ഇംഗ്ലീഷ് സാഹിത്യത്തിലെ വളരെ പ്രസിദ്ധനായിരുന്ന ഒരു എഴുത്തുകാരനായിരുന്നു മാർക്ക് ട്വയിൻ.
ഒരിക്കൽ പട്ടണത്തിലെ ഒരു സാഹിത്യ സമ്മേളനത്തിൽ പ്രസംഗിക്കാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടു.
കൃത്യസമയത്തുതന്നെ അദ്ദേഹം പട്ടണത്തിലെത്തി. ചുറ്റുപാടും നോക്കി, തന്റെ പ്രസംഗത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നു മനസ്സിലാക്കി. ഒരു ബാനറോ വാൾപോസ്‌റ്റോ ഒന്നും ഒരിടത്തും കാണുന്നില്ല.
പട്ടണവാസികൾ തന്റെ പ്രസംഗത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ എന്നറിയുവാൻ അദ്ദേഹം അടുത്തുളള ഒരു കടയിലെ കച്ചവടക്കാരനോട് ചോദിച്ചു. “ഇവിടെ എന്തെങ്കിലും പരിപാടി നടക്കുന്നുണ്ടോ? വല്ല പ്രസംഗമോ തമാശയോ മറ്റോ? സമയം കഴിച്ചു കൂട്ടാനാണ്.”
കടക്കാരൻ മറുപടി പറഞ്ഞു. “ഇന്നിവിടെ ഏതോ മീറ്റിംഗുണ്ടെന്നോ പ്രസംഗമുണ്ടെന്നോ പറയണ കേട്ടു. നിശ്ചയമില്ല. പക്ഷെ ഒന്നുപറയാം. ഇന്ന് മുട്ടകൾ ധാരാളം ചെലവായ ദിവസമാണ്.”
Generated from archived content: unnikatha_jan3_06.html Author: k_mukundan