രാത്രി മഴ പെയ്‌തു. നേരം പുലർന്നപ്പോൾ പകലിന് കൂടുതൽ ശോഭ തോന്നി.
ആട്ടിൻ കുഞ്ഞുങ്ങൾ മുലകുടിച്ച് വയറു നിറച്ചു. പിന്നീട് പുല്ലിൽ കിടന്നു കളിച്ചു. നനഞ്ഞ മണ്ണിൽ അത് നാലു കാലും കുത്തിച്ചാടി. ആദ്യം അമ്മയുടെ അടുത്തുതന്നെ കളിച്ചു നിന്നു. പിന്നീട് ദൂരെ പോകാൻ ആഗ്രഹിച്ചു.
അമ്മ പറഞ്ഞു. “മക്കളെ ദൂരെ പോകല്ലേ, കാട്ടിൽ വഴി തെറ്റും.”
മൂത്തവൻ കുറച്ചു ദൂരെ പോയി വിളിച്ചുപറഞ്ഞു. “ഇവിടെയിരുന്നു കുറച്ചു സമയം കളിച്ചിട്ടുവരാം.”
“ദൂരെ പോകല്ലെ” അമ്മ പറഞ്ഞു.
“ഇല്ല പോകില്ല” അവൻ സമ്മതിച്ചു.
കളിയുടെ രസത്തിൽ അമ്മ പറഞ്ഞതവൻ മറന്നു. പുതിയ പുതിയ സ്ഥലങ്ങൾ കാണാനവൻ കൊതിച്ചു.
കളിയിൽ ശ്രദ്ധിച്ചപ്പോൾ വഴി ശ്രദ്ധിച്ചില്ല. കാടു കണ്ടപ്പോൾ ഉത്സാഹം. കുറച്ചുകൂടി ഉളളിൽ കടന്നു നോക്കാനൊരാഗ്രഹം. ചാടിച്ചാടി ഉളളിൽ കടന്നു. പിന്നെ വഴിതെറ്റി. പക്ഷെ അവനതറിഞ്ഞില്ല.
കളിച്ചു ക്ഷീണിച്ചു വിശപ്പു തുടങ്ങി. തിരികെ പോരാൻ നോക്കിയപ്പോഴാണ് വഴി തെറ്റിയ കാര്യം മനസ്സിലായത്. മടങ്ങി പോരാനറിയില്ല. മുളളും കരടും നിറഞ്ഞ കാട്ടിൽ വഴിതേടി അവൻ അലഞ്ഞു നടന്നു.
“അല്ലാ, നീ വന്നതു നന്നായി. കുറച്ചു ദിവസമായി വായ്‌ക്കു രുചിയായി എന്തെങ്കിലും കഴിച്ചിട്ട്.” അടുത്തുളള കുറ്റിക്കാട്ടിൽനിന്നും ഒരു ചെന്നായ ഇറങ്ങിവന്നു.
മറുപടി പറയാനോ ഒന്നു കരയാനോ ഉളള സമയം പോലും അവന് ലഭിച്ചില്ല. പക്ഷെ അമ്മ പറഞ്ഞതിന്റെ പൊരുൾ അവനപ്പോൾ ഓർമ്മവന്നു.
Generated from archived content: kattukatha_may27.html Author: k_mukundan