‘’ ഞാന്‍ ഇവിടെയുണ്ട്’‘ ആലീസ് ഉറക്കെ വിളിച്ചു പറഞ്ഞു. വലിപ്പം വച്ചിരിക്കുന്ന കാര്യമൊക്കെ മറന്ന് ആലീസ് പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു. ഇതിനിടെ അവളുടെ പാവാടത്തുമ്പ് തട്ടി ജൂറിബോക്സ് മറിഞ്ഞു വീണു. ചുറ്റും കൂടിയിരുന്നവരുടെ തലക്കു മുകളിലേക്കാണ് ബഹുമാനപ്പെട്ട ജൂറിയംഗങ്ങള്‍ വീണത്. അവരവിടെക്കിടന്ന് പിടയുകയും മറിയുകയും ചെയ്തു കൊണ്ടിരുന്നു. ഒരാഴ്ച മുമ്പ് താന്‍ അറിയാതെ തട്ടിമറിച്ച ഫിഷ് ടാങ്കിലെ സ്വര്‍ണ്ണമത്സ്യങ്ങളെ അപ്പോള്‍ ആലീസ് ഓര്‍മ്മിച്ചു.
‘’ ഓ , ഞാന്‍ മാപ്പ് ചോദിക്കുന്നു!’‘
ആകുലതയോടെ അവള്‍ പറഞ്ഞു. കഴിയുന്നത്ര വേഗം അവരെയെല്ലാം വാരിയെടുത്ത് ജൂറിബോക്സിലേക്കിട്ടു. തകര്‍ന്ന ഫിഷ് ടാങ്കിലെ സ്വര്‍ണ്ണ മത്സ്യങ്ങള്‍ നിലത്തു കിടന്നു പിടഞ്ഞിരുന്നതാണ് അപ്പോള്‍ അവളുടെ മനസില്‍ തെളിഞ്ഞു നിന്നിരുന്നത്. ഉടനെ അവരെ വാരിയെടുത്തില്ലെങ്കില്‍ ചത്തുപോയാലോ!
‘’ വിചാരണ തുടരാനാവില്ല’‘ രാജാവ് പറഞ്ഞു. ’‘ ജൂറിയംഗങ്ങളെല്ലാം അവരവരുടെ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിക്കാതെ വിചാരണ തുടരാന്‍ കഴിയില്ല’‘ രാജാവ് ആലീസിനെ തറപ്പിച്ചു നോക്കുകയും ചെയ്തു. അവള്‍ ജൂറി ബോക്സിലേക്കു നോക്കി. അന്നേരത്തെ പരിഭ്രമത്തില്‍ അവള്‍ പല്ലിയെ തലകീഴായാണ് വച്ചിരുന്നത്. അനങ്ങാന്‍ കഴിയാതെ അത് നിസ്സഹായതയോടെ വാലനക്കിക്കൊണ്ടിരിക്കുകയാണ്. അവള്‍ വേഗം അതിനെ നേരെ വച്ചു.
തട്ടിമറിഞ്ഞു വീണതിന്റെ നടുക്കത്തില്‍ നിന്നു മുക്തരാകുകയും ,തങ്ങളുടെ സ്ലേറ്റുകളും പെന്‍സിലുകളും തിരികെ കിട്ടുകയും ചെയ്തതോടെ ജൂറിയംഗങ്ങള്‍ ഉത്സാഹത്തോടെ അപകടത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി. പല്ലി മാത്രം എന്തു ചെയ്യണമെന്നറിയാതെ മേല്‍ക്കൂരയിലേക്കു നോക്കി വായും പൊളിച്ച് ഇരുന്നു.
‘’ ഈ പ്രശ്നത്തെക്കുറിച്ച് നിനക്ക് എന്തറിയാം? രാജാവ് ചോദിച്ചു.
‘’ ഒന്നുമറിയില്ല’‘ ആലീസ്.
