ഭ്രാന്തന്‍ ചായസല്‍ക്കാരം(തുടര്‍ച്ച)

‘’ ധിക്കാരം പറയാതിരിക്കു’‘ രാജാവ് പറഞ്ഞു ‘’ ‘’ എന്നെ അതുപോലെ നോക്കുകയുമരുത് ‘’ അവന്‍ ആലീസിനു പിന്നില്‍ മറഞ്ഞു നിന്നു.

‘’ ഒരു പൂച്ച രാജാവിനെ നോക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ ഏതോ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട് ‘’ ആലീസ് പറഞ്ഞു. ‘’ ഏതു പുസ്തകത്തിലാണെന്ന് ഓര്‍മ്മയില്ല’‘

‘’ ശരി , അതിനെ ഇവിടെ നിന്ന് നീക്കിയേ തീരു’‘ രാജാവ് നിശ്ചയിച്ചു. അതുവഴി വന്ന രാജ്ഞിയോട് അവന്‍ വിളിച്ചു പറഞ്ഞു ‘’ പ്രിയേ! നീ ഈ പൂച്ചയെ ഇവിടെ നിന്നൊന്നു മാറ്റിത്തരണം’‘

ചെറുതാകട്ടെ വലുതാകട്ടെ ഏതു പ്രശ്നത്തിനും രാജ്ഞിക്ക് ഒരൊറ്റ വഴിയേ ഉള്ളു ” അതിന്റെ തല വെട്ട് !’‘ തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ അവള്‍ ഉത്തരവിട്ടു.

”ആരാച്ചാരെ ഞാന്‍ കൂട്ടിക്കൊണ്ടു വന്നോളാം’‘ എന്നും പറഞ്ഞ് രാജാവ് ധൃതിയില്‍ അവിടെനിന്നും പോയി.

തിരിച്ചു പോകാനും കളി എങ്ങനെ നടക്കുന്നുവെന്നു നോക്കാനും വിചാരിച്ചതാണ് ആലീസ്. അപ്പോഴേക്കും അകലെ നിന്ന് രാജ്ഞിയുടെ അലര്‍ച്ച കേട്ടു. ഊഴം നഷ്ടപ്പെടുത്തിയ മൂന്നു കളിക്കാര്‍ക്ക് രാജ്ഞി മരണ ശിക്ഷ വിധിക്കുകയായിരുന്നു. കാര്യങ്ങള്‍ അത്ര ഭംഗിയായല്ല നടക്കുന്നത്. കളി ആകെ കുഴഞ്ഞു മറിഞ്ഞിരുന്നതിനാല്‍ തന്റെ ഊഴമെത്തിയോ എന്നും മനസിലായില്ല.

അവള്‍ തന്റെ മുള്ളന്‍ പന്നിയെ അന്വേഷിച്ചു പോയി. മറ്റൊരു മുള്ളന്‍ പന്നിയുമായി പോരടിക്കുകയായിരുന്നു അത്. അവയിലൊന്നിനെ അടിച്ചു തെറിപ്പിക്കുവാന്‍ പറ്റിയ ഒന്നാന്തരം അവസരം! പക്ഷെ, അവളുടെ അരയന്നം പൂന്തോട്ടത്തിന്റെ മറുവശത്ത് ഒരു മരത്തില്‍ പറന്നു കയറാനുള്ള വിഫലശ്രമത്തിലായിരുന്നു.

അരയന്നത്തെ പിടിച്ച് തിരികെ കൊണ്ടു വന്നപ്പോഴേക്കും കലഹം അവസാനിപ്പിച്ച് മുള്ളന്‍ പന്നികള്‍ സ്ഥലം വിട്ടിരുന്നു. ‘’ സാരമില്ല എന്തായാലും ഈ വശത്തെ ആര്‍ച്ചുകളെല്ലാം പോയല്ലോ’‘ പക്ഷിയെ അമര്‍ത്തിപ്പിടിച്ച് പൂച്ചയോട് അല്‍പ്പനേരം കൂടി സംസാരിക്കാമെന്നു കരുതി അവള്‍ തിരിച്ചു നടന്നു.

തിരിച്ചെത്തിയ ആലീസത്ഭുതപ്പെട്ടു പോയി. ഒരു വലിയ സംഘം ചെഷയര്‍ പൂച്ചക്കു ചുറ്റും കൂടിയിരിക്കുന്നു. ആരാച്ചാരും രാജാവും രാജ്ഞിയും തമ്മില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. മൂവരും ഒരേ സമയം പറഞ്ഞുകൊണ്ടിരിക്കുന്നു. ചുറ്റും കൂടിയവരെല്ലം നിശബ്ദരായിരുന്നു. അവരെല്ലാം അസ്വസ്ഥരാണ്.

ആലീസിനെ കണ്ടയുടന്‍ മൂവരും ഈ തര്‍ക്കം പരിഹരിക്കണമെന്ന് അവളൊടഭ്യര്‍ത്ഥിച്ചു . മൂന്നു പേരും തങ്ങളുടെ വാദം അവളുടെ മുന്നില്‍ ആവര്‍ത്തിച്ചു. എല്ലാവരും ഒരേ സമയം സംസാരിക്കുന്നതിനാല്‍ എന്താണവര്‍ പറയുന്നതെന്നു മനസിലാക്കാന്‍ വിഷമമായിരുന്നു.

ശരീരമില്ലെങ്കില്‍ , തല അതില്‍ നിന്നും നീക്കം ചെയ്യാനാവില്ലായിരുന്നു ആരാച്ചാരുടെ വാദം. ജീവിതത്തില്‍ മുമ്പൊരിക്കലും താനങ്ങനെയൊരു വിഢിത്തരം ചെയ്തിട്ടില്ല. ഇനിയൊട്ടു ചെയ്യാനും പോകുന്നില്ല. നിങ്ങള്‍ വിഡ്ഢിത്തം പറയരുത് , തലയുള്ള എന്തിന്റെയും തല വെട്ടാം. ഇതായിരുന്നു രാജാവിന്റെ ന്യായം.

ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സകലരുടേയും തല കളയുമെന്നായിരുന്നു രാജ്ഞിയുടെ പിടിവാശി. ( ഇതായിരുന്നു സകലരെയും അസ്വസ്ഥരാക്കിയത്.)

‘’ പ്രഭ്വിയുടെ പൂച്ചയാണത്. അവരോടും ചോദീക്കുകയായിരിക്കും കൂടുതല്‍ നല്ലത് ‘’ മറ്റു പോംവഴിയൊന്നും തോന്നാഞ്ഞതിനാല്‍ ആലീസ് പറഞ്ഞു.

‘’ അവള്‍ ജയിലിലുണ്ട് അവളെ ഇവിടെ കൊണ്ടു വരു ‘’ രാജ്ഞി കല്‍പ്പിച്ചു. ശരം വിട്ടതുപോലെ ആരാച്ചാര്‍ പാഞ്ഞു.

അവന്‍ പോയിക്കഴിഞ്ഞതും പൂച്ചയുടെ തല മങ്ങിത്തുടങ്ങി. പ്രഭ്വിയുമായി ആരാച്ചാര്‍ തിരിച്ചെത്തിയപ്പോഴേക്കും പൂച്ച മറഞ്ഞു കഴിഞ്ഞിരുന്നു. രാജാവും ആരാച്ചാരും അതിനെ തിരക്കി അവിടെയാകെ ഓടിപ്പാഞ്ഞു നടന്നു. ശേഷിച്ചവര്‍ കളിക്കളത്തിലേക്കു മടങ്ങി.

Generated from archived content: athbhutha17.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here