മുയൽമാളത്തിലൂടെ താഴേക്ക്‌

പുഴക്കരയിൽ ചേച്ചിയുടെ അരികിൽ വെറുതെയിരുന്ന്‌ ആലീസിന്‌ മുഷിഞ്ഞു. ഒന്നുരണ്ടുതവണ അവൾ ചേച്ചി വായിച്ചുകൊണ്ടിരുന്ന പുസ്‌തകത്തിലേക്ക്‌ എത്തിനോക്കി. അതിൽ ചിത്രങ്ങളുമില്ല, സംഭാഷണങ്ങളുമില്ല. ‘ചിത്രങ്ങളോ സംഭാഷണങ്ങളോ ഇല്ലാത്ത പുസ്‌തകം എന്തിനുകൊള്ളാം.!’ ആലീസ്‌ വിചാരിച്ചു.

വല്ലാത്ത ചൂടുള്ള നിരുന്മേഷകരമായ ഒരു ദിവസമായിരുന്നു അത്‌. ഡെയ്‌സിപ്പൂക്കൾകൊണ്ട്‌ ഒരു മാല കെട്ടിയാലെന്താ എന്നു ചിന്തിച്ചു ആലീസ്‌. വളരെ രസമായിരിക്കും. നേരം കളയാൻ പറ്റിയ മാർഗം തന്നെ. എഴുന്നേറ്റ്‌ പൂ പറിക്കണമെന്ന്‌ വിചാരിക്കുമ്പോഴാണ്‌ അതുണ്ടായത്‌. പിങ്കുവർണത്തിലുള്ള കണ്ണുകളുള്ള ഒരു വെളുത്തമുയൽ അവളുടെ അരികിലൂടെ ഓടിപ്പോയി.

“ഓ, എന്റെ ദൈവമേ! ഞാൻ വല്ലാതെ വൈകിപ്പോയേക്കും!” ഓട്ടത്തിനിടയിൽ അത്‌ പിറുപിറുക്കുന്നുണ്ടായിരുന്നു. ആലീസിന്‌ ആശ്‌ചര്യമൊന്നും തോന്നിയില്ല. (പിന്നീട്‌ ചിന്തിച്ചപ്പോൾ താനതിൽ അത്ഭുതപ്പെടേണ്ടതായിരുന്നില്ലേയെന്ന്‌ അവൾക്കു തോന്നിയിരുന്നു. പക്ഷേ, അപ്പോൾ അതെല്ലാം വളരെ സ്വാഭാവികമായാണ്‌ തോന്നിയത്‌.)

മുയൽ തന്റെ കോട്ടിന്റെ കീശയിൽ നിന്നും വാച്ചെടുത്തു നോക്കി, ഓട്ടത്തിനു വേഗം കൂട്ടി അപ്പോഴാണ്‌, കോട്ടുധരിച്ചതോ, വാച്ചെടുത്ത്‌ സമയം നോക്കുന്നതോ ആയ മുയലിനെ താൻ കണ്ടിട്ടില്ലെന്ന കാര്യം ആലീസ്‌ ഓർമ്മിച്ചത്‌. ആകാംക്ഷ അടക്കാനാവാതെ അവൾ അതിനു പിന്നാലെ വച്ചുപിടിച്ചു. ഭൂമിക്കടിയിലേക്കുള്ള ഒരു മുയൽമാളത്തിലേക്ക്‌ അത്‌ കയറുന്ന സമയത്താണ്‌ അവൾ ഒപ്പമെത്തിയത്‌.

അടുത്ത നിമിഷം. ആലീസും അതിനു പിന്നാലെ മാളത്തിലേക്കു കേറി. എങ്ങനെ തിരിച്ചുവരാൻ കഴിയുമെന്നൊന്നും അപ്പോഴവൾ ചിന്തിച്ചതേയില്ല.

