ഫ്രാൻസിലെ ഒരു പട്ടണത്തിൽ ഒരു കെട്ടിടത്തിന്റെ പണി നടക്കുകയായിരുന്നു. വളരെയധികം കൂലിക്കാർ ഒത്തു പരിശ്രമിച്ചിട്ടും ഒരു വലിയ കല്ല് അവർക്ക് ഉയർത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് നെപ്പോളിയൻ ചക്രവർത്തി ആ വഴി വന്നത്. കൂലിക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഒരു പടയാളി അവിടെ നിന്നിരുന്നു. അയാൾ കൂലിക്കാരെ ശാസിക്കുകയല്ലാതെ അവരുടെ കൂടെ പണിയെടുക്കുന്നുണ്ടായിരുന്നില്ല. അയാളുടെ സമീപം ചെന്ന് നെപ്പോളിയൻ ചോദിച്ചു
“പാവപ്പെട്ട കൂലിക്കാർ വളരെ കഷ്‌ടപ്പെട്ടു ജോലി ചെയ്യുന്നു. നിങ്ങൾക്ക് അവരെ ഒന്നു സഹായിച്ചുകൂടെ?”
ഇതുകേട്ട് പടയാളിക്ക് ദേഷ്യം വന്നു. പല്ലുകടിച്ചുകൊണ്ടയാൾ പറഞ്ഞു. “നിനക്കറിയാമോ ഞാനാരാണെന്ന്? ഞാൻ കൂലിക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുന്ന പടയാളിയാണ്.”
അയാളുടെ മറുപടി ശാന്തമായി നെപ്പോളിയൻ കേട്ടുകൊണ്ടുനിന്നു. അദ്ദേഹം മടികൂടാതെ കൂലിക്കാരുടെ കൂടെച്ചേർന്ന് അവരെ സഹായിച്ചു. അങ്ങനെ അവരെല്ലാം ചേർന്ന് കല്ലുയർത്തി വേണ്ട സ്ഥലത്തെത്തിച്ചു.
ഇയാൾ ഒരു ഭ്രാന്തനാണെന്നു കരുതി പടയാളി ചോദിച്ചു. “നിങ്ങളാരാണ്?”
നെപ്പോളിയൻ പറഞ്ഞു.
“സഹോദരാ, നിങ്ങൾ ഒരുപക്ഷെ എന്നെ അറിയില്ല. ഈ ദാസനെ എല്ലാവരും വിളിക്കുന്നത് നെപ്പോളിയൻ എന്നാണ്.”
പടയാളിക്ക് മറുപടിയില്ലായിരുന്നു.
Generated from archived content: unnikadha_janu20_06.html Author: k_mukundan