ഒരിക്കൽ പാവപ്പെട്ട ഒരു മനുഷ്യൻ കാട്ടിൽക്കൂടി നടന്നുപോവുകയായിരുന്നു. കാലിൽ മുളളു തറച്ച് കരയുന്ന ഒരു സിംഹത്തെ അയാൾ കണ്ടു. ദയ തോന്നി സിംഹത്തിന്റെ കാലിൽ തറച്ചിരുന്ന മുളള് ഊരി പച്ചമരുന്നു പുരട്ടി അയാൾ അതിനെ ആശ്വസിപ്പിച്ചു.
കുറെ കാലശേഷം ഏതോ ഒരു കുറ്റത്തിന് ഈ പാവപ്പെട്ടവനെ രാജാവ് ശിക്ഷിച്ചു. വിശക്കുന്ന സിംഹത്തിന്റെ മുമ്പിലേക്കെറിയുവാനായിരുന്നു ആജ്ഞ.
വിശന്നവശനായ സിംഹത്തിന്റെ കൂട്ടിൽ അയാൾ അടയ്‌ക്കപ്പെട്ടു. സിംഹം തന്നെ കൊന്നുകളയുമെന്നു ഭയന്ന് അയാൾ കണ്ണടച്ചു കിടന്നു.
കാലിൽ ഒരു നനവു തോന്നി അയാൾ കണ്ണ് തുറന്നു നോക്കി. സിംഹം അയാളുടെ കാലിൽ നക്കുന്നു. സിംഹത്തിന്റെ കണ്ണിൽ നന്ദിയുടെ തിളക്കം. കയ്യിൽനിന്നും മുളള് ഊരി രക്ഷപ്പെടുത്തിയ ആ പഴയ സിംഹമായിരുന്നു അത്. അയാൾ അതിശയിച്ചു. മനുഷ്യനില്ലാത്ത നന്ദി മൃഗത്തിനോ? ഇത്രയുംനാൾ കഴിഞ്ഞിട്ടും സിംഹം അയാളെ തിരിച്ചറിഞ്ഞിരിക്കുന്നു.
Generated from archived content: kattukatha_mar26.html Author: k_mukundan