കുറേ ദൂരത്തോളം ഒരു തുരങ്കം പോലെയായിരുന്നു ആ മാളം. പൊടുന്നനെ അത്‌ കുത്തനെ താഴേയ്‌ക്കുള്ള ഒരു കുഴി പോലെയായി. നില്‌ക്കണമെന്നു വിചാരിക്കുംമുമ്പേ കിണറുപോലെ തോന്നിച്ച ആ കുഴിയിലേക്ക്‌ അവൾ വീണുപോയി.

കിണർ ഒരുപക്ഷേ, ഏറെ ആഴമുള്ളതായിരുന്നിരിക്കാം. അല്ലെങ്കിൽ അവൾ വീണുകൊണ്ടിരുന്നത്‌ വളരെ സാവധാനത്തിലായിരിക്കാം. എന്തായാലും, താഴോട്ടു പോകുന്നതിനിടെ ചുറ്റുപാടും ഒന്നു ശ്രദ്ധിക്കാൻ ആലീസിനു കഴിഞ്ഞു. എന്താണാവോ ഇനി സംഭവിക്കാനിരിക്കുന്നത്‌! താഴേക്കു നോക്കി, എങ്ങോട്ടാണ്‌ താൻ ചെല്ലുന്നതെന്നു മനസ്സിലാക്കാൻ അവൾ ശ്രമിച്ചു. ഇരുട്ടിൽ ഒന്നും കാണാനാവുന്നില്ല. അവൾ കിണറിന്റെ ഇരുവശങ്ങളിലേക്കും നോക്കി കുപ്പികളും മറ്റു സാമഗ്രികളും വയ്‌ക്കുന്ന അലമാരകൾകൊണ്ട്‌ അവിടം നിറഞ്ഞിരുന്നു. കൊളുത്തുകളിൽ ഭൂപടങ്ങളും ചിത്രങ്ങളും തൂക്കിയിട്ടുണ്ട്‌. വീണുകൊണ്ടിരിക്കേത്തന്നെ അലമാരയിൽ നിന്ന്‌ അവൾ ഒരു കുപ്പിയെടുത്തു. ‘ഓറഞ്ച്‌ ജാം’ എന്ന്‌ എഴുതിയിട്ടുണ്ടെങ്കിലും അതിൽ ഒന്നുമില്ലായിരുന്നു. അവൾക്കു നിരാശയായി എങ്കിലും താഴെയുള്ള ആർക്കെങ്കിലും അപകടം പിണഞ്ഞാലോ എന്നു കരുതി അവൾ കുപ്പി താഴേക്കിട്ടില്ല. പോകുന്ന വഴിയേ ഒരു അലമാരയിൽത്തന്നെ അത്‌ നിക്ഷേപിച്ചു.

“ഭാഗ്യം, ഒന്നും പറ്റിയില്ല. വീട്ടിലാണെങ്കിൽ, കോണിപ്പടി ഇറങ്ങുമ്പോഴും വീഴാറുണ്ട്‌. ഇതു വീട്ടിലറിഞ്ഞാൽ അവരെന്നെ പ്രശംസിച്ചേനേ, ഇനിയിപ്പോൾ വീടിനു മുകളിൽനിന്നു വീണാലും എനിക്കു പേടിയില്ല.”

താഴോട്ട്‌, താഴോട്ട്‌, താഴോട്ട്‌. ഈ വീഴ്‌ച ഒരിക്കലും അവസാനിക്കുന്നില്ലല്ലോ….?“ എത്ര മൈൽ ദൂരം ഞാൻ പോന്നിട്ടുണ്ടാകും?” അവൾ ഉറക്കെചോദിച്ചു. “ഭൂമിയുടെ കേന്ദ്രത്തിലായിരിക്കും ഞാൻ എത്തിച്ചേരുക. അത്‌ നാലായിരം മൈൽ ദൂരെയാണെന്ന്‌ തോന്നുന്നു. (ഇത്തരം പല കാര്യങ്ങളും ആലീസ്‌ പാഠപുസ്‌തകങ്ങളിൽനിന്നും പഠിച്ചിട്ടുണ്ടായിരുന്നു. ആരും കേൾക്കാനില്ലാത്തതുകൊണ്ട്‌ വിജ്ഞാനം പ്രകടിപ്പിച്ചിട്ട്‌ കാര്യമില്ലെങ്കിലും, പറഞ്ഞുപഠിക്കുന്നത്‌ നല്ലതുതന്നെയെന്ന്‌ അവൾ തീരുമാനിച്ചു) – അതെ, അതുതന്നെയാണ്‌ കൃത്യമായ ദൂരം എങ്കിലും എത്ര അക്ഷാംശത്തിലും രേഖാംശത്തിലുമാണാവോ ഞാനീപ്പോൾ!‘

