ഭ്രാന്തന്‍ ചായസല്‍ക്കാരം(തുടര്‍ച്ച)

‘’ഇല്ലായിരിക്കാം‘’, കരുതലോടെ ആലീസ് മറുപടി നല്‍കി: എന്നാല്‍, സംഗീതം പഠിക്കുമ്പോള്‍ സമയം കൊല്ലണമെന്ന് എനിക്കറിയാം’‘

‘’ ഓ അങ്ങനെ വരട്ടെ!’‘ തൊപ്പിക്കാരന്‍ പറഞ്ഞു. അവനെ തോല്‍പ്പിക്കാന്‍ പറ്റില്ല അവനുമായി നിനക്കിഷ്ടമുള്ള വിധം അവന്‍ ചലിപ്പിച്ചോളും ഉദാഹരണത്തിന്, രാവിലെ ഒമ്പതു മണിയായെന്നിരിക്കട്ടെ ; പഠനം തുടങ്ങാനുള്ള സമയം . സമയത്തോട് നീ അതൊന്നു സൂചിപ്പിച്ചാല്‍ മാത്രം മതി കണ്ണു ചിമ്മി തുറക്കുമ്പോഴേക്കും സൂചി നീങ്ങിയിരിക്കും.- നേരെ ഒന്നരമണി ഉച്ചഭക്ഷണത്തിനുള്ള നേരം.’‘

( ‘’അങ്ങനെ സംഭവിച്ചെങ്കില്‍!’‘ മാര്‍ച്ച് മുയല്‍ മന്ത്രിച്ചു)

‘’ അത് കൊള്ളാം ,’‘ ആലീസ് വളരെ സൂക്ഷിച്ചു മറുപടി പറഞ്ഞു. ‘’ പക്ഷെ , നിനക്കറിഞ്ഞു കൂടെ , അപ്പോഴേക്കും എനിക്കു വിശക്കില്ലെന്ന്’‘

‘’ഇല്ലായിരിക്കാം , എങ്കിലും നിനക്കിഷടമുള്ളത്രയും സമയം അത് ഒന്നരയില്‍ നിര്‍ത്താമല്ലോ.’‘

‘’ അങ്ങനെയാണോ നീ ചെയ്യാറ്?’‘

തൊപ്പിക്കാരന്‍ വേദനയോടെ തലയാട്ടി ‘’ അല്ല കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ വഴക്കു കൂടി . അവന് ഭ്രാന്തു പിടിക്കുന്നതിനു തൊട്ടുമുമ്പ്. ‘’

ടീസ്പൂണ്‍കൊണ്ട് മുയലിനെ ചൂണ്ടിക്കാണിച്ച് തൊപ്പിക്കാരന്‍ പറഞ്ഞു ‘’ഹൃദയങ്ങളുടെ രാജ്ഞി ഒരുക്കിയ സംഗീതക്കച്ചേരിയില്‍ വച്ചായിരുന്നു അത് അതില്‍ എനിക്കു പാടെണ്ടിയിരുന്നു;

‘ ടിങ്കിള്‍ ടിങ്കിള്‍ കൊച്ചുവവ്വാലേ എന്തൊരാശ്ചര്യമെനിക്കു നീയാരോ…’

‘’ചിലപ്പോള്‍ നിനക്ക് ആ പാട്ട് അറിയാമായിരിക്കാം’‘

‘’അതു പോലെ എന്തോ ഒന്ന് കേട്ടിട്ടുണ്ട്‘’

‘’ഇങ്ങനെയാണൊ ഗാനം’‘ തൊപ്പിക്കാരന്‍ തുടര്‍ന്നു;

‘’മണ്ണിനും മേലേ പറക്കുന്ന നീ..

യൊരു ചായത്തട്ടുപോലാകാശമധ്യേ..

ടിങ്ക്വിള്‍ ടിങ്ക്വിള്‍,,’‘

ഒന്നു ഞെട്ടിത്തെറിച്ച് , എലി ഉറക്കത്തില്‍ തന്നെ പാട്ടു തുടങ്ങി ‘’ ട്വിങ്കിള്‍ ട്വിങ്കിള്‍ ട്വിങ്കിള്‍ ട്വിങ്കിള്‍.’‘ അത് നിര്‍ത്താന്‍ ഭാവമില്ലായിരുന്നു അടിച്ചുമ് ഇടിച്ചുമാണ് അവരതിനെ നിശബ്ദനാക്കിയത്.

‘’ഞാന്‍ ആദ്യത്തെ വരി പാടിക്കഴിഞ്ഞതേയുള്ളു , രാജ്ഞി അലറി; ‘അവന്‍ സമയത്തെ വധിക്കുകയാണ് ! അവന്റെ തല വെട്ടു!’‘

‘’എന്തൊരു ക്രൂരത! ‘’ ആലീസ് അമ്പരന്നു പോയി.

‘’ അതില്‍ പിന്നെ ‘’ വിലപിക്കുന്ന സ്വരത്തില്‍ തൊപ്പിക്കാരന്‍ തുടര്‍ന്നു ‘’ എന്റെ ഘടികാരം അനങ്ങിയിട്ടില്ല എപ്പോഴും ആറു മണി തന്നെ.’‘

‘’ അതുകൊണ്ടാണോ ഇത്രയധികം ചയപ്പാത്രങ്ങളും മറ്റും ഇവിടെ നിരത്തി വച്ചിരിക്കുന്നത് ?’‘

തൊപ്പിക്കാരന്‍ നെടുവീര്‍പ്പിട്ടു.’‘ ഇപ്പോള്‍ എല്ലായ്പ്പോഴും ചായ സമയമാണ് ഇടക്ക് പാത്രങ്ങള്‍ കഴുകാന്‍ പോലും സമയം കിട്ടുന്നില്ല’‘.

