രാജാവും മന്ത്രിയും കൂടി ഒരിക്കൽ നായാട്ടിനുപോയി. പുലിയെ ശിക്കാർ ചെയ്യാനുളള ശ്രമത്തിൽ രാജാവിന്റെ ഒരു വിരൽ മുറിഞ്ഞു. പുലിയെ പിടിച്ചെങ്കിലും വിരൽ മുറിഞ്ഞതിൽ രാജാവ് വളരെ ദുഃഖിച്ചു. വിശ്വസ്‌തനായ മന്ത്രി രാജാവിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “ദൈവം ചെയ്യുന്നതെല്ലാം നല്ലതിനാണ്.”
മന്ത്രിയുടെ അഭിപ്രായം രാജാവിന് ഇഷ്‌ടമായില്ല. മന്ത്രിയെ വിട്ട് രാജാവ് ഏകനായി ശിക്കാർ നടത്തിക്കൊണ്ടിരുന്നു.
ശിക്കാറിന്റെ തിരക്കിൽ സ്ഥലകാലഭേദങ്ങൾ രാജാവ് ശ്രദ്ധിച്ചേയില്ല. സന്ധ്യയായപ്പോഴേക്കും ദിക്കുതെറ്റി മറ്റൊരു രാജ്യത്തിന്റെ അതിർത്തിയിലെത്തിച്ചേർന്നു. ആ രാജ്യക്കാർ കാളിക്കു ബലി കൊടുക്കാൻ ഒരാളെ അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് രാജാവിനെ അവർക്ക് കിട്ടിയത്. സന്തോഷമായി, രാജാവാണെന്ന് പറഞ്ഞിട്ടൊന്നും കിട്ടിയ ഇരയെ വിടാൻ അവർ തയ്യാറായില്ല.
രാജാവിനെ പുരോഹിതൻ സൂക്ഷ്‌മമായി പരിശോധിച്ചു. മുറിഞ്ഞ വിരൽ അപശകുനമായിരുന്നു. അതിനാൽ രാജാവിനെ ബലിയർപ്പിക്കാൻ പുരോഹിതൻ വിസമ്മതിച്ചു. അവർ അദ്ദേഹത്തെ വിട്ടയച്ചു. പ്രാണൻ രക്ഷപ്പെട്ടതിൽ രാജാവ് സന്തോഷിച്ചു.
ഏറെ വൈകി രാജാവ് സ്വന്തം നാട്ടിൽ തിരിച്ചെത്തി. അപ്പോഴാണ് രാജാവിന് മന്ത്രി പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയത്. സത്യത്തിൽ മന്ത്രി പറഞ്ഞത് ശരിയാണ്. ദൈവം ചെയ്യുന്നതെല്ലാം മനുഷ്യരുടെ നന്മയ്‌ക്കാണ്. വിരൽ മുറിഞ്ഞിരുന്നില്ലായിരുന്നെങ്കിൽ ഇന്നെന്റെ ഗതി എന്താകുമായിരുന്നു.
രാജാവ് മന്ത്രിയെ പ്രത്യേകം അഭിനന്ദിച്ചു.
Generated from archived content: unni_feb12.html Author: k_mukundan