(അക്ഷാംശവും രേഖാംശവും എന്താണെന്ന്‌ നേരിയ ധാരണപോലും ആലീസിനില്ലായിരുന്നു. പക്ഷേ, വളരെ മനോഹരമായ വാക്കുകളല്ലേ!)

ആലീസ്‌ വീണ്ടും പറഞ്ഞുതുടങ്ങി. ’ഭൂമിയുടെ മധ്യത്തിലൂടെ വീഴുകയോ! അത്ഭുതം! തലകീഴായി നടക്കുന്ന ആളുകളുടെയിടയിലേക്കു ചെല്ലുന്നത്‌ നല്ല തമാശയായിരിക്കും. ‘എനിക്കു തോന്നുന്നത്‌, ഈ ആന്റിപതീസ്‌’ (കേൾക്കാൻ ആരുമില്ലെന്നതിൽ ഇപ്പോഴവൾ സന്തോഷിച്ചു. അതല്ല ശരിയായ വാക്കെന്ന്‌ തോന്നി) – എങ്കിലും ഞാൻ അവരോട്‌ ഈ രാജ്യത്തിന്റെ പേര്‌ ചോദിക്കും. ‘പ്ലീസ്‌ മേഡം, ഇതാണോ ന്യൂസിലാൻഡ്‌? അതോ ഓസ്‌ട്രേലിയയോ?” (സംസാരിച്ചുകൊണ്ടിരിക്കേ, അഭിവാദ്യം ചെയ്യുമാറ്‌ വണങ്ങാനും അവൾ ശ്രമിച്ചു. – വായുവിലൂടെ താഴേക്കു വീണുകൊണ്ടിരിക്കേ, അഭിവാദ്യം ചെയ്യുക. ഒന്നു സങ്കല്‌പിച്ചുനോക്കൂ! നിങ്ങൾക്കു കഴിയുമോ?) പക്ഷേ, ഞാൻ ഒന്നുമറിയാത്ത ഒരു കൊച്ചുപെൺകുട്ടിയാണെന്ന്‌ അവർ വിചാരിച്ചേക്കും. വേണ്ട. അങ്ങനെ ചോദിക്കേണ്ട. അത്‌ ഇവിടെയെവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടാവും…’

