ലോയ്‌ഡ് ജോർജ്ജ് ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്നു. ഒരിക്കൽ അദ്ദേഹം വെയിൽസിൽ പോകാനിടയായി.
രാത്രി അപരിചിതമായ സ്ഥലം. ഉറങ്ങാനുളള സ്ഥലം അന്വേഷിച്ച് അദ്ദേഹം വലഞ്ഞു. അടുത്തൊന്നും ഒരു ഹോട്ടൽ പോലുമില്ല. അവസാനം അദ്ദേഹം മുന്നിൽ കണ്ട ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലെത്തി.
മണിയടിച്ചു. അകത്തുനിന്നും വാതിൽ തുറന്നൊരാൾ പുറത്തുവന്നു. അയാൾ യൂണിഫോമിട്ട വാച്ച്‌മാനായിരുന്നു.
“എന്തുവേണം?” അയാൾ ചോദിച്ചു.
“സ്‌നേഹിതാ ഞാൻ വളരെ ദൂരെ നിന്നും വരികയാണ്. ഇവിടെ എത്തിയപ്പോൾ രാത്രിയായി. രാത്രി കഴിച്ചുകൂട്ടാനൊരു സ്ഥലമന്വേഷിച്ചു വന്നതാണ്. അടുത്തൊന്നും ഒരു ഹോട്ടലുപോലുമില്ല. ഇന്നുരാത്രി ഇവിടെ കിടന്നുറങ്ങിയാലോ?”
ആശ്ചര്യത്തോടെ അയാൾ ചോദിച്ചു. “ഇവിടെയോ, നിങ്ങൾക്കറിയാമോ ഇതേതു സ്ഥലമാണെന്ന്? ഇത് ഭ്രാന്താലയമാണ്!”
“ആയിക്കോട്ടെ. എനിക്കു കിടക്കാനുളള സ്ഥലം മാത്രം കിട്ടിയാൽ മതി. അതിരാവിലെ സ്ഥലം വിട്ടോളാം. അറിയാമോ ഞാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജ്ജ്.”
വാച്ച്‌മാൻ പരിഭ്രമത്തോടെ പറഞ്ഞു. “എന്നാലിനി സംശയിക്കാതെ കിടക്കാം. ഇവിടെ ഇപ്പോൾത്തന്നെ അഞ്ച് ലോയ്‌ഡ് ജോർജ്ജുമാർ ഒരുമിച്ച് കിടന്നുറങ്ങുന്നുണ്ട്.”
Generated from archived content: unnikatha_mar04_06.html Author: k_mukundan