കുമിളകൾകൊണ്ടൊരു കൊട്ടാരം

“പാളച്ചെവിയനെ പോലീസുകാര്‌ വിട്ടു. അവനിപ്പം പൊറത്തിറങ്ങാറില്ലത്രേ…”

വൈകീട്ട്‌ കളിക്കാൻ വന്ന കൂട്ടുകാർ പറഞ്ഞു. ഈശ്വർദാസ്‌ ഒന്നും മിണ്ടിയില്ല. അവൻ തലയിൽ ഒരു വട്ടക്കെട്ടുമായി അവരുടെ കളി കണ്ടുകൊണ്ടിരുന്നു.

ഈശ്വർദാസ്‌ കളളനല്ലെന്ന്‌ എല്ലാവർക്കും മനസ്സിലായി. അതോടെ അവനോടുളള ഇഷ്‌ടവും ബഹുമാനവും എല്ലാവർക്കും കൂടി. അവനെ അകാരണമായി തല്ലിയതിൽ എല്ലാവർക്കും ഖേദം തോന്നി.

വായനശാലാപ്രവർത്തകർ നാണിയമ്മയുടെ വീട്ടിൽ വന്നു. ഈശ്വരനെ പിന്നെയും ക്ഷണിച്ചു. “ഈശ്വരാ മാജിക്‌ നമുക്ക്‌ കലക്കണം..”

അവൻ സമ്മതിച്ചു.

“നിന്റെ നെറ്റിയിലെ മുറിവ്‌ കരിഞ്ഞോ…” ഒരാൾ അവന്റെ തലയിൽ പിടിച്ചുനോക്കി. അവൻ തലകുലുക്കി.

“വാ നമുക്ക്‌ ആശുപത്രീ പോകാം. അവർ വന്ന ഓട്ടോയിൽ കയറ്റി അവനെ ആശുപത്രിയിൽ കൊണ്ടുപോയി. തിരിച്ചു വന്നപ്പോൾ അവന്റെ നെറ്റിയിൽ കുരിശാകൃതിയിൽ പ്ലാസ്‌റ്റർ ഒട്ടിച്ചിട്ടുണ്ടായിരുന്നു.

വായനാശാല വാർഷികത്തിന്റെ ദിവസം വന്നു. വായനശാലയും പരിസരവും കമനീയമായി അലങ്കരിച്ചിരുന്നു. മുഷിഞ്ഞുപോയ കുപ്പായങ്ങൾ അലക്കിയെടുത്ത്‌ ഈശ്വർദാസ്‌ മാജികിന്‌ തയ്യാറായി. ഉച്ചകഴിഞ്ഞ്‌ മാജിക്ക്‌ ആരംഭിച്ചു. അവന്റെ നെറ്റിയിൽ അപ്പോഴും പ്ലാസ്‌റ്റർ ഒട്ടിച്ചിട്ടുണ്ടായിരുന്നു. പാളച്ചെവിയനെ ആ പരിസരത്തെങ്ങും കണ്ടതേയില്ല.

പുതിയ പുതിയ ഇനങ്ങളോടെ വിസ്‌മയങ്ങളുടെ ലോകം തീർത്ത്‌ അവൻ എല്ലാവരുടേയും കൈയടി വാങ്ങി. മാജിക്‌ അവസാനിച്ചപ്പോൾ വായനശാലാപ്രവർത്തകർ ഒരു കൊച്ചു കവർ അവനു സമ്മാനമായി കൊടുത്തു. നാണിയമ്മ ഏറ്റവും മുന്നിലിരുന്ന്‌ അവന്റെ മാജിക്‌ കാണുന്നുണ്ടായിരുന്നു.

