വായനശാലയുടെ വാർഷികത്തിന് പരിപാടി അവതരിപ്പിക്കുമ്പോൾ ധരിക്കുന്നതിന് പുതിയ കുപ്പായം വാങ്ങാൻ പോയതായിരുന്നു ഈശ്വർദാസ്. തിരിച്ചുവരാൻ കുറച്ചധികം വൈകി. അപ്പോൾ എല്ലാവരുടേയും മുഖത്തൊരു പരിഭ്രമം. നടക്കല്ലിൽ ഇരുന്ന് നിഷ മുഖംപൊത്തിക്കരയുന്നുണ്ട്. ചിലർ പറമ്പിലും മുറ്റത്തും തിരയുന്നു. സന്ധ്യയാവാനിനി അധികം താമസമില്ല.
“എന്താ കാര്യം..” ഈശ്വരൻ ചോദിച്ചു.
“എന്റെ മാല പോയി, എന്റമ്മ ഇന്നെന്നെ കൊല്ലും…” നിഷ തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞുഃ “സാരമില്ല മോളേ, അതിവിടെയെവിടെയെങ്കിലും കാണും.” നാണിയമ്മ നിഷയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവൾ കരച്ചിലടക്കുന്നതേയില്ല. ഈശ്വരൻ വാങ്ങിക്കൊണ്ടുവന്ന കിറ്റുകൾ ഇറയത്തുവച്ച് അവരോടൊപ്പം മാല തിരയാൻ തുടങ്ങി.
ഇതിനിടയിൽ ആരോ പറഞ്ഞുകേട്ട് നിഷയുടെ മാതാപിതാക്കളെത്തി. കൂടെ നിസാറിന്റെ ഇക്ക ലത്തീഫും, മറ്റു ചിലരും വന്നു. ഈശ്വരനെ കവലയിൽ വച്ച് പേടിപ്പിച്ച് പണം വാങ്ങിയ കളളുകുടിയനുമുണ്ടായിരുന്നു. പാളച്ചെവിയൻ നാരായണനും മുക്കിലും മൂലയിലും തിരയുന്നുണ്ടായിരുന്നു.
നിഷയുടെ അമ്മ അവളെ വഴക്കു പറഞ്ഞുകൊണ്ടവിടെയെല്ലാം അരിച്ചുപെറുക്കുന്നുണ്ടായിരുന്നു. നിഷയുടെ കരച്ചിൽ ഉച്ചത്തിലായിക്കൊണ്ടിരുന്നു. മുറ്റത്തവൾ തൊങ്കി കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും വേറെങ്ങും പോയിട്ടില്ലെന്നും ആണയിട്ടു പറയുന്നുണ്ടായിരുന്നു.
“പിന്നെ മാലയെവിടെ പോയി…” എല്ലാവരും പരസ്‌പരം ചോദിച്ചുകൊണ്ട് നിഷയുടെ മാല തിരയാൻ തുടങ്ങി. സന്ധ്യ കഴിഞ്ഞു ഇരുട്ടു കൂടുന്തോറും ആർക്കും കാണാൻ വയ്യാതായി. തിരച്ചിൽ നിർത്താൻവരെ ആലോചിച്ചു.
നിഷ കളിച്ചുകൊണ്ടിരുന്നതിന്റെ അടുത്ത് പൂന്തോട്ടത്തിൽ തിരയുകയായിരുന്നു ഈശ്വർദാസ്. പെട്ടെന്നാണ് ഇറയത്തുനിന്ന കളളുകുടിയൻ പാളച്ചെവിയന് എന്തോ സാധനം കൈമാറുന്നതു കണ്ടത്. പാളച്ചെവിയൻ അത് മുണ്ടിന്റെ ഇരുപ്പിൽ തിരുകി. ഒരു മിന്നായംപോലെ ഈശ്വർദാസത് കണ്ടു. നിഷയുടെ മാല. അവൻ അമ്പരന്നുപോയി. ഇത്ര സ്‌നേഹമില്ലാത്തവനാണോ പാളച്ചെവിയൻ നാരായണൻ. മാല കിട്ടിയിട്ടും നിഷയ്‌ക്കത് തിരിച്ചുകൊടുക്കാത്തതെന്ത്? ഇക്കാര്യം വിളിച്ചുപറഞ്ഞാലോ. പറഞ്ഞാൽ നാരായണൻ കളളനായ വിവരം എല്ലാവരുമറിയും. വരട്ടെ. അവൻ തിരിച്ചുകൊടുക്കുമോയെന്ന് നോക്കാം.