‘’ എന്നുവച്ചാല്‍ , നിങ്ങള്‍ കൂടെ കൂടെ ഇരിപ്പിടം മാറിക്കൊണ്ടിരിക്കും അല്ലെ?’‘

‘‘’അതെയതെ ചായപ്പാത്രങ്ങളുപയോഗിച്ചുകഴിയുന്നതിനനുസരിച്ച് സ്ഥാനം മാറിക്കൊണ്ടിരിക്കും’‘

‘’ നീ ഇനി വീണ്ടും തുടങ്ങിയിടത്തേക്കു തന്നെ എത്തുമ്പോഴോ?’‘ ധൈര്യമവലംബിച്ച് ആലീസ് ചോദിച്ചു.

‘’ നമുക്കിനി വിഷയം മാറ്റാം’‘ കോട്ടുവായിട്ടുകൊണ്ട് മുയല്‍ ഇടക്കു കയറി ‘’ എനിക്കിതു മടുത്തു ഈ ചെറുപ്പക്കാരി നമ്മളോട് ഒരു കഥ പറയണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.’‘

‘’ അയ്യോ, എനിക്ക് കഥയൊന്നും അറിഞ്ഞുകൂടാ’‘ പരിഭ്രമത്തോടെ ആലീസ് പറഞ്ഞു.

‘’ എങ്കില്‍ എലി പറയട്ടെ!’‘ അവര്‍ വിളിച്ചു കൂവി ‘’ എഴുന്നേല്‍ക്കെടോ!’‘ അവര്‍ രണ്ടു വശങ്ങളില്‍ നിന്നും അതിനെ പിച്ചാന്‍ തുടങ്ങി.

എലി സാവധാനം കണ്ണു തുറന്നു ‘’ ഞാന്‍ ഉറങ്ങുകയല്ലായിരുന്നു ‘’ പരുപരുത്ത, തളര്‍ന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞു.’‘ നിങ്ങള്‍ പറഞ്ഞ ഓരോ വാക്കും ഞാന്‍ കേട്ടു.’‘

‘’ ഞങ്ങളോട് ഒരു കഥപറയൂ’‘ മാര്‍ച്ച് മുയല്‍ ആവശ്യപ്പെട്ടു.

‘’ അതെ , ദയവു ചെയ്ത് ഒരു കഥ പറയു.’‘ ആലീസ് അഭ്യര്‍ത്ഥിച്ചു.

‘’ വേഗമാകട്ടെ , അല്ലെങ്കില്‍ കഥ മുഴുവനാക്കും മുമ്പേ നീ ഉറങ്ങിപ്പോകും ‘’ തൊപ്പിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

‘’ പണ്ടു പണ്ട് ഒരിടത്ത് മൂന്നു സഹോദരിമാരുണ്ടായിരുന്നു ‘’ എലി ബദ്ധപ്പെട്ട് പറഞ്ഞു തുടങ്ങി …’‘എത്സി, ലേസി, ടില്ലി എന്നായിരുന്നു അവരുടെ പേര്‍. ഒരു കിണറിന്റെ അടിയിലാണ് അവര്‍ താമസിച്ചിരുന്നത്…’‘

‘’ അവിടെ അവര്‍ക്കെന്താ തിന്നാന്‍ കിട്ടുക?‘’ തീറ്റയും കുടിയും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഏറെ താത്പര്യമുള്ള ആലീസ് ചോദിച്ചു.

” ചക്കരപ്പാവാണ് അവര്‍ കഴിച്ചിരുന്നത്. ‘’ ഒന്നുരണ്ടു നിമിഷം ആലോചിച്ചിട്ട് എലി മറുപടി നല്‍കി.

‘’ അതെങ്ങനെ പറ്റും? എന്നും ചക്കരപ്പാവ് കഴിച്ചാല്‍ അവര്‍ക്കസുഖം വരില്ലേ?’‘

‘’ അതേ , അവര്‍ക്ക് സുഖമില്ലായിരുന്നു’‘ എലി പറഞ്ഞു.

എത്ര അസാധാരണമായ ജീവിതമായിരിക്കും അത്- അവള്‍ സങ്കല്‍പ്പിച്ചു നോക്കി ‘’ എന്തിനാ അവര്‍ കിണറിന്റെ അടിത്തട്ടില്‍ താമസിക്കുന്നത്?’‘

‘’ കുറച്ചു കൂടി ചായ കഴിക്കു,’‘ ഉപചാരപൂര്‍വം മുയല്‍ ആലീസിനോടു പറഞ്ഞു.

‘’ ഇതുവരെ ഞാന്‍ ചായ കുടിച്ചിട്ടില്ല പിന്നെങ്ങെനെ ‘ കുറച്ചുകൂടി’ എടുക്കും? ആലീസ് ദേഷ്യത്തോടെ തിരിച്ചടിച്ചു.

‘’ കുറവ് എടുക്കാനാവില്ലെന്നല്ലേ നീ ഉദ്ദേശിച്ചത്?’‘ തൊപ്പിക്കാരന്‍ പറഞ്ഞു ‘’ ഒന്നുമില്ലാത്തതിനേക്കാള്‍ എളുപ്പമാണ് ‘ കുറച്ചുകൂടി’ എടുക്കാന്‍’‘

‘’നിന്റെ അഭിപ്രായം ആരും ചോദിച്ചില്ല’‘

‘’ആരാ ഇപ്പോള്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്? തൊപ്പിക്കാരന്‍ വിജയഭാവത്തില്‍ ചോദിച്ചു.

Generated from archived content: athbhutha13.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here