മാജിക്‌ കഴിഞ്ഞപ്പോൾ കൂട്ടുകാരെല്ലാവരും ചുറ്റുംകൂടി. അവർ അവന്റെ കുപ്പായത്തിൽ പിടിച്ചുവലിച്ചു. ആരോ അവന്റെ തൊപ്പിയെടുത്ത്‌ സ്വന്തം തലയിൽ വച്ചു. അവൻ അവർക്കെല്ലാം നേരത്തെ വാങ്ങിവച്ച മിഠായികൾ കൊടുത്തു. ഈ വേഷത്തിൽതന്നെ വീട്ടിൽ പോയാമതി. കൂട്ടുകാർ നിർബന്ധിച്ചു. അവൻ സമ്മതിച്ചു. പക്ഷേ, ഒരു കണ്ടീഷൻ.

”എന്താ അത്‌………..“

”നമുക്കാദ്യം പാളച്ചെവിയന്റെ വീട്ടിൽ പോകണം……….“

”അതെന്തിനാ……………?

“അവനെയൊന്ന്‌ കാണാൻ…………..”

“വേണ്ട, അവൻ ചീത്തയാ……………”

“ആയ്‌ക്കോട്ടെ, എന്നാലും പോണം. നിങ്ങൾ വരണം കൂടെ, എനിക്ക്‌ വീടറിയില്ല…..”

അവർ സമ്മതിച്ചു. മാജിക്‌ നടത്തിയ വേഷത്തിൽ തന്നെ ഈശ്വർദാസ്‌ പുറപ്പെട്ടു. കൂടെ കൂട്ടുകാരും പിറകെ നാണിയമ്മയും.

പാളചെവിയൻ വീടിന്റെ അകത്ത്‌ ഒളിച്ചിരിക്കുകയായിരുന്നു. ഈശ്വർദാസ്‌ മുറ്റത്തുനിന്ന്‌ വിളിച്ചു.

അവന്റെ അമ്മയും അവനുംകൂടി ഇറങ്ങിവന്നു. അവനാകെ പേടിച്ച മട്ടിലാണ്‌.

“എന്താ മാജിക്‌ കാണാൻ വരാത്തത്‌………….” ഈശ്വർദാസ്‌ ചോദിച്ചു.

അവൻ തലതാഴ്‌ത്തി. ഈശ്വർദാസ്‌ കുറെ മിഠായിയെടുത്ത്‌ അവന്റെ കൈയ്യിൽ വച്ചുകൊടുത്തു.

“നാരായണാ എനിക്ക്‌ നിന്നോടൊട്ടും ദേഷ്യല്ലാട്ടോ. നീ നല്ലയാളായിട്ട്‌ ഇനി ജിവിക്കണം.”

പാളച്ചെവിയൻ മുഖം പൊത്തി കരയാൻ തുടങ്ങി.

“കരയണ്ട നാരായണാ… ഞാൻ യാത്രപറയാനാ വന്നത്‌. ഞാനിന്നു പോകും. നമുക്കെന്നെങ്കിലും കാണാം……….”

ഈശ്വർദാസ്‌ അവന്റെ പുറത്തുതട്ടി. അവിടുന്നിറങ്ങി. എല്ലാവരുംകൂടി അവിടന്നു പോന്നു. പടികടന്നപ്പോൾ തന്നെ കൂട്ടുകാരെല്ലാവരും ചോദിച്ചു.

“എങ്ങോട്ട്‌ പോവുംന്നാ പാളച്ചെവിയനോട്‌ പറഞ്ഞത്‌………..?”

“വീട്ടിൽ ചെല്ലട്ടെ പറയാം…” ഈശ്വർദാസ്‌ പറഞ്ഞു.

വീട്ടിൽ ചെന്നപ്പോൾ തന്നെ ഈശ്വർദാസ്‌ മാജിക്‌ഷോയ്‌ക്ക്‌ ഇട്ടിരുന്ന കുപ്പായങ്ങളും തൊപ്പിയും അഴിച്ച്‌​‍്‌ ബാഗിൽ മടക്കി വെച്ചു. പകരം പഴയ കാക്കി പാന്റ്‌സും ഷർട്ടും ധരിച്ചു. കൂട്ടുകാരെല്ലാവരും ആകാംക്ഷയോടെ നോക്കിനില്‌ക്കുകയാണ്‌.

“എങ്ങോട്ടാ മോനെ പോണത്‌…….” നാണിയമ്മ ചോദിച്ചു.

