ഭ്രാന്തന്‍ ചായസല്‍ക്കാരം

വീടിനു മുമ്പിലെ ഒരു മരച്ചുവട്ടില്‍ ഇട്ടിരുന്ന മേശക്കു ചുറ്റുമിരുന്ന് ചായ കുടിക്കുകയായിരുന്നു മാര്‍ച്ചു മുയലും തൊപ്പിക്കാരനും.

ഒരു എലി അവരുടെ നടുക്കിരുന്നു ഉറങ്ങുന്നുണ്ടായിരുന്നു. ഇരുവരും എലിയെ ഒരു തലയിണപോലെ കണക്കാക്കി, കൈമുട്ടുകള്‍ അതിന്റെ ദേഹത്തു വച്ച് സംസാരിച്ചുകൊണ്ടിരുന്നു. ‘ പാവം എലി ! ഉറക്കമായതിനാല്‍ അത് ഒന്നും അറിയുന്നുണ്ടാവില്ല ‘ ആലീസ് വിചാരിച്ചു.

മേശ വളരെ വലുതായിരുന്നെങ്കിലും മൂവരും അതിന്റെ ഒരു മൂലക്ക് തന്നെ തിക്കി തിരക്കി ഇരിക്കുകയാണ്. ‘’ഇവിടെ സ്ഥലമില്ല ഒട്ടും സ്ഥലമില്ല !’‘ ആലീസ് വരുന്നതു കണ്ട് അവര്‍ വിളിച്ചു പറഞ്ഞു. ‘’ ഇവിടെ ഇഷ്ടം പോലെ സ്ഥലമുണ്ട് ‘’ ന്ന് ധിക്കാരപൂര്‍വ്വം പറഞ്ഞ് അവള്‍ മേശയുടെ ഒരറ്റത്തുള്ള കസേരയില്‍ ഇരുപ്പുറപ്പിച്ചു.

‘’ കുറച്ച് വീഞ്ഞു കഴിക്കു!’‘ മാര്‍ച്ച് മുയല്‍ പ്രോത്സാഹിപ്പിച്ചു.

ആലീസ് മേശപ്പുറമാകെ തിരെഞ്ഞെങ്കിലും അവിടെ ചായമാത്രമേ കണ്ടുള്ളു. ‘’ വീഞ്ഞ് കാണുന്നില്ലല്ലോ ‘’ അവള്‍ പറഞ്ഞു.

‘’ വീഞ്ഞ് ഇല്ല ‘’

‘’ എങ്കില്‍ വീഞ്ഞ് തരാമെന്നു പറയുന്നത് മര്യാദകേടാണ്. ‘’ ആലീസ്ദേഷ്യപ്പെട്ടു.

‘’ ക്ഷണിക്കപ്പെടാതെ വന്ന് ഇരുന്നതും മര്യാദയല്ല’‘ മുയല്‍ തിരിച്ചടിച്ചു.

‘’ ഇതു നിന്റെ മേശയാണെന്ന് എനിക്കറിയില്ലായിരുന്നു.’‘ ആലീസ് വിശദീകരിച്ചു . മൂന്നല്ല ഇനിയും കുറേയാളുകള്‍ക്ക് വന്നിരിക്കാന്‍ ഇവിടെ സ്ഥലമുണ്ടല്ലോ?’’ ‘ ‘’ നിന്റെ മുടി മുറിക്കാറായിരിക്കുന്നു.’‘ തൊപ്പിക്കാര‍ന്‍ പറഞ്ഞു. ഇത്രയും നേരം കൗതുകത്തോടെ ആലീസിനെത്തന്നെ നോക്കിയിരിക്കുകയിരുന്നു അവന്‍.

‘’ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് വളരെ മോശമാണ്’‘ ആലീസ്.

തൊപ്പിക്കാരന്‍ കണ്ണുരുട്ടിയെങ്കിലും ‘’ അണ്ടങ്കാക്ക എന്തുകൊണ്ടാണ് എഴുത്തുമേശ പോലെയിരിക്കുന്നത് ?’‘ എന്നു മാത്രമേ പ്രതികരിച്ചുള്ളു.

‘’ കൊള്ളാം , ഇനിയല്‍പ്പം തമാശയൊക്കെ ആവാം’‘ ആലീസ് വിചാരിച്ചു ‘’ അവര്‍ കടങ്കഥകള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഇതിന് ഉത്തരം പറയാന്‍ എനിക്കു കഴിയും .’‘

‘’ഇതിന്റെ ഉത്തരം നിനക്കറിയാമെന്നാണോ?’

