രണ്ടു വഴിയാത്രക്കാർ വഴി നടന്ന് ക്ഷീണിച്ച് ആലിൻചുവട്ടിലിരുന്ന് വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്തുളള കിണറ്റിൽനിന്നും വെളളം കുടിച്ചും കൊണ്ടുവന്നിരുന്ന ഭക്ഷണം കഴിച്ചും അവർ ആലിൻചുവട്ടിൽ കിടന്നുറങ്ങി.
അൽപ്പനേരം കഴിഞ്ഞ് അവർ ഉണർന്ന് ഒരാൾ പറഞ്ഞു. “നോക്കൂ ദൈവത്തിന്റെ സൃഷ്‌ടി ന്യായയുക്തമല്ല.”
“അതെന്താണ്?” അപരൻ ചോദിച്ചു.
“പറയാം, ഉദാഹരണത്തിന് ഈ ആലിനെത്തന്നെ എടുക്കാം. നോക്കൂ ഇതിന്റെ തടിക്ക് എന്തു വണ്ണം? എന്തുയരം? പക്ഷെ ഇതിന്റെ കായകളോ? വളരെ ചെറുത്. എന്നാൽ മണ്ണിൽ പടർന്നുകിടക്കുന്ന മത്തവളളിയെ നോക്കൂ. എത്ര ചെറിയ വളളി. പക്ഷെ എത്ര വലിയ മത്തങ്ങയാണതിൽ ഉണ്ടാകുന്നത്. അതാണ് ഞാൻ പറഞ്ഞത് സൃഷ്‌ടിയുടെ കാര്യത്തിൽ ദൈവം വേണ്ടത്ര ന്യായം കാണിച്ചിട്ടില്ല.”
ഈ സമയം ആൽമരത്തിൽ നിന്നും ഒരു കായ അടർന്ന് സംസാരിച്ചുകൊണ്ടിരുന്ന ആളിന്റെ തലയിൽ വീണു. ഉടനെ അയാൾക്ക് ബുദ്ധി ഉദിച്ചു. അയാൾ പറഞ്ഞു.
“സ്‌നേഹിതാ, സമ്മതിച്ചു ദൈവത്തിന്റെ സൃഷ്‌ടി തികച്ചും ന്യായയുക്തം തന്നെ. ഞാൻ അറിവില്ലാതെയാണിതു പറഞ്ഞത്. വലിയ മരത്തിൽനിന്നും വലിയൊരു കായാണ് വീണിരുന്നതെങ്കിൽ എന്റെ സ്ഥിതി എന്താകുമായിരുന്നു! സമ്മതിച്ചു. തീർച്ചയായും ദൈവത്തിന്റെ സൃഷ്‌ടി ന്യായയുക്തം തന്നെ. തർക്കമില്ല.”
അവർ യാത്ര തുടർന്നു.
Generated from archived content: unnikadha1_sept23_05.html Author: k_mukundan