ബാലവിജ്ഞാനം

നടക്കാനിറങ്ങിയ വഴി സുഹൃത്തിന്റെ വീട്ടിൽ കയറിയതാണ്‌. പത്തുപന്ത്രണ്ടു വയസ്സു മാത്രം തോന്നിക്കുന്ന ഒരു പയ്യൻ ഒരു ബുക്ക്‌ മടിയിൽ വെച്ച്‌ എന്തോ എഴുതികൊണ്ടിരിക്കുന്നു. ഈ ചെറുപ്രായത്തിൽ തന്നെ കണ്ണട വെക്കേണ്ടി വന്ന അവനോടു അൽപം സഹതാപം തോന്നി. സുഹൃത്തിന്റെ മകൾ വാതിൽക്കലെത്തി. ഒന്നു ചിരിച്ചു. ചോദ്യരൂപേണ പയ്യനെ നോക്കിയപ്പോൾ അവൾ പറഞ്ഞു “എന്റെ സ്‌റ്റുഡന്റാണ്‌. അടുത്ത വീട്ടിലെ കുട്ടിയാണ്‌.” അച്‌ഛൻ കടയിൽ പോയി ഇപ്പോൾ വരും. അങ്കിൾ ഇരിക്കൂ.

പേപ്പർ കൈയ്യിലെടുത്തു ഒന്നോടിച്ചു നോക്കി. ഇന്നു വനിതാ ദിനം. വനിതാബിൽ പാർലമെന്റിൽ ഉണ്ടാക്കിയ ഒച്ചപ്പാടും ഇതൊക്കെ അലസമായി നോക്കി വായിച്ചുകൊണ്ടിരുന്നപ്പോൾ സുഹൃത്തിന്റെ ഭാര്യയെത്തി. “ഇന്ന്‌ നിങ്ങളുടെ ദിവസമാണല്ലൊ. ഒന്നാഘോഷിക്കണ്ടേ;” അവർ ഉറക്കെ ചിരിച്ചു. ഇപ്പോൾ പയ്യൻ തലയുയർത്തി എന്നെനോക്കി. ഒന്നും മനസ്സിലായില്ലെന്നമട്ടിൽ.

ഇന്നു വനിതാ ദിനമാണ്‌ മോനേ;

‘എന്നു പറഞ്ഞാൽ എന്താ?

“വനിതകൾക്കുവേണ്ടി ഒരാഘോഷം. വനിത എന്നു പറഞ്ഞാൽ അറിയില്ലേ.”

“പിന്നെ! ഞങ്ങളുടെ വീട്ടിൽ ആ ബുക്കു വരുത്തുന്നുണ്ട്‌?

അയ്യേ; അതല്ല ഉദാഹരണത്തിന്‌; നിന്റെ അമ്മ ഒരു വനിതയാണ്‌.”

“അമ്മ സ്‌ത്രീയല്ലേ.”

“വനിത, മഹിള ഇതൊക്കെ സ്‌ത്രീയുടെ പര്യായ പദങ്ങളാണ്‌.”

ഞാൻ ഒരു ക്ലാസ്സെടുക്കുന്ന മൂഡിലായി. ഇവനെ ഒന്നു പഠിപ്പിച്ചു കളയാം. സാമാന്യ വിജ്ഞാനം വരെ കമ്മി.

“പുരുഷൻ” എന്നു കേട്ടിട്ടില്ലേ?“

”പിന്നേ“ ഒരു നിമിഷം ആലോചിക്കുന്നതായി ഭാവിച്ചു. അതാ വരുന്നു അവന്റെ മറുചോദ്യപ്രഹരം.

”അതൊരു മൃഗമല്ലേ?

ഒരു നിമിഷം സ്‌തബ്‌ധനായെങ്കിലും, തുടർച്ചയായുണ്ടാകുന്ന പിഢനകഥകൾ ബാലവിജ്ഞാനത്തിലേക്കു കടത്തി വിട്ടതാകാം ഈ പുതിയ പര്യായപദം എന്നു ഞാൻ സമാധാനിച്ചു.

Generated from archived content: kattu1_jun3_10.html Author: k.chandramohanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English