മാര്‍ച്ച് മുയല്‍ തിരക്കി.

‘’ തീര്‍ച്ചയായും’‘

‘’ എങ്കില്‍ പറയു’‘

” ഞാന്‍ പറയാം” ആലീസ് തിടുക്കത്തില്‍ മറുപടി നല്‍കി ‘’ അതായത് – എന്നു വച്ചാല്‍ ഞാന്‍ പറഞ്ഞതു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചതും’‘.

‘’ ഒരിക്കലുമല്ല” തൊപ്പിക്കാരന്‍ പറഞ്ഞു.”എങ്കില്‍, ‘ ഞാന്‍ തിന്നുന്നതാണ് ഞാന്‍ കാണുന്നതെന്നു ‘ ‘ ഞാന്‍ കാണുന്നതാണ് ഞാന്‍ തിന്നുന്നത്’ എന്നതും ഒരു പോലെയണെന്നും നീ പറയുമോ?’‘

” എനിക്ക് കിട്ടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു എന്നതും ‘ ഞാന്‍ ഇഷ്ടപ്പെടുന്നത് എനിക്കു കിട്ടുന്നു ‘ എന്നതും ഒന്നാണെന്നും നീ പറയുമല്ലോ” മുയല്‍ കൂട്ടിച്ചേര്‍ത്തു.

” ഉറങ്ങുമ്പോള്‍ ഞാന്‍ ശ്വസിക്കുന്നു എന്നതും’ ശ്വസിക്കുമ്പോള്‍ ഞാന്‍ ഉറങ്ങുന്നു ‘ എന്നതും ഒന്നാണോ?’‘ ഉറക്കത്തില്‍ എലിയും പിന്‍താങ്ങി.

”നിന്റെ കാര്യത്തില്‍ അതു ശരി തന്നെ” തൊപ്പിക്കാരന്‍ പറഞ്ഞു. ഇവിടെ സംഭാഷണം മുറിഞ്ഞു. കുറച്ചു നേരത്തേക്ക് സംഘം നിശബ്ദമായി . അണ്ടങ്കാക്കയേയും എഴുത്തു മേശകളെയും കുറിച്ച് അറിയാവുന്നതെല്ലാം ഓര്‍മ്മിക്കാന്‍ ആലീസ് ശ്രമിച്ചു നോക്കി.

തൊപ്പിക്കാരനാണ് ആദ്യം മൗനം ഭഞ്ജിച്ചത്.”ഈ മാസത്തിലെ എത്രാമത്തെ ദിവസമാണിന്ന്? ”ആലീസിനു നേരെ തിരിഞ്ഞ് അവന്‍ ചോദിച്ചു. അവന്‍ കീശയില്‍ നിന്നു വാച്ചെടുത്ത്, വല്ലായ്മയോടെ നോക്കി കുലുക്കുകയും ചെവിയൊട് ചേര്‍ത്ത് പരിശോധിക്കുകയും ചെയ്തു.

ആലീസ് അല്പനേരം ആലോചിച്ചിട്ടു പറഞ്ഞു ‘’ നാലാമത്തെ’‘

”തെറ്റ് രണ്ടു ദിവസത്തെ വ്യത്യാസം?” തൊപ്പിക്കാരന്‍ നെടുവീര്‍പ്പിട്ടു.”ഞാന്‍ നിന്നോടു പറഞ്ഞില്ലേ വെണ്ണ കൊണ്ടൊന്നും ഇതു നേരെയാവില്ലെന്ന്” അവന്‍ മുയലിനെ രൂക്ഷമായി നോക്കി.

”ഏറ്റവും നല്ല വെണ്ണയായിരുന്നു അത് ‘’ മുയല്‍ ശാന്തനായി പറഞ്ഞു.

”ശരി , പക്ഷെ നല്ല റൊട്ടിക്കഷണങ്ങളും വേണ്ടിയിരുന്നു.” തൊപ്പിക്കാരന്‍ പിറുപിറുത്തു.” നീയത് റൊട്ടി മുറിക്കുന്ന കത്തിയില്‍ പുരട്ടരുതായിരുന്നു’‘.

