പന്നിയും കുരുമുളകും (തുടര്‍ച്ച)

‘ആലീസീനെ കണ്ടപ്പോള്‍ പൂച്ച പല്ലുകള്‍ വെളിയില്‍കാട്ടി ചിരിച്ചു. പ്രസന്നഭാവത്തിലാണെന്നു തോന്നുന്നു അത്. എങ്കിലും നീണ്ട നഖങ്ങളും വായ് നിറയെ പല്ലുകളുമുള്ളതിനാല്‍ ബഹുമാനത്തോടെ വേണം അതിനോടു സംസാരിക്കാനെന്ന് അവള്‍ തീരുമാനിച്ചു’.

‘’ ചെഷയര്‍ പുസ്,’‘ മടിച്ചു മടിച്ചു അവള്‍ പറഞ്ഞു തുടങ്ങി ;അതിനീ പേര്‍ ഇഷ്ടപെട്ടില്ലങ്കിലോ ?എന്നാല്‍, പൂച്ച് കുറച്ചുകൂടി നന്നായി ചിരിച്ചു ‘ കൊള്ളാം , അതിന് ഇഷ്ടമായെന്നു തോന്നുന്നു’ എന്ന ചിന്തയോടെ അവള്‍ തുടര്‍ന്നു : ‘’ ഇവിടെ നിന്ന് ഏതു വഴിയേയാണ് പോകേണ്ടതെന്ന് ദയവായി പറഞ്ഞു തരുമോ?’‘

” എങ്ങോട്ടാണ് നിനക്ക് പോകേണ്ടത് എന്നതിനെ ആശ്രയിച്ചിരിക്കും അത്’‘

‘’ എങ്ങോട്ടായാലും വേണ്ടില്ല’‘

‘’എങ്കില്‍ ഏതു വഴിയെ പോകണമെന്നതും പ്രശ്നമല്ല’‘ പൂച്ചപറഞ്ഞു.

‘’ എവിടെയെങ്കിലും എത്തിച്ചേരണമെന്നേയുള്ളു എനിക്ക് ‘’ ഒരു വിശദീകരണമെന്നോണം ആലീസ് കൂട്ടിച്ചേര്‍ത്തു.

”ഏറെ ദൂരം നടന്നാല്‍ , തീര്‍ച്ചയായും എവിടെയെങ്കിലും ചെന്നെത്തും’‘

ഈ പറഞ്ഞത് വാസ്തവമെന്ന് തോന്നിയതിനാല്‍ അവള്‍മറ്റൊരു ചോദ്യം തൊടുത്തു ‘’ഏതു തരം ആളുകളാണിവിടെ താമസിക്കുന്നത്?’‘

‘’ ആ ദിക്കില്‍ ‘’വലത്തെ കൈ ചൂണ്ടി പൂച്ച പറഞ്ഞു ‘’ തൊപ്പിയുണ്ടാക്കുന്ന ഒരളാണ് അവിടെയാണെങ്കില്‍ ‘’ മറ്റേ കൈ ചൂണ്ടീ അതു തുടര്‍ന്നു ‘’ ഒരു മാര്‍ച്ച് മുയലാണ് താമസം ഇഷ്ടമുള്ളവരെ സന്ദര്‍ശിച്ചോളു ; ഇരുവര്‍ക്കും ഭ്രാന്താണ്. ‘’

‘’ഭ്രാന്തന്മാരുടെ ഇടയിലേക്കു പോകാന്‍ ഞാനില്ല’‘

‘’എങ്കില്‍ നിവൃത്തിയില്ല ഇവിടെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭ്രാന്താണ് എനിക്കു ഭ്രാന്താണ്. നിനക്കും ഭ്രാന്താണ്. ‘’

‘’ എനിക്കു ഭ്രാന്തുണ്ടെന്നു നിനക്കെങ്ങിനെ അറിയാം? ‘’ ആലീസ് ചോദിച്ചു.

‘’ നിനക്കു ഭ്രാന്തുണ്ടെന്നു തീര്‍ച്ച അല്ലെങ്കില്‍ നീ ഇവിടെ വരില്ലായിരുന്നു.’‘

ഇപ്പറഞ്ഞത് അതേ പടി വിശ്വസിക്കാന്‍ ആലീസ് തയ്യാറായില്ല. ‘’

‘’ നിനക്കു എങ്ങനെ മനസിലായി?’‘

‘’അതായത് , ഒരു നായ ഭ്രാന്തനല്ല . നീ അതു സമ്മതിച്ചോ?’‘

‘’ ഞാനും അങ്ങനെ വിചാരിക്കുന്നു’‘

‘’കൊള്ളാം ,’‘ പൂച്ച തുടര്‍ന്നു : നായ്ക്ക് ദേഷ്യം വരുമ്പോള്‍ അത് മുരളുന്നു, സന്തോഷം വരുമ്പോള്‍ വാലാട്ടുന്നു. ഞാനാകട്ടെ സന്തോഷം വരുമ്പോള്‍ മുരളുന്നു, ദേഷ്യം വരുമ്പോള്‍ വാലാട്ടുന്നു. അതുകൊണ്ട് എനിക്കു ഭ്രാന്താണ്’‘

‘’ മുരള്‍ച്ചയെന്നല്ല , കുറുകുക എന്നാണ് ഞാനതിനെ വിളിക്കാറ്,’‘ആലീസ് പറഞ്ഞു.

