സംസർഗ്ഗ ഗുണം

അന്ന്‌ ചന്തയിൽ ഒരു പുതിയ കച്ചവടക്കാരൻ വന്നു. അയാളുടെ കയ്യിൽ രണ്ടു കൂടുകൾ ഉണ്ടായിരുന്നു. ഓരോന്നിലും ഓരോ തത്ത വീതം ഒരു കൂടിന്‌ അഞ്ച്‌ രൂപയും മറ്റേതിന്‌ അഞ്ഞൂറ്‌ രൂപയും വില. അഞ്ച്‌ രൂപയുടെ തത്ത വേണ്ടവർ വേഗം പറയണം. അഞ്ഞൂറ്‌ രൂപയുടെ തത്ത വെറുതെ കിട്ടും. അയാൾ വിളിച്ചു പറഞ്ഞു.

ആ സമയം ആ വഴി ആനപ്പുറത്ത്‌ വന്ന രാജാവ്‌ ഈ കച്ചവടക്കാരനെ ശ്രദ്ധിച്ചു. അദ്ദേഹം ചോദിച്ചു. “ഒരേപോലെയിരിക്കുന്ന രണ്ട്‌ തത്തകൾക്കും വിലയിൽ ഇത്ര വ്യത്യാസം വരാൻ കാരണം?”

അയാൾ പറഞ്ഞു. “മഹാരാജാവേ, ഈ തത്തകളെ അങ്ങ്‌ വാങ്ങിയാൽ വിവരം താനെ അറിയാം.”

രാജാവ്‌ തത്തകളുമായി കൊട്ടാരത്തിലേക്കു മടങ്ങി. ഉറങ്ങാൻ കിടന്ന സമയം പരിചാരകനോടു പറഞ്ഞു.

“അഞ്ഞൂറ്‌ രൂപയുടെ വിലയുളള ഒരു കൂട്‌ കട്ടിലിനരികെ വയ്‌ക്കണം.”

പരിചാരകൻ അങ്ങിനെ ചെയ്‌തു.

വെളുപ്പിന്‌ നാല്‌ മണിക്ക്‌ തത്ത ഉണർന്നു. “കൃഷ്‌ണ ഗുരുവായൂരപ്പാ” അതു വിളിച്ചു പറഞ്ഞു. തുടർന്ന്‌ സുന്ദരമായ ഒരു കൃഷ്‌ണസ്‌തുതി ചൊല്ലി. ഭക്തിമയമായ ഗീതങ്ങൾ കേട്ട്‌ രാജാവ്‌ സന്തോഷിച്ചു.

പിറ്റെ ദിവസം രാജാവ്‌ ആദ്യത്തെ കൂടുമാറ്റി രണ്ടാമത്തെ കൂടു വയ്‌പിച്ചു. വെളുക്കാറായപ്പോൾ ആ തത്ത ഉണർന്ന്‌ ചീത്ത പറയാൻ തുടങ്ങി. രാജാവിന്‌ ദേഷ്യം വന്നു. അതിനെ കൊന്നുകളയാൻ രാജാവ്‌ തീരുമാനിച്ചു.

ഈ തീരുമാനമറിഞ്ഞ ആദ്യത്തെ തത്ത പറഞ്ഞു. രാജാവേ, അതിനെ കൊല്ലരുതേ. ഇതെന്റെ സ്വന്തം സഹോദരനാണ്‌. ഞങ്ങൾ ഒരുമിച്ചാണ്‌ വലയിൽ പെട്ടത്‌. എന്നെ ഒരു സന്യാസി വാങ്ങി. ഇവനെ ഒരു കൊളളക്കാരനും. അതിനാലാണവൻ ചീത്ത പഠിച്ചത്‌. അവന്റെ കുറ്റമല്ലത്‌. കുറച്ചുദിവസം എന്റെ കൂടെയിരുന്നാൽ അവനും നല്ലവനായി തീരും.

രാജാവ്‌ രണ്ടു തത്തകളേയും ഒരേ കൂട്ടിലാക്കി കുറെനാൾ കഴിഞ്ഞപ്പോൾ രണ്ടു തത്തകളും ഒരേ ഗുണമുളളവരായിത്തീർന്നു.

Generated from archived content: kattukatha_july9_05.html Author: k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here