ഹസറത്ത് മുഹമ്മദ് ഒരു മഹാനായിരുന്നു. ഒരിക്കൽ ഗ്രാമത്തിലെ ഒരു പാവപ്പെട്ട സ്‌ത്രീ അദ്ദേഹത്തോട് പറഞ്ഞു. “എന്റെ മകൻ ധാരാളം മിഠായി തിന്നും. വല്ല അസുഖവും പിടിപെട്ടാലോ? എന്തൊക്കെ ചെയ്‌തിട്ടും അവന്റെ സ്വഭാവം മാറുന്നില്ല. ദയവുചെയ്‌ത് അങ്ങ് ഇതിനൊരു പരിഹാരമാർഗ്ഗം കാണണം.”
മുഹമ്മദ് അവരോടും മകനോടും ഒരാഴ്‌ച കഴിഞ്ഞ് കാണാൻ പറഞ്ഞു.
ഒരാഴ്‌ച കഴിഞ്ഞ് അവർ വന്നു. മുഹമ്മദ് ആ കുട്ടിയെ വിളിച്ച് മിഠായി കഴിച്ചാലുളള അസുഖത്തെക്കുറിച്ച് സൗമ്യമായി പറഞ്ഞു മനസ്സിലാക്കി. അവനതിന്റെ ഗൗരവം മനസ്സിലായി. ഈ ദുശ്ശീലം മാറ്റാമെന്നവൻ അദ്ദേഹത്തിനു വാക്കു നൽകി.
“ഈ ഉപദേശങ്ങൾ കഴിഞ്ഞ ആഴ്‌ച തന്നെ നൽകാമായിരുന്നല്ലോ? എന്തിനാണ് ഒരാഴ്‌ച എടുത്തത്?” സ്‌നേഹിതന്റെ ചോദ്യത്തിന് അദ്ദേഹം മന്ദഹാസത്തോടെ ഇങ്ങനെ മറുപടി പറഞ്ഞു.
“എനിക്ക് മിഠായി തിന്നുന്ന സ്വഭാവം ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ഒരാഴ്‌ച ഞാൻ മിഠായി കൈകൊണ്ട് തൊട്ടിട്ടില്ല. സ്വയം നന്നാകാതെ എങ്ങനെ മറ്റുളളവരെ നന്നാക്കും? അതിനാണ് ഒരാഴ്‌ച സമയമെടുത്തത്.”
Generated from archived content: unnikatha_apr28.html Author: k_mukundan