താഴോട്ട്‌, താഴോട്ട്‌, താഴോട്ട്‌. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ആലീസ്‌ വീണ്ടും സംസാരിക്കാൻ തുടങ്ങി. ‘ഇന്നു രാത്രി ദിനായ്‌ക്ക്‌ എന്നെക്കൂടാതെ ഒറ്റയ്‌ക്കു കഴിയേണ്ടിവരും.’ (ആലീസിന്റെ പൂച്ചയാണ്‌ ദിനാ) ‘ ചായസമയത്ത്‌ അവൾക്ക്‌ പാൽകൊടുക്കാൻ അവർ മറക്കുമോ? ദിനാ, മൈ ഡിയർ, നീയും എന്നോടൊത്ത്‌ ഉണ്ടായിരുന്നെങ്കിൽ! വായുവിൽ എലികളൊന്നുമില്ല. പക്ഷേ, നിനക്കുവേണമെങ്കിൽ ഒരു വവ്വാലിനെ പിടിക്കാം. എലിയെപ്പോലെതന്നെയിരിക്കും ഈ വവ്വാലും. പൂച്ചകൾ വവ്വാലുകളെ തിന്നുമോ?’ ഇത്രയുമായപ്പോഴേക്കും ആലീസിന്‌ ഉറക്കം വരാൻ തുടങ്ങി. സ്വപ്‌നത്തിലെന്നതുപോലെ തന്നത്താൻ പറയാനും തുടങ്ങിഃ ‘പൂച്ചകൾ വവ്വാലുകളെ തിന്നുമോ’ ചിലപ്പോൾ ‘വവ്വാലുകൾ പൂച്ചകളെ തിന്നുമോ?’ ചോദ്യം എങ്ങനെയായാലും ഉത്തരമറിയാത്തതിനാൽ, ഏതു രീതിയിൽ ചോദിച്ചാലും വേണ്ടില്ലെന്ന്‌ വിചാരിച്ചുകാണും. അവൾ ഉറക്കത്തിലേക്കു വഴുതി വീണു. ദിനായുടെ കൈകോർത്തുപിടിച്ച്‌ നടക്കുന്നതായി സ്വപ്‌നം കാണാൻ തുടങ്ങുകയായിരുന്നു….. ‘സത്യം പറയൂ, ദിനാ, നീ എപ്പോഴെങ്കിലും ഒരു വവ്വാലിനെ തിന്നിട്ടുണ്ടോ?’ പെട്ടെന്ന്‌ തംപ്‌! തംപ്‌! ഉണങ്ങിയ ഇലകളുടെയും മരച്ചില്ലകളുടെയും ഒരു കൂമ്പാരത്തിലെത്തി ആലീസ്‌ നിന്നു.

ഇത്രയും താഴേക്കു വീണിട്ടും ആലീസിന്‌ മുറിവൊന്നും പറ്റിയില്ല. വേഗം തന്നെ ചാടിയെഴുന്നേറ്റ്‌ അവൾ മുകളിലേക്കു നോക്കി. ഇരുട്ടുമാത്രം. മുന്നിലെ നീണ്ടവഴിയും അതിലൂടെ ഓടുന്ന വെള്ളമുയലും അവളുടെ ദൃഷ്‌ടിയിൽ പെട്ടു. ഒരു നിമിഷംപോലും പാഴാക്കാനില്ല. കാറ്റുപോലെ ആലീസും പിന്നാലെ പാഞ്ഞു. ‘ഓ എന്റെ ചെവികളും മീശയും, എത്ര വൈകിപ്പോയി!’ ഒരു വളവുതിരിയവേ അത്‌ ഇങ്ങനെ പിറുപിറുത്തതുമാത്രം അവൾക്കു കേൾക്കാനായി. വളവുതിരിയുമ്പോൾ അത്‌ അവളുടെ തൊട്ടടുത്തുണ്ടായിരുന്നു. പെട്ടെന്നതിനെ കാണാതായി.

ഉയരം കുറഞ്ഞ, എന്നാൽ വിശാലമായ ഒരു ഹാളിലാണ്‌ ആലീസ്‌ ചെന്നെത്തിയത്‌. മേൽക്കൂരയിൽനിന്ന്‌ തൂക്കിയിട്ടിരിക്കുന്ന വിളക്കുകൾ അവിടെ പ്രകാശം ചൊരിയുന്നുണ്ട്‌. ഹാളിനുചുറ്റും വാതിലുകളുണ്ടായിരുന്നു. അവയെല്ലാം പൂട്ടിയിരിക്കുകയാണെന്നു മാത്രം. ഓരോ വാതിലും തുറക്കാൻ ശ്രമിച്ചു. നിരാശയായി ആലീസ്‌ ഹാളിന്റെ മധ്യത്തിലേക്കു നടന്നു. ഇവിടെ നിന്നിനി പുറത്തുകടക്കാനാകുമോ?

Generated from archived content: athbhutha1.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English