ജോൺ ഒരു സ്വപ്നം കണ്ടു. മരണശേഷം വിശാലമായി അലങ്കരിച്ച ഒരു മുറിയിൽ ഇരിക്കുന്നു. യാതൊരു ജോലിയുമില്ല. വിശ്രമം മാത്രം. പരമസുഖം. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്കു ബോറടിച്ചു.
അയാൾ ഉറക്കെ വിളിച്ചു. “ഇവിടാരുമില്ലേ?”
നിമിഷനേരത്തിനുളളിൽ ഒരു പരിചാരകൻ കടന്നുവന്നു. “നിങ്ങൾക്കെന്തുവേണം?” അയാൾ ചോദിച്ചു.
“എന്തുണ്ടിവിടെ?”
“നിങ്ങൾക്കിഷ്ടമുളളതെല്ലാം.”
“ഓഹോ, അങ്ങിനെയോ? എങ്കിൽ കുറെ ഭക്ഷണം കൊണ്ടുവരൂ.”
പരിചാരകൻ അയാൾ ആവശ്യപ്പെട്ട ഭക്ഷണങ്ങൾ നൽകി. ജോൺ തിന്നും കുടിച്ചും കുറെ സമയം കഴിച്ചുകൂട്ടി.
കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്കു വീണ്ടും ബോറായി തുടങ്ങി. അയാൾ ഉടനെ അലറി.
“എനിക്കെന്തെങ്കിലും ജോലി തരൂ.”
“ക്ഷമിക്കണം” പരിചാരകൻ പറഞ്ഞു, “ഇവിടെയില്ലാത്ത ഒരേ ഒരു കാര്യം ഇതു മാത്രമാണ്.”
ജോൺ അവനെ സൂക്ഷിച്ചു നോക്കി പറഞ്ഞു.
“എനിക്കിവിടെ യാതൊരു രസവുമില്ല. ഇതിലും ഭേദം നരകം തന്നെയാണ്.”
വിനീതനായി പരിചാരകൻ പറഞ്ഞു. “കൊളളാം ഇപ്പോൾ എവിടെയാണെന്നാണ് നിങ്ങളുടെ വിചാരം? സ്നേഹിതാ, ഇതാണ് നരകം.”
ജോൺ മിഴിച്ചിരുന്നു.
Generated from archived content: unnikatha_nov18_05.html Author: k_mukundan