ഏഴ്‌

പിറ്റേന്ന്‌ മുഴുവൻ ഈശ്വർദാസ്‌ പനിപിടിച്ചു കിടന്നു. നാണിയമ്മ അവന്‌ തുളസിയിലയും കരുപ്പെട്ടിചക്കരയും ഇട്ട്‌ തിളപ്പിച്ച കാപ്പിയുണ്ടാക്കിക്കൊടുത്തു. വൈകുന്നേരമായപ്പോഴേക്കും നെറ്റിയിലെ മുറിവ്‌ പഴുക്കാൻ തുടങ്ങി. അവനന്ന്‌ പായിൽ നിന്നെഴുന്നേറ്റതേയില്ല.

വൈകുന്നേരം നാണിയമ്മ അങ്ങാടിയിൽ പോയപ്പോൾ കടക്കാരൻ ചോദിച്ചുഃ

“നിങ്ങളാ ചെക്കനെ പറഞ്ഞുവിട്ടില്ലേ നാണിയമ്മേ…?”

“ഇല്ല. അവൻ പനിച്ചു കെടക്ക്വാ..”

“എന്തിനാ ഇനീം അവനെ അവിടെ താമസിപ്പിക്കുന്നത്‌. ഇറക്കി വിട്‌. അല്ലെങ്കിൽ നിങ്ങക്കാ ദോഷം.. ” കടക്കാരൻ പറഞ്ഞു.

“അതിനവനൊന്ന്വല്ല അത്‌ ചെയ്‌തത്‌ വേറെയാരാണ്ടാ..”

“വേറെ ആര്‌ ചെയ്യാൻ. അവൻ തന്ന്യാ.”

മറുപടി പറയാതെ നാണിയമ്മ തിരികെ പോന്നു.

പിറ്റേന്നത്തേക്ക്‌ ഈശ്വരന്റെ പനി കുറച്ച്‌ കുറഞ്ഞു. അവന്‌ എഴുന്നേറ്റിരിക്കാമെന്നായി. നാണിയമ്മ കൊടുത്ത പൊടിയരിക്കഞ്ഞി അവൻ കുടിച്ചു. മുറ്റത്താകെ അലങ്കോലമായിക്കിടക്കുന്ന പൂന്തോട്ടം കണ്ടപ്പോൾ അവന്റെ മനസ്സ്‌ നൊന്തു. എത്ര കഷ്‌ടപ്പെട്ടുണ്ടാക്കിയതാണ്‌.

മാജിക്‌ ഷോക്ക്‌ വേണ്ടി ഇടാൻ മേടിച്ച പുതിയ കുപ്പായങ്ങൾ എല്ലാം മുഷിഞ്ഞുപോയിരുന്നു. അവനതെടുത്തുവച്ച്‌ നോക്കി. അവന്റെ ഓർമ്മകൾ അച്‌ഛനും അവനുംകൂടി മാജിക്‌ അവതരിപ്പിച്ചിരുന്ന കാലത്തേക്കു പോയി. അച്‌ഛനും ഉണ്ടായിരുന്നു ഇത്രേം ഭംഗിയുളള വസ്‌ത്രങ്ങൾ. നല്ല പൊക്കമുണ്ടായിരുന്നു അച്‌ഛന്‌. മാജിക്‌ കഴിഞ്ഞാൽ അവനും അച്ഛനുംകൂടി ഹോട്ടലിൽ കയറി വയർനിറയെ പലഹാരങ്ങൾ തിന്നുമായിരുന്നു. കൂടെ അമ്മയ്‌ക്കുമുളള ഭക്ഷണസാധനങ്ങൾ അവർ പൊതിഞ്ഞു കൊണ്ടുപോകും. വീട്ടിൽവെച്ച്‌ മാജിക്കിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കുമ്പോൾ അമ്മ നോക്കിയിരിക്കും. ഒരിക്കലും അച്‌ഛൻ അവനെ ഉപദ്രവിച്ചിരുന്നില്ല. തെറ്റുകൾ പറഞ്ഞു മനസ്സിലാക്കും. ആദ്യം അച്‌ഛൻ പോയി, പിന്നെ അമ്മേം.. ഇപ്പോൾ ആർക്കും ഇടിക്കാനും തല്ലാനും പറ്റിയ ഒരു കുട്ടിയായി ഈശ്വർദാസ്‌! അവന്റെ കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി. നെറ്റിയിലെ മുറിവുകൾ പഴുക്കാൻ തുടങ്ങി. അവനു തല നന്നായി വേദനിച്ചു.

അവൻ മെല്ലെ മുറ്റത്തിറങ്ങി പൂന്തോട്ടത്തിൽ ചതഞ്ഞരഞ്ഞു കിടന്ന ഒരു ചെടിയെടുത്തു. “ഒടുക്കം നീയും എന്നെപ്പോലെയായി അല്ലേ.” അവൻ ചോദിച്ചു.

