പുലർകാല നടത്തം ചക്കുവിനേറെ പ്രിയമാണ്. നടത്തമല്ല – ഓട്ടം. ഡാൽമീഷ്യൻ വർഗ്ഗത്തിന് നടക്കാനറിയില്ല! അവന്റെ ഒപ്പമെത്താൻ അച്ഛനും ഓട്ടമാണ്. പോകുമ്പോഴും വരുമ്പോഴും ഇടതുഭാഗത്തുകൂടെ ഓടാൻ അച്ഛൻ അവനെ പരിശീലിപ്പിച്ചു.
ആദ്യമൊക്കെ അമ്മയാണ് നടത്താൻ കൊണ്ടുപോകാറ്. ചങ്ങലയിട്ടാണ് അന്നത്തെ നടത്തം. പക്ഷേ അവൻ ഓടുമ്പോൾ അമ്മയ്‌ക്ക് ഒപ്പം എത്താൻ പറ്റാറില്ല. അവനെ പിടിച്ചുവലിച്ച് അമ്മയുടെ കൈ ഉളുക്കി. വേദന മൂലം കൈകൊണ്ട് ഒന്നും ചെയ്യാൻ പറ്റാതായി. അപ്പോഴാണ് ചങ്ങല ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ചങ്ങലയില്ലാതെയാണ് നടത്തം; അവനും സുഖം! അമ്മയ്‌ക്കും സുഖം!
അവൻ നടക്കാനിറങ്ങുന്നതും നോക്കി ചുറ്റുപാടിലെ അരഡസൻ നായ്‌ക്കൾ കാത്തുനില്‌ക്കും. അവൻ ഇടതുഭാഗത്തൂടെ ഒറ്റയ്‌ക്ക് അച്ഛനോടൊപ്പം. മറ്റുള്ളവർ എതിർവശത്തുകൂടെ. അവന്റെ നടത്തത്തിനനുസരിച്ച് അവരും. അനാഥരായ ആ നായ്‌ക്കൾക്ക് മുത്തുമണിയുടെ അമ്മ ഭക്ഷണം കൊടുക്കാറുണ്ട്.
ക്വാർട്ടേഴ്‌സിൽ നിന്ന് മാറി സ്വന്തം വീട് വാങ്ങി താമസം തുടങ്ങിയപ്പോഴാണ് മുത്തുമണിക്ക് കൂട്ടുകാരില്ലാതായത്. അമ്മയും ആദ്യം വിഷമിച്ചു. ഒറ്റയ്‌ക്കായതുകൊണ്ട് മുത്തുമണിക്ക് ചെസ് കളിക്കാനും കാരംസ് കളിക്കാനും അച്ഛനോ അമ്മയോ ചെന്നില്ലെങ്കിൽ അവൾ ബഹളം വയ്‌ക്കും. അമ്മയുടെയും മകളുടെയും നിരന്തരമായ അപേക്ഷയാണ് ചക്കുവിന്റെ ആഗമനത്തിന് വഴിയൊരുക്കിയത്. അച്ഛനു പട്ടികളെ ഇഷ്‌ടമല്ലായിരുന്നു.
അച്ഛൻ ആദ്യമേ പറഞ്ഞു. എനിക്ക് നായ്‌ക്കളെ ഇഷ്‌ടമല്ല. വീട്ടിൽ വളർത്തുന്നത് അറപ്പും വെറുപ്പുമാണ്. വാങ്ങിത്തരാം. പക്ഷേ വീട് വൃത്തിയായിരിക്കണം. നായ്‌ക്കുട്ടിയെ വൃത്തിയായിനോക്കണം. എന്നെ ഒന്നിനും കിട്ടില്ല.
അമ്മയും മോളും സമ്മതിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആദ്യം വെറുതെ ഒന്നു കണ്ടുവരാമെന്നു കരുതിയാണ് കെന്നൽ ക്ലബ്ബിലേക്കു പോയത്. ബ്രീഡ് ഏതു വേണമെന്നൊന്നും തീരുമാനിച്ചിരുന്നില്ല. നായ്‌ക്കളെ വളർത്തി പരിചയവുമില്ല. പരിചയമുള്ളവരോട് ചോദിച്ചുമില്ല.