‘’ ഒന്നും അറിയില്ലേ?’‘
‘’ ഇതു സംബന്ധിച്ച് ഒന്നുമറിയില്ല’‘
‘’ അത് വളരെ പ്രധാനമാണ്’‘ ജൂറിയംഗങ്ങളുടെ നേരെ തിരിഞ്ഞ് രാജാവ് പറഞ്ഞു . അവര്‍ അത് സ്ലേറ്റില്‍ എഴുതാന്‍ തുടങ്ങിയതാണ്. അപ്പോഴേക്കും വെള്ളമുയല്‍ ഇടപെട്ടു. ‘’അപ്രധാനം എന്നാണ് തിരുമനസ്സ് ഉദ്ദേശിച്ചതെന്ന് തീര്‍ച്ച്’‘ ബഹുമാനത്തോടെയാണ് പറഞ്ഞതെങ്കിലും , അവന്‍ നെറ്റി ചുളിച്ചത് പലരും ശ്രദ്ധിച്ചു.
‘’ അതെയതെ, അപ്രധാനമെന്നു തന്നെയാണ് ഞാന്‍ പറഞ്ഞത്’‘ രാജാവ് ബദ്ധപ്പെട്ട് പറഞ്ഞു ‘’ പ്രധാന- അപ്രധാന , പ്രധാനം- അപ്രധാനം ‘’ ഏതു വാക്കാണ് നല്ലതെന്ന് പരീക്ഷിക്കുന്നതുപോലെ താഴ്ന്ന ശബ്ദത്തില്‍ അവന്‍ സ്വയം ഉരുവിട്ടുകൊണ്ടിരുന്നു.
ജൂറിയംഗങ്ങളില്‍ ചിലര്‍ ‘ പ്രധാനം’ എന്നെഴുതി ചിലര്‍ ‘അപ്രധാനം’ എന്നും. തൊട്ടടുത്തു നിന്ന ആലീസിന് അത് കാണാമായിരുന്നു. ‘’ ഓ ഇതിലെന്നും വലിയ കാര്യമില്ല’‘ അവള്‍ വിചാരിച്ചു.
നോട്ടുപുസ്തകത്തില്‍ ധൃതിയിലെന്തോ കുത്തിക്കുറിക്കുകയായിരുന്നു രാജാവ്. അടുത്ത നിമിഷം അദ്ദേഹം ശബ്ദമുയര്‍ത്തി പറഞ്ഞു.
‘’ നിശബ്ദം !’‘ എന്നിട്ട് പുസ്തകം നോക്കി വായിച്ചു ‘’ നിയമം നാല്‍പ്പത്തിരണ്ട് ഒരു മൈലില്‍ കൂടുതലുയരമുള്ള വ്യക്തികള്‍ കോടതി വിട്ടു പോകണം ‘’
എല്ലാവരും ആലീസിനെ നോക്കി.
‘’ എനിക്ക് ഒരു മൈല്‍ ഉയരമില്ല’‘ ആലീസ് പറഞ്ഞു.
‘’ നിനക്ക് ഒരു മൈല്‍ ഉയരമുണ്ട്’‘രാജാവ് പറഞ്ഞു.
‘’ രണ്ടു മൈലോളമുയരമുണ്ട്’‘ രാജ്ഞി കൂട്ടിച്ചേര്‍ത്തു.
‘’ എന്തായാലും ഞാന്‍ പോകില്ല’‘ ആലീസ് പറഞ്ഞു. ‘’ പോരാത്തതിന്, നിലവിലുള്ള നിയമമല്ല ഇത്. ഇപ്പോള്‍ തന്നെ കണ്ടുപിടിച്ചതല്ലേ’‘
‘’പുസ്തകത്തിലെ ആദ്യത്തെ നിയമമാണത്’‘ രാജാവ് പറഞ്ഞു.
‘’ എങ്കിലത് ഒന്നാമത്തെ നിയമമാവേണ്ടിയിരുന്നു’‘ ആലീസ് ചൂണ്ടിക്കാട്ടി.
