‘’അതുകൊണ്ടാണ് ബൂട്ടുകളും ഷൂസുകളും ഉണ്ടാക്കുന്നത്’‘
ആലീസ് ശരിക്കും അമ്പരന്നു പോയി ‘’ ബൂട്ടുകളും ഷൂസുകളും ഉണ്ടാക്കുന്നു’‘ അത്ഭുതത്തോടെ അവള്‍ ആവര്‍ത്തിച്ചു.
‘’ എന്താണ് സംശയം ? നിന്റെ ഷൂസുകള്‍ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ? അതായത്, എന്താണ് അവയെ ഇത്ര തിളക്കമുള്ളതാക്കുന്നത്?’‘
ആലീസ് മറുപടി പറയും മുമ്പ് അല്‍പ്പനേരം തന്റെ ഷൂസുകളിലേക്കു സൂക്ഷിച്ചു നോക്കി ‘’ കറുപ്പിച്ചിട്ടുള്ളതുകൊണ്ടാണ് അവ തിളങ്ങുന്നതെന്നു തോന്നുന്നു’‘
‘’ കടലിനടിയില്‍ ബൂട്ടുകളും ഷൂസുകളും മത്തികളെക്കൊണ്ടാണ് ഉണ്ടാക്കുന്നത്’‘
‘’എന്തു വസ്തുകൊണ്ടാണ് അവ നിര്‍മ്മിക്കുന്നത്? ‘’അതിയായ കൗതുകത്തോടെ ആലീസ് ചോദിച്ചു.
‘’ സോളുകളും ആരലുകളും കൊണ്ടാണ്’‘ അക്ഷമനായി ഗ്രിഫോണ്‍ പറഞ്ഞു: ‘’ ഏതു ചെമ്മീനും നിനക്കത് പറഞ്ഞു തരും’‘
ആലീസിന്റെ മനസ്സ് ഇപ്പോഴും ആ പാട്ടില്‍ തന്നെയായിരുന്നു.
”മത്തിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍’‘ അവള്‍ പറഞ്ഞു.
”പോര്‍പ്പോയിസിനോടു പറഞ്ഞേനെ ‘ മാറിപ്പോകൂ, നീ ഞങ്ങളോടൊപ്പം വരണ്ട’ എന്ന്’‘ . ‘’ അവനെ കൂടെ കൊണ്ടുപോകാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ് പോര്‍പ്പോയിസിനെക്കൂടാതെ ബുദ്ധിയുള്ള മത്സ്യങ്ങ ളൊന്നും എവിടേക്കും പോകില്ല’‘
‘’ ശരിക്കും അങ്ങനെതന്നെയാണോ?’‘ ആലീസ് അത്ഭുതപ്പെട്ടു.
‘’ തീര്‍ച്ചയായും അല്ല’‘ കോമാളി ആമ പറഞ്ഞു. ‘’ ഒരു മത്സ്യം എന്റെ അടുത്തുവന്ന് താന്‍ ഒരുയാത്ര പോവുകയാണെന്ന് പറഞ്ഞുവെന്നിരിക്കട്ടെ ഞാനവനോട് ചോദിക്കും , എന്തു ലക്ഷ്യത്തോടെ?’
‘’ പര്‍പ്പസ് എന്നല്ലേ നീ അര്‍ത്ഥമാക്കുന്നത്?’‘
‘’ ഞാന്‍ പറഞ്ഞതു തന്നെയാണ് ഞാന്‍ അര്‍ത്ഥമാക്കുന്നതും.’‘
പ്രകോപിതനായതുപോലെ ആമ പറഞ്ഞു. ഉടനെ ഗ്രിഫോണ്‍ അവളോടാവശ്യപ്പെട്ടു ‘’ ആട്ടെ ഇനി ഞങ്ങള്‍ നിന്റെ സാഹസിക കൃത്യങ്ങളേക്കുറിച്ചു കേള്‍ക്കട്ടെ’‘
‘’ എന്റെ സാഹസികാനുഭവങ്ങള്‍ പറയാം. ഇന്നു രാവിലെ മുതലാണ് അതെല്ലാം തുടങ്ങിയത് ‘’ അല്‍പ്പം സങ്കോചത്തോടെ ആലീസ് പറഞ്ഞു. ‘’ ഇന്നലെ മുതലുള്ള കാര്യങ്ങളുടെ ആവശ്യമില്ല. അപ്പോള്‍ ഞാന്‍ വേറൊരു വ്യക്തിയായിരുന്നു ‘’
‘’ അതെല്ലാം വിശദമായി പറയു‘’ കോമാളി ആമ പറഞ്ഞു.