പലതിനേയും കണ്ടു. അമ്മയ്‌ക്ക് ഗോൾഡൻ കളറിലുള്ള നായ്‌ക്കുട്ടിയെ ഇഷ്‌ടപ്പെട്ടു. ക്ലബ്ബുകാർ അവന്റെ അച്ഛന്റെയും അമ്മയുടെയും ചരിത്രപാരമ്പര്യം പറഞ്ഞപ്പോൾ അമ്മയും അച്ഛനും ചിരിയടക്കാൻ പാടുപെടുന്നത് മുത്തുമണി കണ്ടു. ഡോഗ് വർഗ്ഗത്തിനും തറവാടിത്തം ഉണ്ടത്രെ.
“എന്താ, അവന്റെ വില?”
“പതിനായിരം”.
അച്ഛന്റെ മുഖത്ത് ഞെട്ടൽ.
ഞങ്ങൾക്കു കുറച്ചുകൂടി ചെറുതിനെ മതി.“
”മുപ്പതു ദിവസം പ്രായമുള്ള ഒന്നിനെ ഇപ്പോൾ കൊണ്ടുവരാം.
അയാൾ ബൈക്കുമായി പാഞ്ഞു. പത്തു മിനിട്ടിനുള്ളിൽ തിരിച്ചുവന്നു. കൈയിൽ, വെള്ളയിൽ കറുപ്പുപുള്ളികളുള്ള കൊച്ചു സുന്ദരൻ.
അയാൾ സുന്ദരക്കുട്ടനെ താഴെ വച്ചപ്പോൾ അതു മുത്തുമണിയുടെ കാലിൽ മുട്ടിനിന്നു. അവൾ അവനെ തൊട്ടതും അവൻ ഒന്നുകൂടി അവളെ തൊട്ടുരുമ്മി. അവൾ മെല്ലെ അതിനെയെടുത്തു. അവൻ അവളുടെ ഉടുപ്പിൽ നാണത്തോടെ മുഖം പൂഴ്‌ത്തി.
“എനിക്കിതിനെ മതി.” അമ്മ ചിരിച്ചു.
“വിലയറിയട്ടെ. പിന്നെ ഇന്നേതായാലും വേണ്ട.” അച്ഛൻ പറഞ്ഞു.
“വില നാലായിരാ.” പിന്നെ അയാൾ അവന്റെ വംശപാരമ്പര്യം വിസ്‌തരിച്ചു.
“ഇതിലും ഭേദം പശുവിനെ വാങ്ങാം. വല്ല നാടൻ നായ്‌ക്കുട്ടിയുമുണ്ടോ?”
“നാലായിരത്തിന് പശുവിന്റെ ഒരു കാല് കിട്ടില്ല! പിന്നെയാണു നാടൻ. നാടനെ വാങ്ങാൻ ഇങ്ങോട്ടു വരണോ?” അമ്മ പിറുപിറുത്തു.
“എനിക്കിതിനെത്തന്നെവേണം.”
“ആ… മോളെ…. അതുപിന്നെ…. നമുക്കു പിന്നെ വരാം.”
“അച്ഛാ…. എനിക്കിതിനെ മതി.” മുത്തുമണി പുള്ളിക്കുട്ടിയെ അടക്കിപ്പിടിച്ച് കരയാൻ തുടങ്ങി.
“അച്ഛൻ മോൾക്ക് ഒരാട്ടിൻകുട്ടിയെ വാങ്ങിത്തരാം.”
“ആട്ടിൻകുട്ടിയെ വീട്ടുകാവലിനു കൊള്ളാമോ? അതു വലുതാകുമ്പോൾ ഇറച്ചിക്കാർക്കു വില്‌ക്കേണ്ടിവരും. അതു സങ്കടമാണ്.” അമ്മ ചെറിയ തരത്തിൽ ചൂടായി.
“കുട്ടിയെ നീയാണ് പിരികേറ്റുന്നത്!” അച്ഛന്റെ മുഖത്ത് ഗൗരവം.
“നിർവ്യാജമായ സ്‌നേഹം തരാൻ ഇവറ്റയ്‌ക്കേ സാധിക്കൂ.” അമ്മയും വിട്ടുകൊടുത്തില്ല.
അങ്ങനെ മനമില്ലാമനസ്സോടെ അച്ഛൻ പുള്ളിക്കുട്ടിയെ വാങ്ങാൻ നിർബന്ധിതനായി.
ക്ലബ്ബുകാർ അവനെ കാർഡ്‌ബോർഡ് പെട്ടിയിലാക്കി പക്ഷേ, അവൻ അതിൽ നിന്നും പുറത്തുചാടി. പത്തുകിലോമീറ്റർ ദൂരം കാറിൽ അവൻ മുത്തുമണിയുടെയും അമ്മയുടെയും മടിയിൽ മാറിമാറി ഇരുന്നു. ഏതോ പൂരം കാണാൻ പോകുന്ന കുട്ടിയുടെ ഭാവമായിരുന്നു അപ്പോൾ അവന്.
