ജീവിതം

സുപ്രസിദ്ധ സാഹിത്യകാരനായ ബർണാഡ്‌ഷായോട്‌ ഒരിക്കൽ ശിഷ്യൻ ചോദിച്ചു. “എന്താണ്‌ ജീവിതം? ഒന്നു വിശദമായി പറഞ്ഞുതരുമോ?”

അദ്ദേഹം അതിനു മറുപടിയായി ഒരു കഥ പറഞ്ഞു. “ഒരിക്കൽ ഒരാന ഒരു മനുഷ്യനെ ഓടിച്ചിട്ടു. ഓടിയോടി അയാൾ ഒരു കിണറ്റിൽ വീണു. വീഴുന്നതിനിടയിൽ കിണറ്റിനുചുറ്റും പടർന്ന്‌ കിടന്നിരുന്ന വളളികളിൽ കുരുങ്ങി അയാൾ തൂങ്ങിക്കിടന്നു. താഴെ ഒരു മുതല വായും പൊളിച്ചുകിടക്കുന്നു. മേലോട്ടു നോക്കിയപ്പോൾ തൂങ്ങിക്കിടക്കുന്ന വളളികളെ വെളുത്തതും കറുത്തതുമായ രണ്ട്‌ എലികൾ കരളുന്നതായി കണ്ടു. ഇതിനിടയിൽ വളളികൾക്കിടയിലെ തേനീച്ചക്കൂടിൽ നിന്നും തേൻ തുളളികൾ ഇറ്റുവീഴുന്നു. എല്ലാം മറന്നയാൾ ആ തേൻ തുളളികൾ നക്കി കുടിക്കുന്നു.”

ഗുരു നിറുത്തി. ശിഷ്യന്‌ ഒന്നും മനസ്സിലായില്ല. ഗുരു വീണ്ടും തുടർന്നു.

“മനസ്സിലായില്ലേ? മനുഷ്യനെ ഓടിച്ചിട്ട ആന സാക്ഷാൽ കാലൻ. മുതല മരണം, അറുത്തുമുറിക്കുന്ന വെളുത്തതും കറുത്തതുമായ എലികൾ രാവും പകലും, തേൻതുളളികൾ ജീവിതത്തിലെ ആനന്ദം. ഏതു പരിതഃസ്ഥിതിയിലും ആനന്ദം അനുഭവിക്കാൻ ശ്രമിക്കുക മനുഷ്യന്റെ മാത്രം പ്രത്യേക സ്വഭാവമാണ്‌. ചുരുക്കത്തിൽ ഇതെല്ലാം ചേർന്നതാണ്‌ ജീവിതം.”

ജീവിതത്തിന്‌ ഇത്രയും രസകരവും തന്മയത്വവുമായ ഒരു വിശദീകരണം മറ്റാരും നൽകിയിട്ടുണ്ടാകുമെന്ന്‌ തോന്നുന്നില്ല.

Generated from archived content: unni_feb28.html Author: k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here