“ചക്കൂ…. ചക്കൂസേ….. കേച്ചെയ്യാൻ വാടാ…..‘ മുത്തുമണി സ്‌കൂൾ യൂണിഫോം മാറ്റാതെ ഡിസ്‌ക്കുകളെടുത്ത് ടെറസ്സിലേയ്‌ക്കുള്ള കോണിപ്പടികൾ കയറി. അവൾ മുകളിലെത്തുന്നതിനു മുമ്പായി, തൊടുത്തുവിട്ട ശരം കണക്കേ ചക്കൂസ് എന്ന രണ്ടുവയസ്സുകാരൻ ഡാൽമീഷ്യൻ ടെറസ്സിൽ ചെന്ന് അറ്റൻഷനായി നിന്നു.
ചുവപ്പും മഞ്ഞയും നിറമുള്ള ഡിസ്‌ക്കുകൾ അന്തരീക്ഷത്തിലൂടെ മാറി മാറി പറന്നു. പാറി വരുന്ന ഓരോ ഡിസ്‌കും നിലം തൊടീക്കാതെ ചക്കു ഇരുകാലിൽ നിന്ന് വായ കൊണ്ടു പിടിച്ചെടുത്ത് മുത്തുമണിയുടെ അരികിലേക്ക് ഓടിവരുമ്പോഴേക്കും അവൾ മറ്റേതും എറിഞ്ഞുരസിച്ചു.
പെട്ടെന്ന് മഞ്ഞ ഡിസ്‌ക് ദിശ മാറി പാരപ്പറ്റിനു മുകളിലൂടെ താഴേക്കു പോയി. ചക്കൂട്ടൻ മുൻകാലുകൾ പാരപ്പെറ്റിൽ വച്ച് കീഴോട്ടു നോക്കി വിഷണ്ണനായി.
”ചക്കൂ…. സാരല്ല്യട്ടാ. നീ വെള്ളം കുടിക്ക്. എന്നിട്ട് നമുക്ക് ഗുസ്‌തി പിടിക്കാം. “ അവൻ ടാപ്പിന്റെ താഴെ വച്ചിരുന്ന ബക്കറ്റിൽ തലയിട്ട് കുറെ വെള്ളം കുടിച്ച് ഉഷാറായി ഓടിവന്നു.
മുത്തുമണി രണ്ടു കൈയും മുന്നോട്ട് ഉയർത്തിയതും ചക്കു രണ്ടു കാലിൽ നിന്ന് മുൻകാലുകളുയർത്തി അവളെ തള്ളാൻ തുടങ്ങി. മുത്തുമണി അവൻ തള്ളുന്നതിനനുസരിച്ച് മെല്ലെ പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. പാരപ്പെറ്റിൽ മുട്ടിയതും അവൾ കയ്യടിച്ച് വിളിച്ചുകൂവി.
”ചക്കു ജയിച്ചേ…. ചക്കു ജയിച്ചേ….“ അവൻ വലിയൊരു ജേതാവിനെപ്പോലെ തലയുയർത്തിനിന്നു. അവന്റെ ഇരുചെവികളും പല തരത്തിൽ ചലിച്ചു. അവനറിയില്ലല്ലോ അവന്റെ മുത്തുമണിച്ചേച്ചി അവൻ മറിഞ്ഞുവീഴാതിരിക്കാൻ തോറ്റു കൊടുത്തതാണെന്ന്.
”ബലേ ഭേഷ്! ഭേഷ്! ചക്കു…..“ അപ്പുറത്തെ വീടിന്റെ ടെറസ്സിൽ നിന്ന് കുസൃതിക്കാരൻ കണ്ണനും സ്‌കൂളിൽ പോകാൻ മടിയുള്ള മുരുകനും കൈകൊട്ടിച്ചിരിക്കുന്നു.
ബൗ….. ബൗ….. ചക്കു അവരുടെ നേരെ ചീറി. ചക്കുവിന് മുരുകനെ ഇഷ്‌ടമല്ല. അവൻ വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറ്റത്തെ കൊച്ചുമാവിലെ ഉണ്ണിമാങ്ങകളും പേരയ്‌ക്കയും എത്തിവലിഞ്ഞ് പറിച്ചുകൊണ്ടുപോകും. ബഹളം വയ്‌ക്കുന്ന ചക്കുവിനെ പലപ്പോഴും ചെറിയ കല്ലുകൾ പെറുക്കി എറിയാറുണ്ടെന്ന് കണ്ണൻ സ്വകാര്യമായി പറഞ്ഞിരുന്നു.
”ചക്കു, ഇന്ന് മതീട്ടോ….. ചേച്ചിക്ക് ഹോംവർക്ക് ചെയ്യാനുണ്ടെടാ. വാ….“ അവൾ താഴോട്ട് പടികൾ ഇറങ്ങുമ്പോൾ ചക്കു മുരുകനെ നോക്കി കുരയ്‌ക്കുകയും മുരളുകയും ചെയ്‌തു.
”ചക്കൂ….“ വീണ്ടും ചേച്ചിയുടെ വിളികേട്ട് ചക്കു കോണിപ്പടികൾ ചാടിയിറങ്ങി.
”ചക്കൂ…. ചക്കൂ….. ചക്കൂ…..“ മുത്തുമണി മയക്കത്തിൽ നിന്നും കണ്ണു തുറന്നു. അവളുടെ അമ്മ നനഞ്ഞ തുണിച്ചീന്ത് നെറ്റിയിൽ പതിച്ചു.
”അമ്മേ…. ചക്കു…. നമ്മുടെ ചക്കു…..“
മോള് വിഷമിക്കാതിരി. അച്ഛനും ബാലനങ്കിളും കണ്ണനും പോയിട്ടുണ്ട്. തിരിച്ചുവരുമ്പോൾ ചക്കു കൂടെയുണ്ടാകും.
അവളുടെ തളർന്ന കണ്ണുകൾ നിറഞ്ഞുതുളുമ്പി.
വേറീസ് ചക്കൂസ്?
ചക്കു എവിടെ
ചക്കു എല്ലി……
വേറീസ് മുത്തുമണി?
പുറത്തു ഗെയിറ്റിനു മുന്നിൽ സ്‌കൂൾ ബസ് കാത്തു നില്‌ക്കുന്ന കുട്ടികളുടെ ബഹളം മുത്തുമണിയുടെ അമ്മ നിറകണ്ണുകളോടെ അവൾക്കരികിൽ ചലനമറ്റ പോലെ ഇരുന്നു. ചക്കുവിനെ കാണാതായിട്ട് രണ്ടു ദിനം പൂർത്തിയാകുന്നു. ഒഴിവുദിനം കഴിഞ്ഞ് തിങ്കളാഴ്‌ച കുട്ടികൾ ഗെയിറ്റിൽ നിറഞ്ഞുനില്‌ക്കുന്നു. എല്ലാവരും ചക്കുവിന് ’ബായ്‘ പറഞ്ഞാണ് ബസ്സിൽ കയറുക.
ചക്കൂസേ…..
”ചക്കുവിനെ രണ്ടു ദിവസമായി കാണാനില്ല കുട്ട്യോളേ…. ആ സങ്കടം മൂലം മുത്തുമണി പനിച്ചുകെടപ്പാ…. നിങ്ങൾ ബഹളം വയ്‌ക്കല്ലേ…..“
കണ്ണന്റെ അമ്മയുടെ ശബ്‌ദം!
Generated from archived content: pullichakku2.html Author: k_kavitha