‘അന്യർക്ക് പ്രവേശനമില്ല’ മുത്തുമണിയുടെ അച്ഛനും സുഹൃത്തുക്കളും ബോർഡ് നോക്കി അല്‌പസമയം നിന്നു. അവരുടെ നില്‌പ് കണ്ട് പരിസരവാസികൾ പലരും കാര്യം തിരക്കി. മുത്തുമണിയുടെ അച്ഛൻ പറയുന്നതിന് മുൻപേ കണ്ണനാണ് കാര്യം വിവരിച്ചത്.
“നിങ്ങൾ വരിൻ…..” അതിലൊരു യുവാവ് തകരവാതിൽ തുറന്നു.
“ഇതിനുള്ളിൽ വിലപിടിച്ച വസ്‌തുക്കളൊന്നുമില്ല. തെങ്ങിൽ തേങ്ങയുണ്ട്. നമുക്കു വേണ്ടത് നമ്മളോമനിച്ചു വളർത്തിയ ആ മിണ്ടാപ്രാണിയെയാണ്. അതിവിടെയെങ്ങാനും ഉണ്ടോ? ആരാനും അതിനെ തടവിലിട്ടുവോ?” ആ ചെറുപ്പക്കാരൻ നിർഭയനായി അകത്തു കടന്നപ്പോൾ എല്ലാവരും അയാളുടെ പുറകെ കടന്നു. അറ്റത്തുള്ള കുടിലിനെ ലക്ഷ്യമിട്ട് നടക്കവേ മുരുകന്റെ അച്ഛൻ പുറത്തേക്കു വന്നു. പക്ഷേ കണ്ണനാണ് അതു കണ്ടത്. മുരുകൻ പുറകിലെ വേലി ചാടി ഓടുന്നു.
‘സാറമ്മാരെല്ലാരും എന്താ….“
”മുരുകൻ കൊണ്ടുവന്ന ഡോഗെവിടെ?“ചെറുപ്പക്കാരനാണ് ചോദിച്ചത്. ”ഞാൻ പോലീസിൽ കംപ്ലെയിന്റ് കൊടുക്കാൻ പോവാ.“
അയ്യോ സാർ……. ആരോ ഊരിലേക്ക് പോകുമ്പോൾ അതിനെ മുരുകനു സമ്മാനിച്ചതല്ലേ?”
“സമ്മാനിച്ചതല്ലാ…. കട്ടോണ്ടുപോന്നതാ അവനെ.”
“ചക്കു…. ചക്കു….” അക്ഷമനായി കണ്ണൻ വിളിച്ചു.
“ഭൂ…. ഭൂ…. ഭൂ…. ” ക്ഷീണിതനായ ചക്കുവിന്റെ മൂളലും കരച്ചിലും.
“മൈ ഗോഡ്…. മോനേ ചക്കൂ…” കുര കേട്ടതും മുത്തുമണിയുടെ അച്ഛൻ വികാരഭരിതനായി അവനെ വിളിച്ചു.
കുടിലിന്റെ ഒരു മൂലയിൽ ബന്ധിതനും ദുഃഖിതനുമായ ചക്കു. മുത്തുമണിയുടെ അച്ഛനെ കണ്ടതും എഴുന്നേറ്റുനിന്ന് കുരയ്‌ക്കുകയും മൂളുകയും വാലാട്ടുകയും ചെയ്യുന്നു.
“ഒന്നുമേ സാപ്പിടുന്നില്ല സാർ. ഞാനിവന് റൊട്ടി, ചപ്പാത്തി, പാല് എല്ലാമേ കൊടുത്താച്ച്. ഒന്നുമേ അവൻ സാപ്പിടല്ലെ!”
“അവനെ എനിക്കു തരൂ. എന്റെ മകൾ അവനെ കാണാതെ ഭക്ഷണം കഴിച്ചിട്ടില്ല. അവൾ പനി പിടിച്ചു കിടപ്പാണ്.”
“പാവം! സാറേ നീങ്കൾ താൻ അവനരികിൽ പോയി കയറ് അഴിച്ചോളിൻ. എനിക്ക് റൊമ്പ ഭയം സാർ.”
മുത്തുമണിയുടെ അച്ഛൻ ചക്കുവിനരികിൽ ചെന്നതും അവൻ അച്ഛനെ കെട്ടിപ്പിടിച്ചു.
“സാരല്യട്ടോ. നമുക്ക് വീട്ടിൽ പോകാം.” എല്ലാവരും ദൂരെ മാറിനിന്നു. അവന്റെ മുഖത്ത് ഭയാശങ്കകൾ ഒഴിയുന്നു.
ആരവം കേട്ട് മുത്തുമണി കണ്ണു തുറന്നു.
“മോളെ ദാ… ചക്കൂട്ടൻ വരുന്നു…. മോളെഴുന്നേൽക്കണ്ട. അമ്മ അവനെ ഇങ്ങോട്ടു കൊണ്ടുവരാം…..
അമ്മ മുറിയിൽ നിന്ന് പുറത്തുവരും മുൻപേ മുത്തുമണി ക്ഷീണം മറന്ന് കാർപോർച്ചിലെത്തി. ചക്കു ഗെയിറ്റ് കടന്നതും എല്ലാം മറന്ന് വാലാട്ടി ഇരുകാലിൽ നിന്ന് അവളെ ചുറ്റിപ്പിടിച്ചു.
”ഇനി വികൃതി കാട്ടി പോകരുത്‌ട്ടോ….“
വികാരനിർഭരമായ നിമിഷങ്ങൾ.
”ദാ നോക്ക്….“ കണ്ണനാണ് കൈ ചൂണ്ടിയത്. മുരുകന്റെ അച്ഛൻ മുരുകനെ കഴുത്തിനു പിടിച്ച് കൊണ്ടുവന്നിരിക്കുകയാണ്.
”എടാ സാറിനോട് മാപ്പ് പറയ്.“
മുരുകൻ മുത്തുമണിയുടെ അച്ഛന്റെ അടുത്തുവന്ന് മാപ്പു പറഞ്ഞു.
”സാരമില്ല. നീയവനെ ഉപദ്രവിച്ചില്ലല്ലോ. എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞില്ലല്ലോ. കുട്ടികൾക്ക് കുസൃതിയൊക്കെ വേണം. പക്ഷേ, അത് ക്രൂരതയാകരുത്.“
അച്ഛൻ പറഞ്ഞപ്പോൾ മുരുകൻ തലയാട്ടി.
”നിന്റെ കയ്യിലെന്താ ഒരു കെട്ട്?“
”അത് ……. ചക്കു…..“
”കടിച്ചുവോ……?“
”ഉം…“ അവൻ തലയാട്ടി.
അവന്റെ കണ്ണുകളിൽ കുറ്റബോധം നിഴലിച്ചു.
അതേ, നായ്‌ക്കൾ സ്‌നേഹമുള്ളവരാണ്. നന്ദിയുള്ളവരാണ്. ഒരു പക്ഷേ, ഇക്കാണുന്ന മനുഷ്യരെക്കാളും എത്രയെത്രയോ വിശ്വസ്‌തരാണ്. അവരെ നോവിക്കരുത്. ദ്രോഹിക്കരുത്. വെറുതെ ദൈവശാപം പിടിച്ചുവാങ്ങരുത്.
-നിങ്ങൾക്കും വേണ്ടേ സ്വന്തമായി ഒരു ചക്കുവിനെ?
നോവൽ അവസാനിച്ചു.
Generated from archived content: pullichakku6.html Author: k_kavitha