ചക്കുവിന്റെ വരവ് വീട്ടിലെ മൂന്നുപേരെയും മാറ്റിമറിച്ചു. കൂടു പണിയുന്നതുവരെ അവനെ ഹാളിലാണ് കിടത്തിയത്. അച്ഛൻ രാത്രിയിൽ ഇടയ്‌ക്ക് അവനെ മൂത്രം ഒഴിപ്പിക്കാൻ പുറത്തുകൊണ്ടുപോകും. അപ്പോഴേയ്‌ക്കും അമ്മ അവന്റെ വിരി ശരിയാക്കും. നേരം വെളുത്താൽ അച്ഛൻ അവനെ മുന്നിലെ റോഡിൽ കുറച്ചുനേരം നടക്കാൻ വിടും. മുത്തുമണി സ്‌കൂളിൽ പോകുന്ന ബസ്സിന്റെ സൗണ്ട് അവന് തിരിച്ചറിയാം. അതുപോലെ അച്ഛന്റെ കാറിന്റെ ശബ്‌ദവും വളരെ ദൂരത്തുനിന്നു തിരിച്ചറിയും. ഡോഗിന് ശബ്‌ദങ്ങളും ഗന്ധങ്ങളും ഒക്കെ തിരിച്ചറിയാൻ പ്രത്യേക കഴിവുകളുണ്ടത്രെ. മുത്തുമണി വന്നാൽ അവനോട് കുറേ വിശേഷങ്ങൾ പറയും. അവൻ എല്ലാം കാതോർക്കും. അവന്റെ ചെവികൾ പലതരത്തിൽ ചലിക്കുന്നതും കാണാം. അച്ഛൻ വന്നാൽ രണ്ടുകാലിൽ നിന്ന് ശരിക്കും കെട്ടിപ്പിടിക്കും. അച്ഛന്റെ അറപ്പും വെറുപ്പും ഒക്കെപോയി. ഗെയിറ്റിൽ വന്ന് ചക്കുവിനെ നോക്കിനില്‌ക്കുന്ന തെരുവുനായ്‌ക്കളോടും അച്ഛന് സ്‌നേഹം തോന്നി. ബേക്കറി സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ തുടങ്ങി. ചക്കുവിന് ഒരുപാട് പേരുകൾ ഉണ്ട്. എല്ലാം മുത്തുമണിയുടെ ഇഷ്‌ടമാണ്. ചക്കു, ചക്കൂസ്, ഗുണ്ടുകുട്ടി, പുള്ളിക്കുട്ടി. അമ്മ അവനെ മോനൂട്ടി, പൊന്നൂട്ടി എന്നൊക്കെ വിളിക്കും.
അവന് പത്തുമാസം പ്രായമുള്ളപ്പോൾ അച്ഛന് അത്യാവശ്യമായി നാട്ടിൽ പോകേണ്ടിവന്നു. വലിയ പെട്ടിയുമായി ഇറങ്ങിപ്പോയ അച്ഛൻ സാധാരണ സമയമായിട്ടും തിരിച്ചുവരാതായപ്പോൾ അവൻ ഗെയിറ്റിൽത്തന്നെ ഇരുന്നു. രാത്രിയായിട്ടും അവൻ ഒരേ ഇരിപ്പ്. മുത്തുമണിയും അമ്മയും എത്ര വിളിച്ചിട്ടും അവൻ അനങ്ങിയില്ല. ഭക്ഷണം കഴിച്ചതുമില്ല. പിറ്റേന്ന് അവൻ ചുരുണ്ടുകിടന്നു വിറച്ചു. അവന് പനിയായി. അമ്മയും മുത്തുമണിയും കൂടി അവനെ ക്യൂപ്പയിൽ കൊണ്ടുപോയി. ഡോക്‌ടർ അവനെ പരിശോധിച്ച് മരുന്നു കുറിച്ചു. ഡോക്‌ടർ മുത്തുമണിയോട് ഡോഗിന്റെ പേര് ചോദിച്ചു. മുത്തുമണി ഒരു നിമിഷം ചിന്തിച്ചു. തന്റെ പേര് സ്‌കൂളിൽ മുത്തുമണി ഗംഗൻ. അവളുടെ സംശയം തീർന്നു.