‘’നിനക്കിഷ്ടമുള്ളത് വിളിച്ചോ’‘ പൂച്ച പറഞ്ഞു ‘’ ഇന്ന് നീ രാജ്ഞിയോടൊപ്പം ക്രോക്കേ കളിക്കുന്നുണ്ടോ?’‘

‘’രാജ്ഞിയോടൊത്ത് ക്രോക്കേ കളിക്കാന്‍ എനിക്കു വളരെ ഇഷ്ടമാണ് പക്ഷെ ഇതുവരെ എന്നെ ക്ഷണിച്ചിട്ടില്ല’‘

‘’ഞാനവിടെയുണ്ടാകും’‘ എന്നു പറഞ്ഞ് പൂച്ച അപ്രത്യക്ഷമായി.

ആലീസിന് ആശ്ചര്യം തോന്നിയില്ല. വിചിത്ര സംഭവങ്ങളുമായി അവള്‍ നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. പൂച്ച ഇരുന്നിരുന്ന സ്ഥലത്തേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കവേ , പെട്ടന്ന് അത് വീണ്ടും പ്രത്യക്ഷപ്പെട്ടു.

‘’ ബൈ- ദ – ബൈ , ആ കുട്ടിക്കെന്തു സംഭവിച്ചു ? ഞാനതു ചോദിക്കാന്‍ വിട്ടുപോയി,’‘ പൂച്ച പറഞ്ഞു.

‘’അത് ഒരു പന്നിയായി മാറി ,’‘ പൂച്ചയുടെ തിരോധാനവും പ്രത്യക്ഷപ്പെടലും വളരെ സ്വാഭാവികമായി കണക്കിലെടുത്തപോലെ ആലീസ് മറുപടി പറഞ്ഞു.

‘’ അങ്ങനെ സംഭവിച്ചിരിക്കുമെന്ന് എനിക്കും തോന്നി’‘ എന്നു പറഞ്ഞ് പൂച്ച വീണ്ടും മറഞ്ഞു.

അത് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന നേരിയ പ്രതീക്ഷയോടെ ആലീസ് അല്‍പ്പ നേരം കാത്തു നിന്നു. കാണാതായപ്പോള്‍ മാര്‍ച്ച് മുയല്‍ താമസിക്കുന്ന ഭാഗത്തേക്കു നടന്നു. ‘’ തൊപ്പിയുണ്ടാക്കുന്നവരെ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട് , ‘’ അവള്‍ പറഞ്ഞു ‘’ മാര്‍ച്ച് മുയലിനെ കാ‍ാണുന്നതായിരിക്കും കൂടുതല്‍ രസകരം. ഇതു മെയ്മാസമായതുകൊണ്ട് അത്ര ഭ്രാന്തനായിരിക്കില്ല എന്തായാലും മാര്‍ച്ചിലത്തെയത്ര ഭ്രാന്തുണ്ടാവില്ല’. അവള്‍ മുകളിലേക്ക് നോക്കിയപ്പോഴുണ്ട് , അതാ പൂച്ച ഒരു മരച്ചില്ലയില്‍ ഇരിക്കുന്നു.

‘’ നീ പിഗ് എന്നാണോ ഫിഗ് എന്നാണോ പറഞ്ഞത്? ‘’ പൂച്ച ചോദിച്ചു.

‘’പന്നി എന്നാണ് ഞാന്‍ പറഞ്ഞത് നീയിങ്ങനെ പെട്ടന്നു പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യരുത്. ശരിക്കും തല ചുറ്റുന്നു’‘ ആലീസ് പറഞ്ഞു.

‘’ശരി ,’‘ പൂച്ച സമ്മതിച്ചു ഇത്തവണ വളരെ സാവധാനമാണ് അത് മറഞ്ഞത് വാ‍ലില്‍ നിന്നും തുടങ്ങി , ഏറ്റവും ഒടുവിലാണ് ചിരിയിലെത്തിയത്. പൂച്ച മറഞ്ഞിട്ടും ചിരി കുറച്ചു നേരം കൂടി തെളിഞ്ഞു നിന്നു. ‘’ കൊള്ളാം ! ചിരിക്കാത്ത പൂച്ചയെ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. ‘’ആലീസ് വിചരിച്ചു ‘’പക്ഷെ പൂച്ചയില്ലാതെ ചിരി മാത്രം ! ഞാനിതു വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കൗതുകരമായ കാഴ്ച!’‘

ഏറെ ദൂരം പോകും മുന്‍പേ, അവള്‍ മാര്‍ച്ച് മുയലിന്റെ വീട്കണ്ടു. വീട് മാര്‍ച്ച് മുയലിന്റേതു തന്നെയെന്നു തീര്‍ച്ച. അതിന്റെ ചിമ്മിനികള്‍ ചെവിയുടെ ആകൃതിയിലായിരുന്നു. മേല്‍ക്കുര മേഞ്ഞിരിക്കുന്നതാകട്ടെ രോമപ്പുതപ്പുകൊണ്ടൂം! വളരെ വലിയ ഒരു വീട്. ഇടതു കയ്യിലിരുന്ന കൂണ്‍ കഷണം കുറച്ചു കൂടിത്തിന്ന് ഏകദേശം രണ്ട് അടിയോളം ഉയരം വര്‍ദ്ധിപ്പിച്ചിട്ടേ അവള്‍ അകത്തു കടക്കാന്‍ തയ്യാറായുള്ളു. എന്നിട്ടും ‘’അതിന് ഭ്രാന്തുപിടിച്ചിരി‍ക്കുകയാണെങ്കിലോ! തൊപ്പിക്കാരനെ കാണാന്‍ പോയാല്‍ മതിയായിരുന്നു ‘’ എന്നൊക്കെ പിറുപിറുത്ത് , ആശങ്കയോടെയാണ് അവള്‍ മുയലിന്റെ വീട്ടിലേക്ക് നടന്നത്.

Generated from archived content: athbhutha11.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here