ആമ തുടര്‍ന്നു : ‘’അതെ , നീ വിശ്വസിച്ചില്ലെങ്കിലും ഞങ്ങള്‍ കടലിലെ സ്കൂളില്‍ പോയിരുന്നു.’‘
‘’ ഞാനങ്ങനെ പറഞ്ഞിട്ടില്ല,’‘ ആലീസ് ഇടക്കു കയറി പറഞ്ഞു.
‘’ നീ പറഞ്ഞു’‘
‘’ നാവടക്ക്’‘ ആലീസ് പറയും മുമ്പേ ഗ്രിഫോണ്‍ ശാസിച്ചു ആമ കഥ തുടര്‍ന്നു
‘’ വാസ്തവത്തില്‍ ഏറ്റവും നല്ല വിദ്യാഭ്യാസമാണ് ഞങ്ങള്‍ക്കു കിട്ടിയിരുന്നത്. ദിവസവും ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നു. ‘’
‘’ അതിലിത്ര അഭിമാനിക്കാനൊന്നുമില്ല ഞാനും സ്കൂളില്‍ പോകുന്നുണ്ട്’‘ ആലീസ് പറഞ്ഞു.
‘’ പ്രത്യേകമായി വല്ലതും പഠിക്കുന്നുണ്ടോ?’‘ ഉല്‍ക്കണ്ഠയോടെ ആമ ആരാഞ്ഞു.
‘’ ഉവ്വ്, ഫ്രഞ്ചും സംഗീതവും’‘
‘’ കുളിയുമുണ്ടോ?’‘
‘’ തീര്‍ച്ചയായും ഇല്ല’‘ ആലീസ് നീരസത്തോടെ മറുപടി നല്‍കി.
‘’ ഓ! എങ്കില്‍ നിങ്ങളുടെ സ്കൂള്‍ അത്ര നല്ലതല്ല ‘’ ആശ്വാസത്തോടെ ആമ പറഞ്ഞു ‘’ ഞങ്ങളുടെ സ്കൂളില്‍ സാധാരണ വിഷയങ്ങള്‍ കൂടാതെ ‘ ഫ്രഞ്ച്, സംഗീതം, കുളി’ – ഇവയും പ്രത്യേകം പഠിപ്പിച്ചിരുന്നു’‘
‘’ നിങ്ങള്‍ക്കതിന്റെ ആവശ്യമില്ല സമുദ്രത്തിനടിയിലല്ലേ ജീവിക്കുന്നത്’‘
‘’ എനിക്കവ പഠിക്കാന്‍ കഴിഞ്ഞില്ല. സാധാരണ വിഷയങ്ങളേ ഞാന്‍ പഠിച്ചുള്ളു’‘ നെടുവീര്‍പ്പോടെ ആമ പറഞ്ഞു.
‘’ എന്തൊക്കെയായിരുന്നു പഠിച്ചത്?’‘
‘’ ചാഞ്ചാട്ടവും തുടിക്കലുമാണ് ആദ്യം പഠിച്ചു തുടങ്ങുക ‘’ ആമ പറഞ്ഞു ‘’ തുടര്‍ന്ന് ഗണിതശാസ്ത്രത്തിന്റെ വിവിധ ശാഖകള്‍ – അഭിലാഷം, വ്യാമോഹിപ്പിക്കല്‍, വിരൂപമാക്കല്‍, അവഹേളനം’‘
‘’വിരൂപമാക്കലിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടേയില്ല ‘’ ആലീസ് ധൈര്യം സംഭരിച്ച് ചോദിച്ചു ‘’ എന്താണത്?’‘
ആശ്ചര്യത്തോടെ ഗ്രിഫോണ്‍ തന്റെ രണ്ടു കൈകളും ഉയര്‍ത്തി ‘’ വിരൂപമാക്കലിനെക്കുറിച്ച് കേട്ടിട്ടില്ലെന്നോ! മനോഹരമാക്കുക എന്നാല്‍ എന്താണെന്ന് നിനക്കറിയാം അല്ലേ’‘
‘’ ഉവ്വ്,’‘ ആലീസ് പറഞ്ഞു ‘’ എന്നു വച്ചാല്‍ എന്തിനേയും കൂടുതല്‍ ഭംഗിയുള്ളതാക്കുക’‘
‘’ കൊള്ളാം ,’‘ ഗ്രിഫോണ്‍ തുടര്‍ന്നു ‘’ അപ്പോള്‍ പിന്നെ വിരൂപമാക്കല്‍ എന്താണെന്നറിയില്ലെങ്കില്‍ നീ വിഡ്ഡി തന്നെ ‘’
കൂടുതല്‍ ചോദിക്കാതിരിക്കുകയാണ് നല്ലെതെന്ന് ആലീസിനു തോന്നി. അവള്‍ ആമയുടെ നേരെ തിരിഞ്ഞു ‘’ വേറെന്തെല്ലാമാണ് നിനക്കു പഠിക്കാനുണ്ടായിരുന്നത്?’‘
‘’ അതായത് , നിഗൂഢത-‘’ മുന്‍ കയ്യിലെ തൊങ്ങലുകളില്‍ തൊട്ട് എണ്ണിക്കൊണ്ട് ആമ മറുപടി പറഞ്ഞു ‘’ നിഗൂഢത, പ്രാചീനവും ആധുനികവും , സമുദ്രശാസ്ത്രം, പിന്നെ ഇഴച്ചു നീട്ടി സംസാരിക്കാന്‍. അതിന്റെ അദ്ധ്യാപകന്‍ ഒരു വയസ്സായ ആരലായിരുന്നു . ആഴ്ചയില്‍ ഒരിക്കലാണ് അത് വന്നിരുന്നത് അവന്‍ ഞങ്ങളെ ഇഴച്ചു നീട്ടി സംസാരിക്കല്‍ , നീണ്ടു നിവരല്‍, ബോധം കെടല്‍ ഇവയൊക്കെ പഠിപ്പിച്ചു ‘’
‘’ എങ്ങനെയായിരുന്നു അത്?’‘ ആലീസ് ചോദിച്ചു.