മുയല്‍ വാച്ചെടുത്ത് വിഷാദത്തോടെ നോക്കി. ചായക്കോപ്പയില്‍ മുക്കിയിട്ട് വീണ്ടും നോക്കി ”നിനക്കറിയാമോ , ഏറ്റവും നല്ല വെണ്ണയായിരുന്നു അത്!”

കൗതുകം തോന്നിയ ആലീസ് എത്തി നോക്കി ” എന്തൊരു വാച്ച്! വിചിത്രം തന്നെ! മാസത്തിലെ ഏതു ദിവസമാണെന്ന് അതില്‍ നിന്നറിയാം പക്ഷെ, സമയമറിയാന്‍ പറ്റില്ല”.

”എന്തിനറിയണം? ‘’ തൊപ്പിക്കാരന്‍ പിറുപിറുത്തു. ‘’ഏതു വര്‍ഷമാണെന്ന് നിന്റെ വാച്ചില്‍ നോക്കിയാല്‍ അറിയാമോ?’‘

‘’ തീര്‍ച്ചയായും ഇല്ല ‘’ ആലീസ് പറഞ്ഞു. ഏറെ നാളത്തേക്ക് വാച്ചില്‍ ഒരേ വര്‍ഷമായിരിക്കുമല്ലോ’. ‘ ‘’ അതു തന്നെയാണ് എന്റെ വാച്ചിന്റെ കാര്യത്തിലും ‘’ തൊപ്പിക്കാരന്.‍

ആലീസ് ശരിക്കും അമ്പരന്നു പോയി. തൊപ്പിക്കാരന്‍ പറഞ്ഞതില്‍ ഒരര്‍ത്ഥവുമില്ലെന്ന് അവള്‍ക്കു തോന്നി.

അതേ സമയം പറഞ്ഞത് ഇംഗ്ലീഷില്‍ തന്നെയായിരുന്നു താനും.”നീ പറയുന്നത് എനിക്കു തീരെ മനസിലാകുന്നില്ല ‘’ വളരെ മര്യാദയോടെ ആലീസ് പറഞ്ഞു.

” എലി വീണ്ടും ഉറക്കമായി ‘’ തൊപ്പിക്കാരന്‍ പറഞ്ഞു. അവന്‍ കുറച്ചു ചൂടു ചായ അതിന്റെ മൂക്കിലൊഴിച്ചു.

എലി അക്ഷമയോടെ തല കുടഞ്ഞ്, കണ്ണു തുറക്കാതെ തന്നെ പറഞ്ഞു ‘’ ഞാനും അതു പറയാന്‍ ഭാവിക്കുകയായിരുന്നു’‘

‘’ കടങ്കഥയുടെ ഉത്തരം നീ കണ്ടു പിടിച്ചോ?’‘ തൊപ്പിക്കാരന്‍ വീണ്ടും ആലീസിനു നേരെ തിരിഞ്ഞു.

” ഇല്ല , ഞാന്‍ തോറ്റു ” ആലീസ് പറഞ്ഞു ‘’ എന്താണ് ഉത്തരം?’ ‘ ‘’ ഒരു പിടിയുമില്ല ‘’ തൊപ്പിക്കാരന്‍ പറഞ്ഞു ‘’ എനിക്കുമറിഞ്ഞു കൂടാ’‘ മാര്‍ച്ച് മുയല്‍ .

മുഷിച്ചിലോടെ ആലീസ് നെടുവീര്‍പ്പിട്ടു.”ഉത്തരമറിയാത്ത കടങ്കഥകള്‍ ചോദിച്ച് സമയം കളയാതെ മറ്റെന്തെങ്കിലും ചെയ്തു കൂടെ?”

”സമയത്തെകുറിച്ച് എന്റെയത്ര അറിയാമായിരുന്നെങ്കില്‍ , സമയം പാഴാക്കുന്നതിനെകുറിച്ച് നീ പറയില്ലായിരുന്നു അത് അവനാണ് ” .

‘’ നിങ്ങള്‍ പറയുന്നത് എനിക്കു മനസിലാകുന്നില്ല ‘’

‘’ നിനക്ക് മനസിലാവില്ലെന്ന് ഉറപ്പാണ്’‘ അവജ്ഞയോടെ തലാട്ടിക്കൊണ്ട് തൊപ്പിക്കാരന്‍ പറഞ്ഞു ‘’ നീ കാലത്തോടെ സംസാരിച്ചിട്ടു പോലുമുണ്ടാവില്ല’‘

തുടരും…….

Generated from archived content: athbhutha12.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here