“എന്റെ പ്രിയപ്പെട്ട കുട്ടീ! നിന്നെ വീണ്ടും കാണാനിടയായതില്‍ എത്ര സന്തോഷമുണ്ടെന്നോ!”പ്രഭ്വി പറഞ്ഞു. ഊഷ്മളഭാവത്തില്‍ ആലീസിന്റെ കരം കോര്‍ത്ത് നടക്കുമ്പോള്‍ അവര്‍ പറഞ്ഞു.
പ്രഭ്വിയെ പ്രസന്നഭാവത്തില്‍ കണ്ടതില്‍ ആലീസും സന്തോഷിച്ചു. അടുക്കളയില്‍ വച്ചു കാണുമ്പോള്‍, കുരുമുളകായിരിക്കും അവളെ അത്ര നിഷ്ഠൂരയാക്കിയതെന്ന് ആലീസിനു തോന്നി.
“ഞാന്‍ പ്രഭ്വിയായിത്തീരുമ്പോള്‍,” അവള്‍ തന്നെത്താന്‍ പറഞ്ഞു(വലിയ പ്രതീക്ഷയോടെയല്ല ഈ പറച്ചില്‍ ) “ഞാന്‍ എന്റെ അടുക്കളയില്‍ കുരുമുളക് കേറ്റില്ല. അതില്ലെങ്കിലും സൂപ്പിന് രുചിയുണ്ടാകും. ഒരുപക്ഷേ, കുരുമുളകായിരിക്കാം ആളുകളെ മുന്‍ കോപികളാക്കുന്നത്.” പുതിയൊരുതരം നിയമം കണ്ടെത്തിയതില്‍ അവള്‍ക്കു സന്തോഷം തോന്നി. “ ചൊറുക്ക അവരെ വെറുപ്പിക്കുന്ന തരക്കാരും ശീമജമന്തി പരുഷസ്വഭാവക്കാരുമാക്കുന്നു. ബാര്‍ലിയും പഞ്ചസാരയും അത്പോലുള്ള മറ്റുസാധനങ്ങളും കുട്ടികളെ മൃദുസ്വഭാവികളാക്കുന്നു. മുതിര്‍ന്നവര്‍ക്ക് അതറിയാമായിരുന്നെങ്കില്‍ ഇതെല്ലാം തരാന്‍ ഇത്ര പിശുക്കു കാട്ടില്ലായിരുന്നു.”
സത്യത്തില്‍ അപ്പോഴേക്കും ആലീസ്, പ്രഭ്വി കൂടെയുണ്ടെന്ന കാര്യം മറന്നുകഴിഞ്ഞിരുന്നു. അതുകൊണ്ട് പ്രഭ്വിയുടെ ശബ്ദം കാതിനരികെ കേട്ടപ്പോള്‍ അവളല്പം അമ്പരക്കാതിരുന്നില്ല. “മൈ ഡിയര്‍, നീയെന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതാണ് നീ ഒന്നും മിണ്ടാത്തതും. സംസാരിക്കാന്‍ കൂടി നീ മറന്നു. അതിന്റെ ഗുണപാഠമെന്തെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല. പക്ഷെ ഉടനെ ഞാനത് ഓര്‍മ്മിച്ചെടുക്കും.”
“ചിലപ്പോള്‍ അതിന് ഗുണപാഠമില്ലായിരിക്കും,” ആലീസ് ധൈര്യമാര്‍ജ്ജിച്ചു പറഞ്ഞു.
“ടട്,ടട് ! കുട്ടീ,” പ്രഭ്വി പറഞ്ഞു. “ എന്തിനും ഗുണപാഠമുണ്ട്. നമുക്കതു കണ്ടെത്താന്‍ കഴിയണമെന്നുമാത്രം.” ഇതും പറഞ്ഞ് അവള്‍ ആലീസിനടുത്തേയ്ക്ക് ചേര്‍ന്നിരുന്നു.
