കോമാളി ആമയുടെ കഥ (തുടര്‍ച്ച)

‘’ ഒരു നല്ല ദിവസമാണിന്ന് തിരുമനസ്സേ’‘ താഴ്ന്ന , ദുര്‍ബലമായ സ്വരത്തില്‍ പ്രഭ്വി പറഞ്ഞു തുടങ്ങി. ‘’ ഞാന്‍ നിനക്കൊരു മുന്നറിയിപ്പു നല്‍കുകയാണ് ‘’ തറയില്‍ ആഞ്ഞു ചവിട്ടിക്കൊണ്ട് രാജ്ഞി അലറി . ‘’ ഒന്നുകില്‍ നീ പോകണം അല്ലെങ്കില്‍ നിന്റെ തല ഏതു വേണമെന്ന് തിരഞ്ഞെടുത്തോളു!’‘

പ്രഭ്വി തിരഞ്ഞെടുപ്പു നടത്തി, നിമിഷനേരം കൊണ്ട് സ്ഥലം വിട്ടു.

‘’ നമുക്ക് കളി തുടരാം’‘ രജ്ഞി ആലീസിനോട് പറഞ്ഞു. മിണ്ടാന്‍ കൂടി ഭയപ്പെട്ട് ആലീസ് രാജ്ഞിയെ അനുഗമിച്ചു.

രാജ്ഞി പോയ തക്കം നോക്കി അതിഥികളെല്ലാം തണലത്തിരുന്ന് വിശ്രമിക്കുകയായിരുന്നു . രാജ്ഞിയെ കണ്ട നിമിഷം അവര്‍ കളിക്കളത്തിലേക്കോടി. ഒരു നിമിഷം വൈകിയാല്‍ അവരുടെ ജീവനെടുക്കുമെന്ന് രാജ്ഞി ഭീഷണി മുഴക്കി.

കളിക്കുന്ന സമയത്തും ശണ്ഠക്ക് രാജ്ഞി മുടക്കം വരുത്തിയില്ല ‘’ അവന്റെ തലവെട്ട്!’‘ അല്ലെങ്കില്‍ ‘’ അവളുടെ തലവെട്ട് !’‘ എന്ന് അലറിക്കൊണ്ടിരുന്നു. ആര്‍ച്ചുകളായി നിന്ന പടയാളികളാണ് തലവെട്ടാന്‍ വിധിക്കപ്പെട്ടവരെ നീക്കം ചെയ്തിരുന്നത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവിടെ അര്‍ച്ചുകളൊന്നും ഇല്ലാതായി. രാജാവും രാജ്ഞിയും ആലീസുമൊഴികെയുള്ള കളിക്കരെല്ലാം വധശിക്ഷക്ക് വിധിക്കപ്പെട്ട് കസ്റ്റഡിയിലെടുക്കപ്പെട്ടിരുന്നു.

കളി നിര്‍ത്തി, ശ്വാസമെടുക്കാന്‍ വിഷമിച്ച് രാജ്ഞി ആലീസിനോടു ചോദിച്ചു.

‘’ നീ കോമാളി ആമയെ കണ്ടിട്ടുണ്ടോ?’‘

‘’ ഇല്ല.’‘ ആലീസ് പറഞ്ഞു ‘’ എന്താണി കോമാളി ആമെയെന്നു പോലും എനിക്കറിഞ്ഞു കൂടാ’‘

‘’ ആമ സൂപ്പ് ഉണ്ടാക്കുന്ന സാധനമാണ്’‘ രാജ്ഞി പറഞ്ഞു .

‘’ അങ്ങനെയൊന്നിനെ ഞാനിന്നേവരെ കണ്ടിട്ടില്ല , അതിനെകുറിച്ച് കേട്ടിട്ടുമില്ല ‘’ ആലീസ് പറഞ്ഞു.

‘’ എങ്കില്‍ വരൂ അവന്‍ തന്റെ ചരിത്രം നിനക്കു പറഞ്ഞു തരും‘’

രാജ്ഞിയോടൊപ്പം നടന്നു നീങ്ങവെ രാജാവ് സംഘത്തോടായി താഴ്ന്ന സ്വരത്തില്‍ ‘’ നിങ്ങള്‍ക്കെല്ലാം മാപ്പു തന്നിരിക്കുന്നു ‘’ എന്ന് പറയുന്നത് ആലീസ് കേട്ടു. ‘’ കൊള്ളാം , അത് നല്ല കാര്യമാണ്’‘ അവള്‍ സ്വയം പറഞ്ഞു . രാജ്ഞി ഇത്രയേറെപ്പേര്‍ക്ക് മരണ ശിക്ഷ വിധിച്ചതില്‍ അവള്‍ ദു:ഖിതയായിരുന്നു.