രാജാവ് ശരിക്കും വിളറിപ്പോയി. അവന്‍ തിടുക്കത്തില്‍ പുസ്തകമടച്ചു വച്ചു. വിറയ്ക്കുന്ന ശബ്ദത്തില്‍ പതുക്കെ ജൂറിയോട് ആവശ്യപ്പെട്ടു: ‘’ വിധി പ്രസ്താവിക്കു’‘
‘’ തിരുമനസ്സ് ക്ഷമിച്ചാലും. ഇനിയും തെളിവുകള്‍ അവതരിപ്പിക്കാനുണ്ട്’‘ വെള്ളമുയല്‍ ചാടിയെഴുന്നേറ്റു. ”ഇപ്പോള്‍ കിട്ടിയതാണ് ഈ കടലാസ്’‘
‘’ എന്താണതിലെഴുതിയിരിക്കുന്നത് ? രാജ്ഞി ചോദിച്ചു.
‘’ഇതുവരെ ഞാനതു തുറന്നിട്ടില്ല ‘’ മുയല്‍ പറഞ്ഞു. ‘’ ഇതൊരു കത്താണെന്നു തോന്നുന്നു. തടവുകാരന്‍ മറ്റാര്‍ക്കോ എഴുതിയതാവാം’‘
‘’ അത് സാധാരണ കത്തല്ല’‘ രാജാവ് അഭിപ്രായപ്പെട്ടു ‘’ അല്ലെങ്കില്‍ അത് ആരുടെയെങ്കിലും പേര്‍ക്ക് എഴുതിയതാകാമായിരുന്നു’‘
‘’ആര്‍ക്കാണത് അയച്ചിരിക്കുന്നത്?’‘ ജൂറിയംഗങ്ങളിലൊരാള്‍ ചോദിച്ചു.
‘’ വാസ്തവത്തില്‍ ഇതിന്റെ പുറത്ത് ഒന്നും എഴുതിയിട്ടില്ല’‘ കടലാസ് നിവര്‍ത്തി, മുയല്‍ കൂട്ടിച്ചേര്‍ത്തു. ‘’ ഇതൊരു കത്തല്ല കുറച്ച് പദ്യങ്ങളാണ്’‘
‘’ തടവുകാരന്റെ കൈപ്പടയിലാണോ അവ? ‘’ മറ്റൊരു ജൂറിയംഗം ചോദിച്ചു.
‘’ അല്ല ‘’ മുയല്‍ പറഞ്ഞു ‘’ അതാണ് ഏറ്റവും വിചിത്രമായ സംഗതി’‘( ജൂറിയംഗങ്ങളെല്ലാം അമ്പരന്നതുപോലെ തോന്നിച്ചു)
‘’ അവന്‍ മറ്റാരുടെയെങ്കിലും കയ്യക്ഷരം അനുകരിച്ചാവും’‘ രാജാവ് പറഞ്ഞു ( ജൂറിയംഗങ്ങള്‍ വീണ്ടും ഉഷാറിലായി)
‘’ ദയവുണ്ടാകണം തിരുമനസ്സേ’‘ ഗുലാന്‍ ബോധിപ്പിച്ചു ‘’ അത് ഞാന്‍ എഴുതിയതല്ല ആ കത്ത് ഞാന്‍ എഴുതിയതാണെന്ന് അവര്‍ക്ക് തെളിയിക്കാനുമാവില്ല. കത്തിന്റെ അവസാനം പേര്‍ എഴുതിയിട്ടില്ല’‘
‘’നീയതില്‍ ഒപ്പിട്ടിട്ടില്ലെങ്കില്‍’‘ രാജാവ് പറഞ്ഞു. ‘’ പ്രശ്നം കൂടുതല്‍ വഷളായതേയുള്ളു നീയതില്‍ എന്തോ കൃത്രിമം കാട്ടാന്‍ വിചാരിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ സത്യസന്ധതയോടെ നീയതില്‍ നിന്റെ പേര്‍ എഴുതുമായിരുന്നു’‘
പൊടുന്നനെ കോടതിയില്‍ കയ്യടിയുയര്‍ന്നു. അന്ന് രാജാവ് ആദ്യമായി പറഞ്ഞ ബുദ്ധിപൂര്‍വമായ അഭിപ്രായമായിരുന്നു അത് .
Generated from archived content: atbhutha25.html Author: lewis_carroll