‘ചക്കൂസ് ഗംഗൻ.’ അങ്ങനെ മെഡിക്കൽ കാർഡിൽ അവൻ ചക്കൂസ് ഗംഗനായി. ഒന്നാം പിറന്നാൾ വരെ അമ്മ അവനെക്കൊണ്ടു പൊറുതിമുട്ടി. കണ്ണിൽ കണ്ടതെല്ലാം അവൻ വിഴുങ്ങുമായിരുന്നു. ഇരുമ്പുകഷ്‌ണമായാലും പ്ലാസ്‌റ്റിക് ആയാലും എന്തും.
അവന് ഡോക്‌ടറുടെ നിർദ്ദേശപ്രകാരം നാലുമാസം സെറിലാക്കാണ് നൽകിയിരുന്നത്. മഹാവികൃതി മാത്രമല്ല. വലിയ കൊതിയനുമാണവൻ. പക്ഷേ ഒരു പുതിയ ഭക്ഷണം എത്ര രുചിയുള്ളതായാലും അവൻ കഴിക്കില്ല. അത് മുത്തുമണിയോ അമ്മയോ അവന്റെ മുന്നിൽ നിന്നും കഴിക്കുന്നതു കണ്ടാലേ അവൻ കഴിക്കാറുള്ളൂ. ഒരിക്കൽ അച്ഛൻ അവനെ പറ്റിച്ചു. അച്‌ഛൻ രുചി അഭിനയിച്ച് പാവയ്‌ക്ക തിന്നു. പാവം അവനും തിന്നു ഒരു കഷ്‌ണം.
പെട്ടെന്നാണ് അവന് പക്വത വന്നത്. ആരു വന്നാലും വാലാട്ടിച്ചെന്നിരുന്ന അവൻ വലിയ ഗൗരവക്കാരനായി അവന് ഇഷ്‌ടാനിഷ്‌ടങ്ങളായി. “അവൻ യുവാവാവുകയാണ്” അച്ഛൻ പറഞ്ഞു. അവനു പലതരം കളികൾ അറിയാം. ഒരു തുണിക്കഷ്‌ണമോ ചാക്കോ കിട്ടിയാൽ അതു കടിച്ചുപിടിച്ച് ഇരുവശത്തേയ്‌ക്കും താളാത്മകമായി അവൻ കുടയും. പിന്നെ സന്തോഷം വന്നാൽ കാർപ്പോർച്ചിൽ അവൻ പ്രത്യേക തരത്തിൽ കുനികുത്തിപ്പായും.
അച്ഛൻ നാട്ടിൽനിന്നും തിരിച്ചുവന്ന് ഗെയിറ്റ് കടന്നതും അവൻ ഓടിച്ചെന്ന് അച്ഛന്റെ കണ്ണുകളിലേക്ക് നോക്കി.
ഭു…. ഭു…. ഭു…. എന്ന് ദയനീയശബ്‌ദത്തിൽ സങ്കടം കാണിച്ചു. പിന്നെ വളരെ സീരിയസായി “ബൗ…. ബൗ….” കുരച്ച് അവന്റെ വികാരം പ്രകടിപ്പിച്ചു.
അമ്മയ്‌ക്ക് സുഖമില്ലാതെ ഒരിക്കൽ ആസ്‌പത്രിയിൽ കിടന്നപ്പോഴും അവൻ അസ്വസ്‌ഥനായി. തിരിച്ചുവന്നപ്പോൾ അച്ഛനോട് കാണിച്ചപോലെ അവൻ പ്രതികരിച്ചു. പക്ഷേ അമ്മ അവന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
“ടാ… എനിക്ക് വയ്യാഞ്ഞിട്ടല്ലേ!” അമ്മ രണ്ടുതവണ ചോദിച്ചപ്പോൾ പിന്നെ, അവൻ നിശ്ശബ്‌ദനായി.
101 ഡാൽമിഷന്റെ സീഡി ഇട്ട് മുത്തുമണി അവനെയും അടുത്തിരുത്തിയാണ് കണ്ടത്. അവൻ തന്നെപ്പോലെ കുറേയെണ്ണത്തിനെ കണ്ടപ്പോൾ ആദ്യം മുരളുകയും കുരയ്‌ക്കുകയും ചെയ്‌തു. പക്ഷേ മുത്തുമണിയെപ്പോലെ അതു മുഴുവൻ കാണാനുള്ള ക്ഷമയൊന്നും അവനുണ്ടായില്ല.
Generated from archived content: pullichakku3.html Author: k_kavitha