ബുദ്ധിമാനായ മുയൽ

കാട്ടിലെ രാജാവായ സിംഹം പുതിയ മന്ത്രിയെ തിരഞ്ഞെടുക്കാൻ ഒരു പരീക്ഷണം ഏർപ്പെടുത്തി. പരീക്ഷയ്‌ക്കായി കുറുക്കൻ, ചെന്നായ, മുയൽ എന്നിവരാണ്‌ വന്നുചേർന്നത്‌.

രാജാവ്‌ കുറുക്കനോട്‌ തന്റെ മൂക്കിന്നടുത്ത്‌ വന്നു മണത്തുനോക്കാൻ പറഞ്ഞു. എന്നിട്ട്‌ ചോദിച്ചു. “എന്റെ മൂക്കിനു നല്ല വാസനയോ ചീത്ത വാസനയോ?”

“നല്ല വാസന, നല്ല വാസന” തുളളിച്ചാടി പറഞ്ഞ കുറുക്കനോട്‌ രാജാവിന്‌ ദേഷ്യമാണ്‌ തോന്നിയത്‌. സിംഹം ഉടനെ അലറി പറഞ്ഞു.

“നീചാ സൂത്രക്കാരാ, മാംസം കഴിക്കുന്ന എന്റെ മൂക്കിനെങ്ങിനെ നല്ല വാസനയുണ്ടാകും?” ഉടനെ തന്നെ കുറുക്കനെ കൊന്നു കളയാൻ രാജാവ്‌ ആജ്ഞാപിച്ചു.

രാജാവിന്റെ മൂക്കു മണത്തശേഷം ചെന്നായ പറഞ്ഞു. “രാജാവിന്റെ മൂക്കിന്‌ ദുർഗന്ധമാണ്‌.” സത്യമാണ്‌ ചെന്നായ പറഞ്ഞത്‌. പക്ഷെ രാജാവിന്‌ അത്‌ ഇഷ്‌ടപ്പെട്ടില്ല. ചെന്നായയുടെ ഗതിയും കുറുക്കന്റേതുതന്നെയായിരുന്നു.

ഒടുവിൽ മുയൽ ശേഷിച്ചു. പല പ്രാവശ്യവും രാജാവിന്റെ മൂക്കിന്റെ അടുത്തുപോയി പരിശോധിച്ചശേഷം മുയൽ പറഞ്ഞു. “ക്ഷമിക്കണം തിരുമേനീ, ജലദോഷം കാരണം ശരിയായ വാസന പിടികിട്ടുന്നില്ല.”

മുയലിന്റെ ബുദ്ധിശക്തിയിൽ സന്തോഷിച്ച രാജാവ്‌ മുയലിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചു.

Generated from archived content: kattukatha_june25_05.html Author: k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here