അവള്‍ തന്നോട് അത്ര അടുത്ത് നില്‍ക്കുന്നത് ആലീസിന്‍ ഇഷ്ടപ്പെട്ടില്ല. ഒന്നാമതായി, പ്രഭ്വി വളരെ വിരൂപിയായിരുന്നു. രണ്ടാമതായി, ആലീസിന്റെ തോളില്‍ തന്റെ കൂര്‍ത്ത താടി തൊടുവിക്കാനാവുന്നത്ര ഉയരമായിരുന്നു അവള്‍ക്ക്. മര്യാദയോര്‍ത്ത് മാത്രം അവള്‍ അത് സഹിച്ചു.
“കളി ഇപ്പോള്‍ കുറച്ചുകൂടി നന്നായി നടക്കുന്നുണ്ട്,” സംഭാഷനം തുടരാനായി അവള്‍ പറഞ്ഞു.
“ഉവ്വ്,” പ്രഭ്വി പറഞ്ഞു: “അതിന്റെ ഗുണപാഠമെന്തെന്നാല്‍ – ഓ, സ്നേഹമാണ് ലോകത്തെ ചലിപ്പിക്കുന്നത്.”
“ഓരോരുത്തരും അവരവരുടെ കാര്യങ്ങളില്‍ വ്യാപൃതരാകുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്.” ആലീസ് മന്ത്രിച്ചു.
“അതിന്റെയെല്ലാം അര്‍ത്ഥം ഒന്നു തന്നെ,” ആലീസിന്റെ തോളില്‍ കൂര്‍ത്ത താടി കൂടുതല്‍ അമര്‍ത്തി പ്രഭ്വി പറഞ്ഞു: “അതിന്റെ ഗുണപാഠം – നിങ്ങള്‍ ഇന്ദ്രിയങ്ങളെ ശ്രദ്ധിച്ചാല്‍ മതി- ശബ്ദം സ്വയം ശ്രദ്ധ ഏറ്റെടുത്തോളും.”
“ഗുണപാഠം കണ്ടെത്താന്‍ അവള്‍ക്കു വളരെ ഇഷ്ടമാണ്!” ആലീസ് വിചാരിച്ചു.
“ഞാനെന്താ നിന്റെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിക്കാത്തത് എന്നു നീ വിചാരിക്കുന്നുണ്ടാകും, നിന്റെ ഫലമിംഗോയ്ക്ക് ദേഷ്യം വരുമെന്ന് പേടിച്ചിട്ടാ. ഞാനൊന്ന് പരീക്ഷിച്ച് നോക്കട്ടേ?”
“അവന്‍ കൊത്തും ,” ആലീസ് കരുതലോടെ മറുപടി പറഞ്ഞു. ഫ്ലമിംഗോകളും കടുകുകളും കൊത്തും.അതിന്റെ ഗുണപാഠം -ഒരേ തൂവല്പക്ഷികള്‍ ഒരുമിച്ചുകൂടും.”
“കടുക് പക്ഷിയല്ല,” ആലീസ് .
“തികച്ചും ശരിതന്നെ,” പ്രഭ്വി പറഞ്ഞു. “എത്ര കൃത്യമായി നീ സംഗതികള്‍ അവതരിപ്പിക്കുന്നു.”
“അത് ഒരു ലവണമാണ്.” ആലീസ് പറഞ്ഞു.
“തീര്‍ച്ചയായും അതേ,” ആലീസ് പറ്യുന്നതെന്തിനോടും യോജിക്കാന്‍ തയ്യാറായിരുന്നു പ്രഭ്വി. “ഇവിടെയടുത്ത് ഒരു വലിയ കടുക് ഖനിയുണ്ട്. അതിന്റെ ഗുണപാഠമെന്തെന്നാല്‍- ‘എന്റെ കൈവശം കൂടുതലുണ്ടാവുമ്പോള്‍ നിനക്ക് കുറച്ചേയുണ്ടാകൂ.”