‘’ വേണ്ട, വേണ്ട! സാഹസികാനുഭവങ്ങള്‍ ആദ്യം’‘ ഗ്രിഫോണ്‍ അക്ഷമനായി. ‘’ വിശദീകരണങ്ങളൊക്കെ ഏറെ സമയമെടുക്കും ‘’
അങ്ങനെ താന്‍ വെള്ള മുയലിനെ കണ്ടതു മുതല്‍ക്കുള്ള സാഹസികാനുഭവങ്ങള്‍ ആലീസ് അവരോടു പറഞ്ഞു തുടങ്ങി. രണ്ടു ജീവികളും ഇരുവശത്തും , കണ്ണുകള്‍ വിടര്‍ത്തിയും വായ തുറന്നും അവളോടു ചേര്‍ന്നിരുന്നു. തുടക്കത്തില്‍ അവളല്‍പ്പം പതറിയെങ്കിലും കഥ തുടരവേ ധൈര്യം വീണ്ടെടുത്തു. ചിത്രശലഭപ്പുഴുവിനോട് ‘ നിങ്ങള്‍ക്കു വയസ്സായി , ഫാദര്‍ വില്യം’ എന്നു പറയുന്ന ഭാഗം ആവര്‍ത്തിക്കും വരെ ശ്രോതാക്കള്‍ തീര്‍ത്തും നിശബ്ദരായിരുന്നു. പക്ഷെ ഇവിടെ വാക്കുകള്‍ തെറ്റിപ്പോയി. കോമാളി ആമ ഒരു ദീര്‍ഘനിശ്വാസം വിട്ട് പറഞ്ഞു ‘’ അത് വളരെ വിചിത്രമായിരിക്കുന്നു!’‘
‘’ വിചിത്രമാകുന്നിടത്തോളം വിചിത്രം തന്നെ അതെല്ലാം!’‘ ഗ്രിഫോണും പറഞ്ഞു.
‘’അതെല്ലാം മാറിപ്പോയിരിക്കുന്നു!’‘ കോമാളി ആമ ചിന്താധീനനായി ആവര്‍ത്തിച്ചു. ‘’ ഇപ്പോള്‍ അവള്‍ മറ്റെന്തെങ്കിലും പറയട്ടെ തുടങ്ങാന്‍ പറയൂ ‘’ ഗ്രിഫോണിന് ആലീസിന്റെ മേല്‍ എന്തോ അധികാരമുണ്ടെന്ന ഭാവത്തില്‍ അവന്‍ അതിനെ നോക്കി.
‘’ എഴുന്നേറ്റ് നിന്ന് ‘ മടിയന്റെ ശബ്ദമാണല്ലോയിത്’ പാടു’‘
‘ഹോ , ഈ ജീവികളുടെ ആജ്ഞാപിക്കലും പാഠങ്ങള്‍ ചൊല്ലിക്കലും !’ ആലീസ് വിചാരിച്ചു. പൊടുന്നനെ സ്കൂളില്‍ ചെന്നു പെട്ടപോലെ. എങ്കിലും അവള്‍ അനുസരിച്ചു. മനസ്സില്‍ നിറയെ കൊഞ്ചുകളുടെ നൃത്തമായിരുന്നതിനാല്‍ പാട്ട് ശരിക്കും വിചിത്രമായി.
‘’ ഞാനൊരു കുട്ടിയായിരിക്കുമ്പോള്‍ പാടിയിരുന്നതില്‍ നിന്ന് പാടേ മാറിയീക്കുന്നു ‘’ ഗ്രിഫോണ്‍ പറഞ്ഞു.
‘’ അതെ , ഞാനിത് മുമ്പെങ്ങും കേട്ടിട്ടേയില്ല’‘ കോമാളി ആമ പറഞ്ഞു.
” വെറും വിവരക്കേട്”
ആലീസ് ഒന്നും പറഞ്ഞില്ല. ഇനിയെങ്കിലും സ്വാഭാവികരീതിയില്‍ എന്തെങ്കിലും സംഭവിക്കാനിടയുണ്ടോ എന്ന് ചിന്തിച്ച് മുഖം പൊത്തി അവള്‍ താഴെയിരുന്നു.
‘’ എനിക്കത് വിശദമായി കേട്ടാല്‍ കൊള്ളാമന്നുണ്ട്’‘ കോമാളി ആമ പറഞ്ഞു.
‘’ അവള്‍ക്കത് വിശദീകരിക്കാന്‍ കഴിയില്ല’‘ ഗ്രിഫോണ്‍ തിരക്കു കൂട്ടി. ‘’ അടുത്ത വരി പാടൂ’‘
‘’ പക്ഷെ അവന്റെ കാല്‍വിരലുകളോ? ‘’ ആമ ശാഠ്യം പിടിച്ചു.
