെ അതിനെകുറിച്ച് ഒരു പ്രസ്താവന തയ്യാറാക്കി.
‘’ അവ വില്‍ക്കാനുള്ളതാണ്. ഒന്നും എന്റെ സ്വന്തമല്ല ഞാനൊരു തൊപ്പിക്കാരനാണ്’‘ അവന്‍ വിശദീകരിച്ചു. രാജ്ഞിയും കണ്ണടയെടുത്തു വച്ച് തൊപ്പിക്കാരനെ തറപ്പിച്ചു നോക്കി. അവന്‍ വിളറി വിറച്ചു തുടങ്ങി.
‘’ തെളിവ് നല്‍കു ‘’ രാജാവ് നിര്‍ദ്ദേശിച്ചു. ‘’ നിന്നു വിറയ്ക്കേണ്ട അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ നിന്റെ തല വെട്ടും’‘
സാക്ഷിക്ക് ഇത് ഒട്ടും പ്രോത്സാഹനജനകമായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലല്ലോ. അസ്വസ്ഥതയോടെ രാഞിയെത്തന്നെ നോക്കിക്കൊണ്ട് അവന്‍ ഇളകിയാടാന്‍ തുടങ്ങി. ഒരു കാലുറപ്പിച്ചു നില്‍ക്കും , പിന്നെ മറ്റേകാല്‍… അങ്ങനെ , പരിഭ്രമത്തിനിടെ റൊട്ടിക്കു പകരം ചായക്കപ്പിന്റെ ഒരു കഷണവും കടിച്ചെടുത്തു.
Generated from archived content: athbhutha23.html Author: lewis_carroll