ബൗ! ബൗ! ബൗ!
മുത്തുമണി നല്ല ഉറക്കത്തിലായിരുന്നു. ചക്കൂസിന്റെ നിറുത്താതെയുള്ള കുരകേട്ട് ഉണർന്നു. അച്ഛൻ ജനാലയുടെ ഒരു കതകു തുറന്ന് പുറത്തേക്കു നോക്കുന്നു. ചക്കു വാതിൽക്കൽ നിന്ന് ഗയിറ്റിലേക്കു നോക്കിയാണ് കുരയ്ക്കുന്നത്. ഇവനെന്താണ് ഗെയിറ്റിനരികിലേക്കു പോകാത്തത്?
അച്ഛൻ കതകു തുറന്നയുടൻ അവൻ അകത്തു കടന്ന് ആർക്കും പുറത്തുപോകാൻ പറ്റാത്തവിധം വിലങ്ങനെ നിന്ന് കുര തുടർന്നു.
“ചക്കു…. നിനക്കെന്താ പറ്റീത്?” മുത്തുമണി ഉറക്കച്ചടവോടെ ചോദിച്ചു.
അവൻ കിതയ്ക്കുന്നുണ്ട്. പക്ഷേ കുര നിറുത്തുന്നുമില്ല. അച്ഛനെ പുറത്തേയ്ക്കു കടത്തിവിടുന്നതുമില്ല. അച്ഛനും അമ്മയും പുറത്തേക്കുനോക്കി. ഗെയിറ്റിൽ ആരുമില്ല.
“എടാ ഞാനൊന്നു നോക്കട്ടെ.” അച്ഛൻ പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ അവൻ മോന്തകൊണ്ട് അച്ഛനെ ഒരു തട്ടു തട്ടി.
“അയ്യോ…. ചക്കുട്ടൻ എതിർക്കുന്നുണ്ടെങ്കിൽ എന്തോ പന്തികേടുണ്ട്.” അമ്മ കരച്ചിലിന്റെ വക്കത്തെത്തി. അമ്മ കാർപ്പോർച്ചിലേക്കു സൂക്ഷിച്ചുനോക്കി. മങ്ങിയ വെളിച്ചമേയുള്ളു.
“നോക്കൂ…. ഇന്നലെ സന്ധ്യവരെ കാണാത്ത ഒരടയാളം?” അച്ഛനും മുത്തുമണിയും എത്തിനോക്കി. ഒരു പപ്പടം വട്ടത്തിൽ കറുത്ത നിറത്തിൽ എന്തോ ഒന്ന്.
“അത് വല്ല പേപ്പർ കഷ്ണവുമായിരിക്കാം. മണ്ണെണ്ണയുണ്ടോയിവിടെ?” അച്ഛൻ ചോദിച്ചു.
“ഉണ്ട്. ഞാനിപ്പോൾ കൊണ്ടുവാരാം.” അമ്മ പെട്ടെന്ന് മണ്ണെണ്ണക്കുപ്പി കൊണ്ടുവന്നു. അച്ഛൻ കട്ടിലപ്പടിയിൽ നിന്നുകൊണ്ട് ആ കറുത്ത വട്ടത്തിലേയ്ക്ക് മണ്ണെണ്ണയൊഴിച്ചു. വൃത്താകൃതി വികൃതമായി. അതിൽ നിന്ന് ഒരു തല ഉയർന്നു. പെട്ടെന്നത് വളഞ്ഞു പുളഞ്ഞ് പിടഞ്ഞ് ഒരു നൊടിയിടകൊണ്ട് ഗെയിറ്റിലേക്കു പോയി.
“എന്റെ പൊന്നുകുട്ടാ, ചക്കുട്ടാ…..” അമ്മ ചക്കുവിനെ കെട്ടിപ്പിടിച്ചു തലോടി. അച്ഛൻ അവന്റെ നെറ്റിയിൽ തലോടിയിട്ടു പറഞ്ഞുഃ “നീ ഡോഗല്ലടാ ഗോഡാ.”
പെട്ടെന്ന് മുത്തുമണി ഒരു ഓറഞ്ചെടുത്ത് തൊലികളഞ്ഞു. ഓറഞ്ചിന്റെ മണം അടിച്ചതും ചക്കുവിന്റെ വായിൽ നിന്നും വെള്ളം ഇറ്റിറ്റുവീണു. ഓരോ അല്ലിയും എറിയുന്നത് അവൻ ചാടിപ്പിടിച്ചു തിന്നു.
പിന്നെ അന്ന് ആരും ഉറങ്ങിയില്ല. ഭീതിയോടെ നേരം വെളുപ്പിച്ചു.
“ചക്കു…. ചക്കു….. ചക്കു…. ” മുത്തുമണി പനിച്ചു വിറയ്ക്കുകയാണ്. ഡോക്ടർ വന്ന് മരുന്നു കുത്തിവെച്ചു.
Generated from archived content: pullichakku1.html Author: k_kavitha