പിറ്റേന്നുച്ചകഴിഞ്ഞ് രണ്ടു പീരിയഡിനു ശേഷം സ്‌കൂളിൽ മാജിക്കുണ്ടായിരിക്കും എന്നറിഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതം തോന്നി. ഇത്ര പെട്ടെന്നൊക്കെ മാജിക് നടത്താൻ പറ്റ്വോ… ഏതായാലും എല്ലാവർക്കും ഉത്സാഹമായി. മാജിക് കാണാലോ.
പുതിയതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിലായിരുന്നു മാജിക്. അതിന്റെയുള്ളിൽ ഇപ്പോഴും പുത്തൻ പെയിന്റിന്റെ മണം തങ്ങിനിൽപുണ്ടായിരുന്നു. മാഷ്‌മാർ കുട്ടികളിൽ കുറേപ്പേരെ വിളിച്ച് കസേരകൾ പിടിച്ച് നിരത്തിയിട്ടു. ജോസഫ്‌സാർ ആണ് അതിനു നേതൃത്വം കൊടുത്തത്. ജോസഫ് സാറിനെ എല്ലാവർക്കും ഇഷ്ടമാണ്. മാഷ്‌ക്ക് എല്ലാവരും കൂട്ടുകാരെപ്പോലെയായിരുന്നു.
കർട്ടനും സൈഡ് കർട്ടനും എപ്പോഴും സ്‌റ്റേജിൽ കെട്ടിയിരുന്നു. ഞൊറിവുള്ള ഫ്രണ്ട് കർട്ടൻ എപ്പോഴും ഉയർത്തിക്കെട്ടിയിരിക്കും. സ്‌റ്റേജിന്റെ നടുവിൽ ഒരു മേശ ഇട്ടിരുന്നു. അതിൽ മനോഹരമായ ഒരു വിരിയും. അതിനു മുകളിൽ എന്തൊക്കെയോ സാമഗ്രികൾ വച്ചിരുന്നു.
ഹെഡ്‌മാസ്‌റ്റർ വന്ന് എല്ലാവരോടും നിശ്ശബ്ദമായിരിക്കുവാൻ പറഞ്ഞു. ഓഡിറ്റോറിയത്തിലെ ആരവം ഒടുങ്ങി. പിന്നേയും സംസാരിച്ച കുട്ടികളെ ജോസഫ്‌സാർ ചുണ്ടിൽ വിരൽവച്ച് വിലക്കി. “പ്രിയപ്പെട്ട കുഞ്ഞുങ്ങളേ…” ഹെഡ്‌മാസ്‌റ്റർ പറഞ്ഞു തുടങ്ങി. “അങ്ങേയറ്റം രസകരവും അത്ഭുതകരവുമായ മാജിക് പരിപാടിയിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. നമുക്കുവേണ്ടി ഇവിടെ മാജിക് അവതരിപ്പിക്കുന്നത് മാസ്‌റ്റർ ഈശ്വർദാസ്”.
തൂവൽ തുന്നിപ്പിടിപ്പിച്ച തൊപ്പിയും സ്വർണ്ണവർണ്ണമുള്ള കുപ്പായവുമിട്ട് ഈശ്വർദാസ് വേദിയിലേക്ക് വന്നു. ഒരു മുഴം നീളമുള്ള വർണ്ണക്കടലാസിട്ടു പൊതിഞ്ഞ ഒരു വടിയുണ്ടായിരുന്നു അവന്റെ കൈയിൽ. അവൻ വന്ന് സദസ്സിനെ വണങ്ങി പിന്നെ പോക്കറ്റിൽ നിന്ന് ഒരു കുഴലെടുത്ത് ഊതാൻ തുടങ്ങി. അതിൽനിന്ന് പല വർണ്ണങ്ങളിലുളള കുമിളകൾ പുറത്തുവരാൻ തുടങ്ങി. അവൻ സ്‌റ്റേജിന്റെ പല ഭാഗത്തുനിന്ന് സ്‌റ്റേജ് മുഴുവൻ കുമിളകൾകൊണ്ട് നിറച്ചു.
