ആനയും ആമയും

ചിണ്ടനാമയും ചന്തുവാനയും വലിയ ചങ്ങാതിമാരായിരുന്നു. ഒരേ കാട്ടിൽ വാസം. ഒരുമിച്ചുളള യാത്ര. ഒരുമിച്ച്‌ ഭക്ഷണം. പരസ്പരം കുശലങ്ങൾ പങ്കുവയ്‌ക്കും. അവരുതമ്മിൽ വലിയ സ്‌നേഹമായിരുന്നു.

ഇവരുടെ സ്‌നേഹബന്ധത്തിൽ അസൂയതോന്നിയ കാട്ടിലെ മറ്റു ജീവികൾ ഇവരെ തമ്മിൽ പിണക്കാനെന്താണ്‌ വഴി എന്നാലോചിച്ചു. കാട്ടിലെ സദസ്സുകൂടിയപ്പോൾ ഇതായിരുന്നു പ്രധാന ചർച്ചാവിഷയം.

“ഇവരെ തമ്മിൽ പിണക്കാൻ എനിക്കൊരുവഴി അറിയാം” സൂത്രക്കാരനായ കുറുക്കൻ അവസാനം പറഞ്ഞു. വഴി എന്താണെന്നറിയാൻ എല്ലാവർക്കും ഉത്സാഹമായി.

കുറുക്കൻ പറഞ്ഞു ഃ “ഇവരെ തമ്മിൽ പിണക്കാൻ ഒരേയൊരു വഴിയേയുളളൂ. ഏതെങ്കിലും തരത്തിൽ ഇവരെ തമ്മിൽ മത്സരിപ്പിക്കണം. മത്സരത്തിൽ രണ്ടാളും ജയിക്കില്ലല്ലോ? അപ്പോൾ തോറ്റയാൾ ജയിച്ചയാളിനോടു പിണങ്ങും.”

സദസ്സിനാകെ ഈ വഴി നന്നായി ഇഷ്‌ടപ്പെട്ടു. മത്സരത്തിന്‌ വേണ്ടതൊക്കെ ഒരുക്കാൻ സദസ്സ്‌ കുറുക്കനെത്തന്നെ ചുമതലയേല്പിച്ചു.

സൂത്രക്കാരനും ബുദ്ധിമാനുമായ കുറുക്കൻ ഓരോരുത്തരേയും ഒറ്റയ്‌ക്കു കണ്ടു സംസാരിച്ചു.

ആനയോട്‌ കുറുക്കൻ പറഞ്ഞു ഃ “നീ വലിയവനാണ്‌. ഈ കാട്ടിലെ രാജാവാകേണ്ടയാളാണ്‌. വെറുതെ എന്തിനാ ഈ ചെറിയ ജന്തുക്കളോടൊക്കെ കൂട്ടുകൂടി നടക്കുന്നത്‌. ചെറിയവന്റെ കൂടെ നടന്നാൽ വലിവനും ചെറിയവനാകും. വലിയവൻ ഒരിക്കലും ചെറിയവനാകരുത്‌.”

“ഞങ്ങൾ തമ്മിൽ ചെറുപ്പം മുതൽക്കേയുളള സ്‌നേഹബന്ധമാണ്‌.” ആന പറഞ്ഞു.

“ശരി സമ്മതിച്ചു. പക്ഷെ അതവൻ മനസ്സിലാക്കേണ്ടെ? നടക്കുന്നതെന്താണെന്നറിയാമോ? അവന്റെ ശക്തി കണ്ടു പേടിച്ചിട്ടാണ്‌ നീ അവനോടു കൂട്ടുകൂടിയതെന്ന്‌. എത്ര ശ്രമിച്ചാലും അവനെ ഒരു കാര്യത്തിലും നിനക്കു തോല്പിക്കാൻ പറ്റില്ലെന്ന്‌. ഞാൻ പറയുന്നതുകേൾക്ക്‌ ഇനി നീ അവനോടു കൂട്ടുകൂടരുത്‌.” കുറുക്കൻ തന്റെ സൂത്രങ്ങൾ ഒന്നൊന്നായി എടുത്തുതുടങ്ങി.

“പക്ഷെ ഒരു കാരണവുമില്ലാതെ പിണങ്ങാൻ പറ്റുമോ?”

“കാരണമുണ്ടാക്കാം. നീ ഒരു മത്സരത്തിന്‌ തയ്യാറാകണം. അവനെ ഒരു പ്രാവശ്യം തോല്പിച്ചാൽ പിന്നെ അവൻ തലപൊക്കില്ല. പൊങ്ങച്ചവും പറയില്ല.” കുറുക്കൻ ആശ്വസിപ്പിച്ചു.

ആന സമ്മതിച്ചു.

