അയാൾ ശിക്കാറിനായി പോയതായിരുന്നു. വലിയൊരു തോക്ക് കയ്യിൽ. വെടിയുണ്ട നിറച്ച സഞ്ചി തോളിൽ.
നീണ്ടു നീണ്ടു കിടക്കുന്ന പർവ്വതമലകൾ. പർവ്വതത്തോട് ചേർന്നു കിടക്കുന്ന അഗാധമായ കൊക്കകൾ. പർവ്വത മദ്ധ്യത്തിൽ കൂടി ഒരൊറ്റയടിപ്പാത. നാലുവശവും നിറഞ്ഞ കാട്. ഉയരമുളള മരങ്ങൾ. ഉയർന്ന മരത്തിലിരുന്ന അയാൾക്ക് ആ വഴി കരടി വരുമെന്നറിയാമായിരുന്നു.
ദൂരെനിന്നും ഒരു ചെറിയ കരടി ഒറ്റയടിപ്പാതയിൽകൂടി വരുന്നത് അയാൾ കണ്ടു. വെടിവച്ചാൽ അത് കൊക്കയിൽ വീഴും. അതിനാൽ അയാൾ നിശ്ശബ്‌ദനായി നിന്നു. അതാ എതിർദിശയിൽനിന്നും ഒരു വലിയ കരടി വരുന്നു. രണ്ടുപേരും കൂടി വഴിയിൽവച്ച് വഴക്കടിച്ചാൽ ഒന്നു തീർച്ചയായും തന്റെ നേരെ ഓടിവരും. അപ്പോൾ അതിനെ വെടിവച്ചു വീഴ്‌ത്താം. ഏതായാലും കുറച്ചു സമയം കൂടി കാത്തിരിക്കാമെന്നയാൾ കരുതി.
രണ്ടു കരടികളും വഴിയിൽവച്ച് കണ്ടുമുട്ടി. കടന്നുപോകാൻ കഴിയില്ല. ഒരു വശത്ത് ഉയർന്നു നിൽക്കുന്ന പർവ്വതനിര. മറുവശത്ത് അഗാധമായ കൊക്ക. എന്തു ചെയ്യും?
രണ്ടു കരടികളും അടുത്തടുത്തു വന്നു. തങ്ങളുടെ ഭാഷയിൽ രണ്ടു കരടികളും എന്തോ സ്വകാര്യം പറഞ്ഞു. ശിക്കാരിയ്‌ക്കതു മനസ്സിലായില്ല. വളരെ വേഗം അവരുടെ സംസാരം തീർന്നു. വലിയ കരടി വഴിയിൽ ഒതുങ്ങിനിന്നു. ചെറിയ കരടി അതിന്റെ മുകളിൽക്കൂടി ചാടി മുന്നോട്ടു നീങ്ങി. പിന്നീട് രണ്ടുപേരും രണ്ടുവഴി പിരിഞ്ഞു.
“അയ്യോ മൃഗങ്ങൾക്കും അത്രയ്‌ക്കും ബുദ്ധിയോ!” ശിക്കാരി അതിശയിച്ചു. ശിക്കാർ നഷ്‌ടപ്പെട്ടെങ്കിലും മൃഗങ്ങളുടെ ബുദ്ധിയിൽ അയാൾക്ക് സന്തോഷം തോന്നി.
Generated from archived content: kattu-jan15-05.html Author: k_mukundan