ഭാഗം ഃ നാല്‌

രാത്രി. ഇറയത്ത്‌ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ നാണിയമ്മ ഈശ്വരന്‌ കഞ്ഞി വിളമ്പി അടുത്തിരുന്ന്‌ അവനെക്കൊണ്ട്‌ കഴിപ്പിച്ചു.

“നിന്റെ അച്‌ഛനെങ്ങിനെയാ മരിച്ചത്‌…?” നാണിയമ്മ ചോദിച്ചു.

“ഒരു ദിവസം മാജിക്‌ കാണിക്കുമ്പോ കുഴഞ്ഞുവീണാ മരിച്ചത്‌…” ഈശ്വരൻ പറഞ്ഞു.

“അമ്മയോ..?”

“അമ്മ വേറെ കല്ല്യാണം കഴിച്ചു. ഇപ്പൊ എവിടെയാന്നറിയില്ല.”

“കൂടപ്പിറപ്പുകളൊന്നൂല്യേ നിനക്ക്‌..”

“ഇല്ല്യ… ഞാനൊരു മോനാ…”

നാണിയമ്മ കൈത്തലത്തിൽ മുഖം താങ്ങി അവൻ ഭക്ഷണം കഴിക്കുന്നതും നോക്കിയിരുന്നു.

ഈശ്വരന്‌ നല്ല വിശപ്പുണ്ടായിരുന്നുവെന്ന്‌ തോന്നും അവന്റെ തീറ്റ കണ്ടാൽ. നാണിയമ്മ ഒഴിച്ചുകൊടുത്ത എണ്ണ തേച്ച്‌ അവൻ കുളിച്ചു. തല ചീകി വെച്ച്‌ നാണിയമ്മ കൊടുത്ത വെളളമുണ്ടും ധരിച്ചു. ഇപ്പോളവനെ കണ്ടാൽ ഒരു പ്രത്യേക ഭംഗിയുണ്ട്‌.

“അമ്മയെ നീ അന്വേഷിച്ചില്ലേ…” നാണിയമ്മ ചോദിച്ചു.

“എവിടെയാന്നറിയില്ല. എന്നെ അറിയിക്കാതെയാ പോയത്‌…”

“നീ മാജിക്‌ കാണിക്കാൻ ശരിക്കു പഠിച്ചോ…”

“കുറെയൊക്കെ.. ഇനീം കൂടുതൽ പഠിക്കണം..”

അവൻ കഞ്ഞികുടിച്ചെഴുന്നേറ്റു. പാത്രം കഴുകി നാണിയമ്മയുടെ കൈയിൽ കൊടുത്തു. ഒരു പുൽപ്പായയും തലയിണയും നാണിയമ്മ അവന്‌ കൊടുത്തു. അവനതിൽ കിടന്ന്‌ ഉറക്കമായി.

പിറ്റേന്നു രാവിലെയുണർന്ന്‌ ഈശ്വരൻ നാണിയമ്മയെ സഹായിച്ചു. വിറകുണ്ടാക്കിക്കൊടുത്തു. വെളളം കോരി പാത്രങ്ങളിൽ നിറച്ചു വെച്ചിട്ട്‌ അവൻ പല്ലുതേക്കാൻ പോയി. അപ്പോഴാണ്‌ സ്‌കൂളിൽ പോകാൻ രാജേഷും കൂട്ടുകാരും എത്തിയത്‌. അവർ പറമ്പിന്റെ അതിരിൽനിന്ന്‌ അവനെ വിളിച്ചു.

“ഏയ്‌…” അവൻ തിരിഞ്ഞു നോക്കി.

“ഞങ്ങൾ വൈകുന്നേരം വരാം…” അവർ പറഞ്ഞു.

അവൻ തലയാട്ടി.

“ഞങ്ങളെ മാജിക്‌ പഠിപ്പിച്ചു തർവോ..?”

അപ്പോഴും അവൻ തലയാട്ടി.