“ഓ, എനിക്കറിയാം,” ആലീസ് പറഞ്ഞു. പ്രഭ്വി അവസാനം പറഞ്ഞത് അവള്‍ ശ്രദ്ധിച്ചിരുന്നില്ല. “കണ്ടാല്‍ തോന്നില്ലെങ്കിലും അത് ഒരു സസ്യമാണ്.”
“നീ പറഞ്ഞതിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു,” പ്രഭ്വി പറഞ്ഞു. “അതിന്റെ ഗുണപാതമെന്തെന്നാല്‍, നീ എന്താകണമെന്നു തോന്നണമോ അതു തന്നെയാകണമെന്നാണ് .കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, മറ്റുള്ളവര്‍ക്ക് നീ എങ്ങനെ ആയിരിക്കുന്നുവോ, ആയിരുന്നുവോ,ആയേക്കുമെന്നോ എങ്ങനെ ആയിട്ടുണ്ടായിരുന്നുവെന്നോ അതുപോലെ ആവാതിരിക്കാന്‍ നീ ഒരിക്കലും ശ്രമിക്കരുതെന്നാണ്.”
“എനിക്കിത് എഴുതിയെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, കുറച്ചുകൂടി നന്നായി മനസ്സിലാക്കാമായിരുന്നു.” വളരെ മര്യാദയോടെ ആലീസ് പറഞ്ഞു.
“എനിക്ക് പറയാനുള്ളതു വച്ചു നോക്കുമ്പോള്‍ ഇതത്ര വലുതൊന്നുമല്ല.”
“മതി,മതി അധികം പറഞ്ഞ് വിഷമിക്കേണ്ട,” ആലീസ് സമാധാനിപ്പിച്ചു.
“ഓ, വിഷമത്തെക്കുറിച്ച് പറയാതിരിക്കൂ,” പ്രഭ്വി പറഞ്ഞു. “ഞാന്‍ ഇതുവരെ പറഞ്ഞ ഓരോന്നും ഞാന്‍ നിനക്ക് സമ്മാനിക്കാന്‍ പോകുകയാണ്.”
വിലകുറഞ്ഞ സമ്മാനങ്ങള്‍!” ആലീസ് വിചാരിച്ചു.
“ഇതുപോലെയല്ല ആളുകള്‍ ജന്മദിനസമ്മാനങ്ങള്‍ നല്‍കുക എന്നതിന് സ്തുതി.” ഇക്കാര്യം ഉറക്കെ പറയാന്‍ അവള്‍ക്ക് ധൈര്യം വന്നില്ല.
“വീണ്ടും ചിന്തിക്കുവാന്‍ തുടങ്ങിയോ?” കൂര്‍ത്ത താടി കൊണ്ട് പ്രഭ്വി ആലീസിന്റെ തോളില്‍ ഒരു കുത്തുകൂടി കൊടുത്തു.
“ചിന്തിക്കുക എന്റെ അവകാശമാണ് .” ആലീസ് കടുപ്പിച്ചു പറഞ്ഞു. അവള്‍ക്ക് കുറേശ്ശെ അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു.
“പന്നികള്‍ പറക്കേണ്ടതുണ്ട് എന്നു പരയുന്നതുപോലെ ശരിയാണത്. പ്രഭ്വി പറഞ്ഞു. “അതിന്റെ ഗുണ-”
ആലീസിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പ്രഭ്വിയുടെ ശബ്ദം അവളുടെ ഏറ്റവും പ്രിയപ്പെട്ട വാക്കായ ‘ഗുണപാഠ‘ത്തിന്റെ പകുതിക്കുവച്ച് നിന്നുപോയി. ആലീസിനെ ചേര്‍ത്തു പിടിച്ചിരുന്ന കയ്യും വിറച്ചുതുടങ്ങി. ആലീസ് നോക്കിയപ്പോഴുണ്ട് കൈകള്‍കെട്ടി, പുരികം ചുളിച്ച് രാജ്ഞി അവരുടെ മുന്നില്‍ നില്‍ക്കുന്നു.
Generated from archived content: athbhutha18.html Author: lewis_carroll