ഒരു സൽക്കാരത്തിനിടയിൽ ഇംഗ്ലീഷുകാരൻ പറഞ്ഞു. “ഈശ്വരന് ഞങ്ങളോടാണധികം ഇഷ്‌ടം. ഞങ്ങളെ അദ്ദേഹം വളരെ സൂക്ഷ്‌മതയോടെയാണ് സൃഷ്‌ടിച്ചത്. അതുകൊണ്ടാണ് ഞങ്ങൾ വെളുത്തിരിക്കുന്നത്.”
ആഫ്രിക്കക്കാരൻ പറഞ്ഞു. “കറുപ്പിന് ഏഴഴകാണ്. ദൈവത്തിന്റെ നിറം കറുപ്പാണ്. അതിനാലാണ് അദ്ദേഹം സ്വന്തം നിറത്തിൽ കറുത്തവരായി ഞങ്ങളെ സൃഷ്‌ടിച്ചത്.”
അഹങ്കാരം നിറഞ്ഞ ഈ സംഭാഷണം കേട്ടുകൊണ്ടിരുന്ന ഡോക്‌ടർ രാധാകൃഷ്‌ണൻ മന്ദഹാസത്തോടെ ഇങ്ങനെ പറഞ്ഞു. “സ്‌നേഹിതരേ, ഒരിക്കൽ ഈശ്വരൻ ചപ്പാത്തി ചുട്ടു. ആദ്യം ചുട്ട ചപ്പാത്തി ശരിക്കു വെന്തില്ല. അതു വെളളക്കാരായി. രണ്ടാമത് ചുട്ടത് കരിഞ്ഞുപോയി. അത് ആഫ്രിക്കയിലെ നീഗ്രോകളായി. മൂന്നാമത് ശരിയായ രീതിയിൽ ശ്രദ്ധിച്ച് അദ്ദേഹം ചപ്പാത്തി ചുട്ടു. അതാണ് ഭാരതീയർ. വേകാതെയിരുന്നുമില്ല, കരിഞ്ഞും പോയില്ല.”
ഇംഗ്ലീഷുകാരന്റെയും ആഫ്രിക്കക്കാരന്റെയും മുഖം മഞ്ഞളിച്ചു. കേട്ടുനിന്നവർ പൊട്ടിച്ചിരിച്ചു.
Generated from archived content: unnikatha1_sept17_05.html Author: k_mukundan