‘’ എനിക്കത് ഇപ്പോല്‍ ചെയ്തു കാണിക്കാനാവില്ല’‘ ആമ പറഞ്ഞു ‘’ എന്റെ ശരീരം തീരെ വഴങ്ങില്ല. ഗ്രിഫോണാണെങ്കില്‍ അത് പഠിച്ചിട്ടുമില്ല. ‘’
‘’എനിക്കതിന് സമയം കിട്ടിയില്ല’‘ ഗ്രിഫോണ്‍ പറഞ്ഞു. ‘’ എങ്കിലും ഞാന്‍ സംഗീത ശാസ്ത്ര ഗുരുവിന്റെ അടുത്ത് പോയിരുന്നു. ഒരു വയസ്സന്‍ ഞണ്ടായിരുന്നു അവന്‍’‘
‘’ ഞാന്‍ അവന്റെയടുക്കല്‍ പോയിട്ടില്ല’‘ ആമ നെടുവീര്‍പ്പിട്ടു.‘ ചിരിയും കരച്ചിലുമാണ് അവന്‍ പഠിപ്പിക്കുന്നതെന്ന് അവരൊക്കെ പറയാറുണ്ട്’‘
‘’ അതെയതെ അതാണ് അവന്‍ പഠിപ്പിച്ചിരുന്നത്’‘ തന്റെ ഊഴം നെടുവീര്‍പ്പിട്ടുകൊണ്ട് ഗ്രിഫോണ്‍ പറഞ്ഞു . രണ്ടു ജീവികളും കൈകള്‍ കൊണ്ട് മുഖം പൊത്തി.
‘’ ദിവസേന എത്ര മണിക്കൂര്‍ നിങ്ങള്‍ പാഠങ്ങള്‍ അഭ്യസിച്ചിരുന്നു?’‘ വിഷയം മാറ്റാന്‍ തിടുക്കപ്പെട്ട് ആലീസ് ചോദിച്ചു.
‘’ആദ്യത്തെ ദിവസം പത്തു മണിക്കൂര്‍ അടുത്ത ദിവസം ഒമ്പത്, അങ്ങനെ പോകും’‘
‘’ എത്ര വിചിത്രമായ പഠനക്രമം’‘ ആലീസ് ആശ്ചര്യത്തോടെ പറഞ്ഞു.
‘’അതുകൊണ്ടാണ് അവയെ ലസണ്‍ എന്നു വിളിക്കുന്നത് ‘’ ഗ്രിഫോണ്‍ അഭിപ്രായപ്പെട്ടു . ‘’കാരണം അവ ദിവസംതോറും കുറഞ്ഞു വരുന്നു’‘
ആലീസിന് ഇത് പുതിയൊരു ആശയമായിരുന്നു . അടുത്ത ചോദ്യം ഉന്നയിക്കും മുമ്പ് അവള്‍ അല്പസമയം അതിനെക്കുറിച്ചു ചോദിച്ചു.
‘’ എങ്കില്‍ പതിനൊന്നാമത്തെ ദിവസം അവധിയായിരിക്കണമല്ലോ’‘
‘’ തീര്‍ച്ചയായും’‘ ആമ പറഞ്ഞു.
‘’ അപ്പോള്‍ പന്ത്രണ്ടാമത്തെ ദിവസം എന്തു ചെയ്യും?’‘ ആലീസ് ആകാംഷയോടെ ചോദിച്ചു.
‘’ പാഠങ്ങളെക്കുറിച്ച് ഇത്രയും മതി ‘’ ഗ്രിഫോണ്‍ ഇടക്കു കേറി.
‘’ ഇനി കളികളെക്കുറിച്ച് പറയു’‘.
Generated from archived content: athbhutha20.html Author: lewis_carroll