പക്ഷേ, ഇതിനിടയിലാണ് ഇറയത്തു വച്ചിരുന്ന ഈശ്വർദാസിന്റെ പുതിയ കുപ്പായങ്ങളുടെ കിറ്റ് പാളച്ചെവിയൻ കണ്ടത്.
“ആരടെയാ ഈ പുതിയ കൂട്…?” അവൻ വിളിച്ചു ചോദിച്ചു.
എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.
“എന്റെ കൈയിലുണ്ടായിരുന്നതാ…” ഈശ്വർദാസ് പറഞ്ഞു.
“ഇവനാ മാല മോഷ്‌ടിച്ചത്. ഇവനിട്ടു രണ്ടു കൊടുത്താ സത്യം പറയും…”
പാളച്ചെവിയനും, കളളുകുടിയനും ഒറ്റച്ചാട്ടത്തിന് ഈശ്വർദാസിന്റെ അടുത്തെത്തി. അവന്റെ ഷർട്ടിൻമേൽ പിടിച്ച് മുറ്റത്തൂടെ വലിച്ചിഴച്ചു.
“സത്യം പറയെടാ… നീയല്ലേ മാല മോഷ്‌ടിച്ചു വിറ്റത്..” നിസാറിന്റെ ചേട്ടൻ ലത്തീഫും അവരുടെ കൂടെ കൂടി.
“അല്ല ഞാനല്ല. ഞാൻ മോഷ്‌ടിക്കാറില്ല…” ഈശ്വർദാസ് പറഞ്ഞു.
“പിന്നെ ഒരു സത്യവാൻ.. സത്യം പറഞ്ഞോ അല്ലെങ്കി നിന്റെ ചെകിടത്തടിച്ചു പൊടിക്കും ഞാൻ..” ലത്തീഫ് ഭീഷണിപ്പെടുത്തി.
“ഞാനെടുത്തിട്ടില്ല. സത്യമായും ഞാനെടുത്തിട്ടില്ല.”
കളളുകുടിയൻ ഈശ്വർദാസിന്റെ കരണക്കുറ്റിക്ക് ഒന്നു പൊട്ടിച്ചു. അപ്പോൾ പാളച്ചെവിയന് നല്ല ധൈര്യമായി. അവനും ഈശ്വർദാസിനെ തല്ലാൻ തുടങ്ങി.
“നിന്നെക്കൊണ്ട് ഞങ്ങൾ പറയിക്കും. എവിടെയാടാ മാല വിറ്റത്…” മറുപടി പറയാൻ സമ്മതിക്കാതെ ഈശ്വർദാസിനെ അവർ തല്ലി. ലത്തീഫ് അവന്റെ കഴുത്തിൽ പിടിച്ചു ഞെക്കി. ഈശ്വർദാസിന്റെ കണ്ണുകൾ തുറിച്ചു.
“അയ്യോ അതിനെ കൊല്ലല്ലേ…” നാണിയമ്മ നിലവിളിച്ചു.
“മാറി നിന്നോ തളേള..” അവർ ആക്രോശിച്ചു.
“നിങ്ങളാ ഇവന് വളംവച്ചുകൊടുക്കുന്നത്. കണ്ട കളളന്മാരെയൊക്കെ വീട്ടിക്കേറ്റും. നാളെയിവൻ നിങ്ങളേം കൊന്നിട്ട് ഇവിടെയുളളതും കട്ടോണ്ട് പോകും…”
അവർ ഈശ്വർദാസിന്റെ കൂടുകളും തുണികളും മുറ്റത്തേക്ക് തട്ടിത്തെറിപ്പിച്ചു. പുതിയ വസ്‌ത്രങ്ങളിൽ മണ്ണിലെ പൊടിയും ചളിയും പറ്റി മുഷിഞ്ഞു.