താമസിയാതെ അവര്‍, വെയിലത്ത് കിടന്നുറങ്ങുകയായിരുന്ന ഒരു ഗ്രിഫോണിനടുത്തെത്തി. ( ഗ്രിഫോണിനെ കണ്ടിട്ടില്ലെങ്കില്‍ ചിത്രം നോക്കുക) ‘’ എഴുന്നേല്‍ക്ക്! മടി പിടിച്ച വക !’‘ രാജ്ഞി കല്‍പ്പിച്ചു . ഈ ചെറുപ്പക്കാരിയെ കോമാളി ആമയുടെ അടുത്തേക്കു കൊണ്ടുപോ! ഇവള്‍ അവന്റെ കഥയും കേട്ടുകൊള്ളട്ടെ! എനിക്ക് തിരിച്ചു ചെന്ന് ഞാന്‍ ഉത്തരവിട്ട വധശിക്ഷകള്‍ നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കണം’‘ ആലീസിനെ ഗ്രിഫോണിനടുത്ത് തനിച്ചാക്കി രാജ്ഞി നടന്നകന്നു. ആ ജന്തുവിന്റെ നോട്ടം ആലീസിനത്ര പിടിച്ചില്ല. പക്ഷെ, ക്രൂരയായ രാജ്ഞിയോടൊപ്പം പോകുന്നതിനേക്കാള്‍ സുരക്ഷിതയായിരിക്കും ഇവിടെ എന്ന് തോന്നിയതിനാല്‍ അവള്‍ ഗ്രിഫോണ്‍ എഴുന്നേല്‍ക്കുന്നത് കാത്തിരുന്നു.

ഗ്രിഫോണ്‍ കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റിരുന്നു. രാജ്ഞി കാഴ്ചയില്‍ നിന്ന് മറയുംവരെ അത് അവളെത്തന്നെ നോക്കിയിരുന്നു. എന്നിട്ട് കളകള ശബ്ദത്തില്‍ ചിരിച്ചു. ‘’ എന്തൊരു തമാശ!’‘ പകുതി തന്നോടും പാതി ആലീസിനോടുമായി ഗ്രിഫോണ്‍ പറഞ്ഞു .

‘’ എന്താണ് തമാശ?’‘ ആലീസ് ചോദിച്ചു.

‘’ അവളുടെ കാര്യം തന്നെ. എല്ലാം അവളുടെ ഭാവനമാത്രമാണ്. അവര്‍ ആരുടേയും വധശിക്ഷ നടപ്പാക്കാറില്ല’‘ ഗ്രിഫോണ്‍ പറഞ്ഞു.

ഇവിടെ എല്ലാവരും ഇതുതന്നെയാണു പറയുന്നത് അതിന്റെ പിന്നാലെ നടക്കവെ ആലീസ് ചിന്തിച്ചു ‘ ആരുമെന്നോട് ഇങ്ങനെ കല്‍പ്പിക്കാറില്ലായിരുന്നു’

ഏറെ ദൂരം ചെല്ലും മുമ്പെ അവര്‍ കോമാളി ആമയെ അകലെ കണ്ടു. പാറയുടെ ഉയര്‍ന്ന ഒരു തട്ടില്‍ ദു:ഖിതനായി ഒറ്റക്കിരിക്കുകയായിരുന്നു അത്. അത് ഹൃദയം പൊട്ടുമാറുച്ചത്തില്‍ ദിര്‍ഘനിശ്വാസമിടുന്നത് അടുത്തുചെന്നപ്പോള്‍ കേട്ടു. അവള്‍ക്ക് സഹതാപം തോന്നി. ‘’ എന്താണതിന്റെ ദു:ഖം?’‘ അവള്‍ ഗ്രിഫോണിനോടു ചോദിച്ചു രാജ്ഞിയെക്കുറിച്ചു പറഞ്ഞ ഏതാണ്ട് അതേ വാക്കുകള്‍ തന്നെ ഗ്രിഫോണ്‍ ആവര്‍ത്തിച്ചു. ‘’ അതെല്ലാം അവന്റെ ഭാവനയാണ് വാസ്തവത്തില്‍ , അവന് യാതൊരു ദു:ഖവുമില്ല വരൂ!’‘ അവര്‍ നേരെ ആമയുടെ അടുത്തു ചെന്നു കണ്ണീരൊഴുക്കുന്ന വലിയ കണ്ണുകള്‍ കൊണ്ട് അവരെ നോക്കുകയല്ലാതെ അത് ഒന്നും പറഞ്ഞില്ല.