‘’ അവനത് എങ്ങനെ തന്റെ മൂക്കുകൊണ്ട് തിരിക്കാന്‍ കഴിഞ്ഞു?
‘’ നൃത്തത്തിലെ ആദ്യഘട്ടമാണത്’‘ ആലീസ് പറഞ്ഞു. വാസ്തവത്തില്‍ അവള്‍ ആകെ അമ്പരന്നുപോയിരുന്നു. വിഷയം മാറ്റാനായിരുന്നു അവളുടെ ശ്രമം.
‘’ അടുത്ത വരി തുടങ്ങ്’‘ ഗ്രിഫോണ്‍ ആവര്‍ത്തിച്ചു. ‘’ അതിന്റെ തുടക്കം ‘ ഞാന്‍ കടന്നു പോയി അവനുടെ പൂന്തോട്ടത്തില്‍ ചാരെ’‘
അതെല്ലാം ആകെ തെറ്റിപ്പോകുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അനുസരിക്കാതിരിക്കാന്‍ ആലീസിനു ധൈര്യം വന്നില്ല. വിറക്കുന്ന സ്വരത്തില്‍ പാടി.
ഇതൊന്നും വിശദീകരിക്കാന്‍ ഭാവമില്ലെങ്കില്‍ ഇങ്ങനെ ആവര്‍ത്തിച്ചിട്ടെന്താ പ്രയോജനം ?’‘ ആമ തടസ്സപ്പെടുത്തി. ‘’ ഞാന്‍ കേട്ടതില്‍ വച്ചേറ്റവും ആശയകുഴപ്പമുണ്ടാക്കുന്ന ഗാനം’‘
‘’ എങ്കില്‍ നീ സ്ഥലം വിടുന്നതാണ് നല്ലത് ‘’ ഗ്രിഫോണ്‍ പറഞ്ഞു. ആലീസിനാകട്ടെ അക്കാര്യത്തില്‍ സന്തോഷമേയുണ്ടായിരുന്നുള്ളു.
‘’ കൊഞ്ചുകളുടെ സംഘനൃത്തം നമുക്ക് ഒന്നു കൂടി ചെയ്തു നോക്കിയാലോ?’‘ ഗ്രിഫോണ്‍ തുടര്‍ന്നു ‘’ അതോ ആമ വേറൊരു ഗാനം പാടുന്നത് കേള്‍ക്കണോ?’‘
‘’ തീര്‍ച്ചയായും പാടാന്‍ ആമ സന്മനസു കാണിക്കുമെങ്കില്‍ സന്തോഷമേയുള്ളു’‘ ആലീസിന്റെ തിടുക്കം കണ്ട് ഗ്രിഫോണ്‍ വ്രണിത സ്വരത്തില്‍ പറഞ്ഞു. ‘’ ഹും! അഭിരുചികളൊന്നു കണക്കിലെടുക്കുന്നില്ല! നീ ഇവള്‍ക്കായി ‘ ആമ സൂപ്പ്’ പാടുമോ?’‘
ദീര്‍ഘമായി ഒന്നു നെടുവീര്‍പ്പിട്ട് തേങ്ങലുകള്‍കൊണ്ട് ഇടക്കിടെ നിര്‍ത്തി നിര്‍ത്തി അവന്‍ പാടി.
‘’കോറസ് വീണ്ടും‘’ ഗ്രിഫോണ്‍ വിളിച്ചു പറഞ്ഞു. കോമാളി ആമ അത് ആവര്‍ത്തിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അകലെ നിന്ന് ‘ വിചാരണ ആരംഭിക്കുകയാണ്’ എന്ന അറിയിപ്പ് മുഴങ്ങിക്കേട്ടത്.
‘’ വേഗം വരൂ ‘’ ഗ്രിഫോണ്‍ പറഞ്ഞു . ഗാനം അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ ആലീസിന്റെ കയ്യും പിടിച്ച് ഗ്രിഫോണ്‍ ഓടി.
‘’ എന്ത് വിചാരണയാണത്?’‘ ഓട്ടത്തിനിടെ കിതച്ചുകൊണ്ട് ആലീസ് തിരക്കി. ‘’ വേഗം വരൂ’‘ എന്നു മാത്രമായിരുന്നു ഗ്രിഫോണിന്റെ മറുപടി. അവന്‍ ഓട്ടത്തിന് വേഗം കൂട്ടി. അവര്‍ അകലും തോറും ആ വിഷാദസ്വരം കാറ്റില്‍ മങ്ങി മങ്ങി കേള്‍ക്കാമായിരുന്നു : ‘’ സൂപ്പ്, സന്ധ്യ നേരത്തൊന്നു മോന്താന്‍ രുചിയേറും സൂപ്പ്!’‘
Generated from archived content: athbhutha22.html Author: lewis_carroll