പൊന്നോണപ്പൂമാസം പൂത്തുലഞ്ഞേ
പൊന്നോണപ്പൂമാനം പൊന്നണിഞ്ഞേ!
പൊന്നോണപ്പൂനിലാപട്ടണിഞ്ഞേ
പൊന്നോണച്ചിങ്ങം വിരുന്നുവന്നേ!
ചെങ്കനൽ സൂര്യൻ പ്രഭചൊരിഞ്ഞേ
ചെന്താമരപ്പൂക്കൾ കൺതുറന്നെ
ചെമ്പരത്തിക്കാട് ചോപ്പണിഞ്ഞെ
ചെമ്പകക്കാവുകൾ പൂചൊരിഞ്ഞേ!
അത്തവും ഓണവും വന്നണഞ്ഞെ
ചിത്തത്തിലാഹ്ലാദപ്പാട്ടുണർന്നേ!
മുത്തശ്ശി പ്ലാവിലും തളിരണിഞ്ഞെ
മുത്തങ്ങപ്പുല്ലിനും കുളിരണിഞ്ഞേ!
തുമ്പക്കുടങ്ങൾ ചിരിച്ചുനിന്നേ
തുമ്പിക്കിടാങ്ങൾ പറന്നുവന്നേ!
തംബുരു മീട്ടുവാൻ, താളം പിടിക്കുവാൻ-
അമ്പിളിമാമന്റെ ചിങ്ങംവന്നേ!
Generated from archived content: poem_chingamvanne.html Author: kavil_raj