“ഈശ്വരാ കടയിലൊന്നു പോണം…” നാണിയമ്മ പിന്നിൽനിന്നും വിളിച്ചു പറഞ്ഞു. അവൻ സമ്മതിച്ചു. സാധനങ്ങൾ പൊതിഞ്ഞെടുക്കുമ്പോൾ കടക്കാരൻ അവനെ സൂക്ഷിച്ചുനോക്കി.

“നീ ഏതാടാ കൊച്ചനെ…”

“നാണിയമ്മയുടെ വീട്ടിൽ വന്നതാ…”

“ഓ…” കടക്കാരൻ പിന്നെ ഒന്നും ചോദിച്ചില്ല.

വീട്ടിൽ വന്നയുടൻ അവൻ മമ്മട്ടിയെടുത്ത്‌ മുറ്റത്തെ പുല്ലുകൾ ചെത്തി വെടിപ്പാക്കി. ഇടയ്‌ക്ക്‌ ഉപ്പിട്ട കഞ്ഞിവെളളം കൊണ്ടുവന്നു കൊടുത്തു നാണിയമ്മ അവന്‌. നമുക്കീ മുറ്റം മുഴുവൻ പൂച്ചെടികൾ വച്ചു പിടിപ്പിക്കണം…“

അവൻ പറഞ്ഞു. പല്ലില്ലാത്ത മോണകാട്ടി നാണിയമ്മ ചിരിച്ചു.

വൈകിട്ട്‌ എല്ലാവരും കളിക്കാൻ വന്നു. പതിവില്ലാത്തവർ പോലുമുണ്ടായിരുന്നു അന്ന്‌. ഈശ്വരനെക്കൊണ്ട്‌ മാജിക്‌ കാണിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.

”അങ്ങനെയെളുപ്പം കാണിക്കാവുന്ന ഒന്നല്ല മാജിക്‌…“ അവൻ പറഞ്ഞു.

”പിന്നെ…?“ അവർ ചോദിച്ചു.

”അതിന്‌ കുറെ തയ്യാറെടുക്കണം വേറെ ഒരൂട്ടം കാണിക്കാം…“

അവൻ അവിടെക്കിടന്ന പൊട്ടിയ മൂന്നു റബർ ബോളെടുത്ത്‌ അമ്മാനമാടാൻ തുടങ്ങി. ആദ്യം മെല്ലെ തുടങ്ങിയ ആ അഭ്യാസം വേഗതയിലായി. പിന്നെപ്പിന്നെ പന്തുകൾ കാണാൻ പറ്റാത്തത്ര വേഗതയിൽ. എല്ലാവരും കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചു. പിന്നെ വേഗത കുറഞ്ഞു കുറഞ്ഞ്‌ നിർത്തി. എല്ലാവർക്കും ഒരത്ഭുതംതന്നെ ആയിരുന്നു ഈശ്വർദാസെന്ന ആ പയ്യൻ.

അന്നവർ ഫുട്‌ബോളാണ്‌ കളിച്ചത്‌. ഈശ്വർദാസ്‌ നല്ലൊരു കളിക്കാരനായിരുന്നു. പെൺകുട്ടികൾ തൊങ്കിക്കളി നിർത്തി ഈശ്വരന്റെ കളി കാണാൻ കൂടിനിന്നു. എതിർടീമിന്‌ വേഗത്തിൽ ഗോളുകൾ വീഴുന്നതു കണ്ടപ്പോൾ അവർ ബഹളംകൂട്ടി.

”ഈശ്വരൻ ഞങ്ങളുടെ ടീമിലും കളിക്കണം…“ അവർ പറഞ്ഞു.

അവൻ ഇരുടീമിനുവേണ്ടിയും കളിച്ചു.

കളി കഴിഞ്ഞെല്ലാവരും പിരിഞ്ഞു. കുളി കഴിഞ്ഞെത്തിയ അവൻ ബാഗെടുത്തു തുറന്നു. മാജിക്കിന്‌ ഇടുന്ന കുപ്പായങ്ങളെടുത്തുവെച്ച്‌ കീറിപ്പോയ ഭാഗങ്ങൾ തുന്നി ശരിയാക്കാൻ തുടങ്ങി.

Generated from archived content: kumila4.html Author: krishnakumar_marar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here