ആ കുമിളകൾക്കു നടുവിൽനിന്ന് ഈശ്വർദാസെന്ന മാന്ത്രികൻ എല്ലാവരേയും അഭിവാദ്യം ചെയ്‌തു. ശേഷം മൈക്കിന്റെ അടുത്തേക്ക് നീങ്ങിനിന്ന് പറഞ്ഞുഃ “പ്രിയപ്പെട്ട കൂട്ടുകാരേ, എന്റെ എളിയ മാജിക് പരിപാടി ആരംഭിക്കട്ടെ. ഇവിടെ ഒരു മാജിക് അവതരിപ്പിക്കാൻ അനുവാദം തന്ന ഗുരുക്കന്മാർക്ക് എന്റെ കൂപ്പുകൈ.”
ഈശ്വർദാസിന്റെ അടുത്ത ഇനം കാണുവാൻ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു. ഇതിനിടയിലാണ് മുൻനിരയിലിരുന്ന ശ്രീനാഥിന് ഒരു സംശയം തോന്നിയത്. ഇയാൾ ഇന്നലെ കണ്ട ഈശ്വരനല്ലേ. പന്തെടുത്തു തന്ന, മുയൽക്കുഞ്ഞിനെ രക്ഷിച്ച ആ ഈശ്വരൻ. ഇതേ സമയം നാസറിനും, രാജേഷിനും നിഷയ്‌ക്കുമെല്ലാം തോന്നി. പക്ഷേ, അച്ചടക്കത്തോടെ മാജിക് കാണാനിരിക്കുന്നതിനിടയിൽ അവർക്ക് പരസ്‌പരം ഒന്നും ചോദിക്കാനായില്ല. വേദിയിൽ നിന്ന ഈശ്വർദാസ് ഒരു ചില്ലുഗ്ലാസിൽ പകുതിയോളം ചുവപ്പുനിറമുളള വെളളമെടുത്തുവച്ചു. പിന്നെ ഒരു നോക്ക്‌ബുക്ക് തട്ടിക്കുടഞ്ഞെടുത്ത് കുമ്പിളാകൃതിയിൽ ചുരുട്ടി അതിനുളളിലേക്ക് വെളളമൊഴിച്ചു. പിന്നെ സദസ്സിനു നേരെ തിരിഞ്ഞ് നോട്ടുബുക്കിലെ ഓരോ താളും വിടർത്തിക്കാണിച്ചു. വെളളം അപ്രത്യക്ഷമായിരിക്കുന്നു. ബുക്ക് പിടിച്ച് തിരിച്ചും മറിച്ചും നോക്കി. അതിൽനിന്ന് വെളളം പുറത്തുവന്നതേയില്ല. പിന്നെ അവൻ ആ ബുക്ക് കുമ്പിളാകൃതിയിൽ തന്നെ ചുരുട്ടി ഗ്ലാസിലേക്ക് ചരിച്ചു. അതിലേക്കൊഴിച്ച വെളളം മുഴുവൻ ഗ്ലാസിൽ. അത്ഭുതം. ഓഡിറ്റോറിയത്തിനുപുറത്ത് പന്തലിൽ ചാരിനിന്ന ജോസഫ്‌സർ കൈയടിച്ചു. തുടർന്നെല്ലാവരും കൈയടിച്ചു പ്രോത്‌സാഹിപ്പിച്ചു.
ഇതിനിടയിൽ പെൺകുട്ടികളുടെ നിരയിലിരുന്ന നിഷ എഴുന്നേറ്റ് ആംഗ്യം കാണിച്ച് രാജേഷിനോട് ഇയാളിന്നലെക്കണ്ട ഈശ്വരനല്ലേ എന്ന് ചോദിച്ചു. അവൻ അതേയെന്ന് പറഞ്ഞു. നാസറും ശ്രീനാഥും ഇതേ രീതിയിൽ സംശയം തീർത്തു.