“ഞാൻ വന്നിടത്തേക്ക്‌ തന്നെ പോവ്വാ നാണിയമ്മേ…….”

“മാജിക്ക്‌കാരൻ പോവണ്ട, പോവണ്ട…….” എല്ലാവരും വിളിച്ചു പറഞ്ഞു.

“അല്ല പോണം………” അവൻ പറഞ്ഞു.

“പോവാതിരുന്നാൽ മറ്റുള്ളവർക്കൊക്കെ ആരാ മാജിക്ക്‌ കാണിച്ചുകൊടുക്കുക………”

“നാണിയമ്മ ഒറ്റക്കാവില്ലെ മോനേ……….?” നാണിയമ്മ ചോദിച്ചു.

“ഇല്ലല്ലോ നാണിയമ്മേ….. എന്റെ പൂന്തോട്ടത്തിനെന്നും വെള്ളമൊഴിക്കണം. ഇതിൽ പൂക്കളുണ്ടാവുമ്പോൾ നാണിയമ്മ എന്നെ ഓർക്കണം. പിന്നെ നാണിയമ്മയ്‌ക്കിവരെല്ലാവരും ഇല്ലേ. ഞാൻ പോവാതിരുന്നാൽ മറ്റുള്ളവരെങ്ങനെയാ മാജിക്ക്‌​‍്‌ കാണുക”

നാണിയമ്മ ഒന്നും മിണ്ടിയില്ല.

ഈശ്വർദാസ്‌ ബാഗിൽ നിന്ന്‌ ഒരു പൊതിയെടുത്തു. ഒരു മുണ്ടും നേര്യതും. അതവൻ നാണിയമ്മയുടെ കൈകളിൽ വച്ചുകൊടുത്തു. നാണിയമ്മ അതു വാങ്ങി. അവരുടെ കൈകൾ മെല്ലെ ഉയർന്നു. അവന്റെ നെറ്റിയിലെ മുറിവിൽ തലോടിക്കൊണ്ടവർ അവന്റെ നിറുകയിൽ കൈപ്പത്തി വെച്ചു.

നന്നായി വരും ന്റെ കുട്ടിക്ക്‌.

ഈശ്വർദാസ്‌ ബാഗുമെടുത്തിറങ്ങി. നിഷയുടെ കൊച്ചനിയന്റെ തലയിൽ അവൻ ഒരു കൊച്ചു തൊപ്പി വച്ചുകൊടുത്തു. അവൻ ഈശ്വർദാസിന്‌ ഷേക്‌ഹാൻഡ്‌ കൊടുത്തു. കൂട്ടംകൂടി നിന്ന കുട്ടികൾ വഴിമാറിക്കൊടുത്തു. പടിവാതില്‌ക്കലോളം എത്തിയിട്ട്‌ അവൻ അവർക്കു നേരെ കൈയുയർത്തി വീശി. അവരും. പിന്നെ അവൻ പോക്കറ്റിൽ നിന്ന്‌ ഒരു കുഴലെടുത്ത്‌ ഊതാൻ തുടങ്ങി. അതിൽ നിന്ന്‌ കുമിളകൾ പുറത്തു വന്നു. വർണ്ണനിറമുള്ള കുമിളകൾ അവനു ചുറ്റും പറന്നുനടന്നു. പിന്നെ പിന്നെ കുമിളകളുടെ എണ്ണം പെരുകി. കുമിളകളുടെ കൊട്ടാരംതന്നെ രൂപപ്പെട്ടു. കുമിളകളുടെ മായാജാലക്കാഴ്‌ചകൾക്കിടയിലൂടെ ഈശ്വർദാസ്‌ നടന്നുനീങ്ങി. അപ്പോഴും പിന്നിൽ നിന്ന്‌ കൂട്ടുകാർ അവനു റ്റാറ്റാ പറഞ്ഞുകൊണ്ടേയിരുന്നു.

(അവസാനിച്ചു)

Generated from archived content: kumilakal8.html Author: krishnakumar_marar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English