“അയ്യോ അതിനെ കൊല്ലല്ലേ…” നാണിയമ്മ നിലത്ത് കുത്തിയിരുന്ന് നിലവിളിച്ചു. അവർ ഈശ്വർദാസിനെ നിലത്തേക്ക് തളളിയിട്ടു. പാളച്ചെവിയൻ അവന്റെ പുറത്ത് ചവിട്ടി. ഈശ്വർദാസിന്റെ നെറ്റി പൊട്ടി ചോരയൊഴുകാൻ തുടങ്ങി. അത് കണ്ടുകൊണ്ട് എല്ലാവരും നിശ്ചലരായി നിന്നു.
ഈശ്വർദാസിന് നിലത്തുനിന്നെഴുന്നേല്‌ക്കാൻ വയ്യാതായി. അവ അതേപടി മണ്ണിൽ കിടന്നു. പാളച്ചെവിയൻ ദേഷ്യത്തോടെ പൂന്തോട്ടത്തിലേക്ക് കടന്നുകയറി. ചെടിച്ചട്ടികൾ ചവിട്ടി പൊട്ടിച്ചു. ചെടികൾ വലിച്ചു പറിച്ചുകളഞ്ഞു. നിമിഷനേരംകൊണ്ട് കാട്ടാന കയറിയ കരിമ്പിൻകാടുപോലെ പൂന്തോട്ടം ഛിന്നഭിന്നമായിപ്പോയി.
“ഞങ്ങളിനീം വരും…” അവർ വിളിച്ചുപറഞ്ഞു. “മാല കിട്ടാതെ ഇവനെ ഞങ്ങൾ വിടില്ല. നാണിയമ്മേ ഇവന് പച്ചവെളളം കൊടുക്കരുത്. ഇനിയാരും ഇവിടെ കളിക്കാൻ വരരുത്…”
അവർ ഈശ്വർദാസിനെ അവിടെ ഉപേക്ഷിച്ചിട്ടുപോയി. എല്ലാവരും പോയപ്പോഴും ഈശ്വർദാസ് മണ്ണിൽ അങ്ങനെ കിടന്നു. നാണിയമ്മ എഴുന്നേറ്റ് അകത്തുപോയി. വെളളമെടുത്ത് കൊണ്ടുവന്ന് ഈശ്വർദാസിന്റെ മുഖത്ത് തുടച്ചു. നെറ്റിയിലെ ചോര കഴുകിക്കളഞ്ഞു. അവൻ കണ്ണു തുറന്നു.
“വല്ലാതെ, വേദനിച്ചോ മോനെ…” നാണിയമ്മ ചോദിച്ചു.
“നാണിയമ്മേ ഞാനല്ല മാലയെടുത്തത്. ഞാൻ മാല കട്ടിട്ടില്ല നാണിയമ്മേ..” അവൻ പറഞ്ഞു.
“എനിക്കറിയാം മോനല്ല അത് ചെയ്‌തതെന്ന്. വേറാരോ ചെയ്‌തിട്ട് മോനെ കളളനാക്കീതാ…” നാണിയമ്മ അവനെ ആശ്വസിപ്പിച്ചു.
“നാണിയമ്മേ..” അവൻ വിളിച്ചു. “നിങ്ങക്കെന്നെ പ്രസവിക്കാൻ മേലാരുന്നോ… എന്നാ എന്നെ ആരും കളളാന്ന് വിളിക്കില്ലാരുന്നല്ലോ..”
“എന്റെ കുട്ടീ…” അവർ അവന്റെ മുഖം മാറോടു ചേർത്തു. നിറുകയിൽ ഉമ്മ വെച്ചു. ആ രാത്രിയിൽ ഈശ്വർദാസിനു വല്ലാതെ പനിച്ചു.
Generated from archived content: kumila6.html Author: krishnakumar_marar