ബാഗ്ലൂരിലെ ഷെട്ടിഹള്ളിയിൽ വീടു വാങ്ങിയപ്പോൾ പലവട്ടം അച്ചമ്മയെ ക്ഷണിച്ചതാണ്. തണുപ്പ് കുറയുമ്പോൾ വരാമെന്ന് പറഞ്ഞ അച്ചമ്മ എത്തിയിരിക്കുകയാണ്. അച്ചമ്മ അച്ഛന്റെ ഓരോ ചെയ്‌തികൾ കണ്ട് മൂക്കത്ത് വിരൽ വച്ചു.
പട്ടീനേം പൂച്ചേനേം വെറുത്തിരുന്ന മകനിപ്പോൾ നായച്ചൂരില്ലാതെ ജീവിക്കാനാവാത്ത അവസ്‌ഥ. ചക്കു വന്ന് അച്ഛന്റെ മടിയിൽ തലചായ്‌ച്ച് നില്‌ക്കുന്നതൊന്നും അച്ചമ്മക്കിഷ്‌ടമായില്ല.
ഇത്രയ്‌ക്കൊന്നും അടുത്ത് പെരുമാറണ്ട. നായ നായ തന്ന്യാ. അതിനു മനുഷ്യനാവാനാവില്ല. അച്ചമ്മ പുലമ്പുന്നത് ചക്കൂനെപ്പറ്റ്യാന്ന് അവന് മനസ്സിലായി. അവൻ അച്ചമ്മയെ നോക്കി കുരച്ചു.
“അയ്യന്റെപ്പാ…. ഇതിനെന്നെ കണ്ടൂടല്ലോ.” അച്ചമ്മയ്‌ക്ക് ഭയമായി.
“അച്ചമ്മേ ഇതു നോക്ക്. ചക്കൂന്റെ സാമനങ്ങൾ.” മുത്തുമണി കുട്ടയിൽ നിന്ന് ഓരോന്നായി പുറത്തെടുത്തു.
“ദാ….. ചക്കൂന്റെ സോപ്പ്, പൗഡർ, ബ്രഷ്, ഷാംമ്പു, ബോളുകൾ….”
“ന്റെ ഗുരുവായൂരപ്പാ…. ഇവറ്റകളെല്ലാം പട്ടിപ്രാന്തന്മാരായല്ലോ.”
ചക്കുവിന് ഒരുപാട് ഇഷ്‌ടാനിഷ്‌ടങ്ങൾ ഉണ്ട്. അച്ഛന്റെ സുഹൃത്തുക്കളിൽ ചിലരെ അവനിഷ്‌ടമല്ല. ഒരങ്കിളിനെ അവന് തീരെ കണ്ടുകൂടാ. ആ അങ്കിൾ ഒരിക്കൽ അച്ഛന്റെ കാർ ഒന്നോടിച്ചു. അതവനിഷ്‌ടമായില്ല. കാർ തൊട്ടടുത്ത വഴിയിലേക്കു പോയി തിരിച്ചുവരുന്നതുവരെ ആ വഴിയിലേക്ക് നോക്കി അവൻ കുരച്ചുകൊണ്ടിരുന്നു. പിന്നെ വീടിന്റെ പുറകിൽ വന്ന് അമ്മയെ മയക്കി മീനും ഇറച്ചിയും തിന്നുപോകുന്ന പൂച്ചപ്പെണ്ണിനോടും അവന് ദേഷ്യമാണ്.
പൂച്ചപ്പെണ്ണിന് പാരവെച്ചത് മുത്തുമണിയാണ്. അമ്മ പൂച്ചയ്‌ക്ക് അഴികൾക്കിടയിലൂടെ മീൻകഷ്‌ണം കൊടുക്കുന്നത് മുത്തുമണി ചക്കുവിന് കാണിച്ചുകൊടുത്തു. അവൻ പൂച്ചയെ പിടിക്കാൻ ഒരു ചാട്ടം ചാടി. അഴികൾക്കിടയിലൂടെ തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പൂച്ചയ്‌ക്കറിയാം. അവൾ അവന്റെ കുര കേട്ട് പുച്ഛത്തോടെ തിരിഞ്ഞൊന്നു നിന്നു. അതൊരു വല്ലാത്ത പോസായിരുന്നു. പക്ഷേ ചക്കു പലപ്പോഴും ഇടയ്‌ക്കിടയ്‌ക്ക് അവിടെ വന്ന് നിരീക്ഷിച്ചു പോകും.
Generated from archived content: pullichakku5.html Author: k_kavitha