വൈകുന്നേരം ആരും കളിക്കാൻ വന്നില്ല. കളിക്കളം ശൂന്യമായിക്കിടന്നു.

നാണിയമ്മ ചൂടുവെളളമുണ്ടാക്കി അവന്റെ നെറ്റിയിലെ മുറിവ്‌ കഴുകിക്കെട്ടി. അവനല്‌പം ആശ്വാസം തോന്നി.

ശ്രീനാഥിന്റെ അച്‌ഛൻ വായനശാല കമ്മിറ്റിയംഗമാണ്‌. ഈശ്വർദാസ്‌ മാല കട്ടുവെന്ന വിവരം നാടാകെ പരന്നു. അതുകൊണ്ട്‌ അവന്റെ മാജിക്‌ ഷോ അവിടെ അവർ വേണ്ടെന്നുവെച്ചു.

രാത്രിയിൽ അവരുടെ വീട്ടുകാർ നാണിയമ്മയോട്‌ വിളിച്ച്‌ ഈ വിവരം പറഞ്ഞു. കഞ്ഞികുടി കഴിഞ്ഞപ്പോൾ നാണിയമ്മ ഈ വിവരം അവനോട്‌ പറഞ്ഞു. “മോനേ, നിന്റെ മാജിക്‌ വായനശാലക്കാർ വേണ്ടെന്നു വെച്ചു.”

അവൻ തലയിളക്കി. രാത്രി അവനു തല നന്നായി വേദനിച്ചു.

പിറ്റേന്നു രാവിലെ അവൻ ഉണർന്നു. ഒരു തോർത്തെടുത്ത്‌ നെറ്റിയിലെ മുറിവിന്‌ വട്ടംകെട്ടി. പൂന്തോട്ടത്തിലേക്കിറങ്ങി. ചെടിച്ചട്ടികൾ നേരെ വച്ചു. ചെടികളെല്ലാം വീണ്ടും നട്ടു. പുതിയ കുഴിയെടുത്ത്‌ ചാരവും ചാണകവും വളമായിട്ടു.

നാണിയമ്മ വേണ്ടെന്നു പറഞ്ഞിട്ടും ഈശ്വർദാസടങ്ങിയിരുന്നില്ല. ഉച്ചവരെ അവൻ പണിയെടുത്തു വിയർത്തുകുളിച്ചു. കഞ്ഞികുടി കഴിഞ്ഞു. അവൻ കീറിയ ബാഗ്‌ തട്ടിക്കുടഞ്ഞെടുത്തു. അതിൽ തുണികളൊക്കെ അടുക്കി വെച്ചു.

“നീ എന്താ ചെയ്യുന്നത്‌..” നാണിയമ്മ ചോദിച്ചു.

“ഞാൻ പോവ്വാ നാണിയമ്മേ..”

“എങ്ങോട്ട്‌..?”

“എങ്ങോട്ടെങ്കിലും. ഞാനിവിടെ നിന്നാ നാണിയമ്മയെ എല്ലാവരും വെറുക്കും. കൂട്ടുകാരും കളിക്കാൻ വരില്ല. നാണിയമ്മയ്‌ക്കാരും ഇല്ലാണ്ടാവും.”

“നീ പോവണ്ട..” നാണിയമ്മ തടഞ്ഞു. “നീ കട്ടിട്ടും, മോഷ്‌ടിച്ചിട്ടുമൊന്നുമില്ലല്ലോ പിന്നെന്താ..”

“ഇല്ല. മാല എടുത്തതാരെന്ന്‌ എനിക്കറിയാം..”

“ആരാ… പറ..” നാണിയമ്മ ആകാംക്ഷയോടെ അടുത്തുവന്നു ചോദിച്ചു.

“നാരായണൻ വെല്യ ചെവിയുളള നാരായണൻ. നാണിയമ്മ ഇതാരോടും പറയണ്ട. പറഞ്ഞാ അവൻ കളളനാവില്ല്യേ..”

“ദുഷ്‌ടനാ അവൻ..” നാണിയമ്മ പറഞ്ഞു.

അപ്പോഴേക്കും പടിവാതിലിലൂടെ നിഷയും ശ്രീനാഥും ഓടിവന്നു. അവർ പറഞ്ഞുഃ “നാണിയമ്മേ മാല കിട്ടി. പാളച്ചെവിയനായിരുന്നു കട്ടത്‌. അവനെ ടൗണിൽവച്ച്‌ പോലീസ്‌ പിടിച്ചു. ഇതാ മാല..”

നിഷ മാല പൊക്കിക്കാണിച്ചു.

Generated from archived content: kumilakal7.html Author: krishnakumar_marar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here