അതിനുശേഷം കുറുക്കൻ ആമയെ കണ്ടു പറഞ്ഞു. “നിന്നോടെല്ലാവർക്കും അസൂയയാണ്‌. നിനക്കു നിന്റെ വലിപ്പമറിയില്ല. കാട്ടിലെ ഏറ്റവും വേഗതകൂടിയ മുയലിനെ തോല്പിച്ചവനാണു നിന്റെ മുത്തച്ഛൻ. നിനക്കുവേണമെങ്കിൽ ആനയേയും തോല്പിക്കാം. അവൻ ഒരഹങ്കാരിയാണ്‌. അവൻ പറയുന്നതെന്താണെന്നറിയുമോ? നിന്റെ സംരക്ഷകനാണ്‌ ‘അവനെന്ന്‌’. അവൻ ശക്തിയായി ഒന്നൂതിയാൽ നീ പറന്നുപോകുമെന്ന്‌. അവൻ സിംഹരാജാവിനേയും വെല്ലുവിളിച്ചിരിക്കയാണ്‌. ഏറ്റവും ശക്തിമാനും വലിയവനുമായ തനിക്കു കാട്ടിലെ രാജാവാകണമെന്നാണവന്റെ ആഗ്രഹം. ഇത്രയ്‌ക്കഹങ്കാരം ഞാൻ മറ്റൊരാളിലും കണ്ടിട്ടില്ല. അവന്റെ ഈ അഹങ്കാരം നമുക്കൊന്നു കുറയ്‌ക്കണം.”

“അതിനെന്തുവഴി?” ആമ പെട്ടെന്ന്‌ ചോദിച്ചു.

“വഴി ഞാൻ പറയാം.” കുറുക്കൻ പറഞ്ഞു. “പക്ഷെ ഞാൻ പറയുന്നത്‌ നീ അനുസരിക്കണം. ചെയ്യാമോ?”

“ശരി. വഴി പറയൂ” ആമ പറഞ്ഞു.

“നീ ആനയെ ഒരു മത്സരത്തിനു ക്ഷണിക്കണം.”

“ജയിക്കുമോ? വെറുതെ നാണം കെടാൻ എനിക്കു വയ്യാ.” ആമയ്‌ക്കു വീണ്ടം സംശയം.

“നീ ധൈര്യമായിരിക്ക്‌. ഞാനില്ലേ നിന്റെ കൂടെ? ജയിക്കാനുളള വഴിയൊക്കെ ഞാൻ പറഞ്ഞുതരാം. ഏതായാലും അവന്റെ അഹങ്കാരം നമുക്കൊന്നു കുറയ്‌ക്കണം.”

അങ്ങിനെ മത്സരം നിശ്ചയിച്ചു. വടംവലി മത്സരം നദിതീരത്താണ്‌. കാട്ടിലെ എല്ലാവരും വന്നുച്ചേർന്നു. ഒരു വലിയ വടം തയ്യാറാക്കിവച്ചിരുന്നു.

മത്സരം തുടങ്ങുന്നതിന്‌ മുൻപ്‌ കുറുക്കൻ ആമയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു. ആരും അതത്ര ശ്രദ്ധിച്ചില്ല.

കൃത്യസമയത്ത്‌ വടംവലി തുടങ്ങാനുളള വിസില്‌ വിളിച്ചു. വടത്തിന്റെ ഒരറ്റവുമായി ആമ സാവധാനം നദിയിലേക്കിറങ്ങി. നദിക്കടിയിൽ പാർത്തിരുന്ന ചീങ്കണ്ണിയെ വടം ഏല്‌പിച്ചു. നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച്‌ ‘ചീങ്കണ്ണി വടത്തിന്റെ ഒരറ്റം ശക്തിയായി കടിച്ചു പിടിച്ചിരുന്നു.

കരയിൽ നിന്നും ആന വലിതുടങ്ങി. ചിങ്കണ്ണി പിടിച്ച വടം എങ്ങിനെ വരാനാണ്‌? ഇഴഞ്ഞുനടക്കുന്ന ആമയ്‌ക്ക്‌ ഇത്ര ശക്തിയോ? ആന പകച്ചു. വീണ്ടും ശക്തിയായി വലിച്ചു. എത്ര ശക്തി പ്രയോഗിച്ചിട്ടും വടം നീങ്ങുന്നില്ല.

വളരെ നേരത്തെ പരിശ്രമത്തിനുശേഷം ആന തോറ്റു പിൻവാങ്ങി. നാണിച്ച്‌ തലതാഴ്‌ത്തി ഒന്നും മിണ്ടാതെ ആന നടന്നുനീങ്ങി.

ആമയെ എല്ലാവരും പ്രശംസിച്ചു. പക്ഷെ അന്നുമുതൽ ചിണ്ടനാമയും ചന്തുവാനയും വലിയ പിണക്കത്തിലായി. അവരുടെ പിണക്കം ഇന്നും തുടരുന്നു.

ആത്മാർത്ഥ സ്‌നേഹിതന്മാർ മറ്റുളളവരുടെ വാക്കുകൾ കേട്ട്‌ ഒരിക്കലും മത്സരത്തിനൊരുങ്ങരുത്‌. സ്‌നേഹബന്ധം തകരും.

Generated from archived content: story_anayum.html Author: k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here