താന്‍ വലിയ ബുദ്ധിമാനാണെന്നാണ് കിട്ടപ്പന്റെ വിചാരം ഒരു ദിവസം കിട്ടപ്പന്‍ അടുത്തുള്ള ഒരു ഗ്രാമത്തിലെത്തി. അവിടയെള്ളുവരെ പറ്റിച്ചു കഴിഞ്ഞു കൂടിയാലോ എന്നായി പുള്ളിക്കു ചിന്ത. കുറച്ചകലെ ഒരാള്‍ക്കൂട്ടം കണ്ടപ്പോള്‍ അയാള്‍ അങ്ങോട്ടു നടന്നു.
ആള്‍ക്കൂട്ടത്തിന്റെ കാരണമിതായിരുന്നു- ഒരു വൃദ്ധന്‍ തന്റെ വീടിന്റെ മുകളില്‍ കയറി ഓടു മാറ്റിവച്ചു. താഴെയിറങ്ങാന്‍ വൃദ്ധനു പേടി. കയറിയതു പോലെ ഇറങ്ങിയാല്‍ മതി എന്ന് കൂടിനിന്നവര്‍ ഉപദേശിച്ചിരുന്നുവെങ്കിലും വിറച്ചു തുടങ്ങിയ അയാള്‍ക്കു തോന്നി, താന്‍ താഴെവീണു മരിച്ചെങ്ങാനുംപോയാലോ… അങ്ങനെ പുരയ്ക്കു മുകളില്‍ പേടിച്ചുവിറച്ചിരിക്കുകയാണ് വൃദ്ധന്‍. ആരെങ്കിലും മുകളിലേക്കു കയറിച്ചെല്ലാനും വൃദ്ധന്‍ സമ്മതിക്കുന്നില്ല.
അവിടെച്ചെന്നു സ്ഥിതിഗതികള്‍ മനസിലാക്കിയ കിട്ടപ്പന്‍ ഒരു ബുദ്ധിയുപദേശിച്ചു. ഈ വീടങ്ങ് പൊളിച്ചുകളയുക. അപ്പോള്‍ വൃദ്ധനും താഴെയെത്തുമല്ലോ.. ഗ്രാമീണര്‍ കിട്ടപ്പനെ രൂക്ഷമായി നോക്കി. തന്റെ സൂത്രം ഫലിക്കില്ലെന്നു വന്നപ്പോള്‍ അയാള്‍ മറ്റൊന്നു പുറത്തെടുത്തു. ഒരു വലിയ കയര്‍ കൊണ്ടുവരൂ… വൃദ്ധനെ താഴെയെത്തിക്കാന്‍ കഴിയുമോ എന്നു നോക്കട്ടേ.. ഹമ്പടാ.!
ഗ്രാമീണരിലാരോ പശുവിനെ കെട്ടുന്ന കുരുക്കോടെയുള്ള ഒരു കയര്‍ കൊണ്ടുവന്നു. ആ കുരുക്ക് കിട്ടപ്പന്‍ വൃദ്ധന് എറിഞ്ഞുകൊടുത്തു. അരയില്‍ ബന്ധിക്കാന്‍ പറഞ്ഞു. വൃദ്ധന്‍ അതുപോലെ ചെയ്തു. അടുത്ത നിമിഷം കിട്ടപ്പന്‍ ശക്തിയായി ഒറ്റവലി.. വലിയുടെ ശക്തിയില്‍ വൃദ്ധന്‍ നിലത്തുവീണു. വീടിന്റെ മുകളില്‍ നിന്നു വേഗതയില്‍ നിലത്തെത്തിയ വൃദ്ധന്റെ സ്ഥിതി എന്താകും?
മുഖംകുത്തി വീണ വൃദ്ധനെ ഗ്രാമീണര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗ്രാമീണര്‍ കിട്ടപ്പനു നേരെ ചീറിയടുത്തു. ഇതാണോ നിങ്ങളുപദേശിച്ച ബുദ്ധി. ആ മനുഷ്യന്‍ രക്ഷപ്പെടുമോ എന്തോ…?
അതിനു മറുപടിയായി ഒരു കൂസലുമില്ലാതെ കിട്ടപ്പന്‍ പറഞ്ഞു.
‘എല്ലാറ്റിനും ഓരോ യോഗം വേണം. നാട്ടുകാരേ, ഇതുപോലൊരു കുരുക്കുകയര്‍ കൊണ്ടാണ് കഴിഞ്ഞയാഴ്ച ഒരു കുട്ടിയെ ഞന്‍ കിണറ്റില്‍ നിന്നു രക്ഷിച്ചത്. അവന് ഒരു കുഴപ്പവുമില്ലാതെയിരിക്കുന്നു. ഓരോന്നിനുമുണ്ടല്ലോ ഓരോ യോഗം…’
കിട്ടപ്പന്റെ വര്‍ത്തമാനം കേട്ടപ്പോള്‍ ഗ്രാമീണര്‍ പല്ലുഞെരിച്ചു.. അല്ലാതെന്തു ചെയ്യും?
Generated from archived content: unnikatha1_july20_13.html Author: gifu_melattur