അടുത്ത ഇനമായി ഈശ്വർദാസ് രണ്ടു കൂട്ടുകാരെ വേദിയിലേക്കു ക്ഷണിച്ചു. രണ്ടുപേർ കയറിച്ചെന്നു. കുറേ നൂലുകളെടുത്ത് അതെല്ലാം പരസ്‌പരം കെട്ടിയോജിപ്പിക്കാൻ പറഞ്ഞു. അവർ അങ്ങനെ ചെയ്‌തു. നീളത്തിൽ പിടിച്ച അനേകം കെട്ടുകളുളള ആ നൂലിൽക്കൂടി അവൻ ഒരു ടൗവൽ ഇട്ട് ഓടിച്ചുവിട്ടു. ആ നൂലിലെ കെട്ടുകളെല്ലാം അപ്രത്യക്ഷമായിരുന്നു.
അതിനും കിട്ടി, ഈശ്വർദാസിന് കുറെ കൈയടി. നേരം പോയതറിയിക്കാതെ വിസ്‌മയത്തിൽനിന്നും വിസ്‌മയത്തിന്റെ ലോകത്തേക്ക് ഈശ്വർദാസ് അവരെ കൂട്ടിക്കൊണ്ടുപോയി. മാജിക് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.
പക്ഷേ, കുറെപ്പേർ ഓഡിറ്റോറിയത്തിനടുത്ത് കാത്തുനിന്നു. അവർക്ക് ഈശ്വർദാസിനെ ആ വേഷത്തിൽ ഒന്നുകൂടി കാണണം.
പക്ഷേ, ഈശ്വർദാസ് പുറത്തുവന്നത് ഇന്നലെ കണ്ട അതേ വേഷത്തിലായിരുന്നു. കാക്കിപാന്റ്‌സും ഷർട്ടും. ആ കീറിയ ബാഗും. അതിനുളളിലായിരിക്കുമോ ഇത്രയധികം സാധനങ്ങൾ. അവർ അത്ഭുതപ്പെട്ടു.
ഈശ്വരൻ അവരെ നോക്കി ചിരിച്ചു. “എന്താ…”
“ഇന്നലെ ഞങ്ങളുടെ അടുത്ത് വന്ന ആളല്ലേ..” രാജേഷ് ചോദിച്ചു.
“അതേ.” അവൻ പറഞ്ഞു.
“വല്യ മാജിക്കുകാരനാ അല്ലേ?”
“അല്ല ചെറിയ മാജിക്കുകാരൻ.”
“ശരി. പേര് ഈശ്വർദാസ്‌ന്നാ അല്ലേ?”
“അതേ.”
“ആരാ മാജിക് പഠിപ്പിച്ചത്?”
“എന്റെ അച്‌ഛൻ.”
“എന്നിട്ടച്ഛനെവിടെ?”
“മരിച്ചുപോയി.”
ഈശ്വർദാസും കൂട്ടുകാരും സ്‌കൂളിനു പുറത്തേക്ക് നടന്നു. പോകുംവഴി എല്ലാവരും കുറേ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. എല്ലാത്തിനും ഒരു മടിയും കൂടാതെ ഈശ്വരൻ മറുപടി പറഞ്ഞു.
“ഈശ്വരനെവിടെയാ താമസിക്കുന്നത്…”
“അങ്ങനെ പ്രത്യേകിച്ചൊരു സ്ഥലമില്ല…ഇപ്പോൾ ദാ അവിടെ….”
അവൻ ചൂണ്ടിക്കാണിച്ചത് പൊട്ടിപ്പൊളിഞ്ഞ് അനാഥമായിക്കിടന്ന ഒരു കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു.
“പേടിയാവില്ലേ…” കൂട്ടുകാർ ചോദിച്ചു.
“ഇല്ല്യ…. പേടിപ്പിക്കാൻ വരുന്നവരെ മാജിക്ക് കാണിച്ചു കൊടുക്കും…”
ഈശ്വർദാസ് അങ്ങോട്ടു പോയി.
മറ്റുളളവർ വീട്ടിലേക്ക് നടന്നു. ഈ വിവരങ്ങൾ നാണിയമ്മയോട് പറയാൻ അവർക്ക് തിടുക്കമായിരുന്നു.
Generated from archived content: kumila2.html Author: krishnakumar_marar