മഹാനായ അക്‌ബർ ചക്രവർത്തി വലിയ ദാനശീലനായിരുന്നു. ദർബാറിൽ വരുന്ന ആരെയും അദ്ദേഹം വെറും കയ്യോടെ മടക്കിയിരുന്നില്ല.
ഒരിക്കൽ നിർധനനായ ഒരു ഫക്കീർ സഹായത്തിനായി അദ്ദേഹത്തെ സമീപിച്ചു. ആ സമയം അക്‌ബർ ഖുറാൻ വായന കഴിഞ്ഞ് പ്രാർത്ഥനയിൽ മുഴുകിയിരിക്കയായിരുന്നു.
പ്രാർത്ഥനയ്‌ക്കുശേഷം നോക്കിയപ്പോൾ ഫക്കീർ മടങ്ങിപ്പോകുന്നതായി കണ്ടു. അദ്ദേഹം ചോദിച്ചു. “താങ്കൾ എന്തിനാണ് വന്നത്? എന്താണ് ദുഃഖഭാവത്തോടെ മടങ്ങുന്നത്?”ഫക്കീർ പറഞ്ഞു. “ഞാൻ ദരിദ്രനായ ഒരു ഫക്കീറാണ്. ദാനശീലനായ അങ്ങയോട് ഒരു സഹായം അഭ്യർത്ഥിക്കാനാണ് വന്നത്. പക്ഷെ പ്രാർത്ഥന സമയത്ത് അങ്ങ് സ്വയം ഈശ്വരനോട് സഹായം അഭ്യർത്ഥിക്കുന്നത് ഞാൻ കണ്ടു. മറ്റൊരാളിൽ നിന്നും സഹായം ആവശ്യപ്പെടുന്ന ഒരാൾക്ക് എങ്ങനെ എന്നെ സഹായിക്കാൻ കഴിയും. ഇതോർത്താണ് ഞാൻ മടങ്ങിയത്.”
അക്‌ബറിന് തന്റെ നിസ്സഹായാവസ്ഥ മനസ്സിലായി.
Generated from archived content: unnikatha1_aug20_05.html Author: k_mukundan