‘’ ഈ ചെറുപ്പക്കാരിക്ക്’‘ ഗ്രിഫോണ്‍ പറഞ്ഞു ‘’ നിന്റെ കഥ കേള്‍ക്കണമെന്നുണ്ട്’‘

‘’ ഞാനത് അവള്‍ക്ക് പറഞ്ഞു കൊടുക്കാം’‘ പൊള്ളയായ ചിലമ്പുന്ന ശബ്ദത്തില്‍ ആമ പറഞ്ഞു ‘’ നിങ്ങള്‍ രണ്ടുപേരും ഇരിക്കു ഞാന്‍പറഞ്ഞുകഴിയും വരെ ഒരക്ഷരം മിണ്ടരുത്’‘

അവര്‍ ഇരുവരും നിലത്തിരുന്നു. കുറച്ചുനേരത്തേക്ക് ആരും ശബ്ദിച്ചില്ല ‘ പറഞ്ഞു തുടങ്ങുന്നില്ലെങ്കില്‍ അവന് എങ്ങനെയാണ് മുഴുവനാക്കാന്‍ കഴിയുക?’ ആലീസ് വിചാരിച്ചു. എങ്കിലും അവള്‍ ക്ഷമയോടെ കാത്തിരുന്നു. ‘’ പണ്ട് ഞാന്‍ ഒരു യഥാര്‍ത്ഥ ആമയായിരുന്നു’‘ ഒടുവില്‍ നീണ്ട ഒരു നെടുവീര്‍പ്പോടെ അത് പറഞ്ഞു . തുടര്‍ന്ന് വളരെ നീണ്ട നിശബ്ദത. ഗ്രിഫോണിന്റെ ‘ ഹജ്ക്ര്‍ര്‍ ‘ ശബ്ദവും കോമാളി ആമയുടെ കനത്ത തേങ്ങലും മാത്രമാണ് നിശബ്ദതയെ ഭജ്ഞിച്ചിരുന്നത് . ‘ രസകരമായ കഥയാണ് സര്‍ താങ്കള്‍ പറഞ്ഞത് നന്ദി’ എന്നു പറയാന്‍ തുടങ്ങിയതാണ് ആലീസ്. പക്ഷെ കൂടുതലെന്തെങ്കിലും അതിന് പറയാനുണ്ടാവുമെന്നു കരുതി മിണ്ടിയില്ല.

‘’ ഞങ്ങള്‍ ചെറുതായിരിക്കുമ്പോള്‍ ‘’ അവസാനം കുറച്ച് ശാന്തനായി ആമ തുടര്‍ന്നു: ( എങ്കിലും ഇടക്കിടെ അത് തേങ്ങുന്നുണ്ടായിരുന്നു ) ‘’ ഞങ്ങള്‍ കടലിലെ സ്കൂളില്‍ പോയിരുന്നു. വയസ്സായ ഒരു ആമയായിരുന്നു അദ്ധ്യാപകന്‍ ഞങ്ങളദ്ദേഹത്തെ ആമ എന്നു വിളിച്ചിരുന്നു’‘

‘’ ആമയല്ലെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാള ആമ എന്നു വിളിച്ചിരുന്നത്?’‘ ആലീസ് ചോദിച്ചു.

‘’ ഞങ്ങളെ പഠിപ്പിച്ചിരുന്നതുകൊണ്ട്’‘ ആമ ക്രുദ്ധനായി പറഞ്ഞു.

‘’ നീ ശരിക്കും ഒരു മഠയി തന്നെ‘’

‘’ ഇത്തരം നിസ്സാരചോദ്യങ്ങള്‍ എഴുന്നള്ളിക്കാന്‍ നിനക്ക് ലജ്ജയില്ലേ ?’‘ ഗ്രിഫോണ്‍ കൂട്ടിച്ചേര്‍ത്തു . ഇരുവരും മിണ്ടാതെ ആലീസിനെ തന്നെ നോക്കി . പാവം ആലീസാകട്ടെ അപമാനിതയായി ഭൂമിക്കടിയിലേക്കു താഴ്ന്നു പോയെങ്കിലെന്നു ആഗ്രഹിച്ചു പോയി. അവസാനം ഗ്രിഫോണ്‍ മൗനം ഭഞ്ജിച്ചു. ’‘ കഥ തുടരു സുഹൃത്തേ ഇന്നു മുഴുവന്‍ ഇങ്ങനെ തന്നെ ഇരിക്കല്ലെ’‘

Generated from archived content: athbhutha19.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here